UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളന്മാര്‍ ഹോളിവുഡില്‍ മാത്രമേയുള്ളൂ, നാട്ടിലില്ല

Avatar

അന സ്വാന്‍സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കള്ളന്‍മാരും മോഷണവുമൊക്കെ ഹോളിവുഡിനെ സംബന്ധിച്ച് എപ്പോഴും നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് ആഘോഷിക്കാനുള്ള വകകളാണ്. Ocean’s Eleven,  The Pink Panther തുടങ്ങി ഒന്നാലോലോചിച്ചാല്‍ ഈ വകുപ്പില്‍ പെട്ട ധാരാളം ചിത്രങ്ങള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും. പക്ഷേ സിനിമയില്‍ കാണുന്ന പോലെ മോഷണത്തെ ഗ്ലാമറുള്ള പ്രൊഫഷനായി കണ്ട് സ്ഥിരമായി കൊണ്ടു നടക്കുന്നവര്‍ ആരുമില്ലെന്നാണ് ഈയിടെ പുറത്തു വന്നൊരു പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നത്. 

കൗമാരക്കാരായ കുട്ടികള്‍ എളുപ്പത്തില്‍ പണവും  ആവശ്യമുള്ള  സാധനങ്ങളുമൊക്ക ഒപ്പിച്ചെടുക്കാനായുള്ളൊരു എളുപ്പ വഴിയായാണ് മോഷണം പരീക്ഷിച്ചു നോക്കുന്നത്. പക്ഷേ ആരും ഒരുപാടുകാലം ഈ പരിപാടിയുമായി മുന്നോട്ടു പോകുന്നില്ല. കൗമാരകാലത്തുണ്ടാകുന്നൊരു സാഹസിക വാസനയും കുട്ടികളെ ഇത്തരം കൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ മോഷണങ്ങളിലൂടെയിവര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനാകുന്നതായും കാണുന്നില്ല. ജിയോഫെറി ഫെറിന്‍ വില്ല്യം എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ 8000ത്തോളം ആളുകളെ നിരീക്ഷിച്ച് 14 വര്‍ഷം (1997-2011) കൊണ്ട് പൂര്‍ത്തിയാക്കിയ പഠനത്തിലെ നിഗമനങ്ങള്‍ ഏതാണ്ടിങ്ങനെയൊക്കെയാണ്. 

മറ്റു നിരവധി ചോദ്യങ്ങളോടൊപ്പം നിങ്ങള്‍ കഴിഞ്ഞ വര്‍ഷം എന്തെങ്കിലും മോഷ്ടിച്ചിരുന്നോ? ഉണ്ടെങ്കില്‍ എന്തു വില വരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്? എന്നീ രണ്ടു ചോദ്യങ്ങളും സര്‍വ്വേയില്‍ വില്ല്യം ഉന്നയിച്ചിരുന്നു. ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തില്‍ 50 ഡോളറിനു മുകളില്‍ വിലയുള്ള വസ്തുക്കള്‍ മോഷ്ടിച്ചവരെ മാത്രമാണ് ‘മോഷ്ടാക്കള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. മറ്റുള്ളവരെ ‘ചില്ലറ മോഷ്ടാക്കള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

പക്ഷേ മോഷണം അത്ര അസാധാരണ സംഭവമൊന്നുമല്ലെന്നും പഠനഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 16 ശതമാനം പേര്‍ മുന്‍ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള മോഷണങ്ങള്‍ നടത്തിയിട്ടുള്ളവരാണ്. ഇതില്‍ അഞ്ചിലൊന്ന് പുരുഷന്‍മാരും പത്തിലൊന്ന് സ്ത്രീകളും 50 ഡോളറിനു മുകളിലുള്ള വസ്തുക്കള്‍ മോഷ്ടിച്ചവരാണ്. അല്ലറ ചില്ലറ മോഷണങ്ങളുടെ കാര്യമെടുത്താല്‍ ഇവരില്‍ മൂന്നിലൊരു പുരുഷനും നാലിലൊരു സ്ത്രീയും മുന്‍ വര്‍ഷം അത്തരം പരിപാടികള്‍ ഒപ്പിച്ചവരാണ്. 

കള്ളന്‍മാരില്‍ ഒരു വിഭാഗത്തില്‍ പെട്ടവര്‍ കൂടുതലാണെന്നു പറയാന്‍ കഴിയില്ലെങ്കിലും വിദ്യാഭ്യാസം കുറവുള്ളവരും, ലഹരി പദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവരും മാനസിക ദൗര്‍ബല്ല്യമുള്ളവരുമെല്ലാം ഒരു പ്രത്രേക അനുപാതത്തില്‍ പെടാതെ ഇക്കൂട്ടത്തിലുണ്ട്. 

വളരെ ചെറിയൊരു കാലത്തേക്കു മാത്രമേ കള്ളന്‍മാര്‍ സജീവമായി മോഷണ രംഗത്തു നില്‍ക്കുന്നുള്ളു എന്നതാണ് പഠനത്തില്‍ കണ്ടെത്തിയ ഏറ്റവും ശ്രദ്ധേയമായ കാര്യം. ശരാശരി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് മിക്കവരുടേയും ഈ മേഖലയിലെ ‘സേവനം’. വില്ല്യമിന്റെ 14 വര്‍ഷത്തെ കണക്കില്‍ 3 വര്‍ഷത്തില്‍ കൂടുതല്‍ മോഷണവുമായി നടന്നവര്‍ വെറും 5 ശതമാനത്തില്‍ താഴെ മാത്രമാണ്. മോഷ്ടാക്കള്‍ ഒരു പ്രത്യേക വിഭാഗം ആളുകളല്ല മറിച്ച് ചില ആളുകള്‍ കടന്നു പോകുന്നൊരു ചെറിയ ഘട്ടം മാത്രമാണെന്നാണ് പഠനത്തിന്റെ വെളിച്ചത്തില്‍ വില്ല്യം പറയുന്നത്. ശരിക്കും പറഞ്ഞാല്‍ കൗമാര കാലഘട്ടം. ഇത്തരത്തില്‍പ്പെടുന്ന മിക്ക കുറ്റകൃത്യങ്ങളും കൗമാരക്കാര്‍ നടത്തി നോക്കുന്ന ചില പരീക്ഷണങ്ങളാണ്. പക്വതയെത്തുമ്പോള്‍ ഇത്തരം പരിപാടികളില്‍ നിന്നവര്‍ കൃത്യമായി പിന്തിരിയുന്നുമുണ്ട്.

മോഷണം നടത്തി ആരും ഒന്നും വലുതായി നേടിയിട്ടില്ലെന്നതാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്ന മറ്റൊരു പ്രധാന കാര്യം. 37.5 ഡോളര്‍ മാത്രമാണ് ഒരു മോക്ഷണത്തിലൂടെയൊരു കള്ളനുണ്ടാക്കുന്ന ശരാശരി വരുമാനം എന്നാല്‍ നല്ലൊരു ശതമാനം കള്ളമ്മാര്‍ക്കും ഓരോ മോക്ഷണത്തിലും കാര്യമായി ഒന്നും തടയാറില്ല, അല്ലെങ്കില്‍ ഒന്നും തന്നെ തടയാറില്ല എന്നതാണ് വ്യക്തമാവുന്ന കാര്യം. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍