UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ലമെന്റ് ആക്രമണം; അഫ്‌സല്‍ ഗുരുവിന്റെ പങ്കില്‍ സംശയം: പി ചിദംബരം

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാസ്പദമാണെന്ന് പി ചിദംബരം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനകാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നയാളാണ് ചിദംബരം. മൂന്ന് വര്‍ഷം മുമ്പാണ് അഫ്‌സലിന്റെ വധശിക്ഷ നടപ്പിലാക്കിയത്.

ശരിയായവിധമല്ല കേസ് തീരുമാനിക്കപ്പെട്ടതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ കേസില്‍ കോടതികള്‍ ശരിയായ തീര്‍പ്പിലാണോ എത്തിയതെന്നും വധശിക്ഷ ശരിയായ ശിക്ഷയായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കോടതി കേസ് തെറ്റായാണ് തീരുമാനിച്ചതെന്ന് നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗമായിരുന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം സര്‍ക്കാരണ് അഫ്‌സലിനെ പ്രോസിക്യൂട്ട് ചെയ്യുന്നത്. കേസ് ശരിയായിട്ടാണ് വിധിച്ചതെന്ന് ഒരു സ്വതന്ത്ര വ്യക്തിക്ക് അഭിപ്രായപ്പെടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു അഭിപ്രായമുള്ളയാളെ ദേശ വിരുദ്ധനായി ചൂണ്ടിക്കാണിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു. 2008 മുതല്‍ 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം ധനമന്ത്രിയാകുകയും ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിനെ 2013-ലാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അന്ന് സുശീല്‍കുമാര്‍ ഷിന്‍ഡേയാണ് ആഭ്യന്തരമന്ത്രിയായിരുന്നത്.

ഗൂഢാലോചനയില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെ കുറിച്ച് കടുത്ത സംശയങ്ങളുണ്ട്. അയാള്‍ക്ക് പങ്കുണ്ടെങ്കില്‍ തന്നെ അതിന്റെ പരിധിയെക്കുറിച്ചും സംശയമുണ്ട്. പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കാമായിരുന്നു, ചിദംബരം പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പേരില്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹ കുറ്റം ആദ്യ വാദത്തില്‍ തന്നെ കോടതി തള്ളുമെന്നും ചിദംബരം പറഞ്ഞു. സ്വതന്ത്രമായ അഭിപ്രായ പ്രകടനം രാജ്യദ്രോഹ പ്രസംഗമല്ല. നിങ്ങളുടെ പ്രസംഗം അക്രമം സൃഷ്ടിക്കുകയാണെങ്കില്‍ മാത്രമേ അത് രാജ്യദ്രോഹത്തില്‍ ഉള്‍പ്പെടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍