UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവമ്പാടി; മുസ്ലീംലീഗിനെ താമരശേരി രൂപത കാലുവാരുമോ?

Avatar

കെ എ ആന്റണി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി താമരശേരി രൂപതയും മുസ്ലിം ലീഗും എടുത്ത കടുത്ത നിലപാടുകള്‍, നാളിതു വരെ നിലനിന്നിരുന്ന മത സൗഹാര്‍ദ്ദത്തില്‍ വിള്ളല്‍ വീഴ്ത്തിയ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് തീര്‍ത്തും കലുഷിതമാണ്. ഇവിടെ കാര്യങ്ങള്‍ ഒരു ഘട്ടത്തില്‍ മതാധിഷ്ഠിതമായി വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നതിലേക്ക് വരെ എത്തിയിരുന്നു.

കോഴിക്കോട് ജില്ലയില്‍പ്പെട്ട മലയോര പഞ്ചായത്തുകളായ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂര്‍ എന്നിവയും മുക്കം നഗരസഭയും ചേര്‍ന്നതാണ് തിരുവമ്പാടി മണ്ഡലം. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലൊഴികെ ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം ലഭിച്ചത്. എന്നാല്‍ 1977-ല്‍ രൂപീകൃതമായ ഈ മണ്ഡലത്തില്‍ മൂന്ന് തവണ മാത്രമേ എല്‍ഡിഎഫ് വിജയിച്ചിട്ടുള്ളൂ.

1977-ല്‍ കോണ്‍ഗ്രസിലെ സിറിയക് ജോണും മുസ്ലിം ലീഗിലെ ഇടി മുഹമ്മദ് ബഷീറും തമ്മിലായിരുന്നു മത്സരം. 3381 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിറിയക് ജോണ്‍ ജയിച്ചു. 1980-ലും 82-ലും നടന്ന തെരഞ്ഞെടുപ്പുകളിലും ജോണ്‍ തന്നെയായിരുന്നു വിജയി. സിറിയക് ജോണ്‍ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നതോടെ 87-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ടി പി ജോര്‍ജ്ജിനെ. സിപിഐഎമ്മിന്റെ മത്തായി ചാക്കോയെ തോല്‍പ്പിച്ച് ജോര്‍ജ്ജ് മണ്ഡലം കാത്തു. 91-ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം എ വി അബ്ദുള്‍ റഹ്മാന്‍ ഹാജി യുഡിഎഫിനുവേണ്ടിയും സിറിയക് ജോണ്‍ ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ചപ്പോഴും വിജയം യുഡിഎഫിനൊപ്പം നിന്നു. 96-ലും 2001-ലും സിറിയക് ജോണ്‍ തന്നെയായിരുന്നു ഇവിടത്തെ സ്ഥാനാര്‍ത്ഥി. ആ രണ്ട് തെരഞ്ഞെടുപ്പിലും യഥാക്രമം അബ്ദുള്‍ റഹ്മാന്‍ ഹാജിയും സി മോയീന്‍ കുട്ടിയും വിജയിച്ചു. 2006-ലെ തെരഞ്ഞെടുപ്പില്‍ മത്തായി ചാക്കോ മുസ്ലീം ലീഗിനെ മായീന്‍ ഹാജിയെ തോല്‍പിച്ച് തിരുവമ്പാടിയില്‍ ചെങ്കൊടി പാറിച്ചു. മത്തായി ചാക്കോയുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും വിജയം ഇടതിനൊപ്പം നിന്നു. ജോര്‍ജ്ജ് എം തോമസിന്റെ വിജയം പക്ഷേ വെറും 273 വോട്ടിനായിരുന്നു.

2011-ല്‍ കഥ മാറി. ജോര്‍ജ്ജ് എം തോമസിനെ തോല്‍പ്പിച്ച് മുസ്ലിംലീഗിന്റെ മോയിന്‍ കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു. ഇത്തവണ ജോര്‍ജ്ജ് എം തോമസിനെ തന്നെയാണ് സിപിഐഎം പരീക്ഷിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിനോട് പരാജയപ്പെട്ട വി ഉമ്മറാണ് ലീഗ് സ്ഥാനാര്‍ത്ഥി.

കസ്തൂരി രംഗന്‍ പ്രശ്‌നത്തില്‍ എംഎല്‍എ മലയോര കര്‍ഷകര്‍ക്ക് ഒപ്പം നിന്നില്ലെന്നതാണ് മലയോര വികസന സമിതിയേയും താമരശേരി രൂപതയേയും മുസ്ലിം ലീഗിന് എതിരെ തിരിച്ചത്. മണ്ഡലം ലീഗില്‍ നിന്നും വാങ്ങി സഭയ്ക്ക് കൂടി താല്‍പര്യമുള്ള ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഉറപ്പു നല്‍കിയിരുന്നതായി അവര്‍ പറയുന്നു. പ്രാദേശിക വികാരം കണക്കിലെടുക്കാതെ മുസ്ലിം ലീഗ് ചാടിക്കയറി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫിന് തലവേദനയാവുകയും ചെയ്തു.

താമരശേരി രൂപതയുടേയും മലയോര വികസന സമിതിയുടേയും പ്രതിഷേധം മുതലെടുക്കാന്‍ സിപിഐഎം ആദ്യം ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്ന് ഭയന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വികസന സമിതി സ്ഥാനാര്‍ത്ഥിയായി സൈമണ്‍ തോണക്കര രംഗത്തുണ്ടെങ്കിലും രൂപത ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് രൂപത വക്താവ് ഫാദര്‍ അബ്രഹാം കാവില്‍ പുറം പറയുന്നു. എന്നാല്‍ തനിക്ക് സഭാ വിശ്വാസികളുടേത് അടക്കമുള്ള മലയോര കര്‍ഷകരുടെ വോട്ട് ലഭിക്കുമെന്നാണ് സൈമണിന്റെ വാദം. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസിന്റെ ഗിരി പാമ്പനാല്‍ ആണ് മത്സരിക്കുന്നത്. എസ് എന്‍ ഡി പി മണ്ഡലം പ്രസിഡന്റ് കൂടിയായ ഗിരി അടുത്ത കാലം വരെ കോണ്‍ഗ്രസിലായിരുന്നു. സൈമണും ഗിരിയും പിടിക്കുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍. അതേസമയം താമരശേരി രൂപത തുടക്കത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ സഹായകമാകുമെന്ന് ലീഗ് കരുതുന്നു. എന്നാല്‍ കാന്തപുരം വിഭാഗം സുന്നികള്‍ നിര്‍ണായക ശക്തിയായ ഈ മണ്ഡലത്തില്‍ അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ലീഗിന് ഇനിയും കഴിഞ്ഞിട്ടില്ല. എസ് ഡി പി ഐയും പി ഡി പിയും സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളതും ലീഗിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതാകട്ടെ തികഞ്ഞ വിജയ പ്രതീക്ഷയാണ് എല്‍ഡിഎഫ് ക്യാമ്പിന് നല്‍കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍