UPDATES

സിനിമ

ലിബര്‍ട്ടിയില്‍ നിന്ന് ദിലീപിലേക്ക്: മലയാള സിനിമയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഇങ്ങനെ

ഇത്തരമൊരു പ്രതിസന്ധി, സിനിമ മേഖലയില്‍ ഉണ്ടാവുമ്പോള്‍ മറ്റേത് വ്യവസായ മേഖലയിലുമെന്ന പോലെ ഉചിതമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

സിനിമാ തീയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച സമരം കേരളത്തിലെ എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയെ പിളര്‍പ്പിലേയ്ക്ക് എത്തിച്ചിരിക്കുന്നു. നടന്‍ ദിലീപ്, മോഹന്‍ലാലിന്‌റെ വിശ്വസ്തനായ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന വരികയാണ്. ഈ മാസം 26ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കാന്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. തല്‍ക്കാലത്തേയ്ക്ക് പ്രതിസന്ധി ഒഴിവായി എന്ന് പറയാം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിസന്ധി ഒഴിവായി എന്ന് പറയാനാവില്ല. പുതിയ സംഘടനയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ദിലീപ്, ആന്‌റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ തീരുമാനം. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍റെ എല്ലാ പിന്തുണയും ഇവര്‍ക്കുണ്ട്. കേരളത്തില്‍ നിലവില്‍ 356 എ ക്ലാസ് തീയറ്ററുകളാണ് ഉള്ളത്. ഇതില്‍ എല്ലാ തീയറ്റര്‍ ഉടമകളും സമരത്തിന് അനുകൂലമായിരുന്നില്ല. പലരും ദിലീപിന്‌റെ പുതിയ സംഘടനയ്‌ക്കൊപ്പമാണ്. ഫസല്‍ ഗഫൂറിന്‌റെ നേതൃത്വത്തിലുള്ള ബി ക്ലാസ് തീയറ്റര്‍ ഉടമകളും ഇവര്‍ക്കൊപ്പമായിരുന്നു. തീയറ്ററുകളുടെ നിയന്ത്രണത്തില്‍ പുതിയ സംഘടനയുടെ ആധിപത്യം വരുന്നു എന്നത് മാത്രമാണ് ലിബര്‍ട്ടി ബഷീറിന്‌റെ നേതൃത്വത്തിലുള്ള സമരത്തിലൂടെ സംഭവിച്ചത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം.രഞ്ജിത് പറയുന്നത്. നിര്‍മ്മാതാക്കള്‍ തീരുമാനിക്കുന്ന തിയറ്ററുകളില്‍ മാത്രമെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയുള്ളുവെന്നും രഞ്ജിത്ത് വ്യക്തമാക്കി. ലിബര്‍ട്ടി ബഷീറിന്‌റെ മനോഭാവത്തില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാവില്ല പുതിയ സംഘടനയുടേയും നിലപാടെന്ന് വ്യക്തം.

കളക്ഷന്‌റെ പകുതി അതായത് 50 ശതമാനം തീയറ്റര്‍ ഉടമകള്‍ക്ക് ലഭിക്കണമെന്ന ആവശ്യമാണ് ലിബര്‍ട്ടി ബഷീറും സംഘവും ആവശ്യപ്പെടുന്നത്. നിലവില്‍ 40 ശതമാനം തീയറ്റര്‍ ഉടമകള്‍ക്കും 60 ശതമാനം നിര്‍മ്മാതാക്കള്‍ക്കും എന്നാണ് വ്യവസ്ഥ. മള്‍ട്ടി പ്ലക്‌സുകള്‍ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വാങ്ങുമ്പോള്‍, തദ്ദേശ സ്ഥാപനങ്ങളുടെ മാനദണ്ഡം അനുസരിച്ചുള്ള നിരക്ക് മാത്രമേ എ ക്ലാസ് തീയറ്ററുകള്‍ക്ക് ലഭിക്കുന്നുള്ളൂ എന്ന പരാതിയുണ്ട് ലിബര്‍ട്ടി ബഷീറിന്. എന്നാല്‍, എ ക്ലാസ് നിലവാരമുണ്ടെന്ന് അവകാശപ്പെടുന്ന, ലിബര്‍ട്ടി ബഷീറിന്‌റെ ഉടമസ്ഥതയിലുള്ള തലശേരിയിലെ തീയറ്ററുകളില്‍ പോയിട്ടുള്ളവര്‍, വൃത്തിഹീനമായ ആ തീയറ്ററുകളിലെ അസഹ്യമായ സാഹചര്യത്തില്‍ ഇരുന്നുകൊണ്ട് സിനിമ കാണേണ്ടി വന്നതിന്‌റെ ദുരനുഭവം പറഞ്ഞു തരും. തിരുവനന്തപുരത്തെ മൂന്ന് സ്‌ക്രീനുള്ള ന്യൂ തീയറ്ററും ശ്രീകുമാര്‍, ശ്രീവിശാഖ് തീയറ്ററുകളും ഒരേ ഉടമസ്ഥതയിലുള്ളതാണ്. ന്യൂ തീയറ്റര്‍ വൃത്തിയുള്ളതും നിലവാരം പുലര്‍ത്തുന്നതുമാണ്. ശ്രീകുമാറും ശ്രീവിശാഖുമാണെങ്കില്‍ നഗരത്തിലെ ഏറ്റവും മോശം തീയറ്ററുകളും. വൃത്തിയില്ലാത്ത തീയറ്ററും ടോയ്‌ലറ്റ് എന്ന് പേരുള്ള വൃത്തികെട്ട മൂത്രപ്പുരയും. മൂട്ട കടിക്കുന്ന എ ക്ലാസ് തീയറ്ററുകളും കേരളത്തിലുണ്ട്. പണം കൊടുത്ത് സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരോട് തികഞ്ഞ അലംഭാവപൂര്‍ണമായ സമീപനം. ഇത്തരം സമീപനം വച്ചുപുലര്‍ത്തുന്ന ലിബര്‍ട്ടി ബഷീറിനെ പോലെയുള്ള ആളുകളാണ് മള്‍ട്ടിപ്ലക്‌സുകളിലേയും മറ്റ് എ ക്ലാസ് തീയറ്ററുകളിലേയും നിരക്ക് അടക്കമുള്ള കാര്യങ്ങളിലെ വിവേചനത്തെ കുറിച്ചൊക്കെ സംസാരിക്കുന്നതും ഏകീകരണം ആവശ്യപ്പെടുന്നതും. കേരളത്തിലെ വൃത്തിഹീനമായ എല്ലാ തീയറ്ററുകളും പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത് തന്നെയാണ് നല്ലതും.

പുതിയ സംഘടന വരുന്നതോടെ കേരളത്തിലെ തീയറ്ററുകളുടെ ഗുണനിലവാരം മെച്ചപ്പെടുകയാണെങ്കില്‍ അത് നല്ല കാര്യമാണ്. ദിലീപിന്‌റേയും ആന്‌റണി പെരുമ്പാവൂരിന്‌റേയും ഉടമസ്ഥതയിലുള്ള തീയറ്ററുകള്‍ നിലവാരം പുലര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ദിലീപും മോഹന്‍ലാലും അടക്കമുള്ള താരങ്ങളുടെ കൈപ്പിടിയില്‍ കേരളത്തിലെ തീയറ്ററുകള്‍ ഒതുങ്ങുന്നത് അത്ര നല്ല കാര്യമായി കാണാനാവില്ല. ലിബര്‍ട്ടി ബഷീറിനെ മാറ്റി ദിലീപോ ആന്‌റണി പെരുമ്പാവൂരോ കേരളത്തിലെ എ ക്ലാസ് തീയറ്ററുകളെ നിയന്ത്രിക്കുന്നത് കൊണ്ട് മലയാള സിനിമയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവാനും പോവുന്നില്ല. സിനിമാരംഗത്തെ താരാധിപത്യവും വ്യക്തി താല്‍പര്യങ്ങളും ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നതായിരിക്കും തീയറ്റര്‍ ഉടമകളുടെ സംഘടനാ നേതൃത്വം താരങ്ങള്‍ക്ക് ലഭിക്കുന്നതിലൂടെ സംഭവിക്കുക. ഇതൊരു മുന്‍വിധിയുടെ പ്രശ്‌നമല്ല. മറിച്ച് താരസംഘടനയായ അമ്മ അടക്കമുള്ളവ മലയാള സിനിമ രംഗത്ത് പ്രോത്സാഹിപ്പിക്കുന്ന ദുഷ്പ്രവണതകളുടേയും ജനാധിപത്യ വിരുദ്ധതയുടേയും പ്രശ്‌നമാണ്. വിലക്കുകളുടെ താരാധിപത്യ രാഷ്ട്രീയം എത്രയോ ചലച്ചിത്ര പ്രവര്‍ത്തകരുടെ കരിയറും ജീവിതവും ദുരിതപൂര്‍ണമാക്കിയിട്ടുണ്ട്. സിനിമാ വ്യവസായത്തേയും അനുബന്ധ വ്യവസായങ്ങളേയും പൂര്‍ണമായി താരങ്ങള്‍ വിഴുങ്ങുന്നത് ഒട്ടും ഗുണം ചെയ്യില്ല.

തീയറ്റര്‍ ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ എത്രത്തോളം ഉത്തരവാദിത്തത്തോടെയുള്ളതാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു പ്രതിസന്ധി, സിനിമ മേഖലയില്‍ ഉണ്ടാവുമ്പോള്‍ മറ്റേത് വ്യവസായ മേഖലയിലുമെന്ന പോലെ ഉചിതമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ലിബര്‍ട്ടി ബഷീറിന്‌റെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‌റെ നിഷേധാത്മക സമീപനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആദ്യം ഈ അനാവശ്യ സമരം നിര്‍ത്താനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സിനിമാ മേഖലയെ സ്തംഭിപ്പിച്ചിരിക്കുന്ന തീയറ്റര്‍ ഉടമകളുടെ സമരത്തിനെ ന്യായീകരിക്കാന്‍ കഴിയില്ല. സമരത്തിന് എന്തെങ്കിലും യുക്തിസഹമായ കാരണങ്ങള്‍ നിരത്താന്‍ ലിബര്‍ട്ടി ബഷീറിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല താനും. എന്നാല്‍ ഏതെങ്കിലും സംഘടനകളുടേയോ വിഭാഗത്തിന്‌റേയോ ഭാഗത്ത് നിന്ന് കൊണ്ട് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും ആ രീതിയില്‍ സമരത്തെ പൊളിക്കാന്‍ കൂട്ട് നില്‍ക്കുകയുമല്ല സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. മറിച്ച് സംസ്ഥാനത്തെ തീയറ്ററുകളുടെ പ്രവര്‍ത്തനം, നിലവാര നിര്‍ണയം തുടങ്ങിയവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ വയ്ക്കുകയും അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയാണ്. ഏതാണ്ട് ഒരു മാസത്തോളം നീണ്ട തീയറ്റര്‍ സമരം നികുതി ഇനത്തില്‍ ഉണ്ടാക്കിയ വരുമാന നഷ്ടമെങ്കിലും സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്.

ഈ സാഹചര്യത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കേണ്ടതുണ്ട്. തന്‌റെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവകാശപ്പെടുന്നു. സിനിമ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനും സംഘടനകളെ നിയന്ത്രിക്കാനുമായി കേരള സ്റ്റേറ്റ് ഫിലിം അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു പ്രധാനപ്പെട്ട ഒന്ന്. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അമ്മയോ ഫെഫ്കയോ ഒന്നും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. സിനിമ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടനകള്‍ നീങ്ങുന്നതോ സാങ്കേതിക പ്രവര്‍ത്തകരും തൊഴിലാളികളും ട്രേഡ് യൂണിയന്‍ സ്വഭാവത്തില്‍ മുന്നോട്ട് പോകുന്നതോ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ താരാധിപത്യ താല്‍പര്യങ്ങളോ താരങ്ങളുടെ വ്യവസായ താല്‍പര്യങ്ങളോ ആവരുത് സിനിമാ സംഘടനകള്‍ക്ക് പിന്നില്‍. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‌റേയും അനുവാദത്തോടെയാണ് താന്‍ ഇവിടെ നില്‍ക്കുന്നത് എന്നാണ് പുതിയ സംഘടന രൂപീകരിക്കാനുള്ള യോഗത്തില്‍ ദിലീപ് പറഞ്ഞത്; ചിത്രം വ്യക്തമാണ്.

സിനിമാസംഘടനകള്‍ പരസ്പരമിറക്കുന്ന ‘ഫത്വകള്‍’ നിയന്ത്രിക്കാനാണ് കേരള സ്റ്റേറ്റ് ഫിലിം അതോറിറ്റി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടത് എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മലയാള സിനിമയെ മെച്ചപ്പെടുത്തുന്നതിനായി നേരത്തെ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. താന്‍ കൂടി അംഗമായ ആ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. തിയേറ്ററുകളുടെ സൗകര്യങ്ങള്‍ക്ക് അനുസൃതമായി ഗ്രേഡ് ചെയ്യണമെന്നും ഉയര്‍ന്ന ഗ്രേഡുള്ള തിയേറ്ററുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും അടൂര്‍ പറഞ്ഞിരുന്നു.

അടൂര്‍ കമ്മിറ്റി 2014 ഓഗസ്റ്റിലാണ് സര്‍ക്കാരിന് റിപ്പോട്ട് സമര്‍പ്പിച്ചത്. ഫിലിം റെഗുലേറ്ററി അതോറിറ്റി, തീയറ്ററുകളുടെ ഗ്രേഡിംഗ് അടക്കമുള്ള കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി അന്നത്തെ സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ തത്വം വെറും തത്വത്തില്‍ ഒതുങ്ങി എന്നല്ലാതെ എന്തെങ്കിലും നടപടി സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടായില്ല. 2015ലെ 20-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌റെ സമാപന ചടങ്ങില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍, മലയാള സിനിമാരംഗം മെച്ചപ്പെടുത്തുന്നതിനായി അടൂര്‍ കമ്മിറ്റി റിപ്പോട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടൂര്‍ കമ്മിറ്റി റിപ്പോട്ട് ജലരേഖയായി. മലയാള സിനിമാരംഗം മെച്ചപ്പെടുത്താനായി താന്‍ അധ്യക്ഷനായ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏതോ ഫയലില്‍ ഒളിച്ചിരിക്കുകയാണെന്ന് അടൂര്‍ പറഞ്ഞിരുന്നു. ശുപാര്‍ശകള്‍ അംഗീകരിക്കുന്നെന്ന് പലരും പ്രസംഗിച്ചതല്ലാതെ ഒന്നും നടന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍