UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വിമാനയാത്ര ചെയ്യുന്ന ആദ്യ യുഎസ് പ്രസിഡണ്ടും റെയ്ക്യാവിക് ഉച്ചകോടിയും

Avatar

1910 ഒക്ടോബര്‍ 11
തിയോഡര്‍ റൂസ് വെല്‍റ്റിന്റെ വിമാനയാത്ര

വിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‌വെല്‍റ്റാണ്. 1910 ഒക്ടോബര്‍ 11 നായിരുന്നു റൂസ്‌വെല്‍റ്റിന്റെ ആകാശ യാത്ര. തന്റെ ഔദ്യോഗിക പദവി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുശേഷമാണ് റൂസ് വെല്‍റ്റ് വിമാനയാത്ര നടത്തുന്നത്. നാലു മിനിട്ട് നീണ്ടുനിന്ന ആ യാത്രയില്‍ ഒരു യാത്രക്കാരനായിട്ടായിരുന്നു റൂസ്‌വെല്‍റ്റ് സഞ്ചരിച്ചത്. ആദ്യമായി പദവിയിലിരിക്കേ വിമാനയാത്ര നടത്തിയ പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ് വെല്‍റ്റാണ്. തിയോഡര്‍ റൂസ് വെല്‍റ്റ് പറന്ന് 33 വര്‍ഷങ്ങള്‍ക്കിപ്പുറം1943 ലാണ് ഫ്രാങ്ക്ലിന്‍ പറക്കുന്നത്.

സെന്റ് ലൂയിസിലെ കിന്‍ലോക് ഫീല്‍ഡില്‍ നിന്നാണ് തിയോഡര്‍ റൂസ്‌വെല്‍റ്റ് കയറുന്ന വിമാനം പറന്നുയരുന്നത്. ആര്‍ഷിബാള്‍ഡ് ഹോക്‌സി ആയിരുന്നു അന്ന് വിമാനം പറത്തിയ പൈലറ്റ്. വിമാനം കണ്ടുപിടിച്ച ഓര്‍വില്‍ ,വില്‍ബര്‍ റൈറ്റ് സഹോദരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഹോക്‌സിയും. ഹോക്‌സിയാണ് താന്‍ നടത്തുന്ന കാമ്പയിന്‍ ടൂറിന്റെ ഭാഗമാകാന്‍ റൂസ്‌വെല്‍റ്റിനെ ക്ഷണിക്കുന്നത്. എന്നാല്‍ റൈറ്റ് സഹോദരന്മാര്‍ ഈ കാര്യത്തില്‍ ഹോക്‌സിയോട് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. റൂസ് വെല്‍റ്റിനെപ്പോലൊരു പ്രധാനപ്പെട്ട വ്യക്തിയെ ഇത്തരമൊരു യാത്രയ്ക്ക് പങ്കെടുപ്പിക്കുന്നത് അപകടമാണെന്നായിരുന്നു അവരുടെ നിലപാട്.

1986 ഒക്ടോബര്‍ 11
റെയ്ക്യാവിക് ഉച്ചകോടി

യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗണും സോവിയറ്റ് യൂണിയന്റെ മിഖായേല്‍ ഗോര്‍ബച്ചോവും പ്രശസ്തമായ റെയിക്യാവിക് ഉച്ചകോടിയില്‍ പങ്കെടുത്തു ചര്‍ച്ച നടത്തുന്നു. ബാലസ്റ്റിക് മിസൈലുകളുടെ നിരോധനം സംബന്ധിച്ച തീരുമാനം ചര്‍ച്ച ചെയ്യുകയായിരുന്നു 1986 ഒക്ടോബര്‍ 11-12 തീയതികളില്‍ നടന്ന ഈ ഉച്ചകോടിയിലെ ലക്ഷ്യം.


ഐസ്‌ലാന്‍ഡിന്റെ തലസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ചരിത്രപരമായ തീരുമാനം ഉണ്ടായെങ്കിലും അത് തകര്‍പ്പെടുകയാണ് പിന്നീട് സംഭവിച്ചത്. എങ്കിലും ഈ തീരുമാനം 1987 ലെ ഇന്റര്‍മീഡിയേറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് ഉടമ്പടിക്ക് അടിത്തറപാകി. ഈ ഉടമ്പടിയാണ് ആണവായുധങ്ങളുടെയും 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ പരിധിയുള്ള മധ്യദൂര പരമ്പരാഗത ഭൂതല മിസൈലുകളുടെയും ബഹിഷ്കരണത്തിലേക്ക് നയിച്ചത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍