UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിക്ക് സര്‍വകലാശാല അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍

കോളേജിന് അഫിലിയേഷന്‍ ഇല്ലെന്ന് പുറത്തറഞ്ഞാല്‍ പല അഭിഭാഷകരുടെയും ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല പല ജഡ്ജിമാരുടെയും ഉത്തരവുകള്‍ പോലും റദ്ദാകുമായിരുന്നു

പേരൂര്‍ക്കട ലോ അക്കാദമി ലോ കോളേജിന് കേരള സര്‍വകലാശാലയുടെ അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷനായി അക്കാദമി അപേക്ഷിച്ചിട്ട് പോലുമില്ലെന്നാണ് 35 വര്‍ഷം മുമ്പ് അക്കാദമിക്കെതിരെ സുപ്രീം കോടതി വരെ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകന്‍ ഡോ. വിന്‍സന്റ് പാനിക്കുളങ്ങര ആരോപിക്കുന്നത്.

അഫിലിയേഷന്‍ രേഖകള്‍ക്കായി സര്‍വകലാശാലയില്‍ അന്വേഷിച്ച് സമയം പാഴാക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കോളേജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയും പറഞ്ഞിരുന്നു. 1982-ല്‍ പ്രിന്‍സിപ്പലായിരുന്ന നാരായണന്‍ നായരുടെ സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ അംഗത്വത്തെച്ചൊല്ലിയാണ് വിന്‍സന്റ് പാനിക്കുളങ്ങര കോടതിയെ സമീപിച്ചത്. അഫിലിയേറ്റഡ് പ്രിന്‍സിപ്പല്‍മാരുടെ ക്വാട്ടയിലാണ് നാരായണന്‍ നായരെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചിരുന്നത്. എന്നാല്‍ കേസിന്റെ ഒരുഘട്ടത്തില്‍ പോലും അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ലോ അക്കാദമിക്കോ കേരള യൂണിവേഴ്‌സിറ്റിക്കോ സാധിച്ചിട്ടില്ല. അഫിലിയേഷന് വേണ്ടി അപേക്ഷിച്ചതിന്റെ രേഖകള്‍ പോലും ഇവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിന്‍സന്റ് പാനിക്കുളങ്ങര അഴിമുഖത്തോട് പ്രതികരിച്ചു.

‘ഈ വാദം ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എട്ട് പത്ത് വര്‍ഷമായി കോളേജിനെ പ്രതിനിധീകരിച്ച് സിന്‍ഡിക്കേറ്റില്‍ അംഗമായിരുന്നതിനാല്‍ നാരായണന്‍ നായര്‍ക്ക് സിന്‍ഡിക്കേറ്റില്‍ തുടരാന്‍ കോളേജിന് ഡീംഡ് ടു അഫിലിയേഷന്‍ നല്‍കി സുപ്രിംകോടതി വിധി പ്രഖ്യാപിച്ചു. അഫിലിയേഷന് പ്രമേയം പാസാക്കി എന്ന് മാത്രമാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഇത് അഫിലിയേഷനായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോളേജിന് ഇതുവരെ അഫിലിയേഷന്‍ ലഭിച്ചിട്ടില്ലെ’ന്നും വിന്‍സന്റ് പറഞ്ഞു.

കേസിന് ശേഷവും അഫിലിയേഷനായി അപേക്ഷിക്കാന്‍ അക്കാദമി തയ്യാറായില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇത്രകാലം അഫിലിയേഷന്‍ ഇല്ലായിരുന്നുവെന്ന രഹസ്യം പരസ്യമാകുമെന്ന ഭയത്തിലാണ് അപേക്ഷിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജിന് അഫിലിയേഷന്‍ ഇല്ലെന്ന് പുറത്തറിഞ്ഞാല്‍ പല അഭിഭാഷകരുടെയും ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല പല ജഡ്ജിമാരുടെയും ഉത്തരവുകള്‍ പോലും റദ്ദാകുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോളേജ് മാനേജ്‌മെന്റ് എന്ന് പറയുമ്പോള്‍ പണം മുടക്കേണ്ടവരാണ്. എന്നാല്‍ ലോ അക്കാദമി മാനേജ്‌മെന്റിന് ഒരു രൂപ പോലും ചെലവ് വന്നിട്ടില്ലെന്നും സര്‍ക്കാര്‍ നല്‍കിയ ഭൂമിയും ഫണ്ടും ഉപയോഗിച്ച് തുടങ്ങിയ കോളേജില്‍ സ്വന്തക്കാരെ നിയമിക്കുന്ന നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും വിന്‍സന്റ് ചൂണ്ടിക്കാട്ടി.

അക്കാദമിക്കെതിരെ കേസ് നടത്തിയതിന് തനിക്ക് നേരെ പല പ്രതികാര നടപടികളും ഉണ്ടായെന്നും അഭിഭാഷകവൃത്തിയില്‍ നിന്നും അകാരണമായി സസ്‌പെന്‍ഡ് ചെയ്യിച്ചെന്നും വിന്‍സന്റ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് നീതി നേടിയെടുത്തത്.

അതേസമയം ലോ അക്കാദമിക്ക് സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയതിന് തെളിവുണ്ടെന്ന് മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാര്‍ പ്രതികരിച്ചു. 1968-ലെ മിനുറ്റ്‌സിലാണ് ഇതിന്റെ തെളിവുള്ളത്. എന്നാല്‍ അഫിലിയേഷനും അക്കാദമിയുടെ ഭൂമിയും സംബന്ധിച്ച രേഖകള്‍ സര്‍വകലാശാലയില്‍ നിന്നും നഷ്ടപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍