UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താന്‍കോട്ട് ആക്രമണം; കൂടുതല്‍ അപകടകാരിയാവുന്ന ജെയ്ഷ് ഇ മുഹമ്മദ്

അഴിമുഖം പ്രതിനിധി

മലയാളിയായ നിരഞ്ജന്‍കുമാര്‍ അടക്കം 11 പേരുടെ ജീവനെടുത്ത പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ്
ഏറ്റെടുത്തിരിക്കുകയാണ്. 2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലും ഇവര്‍ക്കു പങ്കുണ്ടായിരുന്നു. 22 ല്‍ അധികം സൈനികര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത ഈ സംഭവം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിനു പോലും ഇളക്കം തട്ടാന്‍ കാരണമാവും  എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൌലാനാ മസൂദ് അസ്ഹര്‍ നയിക്കുന്ന ഈ സംഘടന പത്താന്‍കോട്ട് ആക്രമണത്തോടെ വീണ്ടും ഇന്ത്യക്ക് ഭീഷണിയാവുമെന്നും അവര്‍ പറയുന്നു.

ഭീകരസംഘടനയെക്കുറിച്ചും അതിന്‍റെ സ്ഥാപകനായ  മൌലാനാ മസൂദ് അസ്ഹറിനെക്കുറിച്ചുമുള്ള ചില വിവരങ്ങള്‍

പാക് അധീന പഞ്ചാബിലെ ബഹവല്‍പൂരിലാണ് സംഘടനയുടെ തലവനായ മൌലാനാ മസൂദ് അസ്ഹറിന്‍റെ ജനനം. പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇയാളെ 1999 ഡിസംബറില്‍  ഖാണ്ടഹാറിലേക്ക് ഹൈജാക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ ജീവന്‍ വച്ചു വിലപേശി തീവ്രവാദസംഘടന മോചിപ്പിച്ചിരുന്നു. ഇയാളോടൊപ്പം മറ്റു രണ്ട് ഭീകരരും മോചിപ്പിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം 2000ല്‍ ആണ് മുഹമ്മദിന്‍റെ സേന എന്നര്‍ത്ഥം വരുന്ന ജെയ്ഷ് ഇ മുഹമ്മദ് എന്ന പേരില്‍ സംഘടന ആരഭിക്കുന്നത്. എങ്കിലും ഭീകരസംഘടനകളുമായുള്ള ബന്ധം അതിനു മുന്‍പു തന്നെ ഇയാള്‍ നടത്തിയിരുന്നു.

1994ല്‍ മസൂദ് അസ്ഹര്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി കശ്മീരിലെത്തിയിരുന്നു. ഹര്‍ക്കത്ത്-ഉള്‍-ജിഹാദി-അല്‍-ഇസ്ലാമി, ഹര്‍ക്കത്ത്-ഉള്‍-മുജാഹിദീന്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയായിരുന്നു ഉദ്ദേശ്യം. ആ വരവിലാണ് തെക്കന്‍ കശ്മീരിലെ ഇസ്ലാമാബാദ് ജില്ലയില്‍ നിന്നും ഇയാളെ ഇന്ത്യന്‍സൈന്യം പിടികൂടുന്നത്.

ജമ്മു,കശ്മീര്‍ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെയുള്ള ഭീകരസംഘടനകളെ ഏകോപിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യവുമായി രൂപീകരിച്ച ജെയ്ഷ് ഇ മുഹമ്മദ് പിന്നീട് വിപുലമായ പ്രവര്‍ത്തനമേഖലയിലേക്ക് മാറുകയായിരുന്നു. പാകിസ്ഥാനിലെ ഡിയോബണ്ടി സ്കൂള്‍ ഓഫ് തോട്ട് (Deobandi school of thought) പോലെയുള്ളവരുടെയും പിന്തുണയോടെയായിരുന്നു ഇവരുടെ വളര്‍ച്ച. ഫസല്‍-ഉര്‍-റഹ്മാന്‍, ഖരി- സെയ്ഫുള്ള അക്തര്‍ എന്നിവര്‍ അഫ്ഗാന്‍-സോവിയറ്റ്  യുദ്ധകാലത്ത് രൂപീകരിച്ച ഹര്‍ക്കത്ത്-ഉള്‍-ജിഹാദി-അല്‍-ഇസ്ലാമി (HUJI) എന്ന ഭീകരസംഘടനയുമായും ഇവര്‍ ബന്ധം സ്ഥാപിച്ചു.

എഴുത്തുകാരനും പ്രാസംഗികനുമായ മസൂദ് ഉറുദു ഭാഷയിലുള്ള  വോയിസ് ഓഫ് മുജാഹിദ്ദീന്റെയും അറബിയിലുള്ള സ്വതേ കശ്മീര്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. അഫ്ഗാന്‍-സോവിയറ്റ് യുദ്ധത്തില്‍ പരിക്കു പറ്റിയ നാളുകളിലായിരുന്നു അത്. എന്നാല്‍ ആറു പാശ്ചാത്യ വിനോദസഞ്ചാരികളെ കടത്തിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ടു അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ അഡ്രിയാന്‍ ലെവി, കാത്തി സ്കോട്ട് ക്ലാര്‍ക്ക് എന്നിവര്‍ പ്രസിദ്ധീകരിച്ച ‘ദി മിഡോ: കശ്മീര്‍ 1995- വെയര്‍ ദി ടെറര്‍ ബിഗിന്‍ മസൂദ് അസ്ഹറിന്റെ വ്യത്യസ്തമായ ഒരു ചിത്രം വരച്ചു കാട്ടി. പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദി പട്ടാളക്കാരനാണ്‌ മസൂദ് എന്നാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

ജമ്മു-കാശ്മീര്‍ ആണ് പ്രധാന പ്രവര്‍ത്തനമേഖല എങ്കിലും പുറത്തേക്കും ഇവര്‍ കടക്കുന്നുണ്ടായിരുന്നു. അതിന്‍റെ തെളിവാണ് ജമ്മു-കശ്മീര്‍ അസംബ്ലിയ്ക്കു പുറത്ത് നടത്തിയ ആക്രമണത്തിനു ശേഷം അധികം താമസിയാതെ തന്നെ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയും ആക്രമണം  നടത്തിയത്. ജമ്മുവിലെ ആക്രമണത്തില്‍ മൂന്ന് ഭീകരരടക്കം 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിഹാര്‍ ജയിലില്‍ വച്ച് 2013ല്‍ വധശിക്ഷ നടപ്പിലക്കപ്പെട്ട ഭീകരന്‍ അഫ്സല്‍ ഗുരു ജെയ്ഷ് ഇ മുഹമ്മദ്  പ്രവര്‍ത്തകനായിരുന്നു.

ഇവര്‍ തന്നെയാണ് 2003ല്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പിന്നില്‍ എന്ന് പറയപ്പെടുന്നു. 2002 ല്‍ നടന്ന 9/11 ആക്രമണത്തെത്തുടര്‍ന്ന് ഈ സംഘടനെയെ മുഷാറഫ് നിരോധിച്ചിരുന്നു. 2003-04 കാലയളവില്‍ ഈ സംഘടന  ഖുദ്ദം-ഉള്‍-ഇസ്ലാം ജമാഅത്ത് ഉള്‍-ഫര്‍ഹാന്‍ എന്നും അറിയപ്പെട്ടിരുന്നു.

അല്‍-ഖ്വൈദയുമായും താലിബാനുമായും ഇവര്‍ക്കുള്ള ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ പ്രമുഖന്‍ മുന്‍ അല്‍-ഖ്വൈദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആയിരുന്നു എന്നും പറയപ്പെടുന്നു. അമേരിക്ക ഇവരെ വിദേശ തീവ്രവാദ സംഘടനകളുടെ കൂട്ടത്തില്‍പ്പെടുത്തിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തോടെ ഇവര്‍ കൂടുതല്‍ അപകടകാരികളായി മാറുന്നു എന്ന സൂചനയാണ് നമുക്കു ലഭിക്കുന്നത്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍