UPDATES

പോസിറ്റീവ് സ്റ്റോറീസ്

യുദ്ധക്കളത്തില്‍ നിന്ന് കളിക്കളത്തിലേക്ക്; ഒരു സൈനികന്റെ അവസാനിക്കാത്ത പോരാട്ടങ്ങള്‍

നട്ടെല്ല് തകര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത സുരേഷ് കുമാര്‍ കര്‍ക്കി എന്ന സൈനികന്‍ ഇന്ന് ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭിമാനമാണ്

അതിഭാവുകത്വം നിറഞ്ഞ ആഖ്യാനം എന്ന് പറഞ്ഞ് വിജയിച്ച പട്ടാളക്കാരുടെ കഥകള്‍ പലരും തള്ളിക്കളയാറുണ്ട്. എന്നാല്‍ സ്വന്തം ആത്മവിശ്വാസത്തിന്റെ ഉരുക്ക് പ്രതിരോധത്തിലൂന്നി വിജയങ്ങള്‍ കണ്ട ഈ പട്ടാളക്കാരന്റെ കഥ അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. 28-ാം വയസില്‍ ഒരു ആക്രമണത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനാപകടത്തില്‍പ്പെട്ട സുരേഷ് കുമാര്‍ കര്‍ക്കി എന്ന നായിക്കിന്റെ കഥയാണിത്. നട്ടെല്ല് തകര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അദ്ദേഹം ഇന്ന് ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭിമാനമാണ്.

2004 ല്‍ ആണ് സുരേഷിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. അന്ന് അദ്ദേഹം 2/9 ഗൂര്‍ഖ റൈഫിള്‍സില്‍ അസാമില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പോരാട്ടത്തിനിടെ സുരേഷിന്റെ സഹപ്രവര്‍ത്തകന് പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ഗുവാഹത്തിയിലെ സൈനിക ആശുപത്രിയിലേക്ക് സൈനിക ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരു ബസുമായി ആംബുലന്‍സ് കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്‌സും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എന്താണ് സംഭവിച്ചതെന്ന് സുരേഷിന് ഓര്‍മ്മയില്ലെങ്കിലും താന്‍ ആംബുലന്‍സില്‍ നിന്നും ചാടുകയോ തെറിച്ചു വീഴുകയോ ചെയ്തിരിക്കാം എന്ന് അദ്ദേഹം പറയുന്നു.

രക്ഷപ്പെട്ട സുരേഷിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് സൈനിക ആശുപത്രിയിലും എത്തിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും വാരിയെല്ലുകള്‍ ഒടിഞ്ഞുപോവുകയും ചെയ്തിരുന്നു. അതിന് ശസ്ത്രക്രിയ നടത്തുകയും കമ്പിയിടുകയും ചെയ്തു. എന്നാല്‍ സുരേഷിന്റെ കേടുപറ്റിയ ഞരമ്പുകള്‍ ശരിയാക്കുന്നതിന് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ ലക്‌നൗവിലെ കമാന്റ് ആശുപത്രിയിലേക്കും അതിന് ശേഷം പൂനെയിലെ സൈനിക ആശുപത്രിയിലേക്കും മാറ്റി. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് സുരേഷ് പൂനെ സര്‍വകലാശാലയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ സര്‍വീസില്‍ ഒരു കോഴ്‌സ് പാസായി. എന്നാല്‍ മാസങ്ങളോളം ആശുപത്രി കിടക്കയില്‍ കിടക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു. ചലിക്കാന്‍ കഴിയാത്തതും അദ്ദേഹത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചു. എന്നാല്‍ പൂനെ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു എന്ന് തന്നെ പറയാം.

പൂനെയിലെ ആശുപത്രിയില്‍ താല്‍ക്കാലിക ജോലികളില്‍ അദ്ദേഹം വ്യാപൃതനായി. 2011ല്‍ കിര്‍ക്കീയിലെ പാരാഫെലിക് പുനഃരധിവാസ കേന്ദ്രത്തിലേക്ക് അദ്ദേഹം മാറി. അവിടെ അദ്ദേഹം വീല്‍ച്ചെയറില്‍ ഇരുന്ന് ലോണ്‍ ടെന്നീസും ബാഡ്മിന്റണും ടേബിള്‍ ടെന്നീസും കളിക്കാന്‍ തുടങ്ങി. നീന്തലിലും മാരത്തോണിലും അദ്ദേഹം പങ്കെടുത്തു. ഇപ്പോള്‍ അദ്ദേഹം ദേശീയ, അന്തര്‍ദേശീയ തലങ്ങളിള്‍ ബാസ്‌ക്കറ്റ്‌ബോള്‍ വരെ കളിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കായിക നേട്ടങ്ങളെല്ലാം ബാഡ്മിന്റണിലാണ്. 2017ല്‍ ഉഗാണ്ടയില്‍ നടന്ന അന്താരാഷ്ട്ര പാര-ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സുരേഷ് വെള്ളി മെഡല്‍ നേടി. 2017ലെ തായ്‌ലന്റ്, ബാങ്കോക്ക് പാര-ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലും പങ്കെടുത്തു. ഇതുവരെ 16 സിംഗിള്‍സ് ടൂര്‍ണമെന്റുകളിലും 21 ഡബിള്‍സ് ടൂര്‍ണമെന്റുകളിലും പങ്കെടുത്ത അദ്ദേഹം 18 ദേശീയ മെഡലുകളും നാല് അന്താരാഷ്ട്ര മെഡലുകളും നേടിയിട്ടുണ്ട്.

കായിക ലോകത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് സുരേഷിന്റെ ആഗ്രഹം. പാരലിംപിക്‌സ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ വലിയ സ്വപ്നം. അതിന് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ജയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ആരോഗ്യമോ ഇച്ഛാശക്തിയോ അല്ല അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. പണമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയ പ്രശ്‌നം. പല അന്താരാഷ്ട്ര പാര-ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലും സ്വന്തം ചിലവിലാണ് അദ്ദേഹം പങ്കെടുത്തത്. ഒരു നല്ല സ്‌പോണ്‍സറെ കിട്ടും എന്ന പ്രതീക്ഷയിലാണ് സുരേഷ്.

ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന സുരേഷ് കുമാര്‍ കിര്‍ക്കിയുടെ ജീവിതം ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് വലിയ പ്രചോദനമാണ്. മൂത്ത മകന്‍ രോഹന്‍ 12-ാം ക്ലാസ് പരീക്ഷയില്‍ 76 ശതമാനം മാര്‍ക്ക് നേടിയതിന്റെ സന്തോഷത്തിനിടയിലും കായികലോകത്ത് വലിയ ഉയരങ്ങള്‍ സുരേഷ് സ്വപ്‌നം കാണുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍