UPDATES

ടേക്ക് ഓഫിന്റെ പൂര്‍ണതയെ സഹായിച്ച ആ ദൃശ്യങ്ങള്‍ വന്ന വഴി

2014 ജൂലൈ 4ന് ആശങ്കയുടെ മുള്‍മുനയില്‍ നിന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ആശ്വാസമായതും ഇതേ ദൃശ്യങ്ങള്‍ തന്നെ

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഏറെ ജനപ്രീതി നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ക്കുന്നതിന്റെ ഒരു കാരണം ചിത്രത്തിന്റെ അവസാന ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന യഥാര്‍ത്ഥ രംഗങ്ങളാണ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത ടേക്ക് ഓഫിലെ ഈ രംഗങ്ങള്‍ അന്ന് 46 മലയാളി നഴ്‌സുമാര്‍ ഇറാഖില്‍ അനുഭവിച്ച വേദനയും ഒടുവില്‍ രക്ഷപ്പെട്ട് തിരികെയെത്താനാകുമ്പോഴുണ്ടാകുന്ന ആശ്വാസവുമെല്ലാം നമ്മെ വീണ്ടും ഓര്‍മ്മിപ്പിച്ചു. ചിലതില്‍ ഈ പെണ്‍കുട്ടികള്‍ കണ്ണുനീര്‍ തുടയ്ക്കുന്നതും കാണാമായിരുന്നു. അതാണ് ചിത്രത്തിന് പൂര്‍ണത നല്‍കിയതും.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ചിത്രത്തിന് എങ്ങനെ ലഭിച്ചുവെന്ന് പലര്‍ക്കും അറിയില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ എക്‌സ്‌ക്ലൂസീവ് ആയി വന്ന ദൃശ്യങ്ങളാണ് പിന്നീട് ചിത്രത്തിന് വേണ്ടി ഉപയോഗിക്കപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകനായ പ്രിന്‍സ് പാങ്ങാടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തുന്നു.

2014 ജൂലൈ 4ന് ഐഎസ്‌ഐഎസ് ഭീകരരുടെ ബന്ദികളാക്കപ്പെട്ട നഴ്‌സുമാര്‍ ഇറാഖില്‍ നിന്നും തിരികെ ഇന്ത്യയിലേക്ക് ‘ടേക്ക് ഓഫ്’ ചെയ്യപ്പെടുന്നത്. അന്ന് രാത്രി പ്രിന്‍സ് ആണ് ജോലിയിലുണ്ടായിരുന്നത്. അതുവരെയും നഴ്‌സുമാരുടെ ചില നിശ്ചല ദൃശ്യങ്ങള്‍ മാത്രമാണ് ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിരുന്നത്. അവര്‍ അവിടെ നിന്നും മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രിന്‍സ് നടത്തിയ ശ്രമങ്ങളാണ് അന്ന് ആശങ്കയുടെ മുള്‍മുനയില്‍ നിന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ആശ്വാസമായത്.

ഫേസ്ബുക്ക് വഴി നടത്തിയ ശ്രമമാണ് അന്ന് ഫലം കണ്ടതെന്നും ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ്‌വര്‍ക്ക് ഫേസ്ബുക്കാണെന്നുമാണ് പ്രിന്‍സ് പറയുന്നത്. ഇറാഖിലുള്ള ആര്‍ക്കെങ്കിലും വേണ്ടി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇര്‍ബില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മലയാളിയായ ഹെബിന്റെ നമ്പര്‍ ലഭിക്കുകയായിരുന്നു. ഹെബിനും സുഹൃത്തുക്കളും ചേര്‍ന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന നഴ്‌സുമാരുടെ കുറെയേറെ ദൃശ്യങ്ങളും ചിത്രങ്ങളും അവിടെ നിന്നും അയച്ചു കൊടുത്തു. പുലര്‍ച്ചെയോടെ വിമാനത്തിനുള്ളില്‍ സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന നഴ്സുമാരുടെ ദൃശ്യങ്ങളും തനിക്ക് ലഭിച്ചെന്ന് പ്രിന്‍സ് തന്റെ കുറിപ്പില്‍ വിശദമാക്കുന്നു. ഈ ദൃശ്യങ്ങളിലൂടെയാണ് മടങ്ങിവരവിന്റെ ആശ്വാസത്തോടെയിരിക്കുന്ന നഴ്‌സുമാരെ ഇന്ത്യന്‍ ജനത കണ്ടത്. ചിരിക്കുമ്പോഴും പോയ നാളുകളില്‍ തങ്ങള്‍ അനുഭവിച്ച വ്യാകുലതകളും ആ മുഖങ്ങളിലുണ്ടായിരുന്നു.

പ്രിന്‍സിന് അന്ന് ലഭിച്ച എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളുടെ കഥ അവിടെയും തീരുന്നില്ല. ടേക്ക് ഓഫിന്റെ ക്ലൈമാക്‌സിനൊപ്പമാണ് ഇപ്പോഴത്. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ സംവിധായകന്‍ മഹേഷ് നാരായണന്റെ അസിസ്റ്റന്റ് ഷാനു തന്നെ വിളിച്ച് ആ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷിച്ചതായി പ്രിന്‍സ് വ്യക്തമാക്കി. പ്രിന്‍സ് നല്‍കിയ ആ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ചിത്രത്തിന്റെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് സഹായിക്കുകയും ചെയ്തു.

നമ്മുടെ ഒരു അധ്വാനം ബിഗ്‌സ്‌ക്രീനില്‍ കാണുമ്പോഴുണ്ടാകുന്ന ഒരു സന്തോഷമാണ് ടേക്ക് ഓഫ് കാണുമ്പോള്‍ താന്‍ അനുഭവിച്ചതെന്ന് പ്രിന്‍സ് അഴിമുഖത്തോട് പറഞ്ഞു. ജോലിയുടെ ഭാഗമായാണെങ്കിലും ആ സംഭവം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയായിരുന്നു ആ ദൃശ്യങ്ങള്‍ കയ്യില്‍ കിട്ടിയപ്പോഴുണ്ടായത്. ഒപ്പം മറ്റാര്‍ക്കും ലഭിക്കാത്തത് ലഭിക്കുമ്പോഴുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ ആവേശവും. ദൃശ്യങ്ങള്‍ ലഭിക്കുമോ ഇല്ലയോ എന്നറിയാതെ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ്. അത് കിട്ടിയപ്പോഴുണ്ടായ സന്തോഷം… ഇതെല്ലാം സിനിമ കണ്ടപ്പോള്‍ ഓര്‍മ്മ വന്നു.

“വാര്‍ത്തകള്‍ക്ക് മണിക്കൂറുകളുടെ ആയുസ് മാത്രമുള്ള ഈ കാലത്ത് അന്ന് നമ്മള്‍ ഈ ദൃശ്യങ്ങള്‍ സംഘടിപ്പിച്ച കാര്യമൊക്കെ ഏറെക്കുറെ എല്ലാവരും മറന്നുവെന്ന് കരുതുമ്പോഴാണ് വലിയ സ്‌ക്രീനിലൂടെ അവ വീണ്ടും എല്ലാവരും കാണുന്നത്. അന്ന് രാത്രി ഞാന്‍ എടുത്ത അത്രയും ജോലി, ആ രീതിയില്‍ ഫേസ്ബുക്ക് ഉപയോഗിക്കാതെ ചെയ്തിരുന്നെങ്കില്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടാകുമായിരുന്നേയില്ല, ഈ സിനിമയുടെ അവസാനവും ഇങ്ങനെയാകുമായിരുന്നിരിക്കില്ല. സിനിമ കാണുമ്പോള്‍ ഇതൊക്കെയായിരുന്നു മനസില്‍”- പ്രിന്‍സ് വിശദമാക്കി.

ആ യാത്ര

 

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍