UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഹിരോഷിമയില്‍ ആറ്റം ബോംബ് വര്‍ഷം, ആദ്യത്തെ അന്തര്‍വാഹിനി യുദ്ധം

Avatar

1945 ആഗസ്റ്റ് 6
ഹിരോഷിമയില്‍ ആറ്റം ബോംബ് ഇട്ട ദിനം

രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് ഹിരോഷിമയില്‍ ആറ്റം ബോംബ് ഇട്ട വൈമാനികരില്‍ ഒരാളായിരുന്ന തിയോഡര്‍ വാന്‍ക്രിക്ക് അന്തരിച്ചത്. ഡച്ച് എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോര്‍ജിയയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്.

തൊണ്ണൂറ്റി മൂന്നാം വയസ്സില്‍ കാലയവനിയകയ്ക്കുള്ളില്‍ മറഞ്ഞ വാന്‍ക്രിക്കും കേണല്‍ പോള്‍ ടിബെറ്റ്‌സുമായിരുന്നു എനോള ഗേ എന്നുപേരുള്ള ബി-29 സൂപ്പര്‍ഫോര്‍ട്രസ് എയര്‍ക്രാഫ്റ്റില്‍ നിന്ന് ലിറ്റില്‍ ബോയി എന്നറിയപ്പെട്ട ആറ്റം ബോംബ് 1954 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയ്ക്കുമേല്‍ ഇട്ടത്. ഈ ബോംബ് 140,000 പേരുടെ ജീവനെടുത്തെന്നാണ് കണക്ക്. ടിനിയന്‍ ദ്വീപിലെ യുദ്ധക്കപ്പലില്‍ നിന്നാണ് വിമാനത്തില്‍ ബോംബ് ബന്ധിപ്പിക്കുന്നത്.

കേണല്‍ ടിബെറ്റ്‌സിന്റെ മാതാവിന്റെ പേരായിരുന്നു എനോള ഗേ. ആ പേരാണ് വിമാനത്തിനും നല്‍കിയത്. ടിനിയന്‍ ദ്വീപില്‍ നിന്നും അഞ്ചര മണിക്കൂര്‍ പറന്നാണ് ഇവര്‍ ഹിരോഷിമയുടെ ആകാശത്തെത്തുന്നത്. 19,000 അടി ഉയരത്തില്‍ നിന്നാണ് ബോംബ് താഴേക്ക് ഇട്ടത്. ഒരു ആശുപത്രിയുടെ മുകളിലായിരുന്നു ബോംബ് പതിച്ചത്.

ഈ സംഭവം കഴിഞ്ഞ് മൂന്നാം ദിനം ഫാറ്റ് മാന്‍ എന്ന ആറ്റംബോംബ് ജപ്പാനിലെ മറ്റൊരു നഗരമായ നാഗസാക്കിയിലും വീണു. 80,000 ത്തോളം പേരാണ് അവിടെ കൊല്ലപ്പെട്ടത്. ഇതോടെയാണ് അണുവായുധത്തിന്റെ നശീകരണ ശക്തിയെക്കുറിച്ച് ലോകം മനസ്സിലാക്കുന്നത്.

യുദ്ധവീരനെന്ന് വിശേഷിപ്പിക്കപ്പെട്ട വാന്‍ക്രിക്ക് 2005 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്- യുദ്ധമോ ആറ്റംബോംബോ ഒന്നിനും ഒരു പരിഹാരം കണ്ടെത്തിയിരുന്നില്ലെന്നാണ്. ആയുധങ്ങളെല്ലാം നശിക്കുന്നത് കാണാനാണ് തനിക്ക് ആഗ്രഹമെന്നും വാന്‍ക്രിക്ക് പറഞ്ഞു.

1914 ആഗസ്റ്റ് 6
ആദ്യത്തെ അന്തര്‍വാഹിനി യുദ്ധം

ഒന്നാം ലോക മഹായുദ്ധം അതിന്റെ തീവ്രതയിലേക്ക് കടക്കുന്നത് 1914 ആഗസ്റ്റ് 6 ന് ജര്‍മ്മനി ഹെലിഗോലാന്‍ഡില്‍ നിന്ന് ബ്രിട്ടന്റെ റോയല്‍ നേവി യുദ്ധക്കപ്പലുകളെ ആക്രമിക്കുന്നതോടെയാണ്. ഈ ആക്രമണത്തിലൂടെ ലോകം ആദ്യമായി അന്തര്‍വാഹനി യുദ്ധത്തിനും സാക്ഷ്യം വഹിച്ചു. ഷെറ്റ്‌ലാന്‍ഡിനും ബെര്‍ഗെനും ഇടയിലായിരുന്നു ബ്രിട്ടീഷ് കപ്പലുകളെ പ്രതീക്ഷിച്ച് ജര്‍മ്മനി നിലയുറപ്പിച്ചത്.

ആഗസ്റ്റ് 8 ന് ജര്‍മ്മനിയുടെ യു-15 അന്തര്‍വാഹിനി ബ്രിട്ടീഷ് കപ്പലുകളായ എച്ച് എം എസ് അജാക്‌സ്, എച്ച് എം എസ് മോണാര്‍ക്ക്, എച്ച് എംഎസ് ഓറിയോണ്‍ എന്നിവയെ ലക്ഷ്യമിട്ടു. എച്ച് എം എസ് മോണാര്‍ക്കിനു നേരെ ഉണ്ടായ ആദ്യാക്രമണം പക്ഷേ ലക്ഷ്യം കണ്ടില്ല. റോയല്‍ നേവി കപ്പല്‍ ഇത്തരം ആക്രമണം ഉണ്ടാകുമെന്ന ധാരണയില്‍ ജാഗ്രത പാലിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി നിലയിട്ട എച്ച്എംഎസ് ബര്‍മിംഗ്ഹാമിനുനേരെ നടന്ന യു-ബോട്ട് ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചു.

ആഗസ്റ്റ് 12 ന് പത്ത് യു-ബോട്ടുകളില്‍ ഏഴെണ്ണവും ഹെലിഗോലാന്‍ഡിലേക്ക് ജര്‍മ്മനിക്ക് പിന്‍വലിക്കേണ്ടി വന്നു. യു-13 എന്ന ജര്‍മ്മന്‍ അന്തര്‍വാഹിനി കടലില്‍ കാണാതെ പോയി. 1914 സെപ്തംബര്‍ 5 ന് ജര്‍മ്മനിയുടെ യു-21 അന്തര്‍വാഹിനി റോയല്‍ നേവിയുടെ ക്രൂയിസര്‍ ആയ എച്ച്എംഎസ് പാത്ത്‌ഫൈന്‍ഡറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതോടെ ആധുനിക അന്തര്‍വാഹിനികളാലുള്ള ആദ്യത്തെ സമുദ്രാന്തര്‍ യുദ്ധത്തില്‍ വിജയം ജര്‍മ്മനിയുടെ പേരിലായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍