UPDATES

വിദേശം

അമേരിക്കയുടെ യുദ്ധഭീകരത മറക്കാതെ ഉത്തര കൊറിയ

Avatar

ബ്ലെയ്ന്‍ ഹാഡെന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കത്തിയുമായെത്തിയ അക്രമാസക്തമായ ഭൂതകാല ചരിത്രമുള്ള ഒരു മനുഷ്യന്‍ ഈ മാസം ദക്ഷിണ കൊറിയയിലെ യുഎസ് സ്ഥാനപതി മാര്‍ക്ക് ലിപ്പെര്‍ട്ടിന്റെ മുഖത്ത് കുത്തിയപ്പോള്‍ ഉത്തര കൊറിയക്കാര്‍ ആഹ്ലാദിച്ചു. സോളിലെ ആക്രമണം ‘നീതിയുടെ കത്തി മുന’ ആണെന്ന് വിശേഷിപ്പിച്ച ഉത്തരകൊറിയ, ‘യുദ്ധക്കൊതിയന്മാരായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ലഭിക്കാവുന്ന അര്‍ഹമായ ശിക്ഷ,’ എന്ന് ആക്രമണത്തെ വിലയിരുത്തുകയും ചെയ്തു. 

ഇതൊരു പ്രാകൃത ആവേശത്തില്‍ നിന്നും ഉതിര്‍ന്ന പ്രതികരണമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കൂ: യുഎസ് സൈനികരുടെ കോലത്തില്‍ ബയണറ്റ് കൊണ്ട് കുത്താന്‍ വര്‍ഷങ്ങളായി ഉത്തര കൊറിയ തങ്ങളുടെ സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നു. തങ്ങള്‍ വാഷിംഗ്ടണ്‍, ഓസ്റ്റിന്‍, തെക്കന്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ആണവായുധം ഉപയോഗിക്കാന്‍ തയ്യാറാണെന്ന് യുവ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ കീഴിലുള്ള സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. തന്റെ രാജ്യത്തിന്റെ പെരുമാറ്റത്തിന് പിന്നില്‍ ‘യാതൊരു രഹസ്യവും’ ഇല്ലെന്ന് ഉത്തര കൊറിയയില്‍ ഇപ്പോള്‍ ഭരണം നടത്തുന്ന കുടുംബവാഴ്ചയ്ക്ക് തുടക്കം കുറിച്ച ‘മഹാനായ നേതാവ്’ കിം ഇല്‍ സംഗ് നാല്‍പ്പത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചു: ‘യുഎസ് സാമ്രാജ്യത്വത്തെ വെറുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാ ജനങ്ങളെയും ബോധവാന്മാരാക്കുക എന്നതാണ് ഞങ്ങളുടെ തയ്യാറെടുപ്പിന്റെ (യുദ്ധത്തിന് വേണ്ടിയുള്ള) ഏറ്റവും പ്രധാനപ്പെട്ട വശം.’ 

എവിടെ നിന്നാണ് ഈ വെറുപ്പ് ഉത്ഭവിക്കുന്നത്? 
ഇതില്‍ കൂടുതലും പ്യോംഗ്‌പോങില്‍ തന്നെ ദിവസവും മെനഞ്ഞെടുക്കപ്പെടുന്നതാണ്. എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളെയും പോലെ, ഭയങ്കരനായ ഒരു ശത്രുവിനെതിരായുള്ള അവസാനിക്കാത്ത നിലനില്‍പ്പിന്റെ യുദ്ധം കിം കുടുംബ സാമ്രാജ്യത്തിനും ആവശ്യമാണ്. വമ്പിച്ച സൈനിക ചിലവുകളെയും ദശാബ്ദങ്ങളായുള്ള സ്വകാര്യവല്‍ക്കരണത്തെയും ന്യായീകരിക്കാനും അഭിപ്രായവ്യത്യാസമുള്ളവരുടെ നാവടക്കുന്നതിനും രാഷ്ട്രീയ തടവറകള്‍ തുറക്കുന്നതിനും ഇത്തരത്തിലുള്ള ഒരു സാങ്കല്‍പിക ഭീഷണിയുടെ കഥ സഹായിക്കും. 

എന്നാല്‍ ഈ വെറുപ്പ് മുഴുവന്‍ നിര്‍മ്മിക്കപ്പെടുന്നതല്ല. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സൗകര്യപൂര്‍വം മറക്കുകയും ഉത്തര കൊറിയ വേദനയോടെ ഓര്‍ക്കുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതമാണ് ഈ കഥനം.

ഈ കഥയ്ക്ക് 1950കളോളം പഴക്കമുണ്ട്. കൊറിയന്‍ യുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ഉത്തര കൊറിയ കടന്നുകയറ്റം ആരംഭിച്ചപ്പോള്‍, വടക്കുള്ള നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം യുഎസ് വ്യോമസേന ബോംബിട്ട് നാമാവശേഷമാക്കിക്കളഞ്ഞു. മിക്ക ആക്രമണങ്ങളിലും ബി29 വിമാനങ്ങള്‍ക്ക് വളരെ ചെറിയ പ്രതിരോധമേ നേരിടേണ്ടി വന്നുള്ളൂ എന്നതിനാല്‍ വ്യോമസേനയ്ക്ക് ഈ ദൗത്യം വളരെ ലളിതമായ ഒന്നായിരുന്നു. 

അമേരിക്കയുടെ സ്വന്തം നേതാക്കളുടെ വിലയിരുത്തലില്‍ പോലും ബോംബാക്രമണം വളരെ നീണ്ടതും ആയാസരഹിതവും ദയാരഹിതവുമായിരുന്നു. ‘മൂന്ന് വര്‍ഷത്തെ കാലാവധിക്കുള്ളിലോ മറ്റോ, ഞങ്ങള്‍ ജനസംഖ്യയുടെ 20 ശതമാനത്തെയും കൊലപ്പെടുത്തി,’ എന്ന് കൊറിയന്‍ യുദ്ധകാലത്ത് സ്‌ട്രോറ്റജിക് എയര്‍ കമാണ്ടിന്റെ തലവനായിരുന്ന ജനറല്‍ കര്‍ട്ടിസ് ലെമേയ് 1995ല്‍ ന്യൂയോര്‍ക്കറിനോട് പറഞ്ഞു. ‘ഉത്തരകൊറിയയില്‍ ചലിക്കുന്ന എല്ലാറ്റിന് നേരെയും, ഒരു ഇഷ്ടികയുടെ മുകളില്‍ മറ്റൊരു ഇഷ്ടികയിരുന്ന എല്ലാ സ്ഥലത്തും,’ യുഎസ് ബോംബ് വര്‍ഷിച്ചതായി യുദ്ധത്തെ അനുകൂലിക്കുകയും പിന്നീട് സ്‌റ്റേറ്റ് സെക്രട്ടറി ആവുകയും ചെയ്ത ഡീല്‍ റസ്‌ക് ഓര്‍ക്കുന്നു. യുദ്ധത്തിന്റെ പിന്നീടുള്ള നാളുകളില്‍ നഗരലക്ഷ്യങ്ങളില്‍ കുറവ് വന്നപ്പോള്‍ യുഎസ് വ്യോമസേന ജലവൈദ്യുത, ജലസേചന ഡാമുകളില്‍ ബോംബ് വര്‍ഷിക്കുകയും കൃഷിഭൂമി വെള്ളത്തിനടിയിലാക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. 

നിഷ്ഠൂരമായ ബോംബാക്രമണം ലോകത്തെങ്ങും വിമര്‍ശനവിധേയമായെങ്കിലും അത് യുഎസില്‍ വലിയ വാര്‍ത്ത ആയില്ല. പകരം വ്യോമാക്രമണത്തെ കുറിച്ചുള്ള യുഎസിന്റെ പത്രവാര്‍ത്തകള്‍, ചൈനാ അതിര്‍ത്തിയിലുള്ള ഒരു ചെറിയ ഉത്തരകൊറിയന്‍ ഭൂപ്രദേശമായ ‘മിഗ് അലെ’യില്‍ കേന്ദ്രീകരിച്ചു. അവിടെ, ലോകത്തിലെ ആദ്യത്തെ ജറ്റ് അധിഷ്ടിത വ്യോമയുദ്ധത്തില്‍, അഞ്ചോ അതില്‍ അധികമോ സോവിയറ്റ് നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിടാന്‍ അമേരിക്കന്‍ വൈമാനികര്‍ മത്സരിച്ചു. അങ്ങനെ അഞ്ചില്‍ കൂടുതല്‍ വിമാനങ്ങള്‍ വെടിവെച്ചിടുന്നത് ‘എയ്‌സ്’ ആയി കണക്കാക്കപ്പെട്ടു. യുഎസ് നടത്തിയ സമ്പൂര്‍ണ ബോംബാക്രമണത്തില്‍ മരിച്ച സാധാരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍വമായി മാത്രം യുദ്ധ റിപ്പോര്‍ട്ടര്‍മാരുടെ കണ്ണില്‍ പെട്ടു. ഒരു ആ മറക്കപ്പെട്ട യുദ്ധത്തിലെ ഏറ്റവും മറക്കപ്പെട്ട വശം അതായിരിക്കാം. 

എന്നാല്‍ ആ യുദ്ധത്തെയും ബോംബാക്രമണത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഭീഷണമാം വിധം പുതുമയോടെ നിലനിറുത്തുന്നതില്‍ കിമ്മുമാര്‍ വിജയിച്ചു. ഉത്തര കൊറിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ചരിത്ര സത്യത്തെ ഒരു വലിയ നുണയില്‍ ഒളിപ്പിച്ചുവച്ചു. ദക്ഷിണ കൊറിയയും അമേരിക്കയും നിഗൂഢമായി കൊറിയന്‍ യുദ്ധം ആരംഭിച്ചുവെന്നും എല്ലാ വിരുദ്ധഘടകങ്ങളെയും അതിജീവിച്ചു കൊണ്ട് കിം ഇല്‍ സംഗ് ഉജ്ജ്വലമായി ആ യുദ്ധം ജയിച്ചെന്നുമാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക ഭാഷ്യം (യുദ്ധത്തില്‍ അമേരിക്കയെ സമനിലയില്‍ തളച്ച ചൈനക്കാര്‍ക്ക് കഥയില്‍ വലിയ അംഗീകാരമൊന്നും ലഭിക്കുന്നില്ല.) എപ്പോള്‍ വേണമെങ്കിലും അമേരിക്ക വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും സര്‍ക്കാര്‍ മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

‘ഉത്തര കൊറിയ ഇപ്പോഴും 1950 കളിലാണ്. അവിടെ ദക്ഷിണ കൊറിയയും അമേരിക്കയുമായുള്ള സംഘര്‍ഷം ഇപ്പോഴും നടക്കുന്നു,’ എന്ന് കൊറിയന്‍ യുദ്ധത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള കാതറിന്‍ വെതര്‍സ്‌ബൈ പറയുന്നു. ‘തങ്ങള്‍ ഒരു മൂലയ്ക്ക് ഒതുക്കപ്പെട്ടതായും ഇപ്പോഴും ഭീഷണിയുടെ നടുവിലാണെന്നും ഉത്തര കൊറിയയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു.’

ഇത്തരം മതിഭ്രമം ബാധിച്ച ഒരു മാനസികാവസ്ഥയെ കുറിച്ച് മനസിലാക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. കിം കുടുംബ സൃഷ്ടിക്കുന്ന ആസൂത്രിത യുദ്ധതല്‍പരത ഒരു വിഷയം തന്നെയാണ്. അതോടൊപ്പം ഉത്തര കൊറിയ ഒരു വട്ടന്‍ രാജ്യമാണെന്ന ധാരണയെയും അത് അട്ടിമറിക്കുന്നു. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, വിദൂരത്തുള്ളതും കാര്യമായി ആര്‍ക്കും ഒന്നും അറിയാത്തതുമായ നിരവധി രാജ്യങ്ങളുമായി ചെറുതും വലുതുമായ നിരവധി യുദ്ധങ്ങളുടെ ഒരു മുറിക്കപ്പെടാത്ത ചങ്ങലയില്‍ അമേരിക്ക പങ്കാളിയായിട്ടുണ്ട്. എങ്കിലും ഉന്നത ജനാധിപത്യമുണ്ടെന്ന് അവകാശപ്പെടുകയും മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടുകയും ചെയ്യുന്ന ഒരു വന്‍ശക്തിയെ സംബന്ധിച്ചടത്തോളം അത്തരം നടപടികള്‍ ചിലപ്പോഴെങ്കിലും അലക്ഷ്യവും സ്വയം മുഴുകിപ്പോയതുമായി തീരാം. ഉത്തര കൊറിയയില്‍ നടന്ന ബോംബാക്രമണത്തിന്റെ കാര്യം പറയുകയാണെങ്കില്‍, തങ്ങളുടെ പേരില്‍ ചെയ്യപ്പെട്ട ഒരു വലിയ യുദ്ധക്കുറ്റത്തെപ്പറ്റി അമേരിക്കന്‍ ജനത ഒരിക്കലും ബോധവാന്മാരല്ല തന്നെ. 

കാര്യങ്ങളില്‍ ശ്രദ്ധ ഉണ്ടായിരിക്കുക എന്നത് ഒരു ജനാധിപത്യത്തിലെ ധാര്‍മിക ഉത്തരവാദിത്വമാണ്. അധാര്‍മികമായ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ കൂടിയാണത്. 

ഉത്തര കൊറിയ എന്നെങ്കിലും മാറിയാല്‍, കിം കുടുംബത്തിന്റെ ഭരണം അട്ടിമറിക്കപ്പെടുകയോ വിവരവിനിമയത്തിന് മേലുള്ള തങ്ങളുടെ കുത്തക അവസാനിപ്പിക്കുകയോ ചെയ്താല്‍, 65 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഈ വെറുപ്പ് അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഒരു ക്ഷമാപണത്തിലൂടെ സാധിച്ചേക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍