UPDATES

സിനിമ

അഭിനയം മാനദണ്ഡമാകാത്തിടത്ത് തിരസ്‌കൃതനായിപ്പോയ തിലകന്‍

Avatar

 ജോബി വര്‍ഗീസ്

വിജയ് ദീനാനാഥ് ചൗഹാന്‍ എന്ന ഹിന്ദി സംസാരിയ്ക്കുന്ന മഹാരാഷ്ട്രീയനും ശശാങ്കോ പലിത് എന്ന ബംഗാളിയും പരസ്പരം അറിയുന്നവരല്ല. കേട്ടിട്ടുള്ളവരോ കണ്ടിട്ടുള്ളവരോ അല്ല. ബോംബെ-കല്‍ക്കട്ട വിമാനയാത്രയുടെ കേവലം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യത്തിനും അവര്‍ക്കിടയിലെ ദൂരങ്ങളെ കുറയ്ക്കാനാകില്ല; 2006-ല്‍ പുറപ്പെടുന്ന വിമാനത്തിന് 1990-ല്‍ ലാന്റ് ചെയ്യാന്‍ കഴിയാത്തിടത്തോളം. അവരിരുവരേയും പരസ്പരം ബന്ധിപ്പിക്കുന്ന പൊതുഘടകത്തിന്റെ കണ്ണികള്‍ രാമനിലേയ്ക്കും അച്യുതമേനോനിലേയ്ക്കും നീളുന്നുമുണ്ട്. വിജയും ശശാങ്കോയും ജയിച്ചവരായിരുന്നു. രാമനും അച്യുതമേനോനും പരാജയപ്പെട്ടവരും.

ജയിച്ചവര്‍ക്ക് പിന്‍വാതില്‍ ആനുകൂല്യങ്ങളുടെ പരോക്ഷ സഹായമുണ്ടെന്നായിരുന്നു അക്കാലങ്ങളില്‍ പരക്കെയുണ്ടായ അടക്കം പറച്ചിലുകളുടെ സാരം. ഒരു കാലത്ത് സജീവമായിരുന്ന രാഷ്ട്രീയത്തറവാട്ടിലേയ്ക്കുള്ള തിരിച്ചു വരവിന് പ്രചോദനമേകാനാണെന്നും അതല്ല, അപ്രതീക്ഷിതമായുണ്ടായ വിരമിക്കല്‍ പ്രഖ്യാപനത്തോടുള്ള പ്രതികരണമായി, ‘വിരമിക്കല്‍ സമ്മാനം’ എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടതാണെന്നുമുള്ള രണ്ട് സജീവമായ വാദങ്ങളില്‍ ഒന്നോ അതോ രണ്ടുമോ ആണ് ‘വിജയ്’-യെ ജയിപ്പിച്ചതെങ്കില്‍, ശശാങ്കോയ്ക്ക് തുണയായത് ഇനിയൊരവസരം ഇല്ലാത്തവണ്ണം വാര്‍ദ്ധക്യം കീഴടക്കിയ വൃദ്ധന് നല്‌കേണ്ട പ്രോത്സാഹനം എന്ന നിലയ്ക്കായിരുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും തോല്‍പ്പിക്കപ്പെട്ടത്, മാനദണ്ഡത്തിനടിസ്ഥാനം മികച്ച പ്രകടനം മാത്രമാണെന്ന് കരുതിയ, അത് മാത്രം കൈമുതലായ രാമനും അച്യുതമേനോനുമായിരുന്നു.

 

കഥാപാത്രം എന്ന മേലങ്കിയഴിച്ചാല്‍ അവര്‍ അമിതാഭ് ബച്ചനും സൗമിത്രോ ചാറ്റര്‍ജിയും തിലകനുമായി മാറുന്നു.

‘മേരേ പാസ് മാ ഹേ’ എന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുന്ന സര്‍വ്വസമ്മതനായ അനുജന്റെ ചേട്ടനും, നാട്ടില്‍ നന്മ പുലര്‍ത്താനുള്ള നീക്കങ്ങള്‍ക്കിടയിലെ ദുഷ്ടനിഗ്രഹങ്ങള്‍ വെറും പീറ കൊലപാതങ്ങള്‍ മാത്രമെന്ന് തെറ്റിദ്ധരിക്കപ്പെട്ട്, സ്വന്തം മാതാവിനാല്‍ തിരസ്‌കൃതനാവുകയും ഒടുവില്‍ തെറ്റുകള്‍ തിരിച്ചറിഞ്ഞ് ക്ഷമിക്കുന്ന അമ്മയുടെ മടിയില്‍ കിടന്ന് അവസാന ശ്വാസം വലിയ്ക്കുന്ന മകനുമായ വിജയ്, അമിതാഭ് ബച്ചന്‍ നൂറ്റൊന്നാവര്‍ത്തിച്ച വേഷപ്പകര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു, അഗ്നിപഥ്, 1990-ല്‍. ബച്ചനെപ്പോലും ഞെട്ടിച്ച തീരുമാനമായിരുന്നിരിക്കണം ജൂറിയുടേത്. അവാര്‍ഡ് കമ്മിറ്റിയുടെ ആ മണ്ടന്‍ ‘വീതുളി’ പ്രയോഗത്തില്‍ വീണുപോയത്, എം.ടി, രാമനെന്ന് പേര് നല്കിയ, പെരുന്തച്ചന് ജീവന്‍ നല്‍കിയ തിലകനായിരുന്നു.

തിലകനേയും അമിതാഭ് ബച്ചനേയും ഒരു പുരസ്‌കാരത്തിനായി പരിഗണിക്കുമ്പോള്‍ ഊന്നല്‍ കൊടുക്കേണ്ട ചില വസ്തുതകളുണ്ട്. ചുരുക്കം ചില ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ഭൂരിഭാഗം ചിത്രങ്ങളിലേയും അഭിനയത്തിന് ‘മികച്ച നടന്‍’ എന്ന വിഭാഗത്തില്‍ മത്സരിക്കാനാകുന്ന അഭിനേതാവാണ് ബച്ചന്‍. ഇത് ചിത്രങ്ങളിലെ പ്രകടനം നല്‍കുന്ന അര്‍ഹതയല്ല, മറിച്ച് ആ ചിത്രങ്ങളിലെ ‘നായകന്‍’ എന്ന പദവി നല്‍കുന്ന അര്‍ഹത മാത്രമാണ്. എന്നാല്‍ തിലകനാകട്ടെ, 1990-ലെ നിലപ്രകാരം, ‘മൂന്നാം പക്കം’, ‘പെരുന്തച്ചന്‍’ എന്നീ രണ്ട് ചിത്രങ്ങളില്‍ മാത്രം നായകനും മറ്റ് ചിത്രങ്ങളില്‍ സ്വഭാവ വേഷങ്ങളിലേയ്‌ക്കൊതുങ്ങുന്ന നടനുമാണ്. ആ അര്‍ത്ഥത്തില്‍ ‘മികച്ച നടന്‍’ എന്ന വിഭാഗത്തിലേയ്ക്കുള്ള, പത്ത് വര്‍ഷത്തോളം നീണ്ട ചലച്ചിത്ര യാത്രയിലെ ഏക അവസരമായിരുന്നു അദ്ദേഹത്തിന് പെരുന്തച്ചനിലെ നായകവേഷം. ഡയലോഗ് ഡെലിവറിയിലെ അസാധാരണ വൈഭവത്തിനാണ് ബച്ചന് അവാര്‍ഡെന്നായിരുന്നു ജൂറിയുടെ ന്യായം. ആരാധകര്‍ ബച്ചന്റെ ശബ്ദത്തെ കൈവിട്ടതിനെത്തുടര്‍ന്ന് നിര്‍മ്മാതാവ് യാഷ് ജോഹറിന് റീ ഡബ്ബിംഗ് ചെയ്യേണ്ടിവന്നുവെന്നതായിരുന്നു വാസ്തവം. അഗ്നിപഥിന് ശേഷം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച ബച്ചന് നല്‍കിയ വിരമിക്കല്‍ സമ്മാനമായിരുന്നു ദേശീയ അവാര്‍ഡെന്ന ഒരു നിരീക്ഷണവും അക്കാലങ്ങളിലുണ്ടായിരുന്നു. ‘മറുപക്കം’ എന്ന തമിഴ് ചിത്രത്തിലെ ജയഭാരതിയുടെ മികച്ച പ്രകടനത്തെ മറികടന്ന് ‘കര്‍ത്തവ്യം’ (വൈജയന്തി ഐ.പി.എസ്) എന്ന തട്ടുപൊളിപ്പന്‍ തെലുങ്ക് ചിത്രത്തിലെ വിജയശാന്തി മികച്ച നടിയായപ്പോള്‍ പട്ടിക പൂര്‍ത്തിയായി. ‘ഘായല്‍’ എന്ന ഹിന്ദിച്ചിത്രത്തിലെ അഭിനയത്തിന് സണ്ണി ഡിയോള്‍ എന്ന നടന് കൊടുത്ത സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് പോലും പെരുന്തച്ചനിലെ തിലകന് അര്‍ഹതയില്ലെന്ന തീരുമാനവും, ഓരോ ജൂറിയും വ്യത്യസ്തരാണ്, അതിനാല്‍ത്തന്നെ തീരുമാനങ്ങളും വ്യത്യാസപ്പെട്ടിരിക്കും എന്നൊക്കെ പറയാമെങ്കിലും, ആ തീരുമാനമെടുത്ത അശോക് കുമാറും ജൂറിയും കാണിച്ച് തരുന്നത് ഒരിക്കലും ഒരു അവാര്‍ഡ് കമ്മിറ്റി എങ്ങനെ തീരുമാനമെടുക്കരുത് എന്നാണ്.

ഗൗതം ഘോഷിന്റെ ‘ദേഖാ’യിലെ പ്രകടനത്തെ മറികടന്ന് ‘പുകാര്‍’ എന്ന ഹിന്ദിച്ചിത്രത്തിലെ മസാലകള്‍ക്ക് കൊഴുപ്പേകിയ അനില്‍ കപൂര്‍ മികച്ച നടനായപ്പോള്‍, വെച്ച് നീട്ടിയ പ്രത്യേക ജൂറി അവാര്‍ഡ് നിരസിച്ച്, മുഖ്യധാരയിലെ ജനപ്രിയ ചിത്രങ്ങള്‍ക്ക് നല്കുന്ന പ്രത്യേക പരിഗണനകളെ തീക്ഷ്ണമായി വിമര്‍ശിച്ച നടനായിരുന്നു സൗമിത്രോ ചാറ്റര്‍ജി. പിന്നീട് വ്യവസ്ഥിതിയുമായി സമരസപ്പെടുകയും 2004-ല്‍ പദ്മഭൂഷന്‍ സ്വീകരിയ്ക്കുകയും ചെയ്ത ഈ ബംഗാളി നടന്റെ മികച്ച പ്രകടനമല്ലാതായിരുന്നിട്ടും 2006- ലെ ‘പൊദൊഖേപ്’ എന്ന ചിത്രത്തിലെ ‘ശശാങ്കോ പലിത്’, ‘ഏകാന്ത’ത്തിലെ തിലകന്റെ അച്യുതമേനോനെ, പ്രത്യേക ജൂറി അവാര്‍ഡിലേയ്ക്ക് ഒതുക്കി.

ആ വര്‍ഷം, 71 എന്ന സമപ്രായത്തിലെത്തിയ തിലകന്റേയും സൗമിത്രോയുടേയും പോരാട്ടത്തിന്റെ അന്തിമഫലത്തെ നിര്‍ണ്ണയിച്ച പ്രായമെന്ന പരിഗണന സൗമിത്രോയ്ക്ക് മാത്രം നല്‍കിയ ജൂറിയുടെ ഏകപക്ഷീയമായ യുക്തിയെ, ‘എല്ലാവരും തുല്യരാകുമ്പോഴും അവരില്‍ ചിലര്‍ കൂടുതല്‍ പരിഗണനയ്ക്ക് അര്‍ഹരാണെന്ന’ ഓര്‍വെല്‍ വചനം തെറ്റില്ലാത്ത വിധം കിറുകൃത്യമായി വിശദീകരിയ്ക്കുന്നു.

ഒരു സാന്ത്വനമെന്ന വണ്ണം, ഏകാന്തത്തിലെ അച്യുതമേനോന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്കാനുള്ള മാന്യതയെങ്കിലും ബുദ്ധദേബ് ദാസ് ഗുപ്തയുടെ നേതൃത്വത്തിലുള്ള 2006 ലെ ജൂറി കാണിച്ചു.

എം.ജി.ആര്‍, ശശി കപൂര്‍, അജയ് ദേവ്ഗന്‍, അനില്‍ കപൂര്‍, രവീണ ഠണ്ഡന്‍, സെയ്ഫ് അലിഖാന്‍ എന്നീ അവാര്‍ഡ് ജേതാക്കളുടെ നിര തുടരുന്നത് ജീവിതകാലത്ത് കണ്ടയാളാണ് തിലകന്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ തിലകന്‍ പോയത് നന്നായി. അല്ലെങ്കില്‍ ബാലരമയിലെ കഥ പ്രമേയമായ ‘ബാഹുബലി’ എന്ന ചിത്രം ഇന്ത്യയിലെ മികച്ച ചിത്രമായ വാര്‍ത്ത കണ്ട് അദ്ദേഹം ചിരിച്ച് ചിരിച്ച് മരിച്ചേനെ. 

പെരുന്തച്ചന്‍, മൂന്നാംപക്കം, ഏകാന്തം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാ ചിത്രങ്ങളിലും അദ്ദേഹം കൈകാര്യം ചെയ്ത വേഷങ്ങള്‍ സഹനടന്റേതായിരുന്നു. വില്ലനെ സഹായിക്കുന്നതും എതിര്‍ക്കുന്നതുമായ ചേരിയില്‍പ്പെട്ട അസംഖ്യം വേഷങ്ങള്‍. അദ്ദേഹത്തിന്റെ അഭിനയ പാടവത്തെപ്പറ്റി അഭിപ്രായ വ്യത്യാസമുള്ളവരായി, അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുള്ളവര്‍ പോലും കാണില്ല. എന്നിട്ടും തിലകനെ എന്ത് കൊണ്ട് നായകവേഷങ്ങള്‍ തേടി വന്നില്ല?

അഭിനയ പാടവത്തെക്കാളുമുപരിയായി സൗന്ദര്യത്തിനും നിറത്തിനും ഉയരത്തിനും ആകാരത്തിനും പ്രാധാന്യം നല്കുന്നൊരു നായക സങ്കല്പമാണ് മലയാളിയുടേത്. ദ്രവീഡിയന്‍ ചട്ടക്കൂടിനകത്ത് ആര്യന്‍ മനസ് സൂക്ഷിക്കുന്നവരാണല്ലോ നമ്മള്‍ ഭുരിഭാഗവും. സത്യനാണ് അഭിനയത്തില്‍ മികച്ചതെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിലും എഴുന്നൂറിലധികം സിനിമകളില്‍ നായകനാവാന്‍ നമ്മളനുവദിച്ചത്, അപൂര്‍വ്വം സിനിമകളിലെ പ്രതിഭയുടെ മിന്നലാട്ടങ്ങളെ മാറ്റി നിര്‍ത്തിയാല്‍, ശരാശരി നടന്‍ മാത്രമായ പ്രേംനസീറിനെയായിരുന്നു. നസീറിന് അഭിനയിയ്ക്കാനറിയില്ലെന്ന് നാഴികയ്ക്ക് നാല്പത് വട്ടം കുറ്റം പറയുന്നതിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പലകുറി കാണുകയും ചെയ്യുന്നൊരു ഇരട്ടത്താപ്പ്.

നമ്മള്‍ അഭിനേതാക്കളെ നായകന്‍, വില്ലന്‍ , അമ്മാവന്‍, അച്ഛന്‍, അമ്മായിയമ്മ, മരുമകള്‍, അമ്മ, തമാശക്കാരന്‍, കോമാളി, ദുഖപുത്രി, നിരാശ കാമുകന്‍, വേലക്കാരി, കൂട്ടുകാരന്‍, അനിയത്തി എന്നിങ്ങനെ തരം തിരിച്ച് വേറെ വേറെ അറകളില്‍ പൂട്ടിയിട്ടു. എന്തുകൊണ്ടിങ്ങനെ ഒരു വര്‍ഗ്ഗീകരണം, എന്താണതിനടിസ്ഥാനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമൊന്നുമില്ല. അല്ലെങ്കില്‍, കവിയൂര്‍ പൊന്നമ്മ തന്റെ യൗവ്വനത്തില്‍ പോലും ഷീലയുടെയും ശാരദയുടെയും അമ്മയായിത്തീര്‍ന്നതെങ്ങനെ? പിന്നീട് ചലച്ചിത്ര ജീവിതത്തിലുടനീളം ആ വേഷത്തില്‍ നിന്നും മോചിതയാകാതിരുന്നതെന്ത് കൊണ്ടാണ്? ശങ്കരാടി എന്നും അമ്മാവനായിരുന്നു. അടൂര്‍ഭാസിയും ബഹദൂറും തമാശക്കാര്‍. ജി.കെ. പിള്ള എന്നും വില്ലന്‍. രാഘവന്‍ നിരാശ കാമുകന്‍. പറവൂര്‍ ഭരതന്‍ വരയന്‍ ടീ ഷര്‍ട്ടിട്ട ഗുണ്ടയായിരുന്നു ഭൂരിഭാഗം ചിത്രങ്ങളിലും. നസീര്‍ എന്നും നായകനായിരുന്നു. എന്ത് കൊണ്ടാണിത് സംഭവിയ്ക്കുന്നത്? എന്തുകൊണ്ട് അഭിനേതാക്കളെ പലതരം റോളുകള്‍ ചെയ്യാന്‍ അനുവദിക്കപ്പെടുന്നില്ല? വര്‍ഗ്ഗീകരിയ്ക്കപ്പെട്ട് കഴിഞ്ഞാല്‍ മോചനമില്ലെന്ന് തന്നെ ഉത്തരം.

പ്രേക്ഷകരുടെ അഭിരുചികള്‍ തന്നെയാണ് ഇത്തരം വര്‍ഗ്ഗീകരണങ്ങള്‍ക്കടിസ്ഥാനവും. നമ്മുടെ സിനിമകളില്‍ നായകനെന്നും ചെറുപ്പക്കാരനാണ്. ഏറിയാല്‍ മുപ്പത് – മുപ്പത്തഞ്ച്. അതിലൊരിക്കലും കൂടില്ല. നായക കഥാപാത്രത്തിന്റെ ക്യത്യമായ പ്രായം വെളിപ്പെടുത്തുന്ന സിനിമകള്‍ കുറവാണ്. ചെറുപ്പക്കാരന് മാത്രമേ നായകനാകാനാവൂ എന്ന ധാരണ സ്യഷ്ടിച്ച മിഥ്യാബോധമാണ് തിലകനെപ്പോലുള്ളവരെ നായക പദവിയില്‍ നിന്നുമകറ്റിയത്. യൗവ്വനത്തിന് മാത്രമേ ‘ഹീറോയിസം’ സ്യഷ്ടിയ്ക്കാനാവൂ എന്ന ചിന്ത. ചെറുപ്പക്കാരന്‍ നായകനാവാന്‍ തിലകനോ ശങ്കരാടിയ്‌ക്കോ ഒടുവിലിനോ സാധിക്കുകയുമില്ല.

മദ്ധ്യവയസ്‌ക്കരോ പ്രായമായവരോ നായകരാകുന്ന സിനിമകള്‍ പിറവിയെടുത്തതോ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസരങ്ങളിലും. അങ്ങനെ പിറവിയെടുത്തവയില്‍ ഏറെയും ‘ആര്‍ട്ട് ഹൗസ്’ രീതികളോടടുത്തു നിന്നവയായിരുന്നു. എന്നാല്‍ ജനപ്രിയ ചേരുവകളോ കച്ചവടരസക്കൂട്ടുകളോ ചേര്‍ന്ന പ്രായമായവരുടെ ചിത്രങ്ങളിവിടെ ഉണ്ടായില്ല. മൈക്കല്‍ ഡഗ്ലസ്, റോബര്‍ട്ട് ഡി നീറോ, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരഭിനയിച്ച ‘ Last Vegas’ പോലുള്ള വിനോദ ചിത്രങ്ങളോ ‘Nebraska’, ‘Bucket List’, ‘ Philomena’ , ‘Gran Torino’ തുടങ്ങിയ വാര്‍ദ്ധക്യം പ്രമേയമായ നല്ല ചിത്രങ്ങളോ. ‘ആരോരുമറിയാതെ’ ഒഴിച്ച് നിര്‍ത്തിയാല്‍ വേറൊന്നുമില്ലെന്ന് പറയാം.

പ്രായമായ റോളുകളില്‍ പോലും ചെറുപ്പക്കാര്‍ മേക്കപ്പിട്ട് അഭിനയിച്ചു. ക്ലിന്റ് ഈസ്റ്റ് വുഡ്, ജാക്ക് നിക്കോള്‍സന്‍, മോര്‍ഗന്‍ ഫ്രീമാന്‍, റോബര്‍ട്ട് ഡി നീറോ, അല്‍ പാച്ചിനൊ, മൈക്കല്‍ കെയ്ന്‍, ഷോണ്‍ കോണറി, ഹാരിസണ്‍ ഫോര്‍ഡ് ഇവര്‍ നായകരായ ചിത്രങ്ങളില്‍ ഇവരാരും ചെറുപ്പക്കാരല്ല. ഇങ്ങനെയൊരു നായകനിര മലയാളത്തിനില്ല. പ്രായമായ നായകരും അവരുടെ ചിത്രങ്ങളും. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ തിലകനും ശങ്കരാടിയും ഒടുവിലുമെല്ലാം നായകന്മാരായേനെ.

സമൂഹത്തിന്റെ ചിന്തകളും രീതികളും അഭിരുചികളുമാണ് ചലച്ചിത്രങ്ങളില്‍ പ്രതിഫലിയ്ക്കുന്നതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, സാമൂഹ്യപരമായൊരു പ്രശ്‌നവും പൊന്തിവരുന്നുണ്ട്. നമ്മുടെ സമൂഹം പ്രായമായവരെ പരിഗണിയ്ക്കുന്ന രീതിയില്‍ നിന്നും അതിനാല്‍ത്തന്നെ വ്യത്യസ്തമാകാന്‍ സിനിമയ്ക്കുമാകില്ല. കര്‍മ്മകാണ്ഡത്തിന്റെ ലക്ഷ്യം കഴിഞ്ഞതിനാല്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടന്ന് ശിഷ്ടകാലത്തെ തള്ളി നീക്കിക്കൊള്‍ക എന്ന സാമൂഹ്യ ബോധത്തെ സാധൂകരിയ്ക്കുന്നതാണ് വെറും അലങ്കാരം മാത്രമായ വൃദ്ധവേഷങ്ങളുടെ തിരശ്ശീലക്കാഴ്ചകള്‍. അതിനാല്‍ത്തന്നെയാകണം പ്രായമുള്ള നടന്മാരുടെ അതേ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ നയിയ്ക്കുന്ന സിനിമകള്‍ വിരളമായതും.

തിലകന് നായകനാവാനുള്ള മറ്റൊരു പ്രശ്‌നം, നമ്മുടെ ചിത്രങ്ങളിലെ ഭൂരിഭാഗം നായകന്മാരും പ്രണയിക്കുന്നു എന്നുള്ളതാണ്. പ്രണയിക്കാത്ത നായകനും നായികയുമുള്ള സിനിമകള്‍ അപൂര്‍വ്വമാണോ അതോ അങ്ങനെയൊന്നുണ്ടോ എന്ന് പോലും ഓര്‍ക്കാനാകുന്നില്ല. നായികയും നായകനും ഉണ്ടെങ്കില്‍ പ്രണയവുമുണ്ട്. തിലകനെ പോലുള്ള ഒരു നടന്റെ പ്രണയത്തെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയാത്തതിനാലും, ഭൂരിഭാഗം സിനിമകളില്‍ പ്രണയം ഉള്ളതിനാലും, തിലകനെ ഒരു നായകനായി കണക്കാക്കാന്‍ നമുക്ക് കഴിയാതെ വരുന്നു.

ഇത് തിലകന്റെ നായകത്വം എന്ന സിനിമയെ സംബന്ധിയ്ക്കുന്ന പ്രശ്‌നം മാത്രമല്ലാതാവുകയും, നമ്മള്‍ കാലാകാലങ്ങളായി ഒരുക്കി വെച്ചിട്ടുള്ള ചില ചട്ടക്കൂടുകളും അവയെ ഭേദിക്കുന്നവര്‍ കോമാളികളായി മാറ്റപ്പെടുകയും ചെയ്യുമെന്നുള്ള സാമൂഹ്യബോധത്തിന്റെ കൂടെ പ്രശ്‌നമായി മാറുകയും ചെയ്യുന്നു. തന്നെക്കാള്‍ ഉയരമുള്ള ഒരൂ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നൊരുവനെ കോമാളിയാക്കുന്ന അതേ രീതി. ഇത്തരം കാര്യങ്ങളിലുള്ള സമൂഹത്തിന്റെ അമിത താല്പര്യവും ഉത്കണ്ഠയും ജാഗ്രതയും കാലമെത്ര കഴിഞ്ഞാലും തലമുറകളെത്ര മാറിയാലും നിലനില്ക്കുമെന്നതിനാല്‍, മാറ്റം എന്നതൊരു കേവല സങ്കല്പം മാത്രമാവുകയും ചിന്തയില്‍ തന്നെ ഒടുങ്ങുകയും ചെയ്യുന്നു. നായക ഗുണങ്ങളുള്ളവര്‍ മാത്രം നായകരായി തുടരുകയും മറ്റുള്ളവര്‍ സഹനടന്മാരായി പരിണമിക്കുകയും ചെയ്യുന്ന പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

അതിനാലൊക്കെത്തന്നെയാണ് വലിയ നടനാണ്, പെരുന്തച്ചനാണ്, അഭിനയകലയുടെ കുലപതിയാണ് എന്നൊക്കെ തിലകനെ വാഴ്ത്തുമ്പോഴും ഇവയെല്ലാം സഹനടന്‍ എന്ന വരക്കിപ്പുറം, അപ്പുറത്തേയ്ക്കല്ല എന്ന് കൂടി വായിക്കേണ്ടി വരുന്നത്. ഇതിനപ്പുറത്തേയ്ക്ക് കടക്കരുതെന്ന ലക്ഷ്മണരേഖ മറി കടത്തുന്നതിനായി ഒരു മാരീചനോ വേറൊരു തട്ടകത്തിലേയ്ക്ക് കൊണ്ട് പോകാന്‍ ഒരു രാവണനോ തിലകനെത്തേടി ഒരിയ്ക്കലും വന്നതുമില്ല.

കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ അവരുടെ വലിപ്പച്ചെറുപ്പമോ പ്രായമോ സൗന്ദര്യമോ നിറമോ ഒന്നും കണക്കിലെടുക്കാതെ, അഭിനയം എന്ന മാനദണ്ഡം മാത്രമായുള്ള തെരെഞ്ഞെടുപ്പ് സാദ്ധ്യമാകുന്ന അവസ്ഥയാണ്, തിലകന്‍ എന്ന അനശ്വര നടന്റെ ഓര്‍മ്മയ്ക്ക് തിരിച്ച് നല്‍കാവുന്ന ഏറ്റവും നല്ല പ്രായശ്ചിത്തവും.

(ചാലക്കുടി സ്വദേശിയാണ് ജോബി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍