UPDATES

വിദേശം

ലോകം കൊടുംപട്ടിണിയിലേക്ക്; മരണഭീഷണി നേരിടുന്നത് 1.5 കോടി കുഞ്ഞുങ്ങൾ

തെക്കന്‍ സുഡാന്‍, സൊമാലിയ, വടക്കന്‍ നൈജീരിയ, യെമന്‍ എന്നിവിങ്ങളിലെ 20 ദശലലക്ഷം ജനങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കൊടും പട്ടിണിയിലേക്ക്

ലോകം ഞെട്ടിപ്പിക്കുന്ന, രൂക്ഷമായ ഒരു പ്രതിസന്ധിയുടെ പിടിയിലാണ്: തെക്കന്‍ സുഡാന്‍, സൊമാലിയ, വടക്കന്‍ നൈജീരിയ, യെമന്‍ എന്നിവിങ്ങളിലെ 20 ദശലലക്ഷം ജനങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കൊടും പട്ടിണി നേരിടാന്‍ പോവുകയാണ് എന്നു ഐക്യരാഷ്ട്രസഭ പറയുന്നു. ഏതാണ്ട് 14 ദശലക്ഷം കുട്ടികള്‍ ‘പെട്ടെന്നുള്ള’ മരണത്തെ അഭിമുഖീകരിക്കുന്നു. പട്ടിണിപ്രശ്നത്തിന്റെ ഗൌരവത്തെ ‘അടുത്ത ദശകങ്ങളില്‍ അസാധാരണമായ’ ഒന്നു എന്നാണ് യുഎസ് ആസ്ഥാനമായ ഗവേഷകര്‍ വിശേഷിപ്പിച്ചത്.

മനുഷ്യര്‍ സൃഷ്ടിച്ച, വിനാശം വിതയ്ക്കുന്ന സംഘര്‍ഷങ്ങളും, തകര്‍ന്ന ഭരണനിര്‍വ്വഹണവും, അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനയും ആക്കം കൂട്ടിയ ഒന്നാണ് ഈ പ്രതിസന്ധി. വര്‍ഷങ്ങളുടെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന സൊമാലിയയില്‍ മാത്രമാണ് ഭക്ഷ്യക്ഷാമത്തിന് വരള്‍ച്ച പ്രധാന കാരണമാകുന്നത്.

“കടുത്ത സാഹചര്യമാണ്,” സഹായനിധിക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥനക്കിടെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറെസ് പറഞ്ഞു. “ഒരു മഹാദുരന്തം ഒഴിവാക്കാന്‍ മാര്‍ച്ച് അവസാനത്തോടെ ഞങ്ങള്‍ക്ക് 4.4 ബില്ല്യണ്‍ ഡോളര്‍ ആവശ്യമുണ്ട്.” ഇതുവരെ ഐക്യരാഷ്ട്രസഭയ്ക്ക് കിട്ടിയത് 90 ദശലക്ഷം ഡോളര്‍ മാത്രം. ബക്കറ്റില്‍ ഒരു തുള്ളി.

യുഎന്നിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് സര്‍ക്കാര്‍ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ആഗോള ദുരിതാശ്വാസത്തിനുള്ള സാധ്യതകള്‍ മങ്ങുകയാണ്.
കഴിഞ്ഞ ആഴ്ച്ച തെക്കന്‍ സുഡാന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും യുദ്ധം കൊണ്ട് വലഞ്ഞ രാജ്യത്തെ പല ഭാഗങ്ങളും ഭക്ഷ്യക്ഷാമ പ്രദേശങ്ങളായി പ്രഖ്യാപിച്ചു. യുഎന്‍ കണക്കാക്കുന്നത് പ്രകാരം ഒരു ക്ഷാമം ഉണ്ടാകുന്നത് ചില മാനദണ്ഡങ്ങള്‍ക്കൊപ്പമാണ്. ഒരു പ്രദേശത്തെ 20%-ത്തിലേറെ ജനങ്ങള്‍ ‘രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുക’ എന്നതും ഇതില്‍ പെടുന്നു. നിലവിലെ ഭയാനകമായ സാഹചര്യങ്ങള്‍ പിന്നേയും മോശമാകുന്ന സാഹചര്യത്തെ വിശദീകരിക്കാനാണ് അതുപയോഗിക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷാമ തലത്തിലേക്ക് എത്തിയെന്ന് ഗവേഷകര്‍ ഭയക്കുന്നു. ഇസ്ളാമിക തീവ്രവാദി സംഘമായ ബോകൊ ഹറാമിന്റെ കലാപം മൂലം തകര്‍ന്നിരിക്കുകയാണ് ഈ പ്രദേശം. നൈജീരിയന്‍ സേന അടുത്തിടെ നടത്തിയ ചില മുന്നേറ്റങ്ങള്‍ ഉണ്ടെങ്കിലും ഏതാണ്ട് 5.1 ദശലക്ഷം പേര്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. അഞ്ചു വയസിനു താഴെയുള്ള അര ദശലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷം കടുത്ത പോഷകാഹാരക്കുറവ് നേരിടും. വേണ്ട സമയത്ത് സഹായം എത്തിയില്ലെങ്കില്‍ അവരില്‍ പകുതിയും മരിച്ചേക്കാം എന്നാണ് യുഎന്‍ പറയുന്നത്.

സൊമാലിയയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മഴ കുറയുകയും ഇനിയും മഴയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാവുകയും ചെയ്തതോടെ രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളവും രൂക്ഷമായ പട്ടിണിയുടെ വക്കിലാണ്. ജൂലായ് 2011-നു സോമാലിയയിലാണ് ഇതിന് മുമ്പ് യുഎന്‍ അവസാനമായി ക്ഷാമം പ്രഖ്യാപിച്ചത്. രണ്ടു മാസക്കാലം കൊണ്ട് 2,60,000 പേരാണ് അവിടെ മരിച്ചു വീണത്.

യെമനില്‍ ആഭ്യന്തരയുയുദ്ധവും സൌദിയുടെ നേതൃത്തില്‍ യുഎസ് പിന്തുണയോടെ നടക്കുന്ന മാസങ്ങളായുള്ള വ്യോമാക്രമണവും ഞെട്ടിപ്പിക്കുന്ന മനുഷ്യകാരുണ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതാണ്ട് അര ദശലലക്ഷത്തോളം കുട്ടികള്‍ ‘അപകടകരമായ വിധത്തില്‍ പോഷകാഹാരക്കുറവുള്ളവരും’ മരണം നേരിട്ടേക്കാവുന്നവരുമാണ്. യുഎന്‍ പറയുന്നത് ഏതാണ്ട് 7.3 ദശലക്ഷം യെമന്‍കാര്‍ അടിയന്തര സഹായം ആവശ്യമുള്ളവരാണ് എന്നാണ്. 17 ദശലക്ഷം യെമെന്‍കാര്‍ ഭക്ഷണം കിട്ടാന്‍ പാടുപെടുകയാണ്. അതായത് ആ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു പേര്‍.

തെക്കന്‍ സുഡാനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സ്ഥലങ്ങളില്‍ വ്യാപകമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് സഹായ ഏജന്‍സികള്‍ മാസങ്ങള്‍ക്കു മുമ്പെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടെ കൃഷിയിടങ്ങള്‍ തരിശായി കിടക്കുന്നു. ജനങ്ങള്‍ക്ക് ഭക്ഷണം കിട്ടാതായി.

“ഫലഭൂയിഷ്ടമായ സ്ഥലങ്ങളില്‍ പോലും സംഘര്‍ഷം വിളയെ കാര്യമായി ബാധിച്ചു. വിളവെടുപ്പ് കുറയുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തപ്പോള്‍ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു, ഇത് അടിസ്ഥാന ഭക്ഷ്യ സാധനങ്ങളുടെ വമ്പിച്ച വിലക്കയറ്റത്തിന് ഇടയാക്കി,” ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ ഒരു ലക്ഷം പേര്‍ പട്ടിണിയുടെ പിടിയിലാണ്. ഏതാണ്ട് അര ദശലക്ഷം പേര്‍ ക്ഷാമം നേരിടുകയാണ്. അന്താരാഷ്ട്ര സമൂഹം വേണ്ട രീതിയില്‍ ഇടപെട്ടില്ലെങ്കില്‍ 2,75,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ ഭീഷണിയിലാണ് എന്നും യുഎന്‍ മുന്നറിയിപ്പ് നല്കുന്നു.

അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ എടുത്തിരുന്നെങ്കില്‍ പ്രതിസന്ധിയുടെ വലിയൊരു ശതമാനം ഒഴിവാക്കാമായിരുന്നു എന്നു സഹായ സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.

ക്ഷാമത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സങ്കീര്‍ണമാണ്. അതാത് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളുടെ പരാജയം കൂടിയാണത്. പക്ഷേ വിമര്‍ശകര്‍ അന്താരാഷ്ട്ര സമൂഹത്തിനെതിരെയും പരാതി ഉന്നയിക്കുന്നു.

യുഎന്‍ സഹായനിധി കാലിയായി തുടരുന്നതാണ് വലിയ പ്രശ്നം. വടക്കുകിഴക്കന്‍ നൈജീരിയയിലെ പ്രതിസന്ധി നേരിടാന്‍ വേണ്ടി ഓസ്ലോയില്‍ കഴിഞ്ഞയാഴ്ച കൂടിയ ദാതാക്കളുടെ അടിയന്തര യോഗം ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ അന്താരാഷ്ട്ര സമൂഹം ഇതിനെ മറ്റ് തരത്തില്‍ തിരിച്ചുവിടുകയാണ്. തെക്കന്‍ സുഡാന്‍റെ കാര്യത്തില്‍ ആ രാജ്യത്തെ കണ്ണും മൂക്കുമില്ലാത്ത ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുന്ന ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാ സമിതിക്കായില്ല.

പ്രസിഡണ്ട് ട്രംപിന്റെ വൈറ്റ് ഹൌസ് സംഘത്തില്‍ ഐക്യരാഷ്ട്ര സഭയെ സംശയത്തോടെ കാണുന്ന, വിദേശ സഹായപദ്ധതികളെ എതിര്‍ക്കുന്ന പലരുമുണ്ട്.

ദശലക്ഷക്കണക്കിനാളുകള്‍ രൂക്ഷമായ പട്ടിണിയും മരണവും നേരിടുന്ന സൊമാലിയയും യെമനും ഭീകരവാദം കയറ്റി അയക്കുന്നു എന്നു പറഞ്ഞ് ട്രംപിന്റെ നിര്‍ദ്ദിഷ്ട കുടിയേറ്റ നിരോധനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ടു രാഷ്ട്രങ്ങളാണ്. ഇതാണ് 2017 ലെ മറ്റൊരു മുഖ്യവൈരുദ്ധ്യം. നിങ്ങള്‍ക്ക് സഹതാപം പോലും പ്രതീക്ഷിക്കാന്‍ കഴിയാത്തപ്പോള്‍, യഥാര്‍ത്ഥ സഹായം പ്രതീക്ഷിക്കാനാകുമോ?

 

Avatar

ഇഷാന്‍ തരൂര്‍

വാഷിംഗ്ടണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടര്‍, ശശി തരൂരിന്റെ മകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍