UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അംഗീകാരം; ചരിത്രം രചിച്ച് തിരുവനന്തപുരം പബ്ലിക് ലൈബ്രറി

Avatar

നിലവിലെ സാമൂഹിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തുന്ന ധീരമായ ചുവടുവയ്പായിരുന്നു 180 വര്‍ഷത്തെ ചരിത്രമുള്ള തിരുവനന്തപുരം പബ്ലിക് ലൈബ്രറി (സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി) കഴിഞ്ഞ ദിവസം നടത്തിയത്. 1829-ല്‍ സ്ഥാപിതമായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി എല്‍ജിബിറ്റിക്യൂ-വിന്റെ (ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍) വ്യക്തിത്വം അംഗീകരിച്ചത് ഈ മാസം 15-നായിരുന്നു. ഇതിന് മുമ്പ് ഇവരെ ആണ്‍/പെണ്‍ എന്ന ലിംഗത്തിലോ മറ്റ് വിഭാഗങ്ങള്‍ എന്നോ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ട്രാന്‍സ്‌ജെന്‍ഡര്‍ ശീതള്‍ ശ്യാമിന് എല്‍ജിബിറ്റിക്യൂ ലിംഗ വിഭാഗത്തില്‍ ലൈബ്രറി അംഗത്വം കൊടുത്തുകൊണ്ട് പുതിയ ഒരു തുടക്കമാണ് കുറിച്ചത്. ഏതെങ്കിലും ഇന്ത്യന്‍ ലൈബ്രറികളില്‍ ആദ്യമായിട്ടാണ് എല്‍ജിബിറ്റിക്യൂ-വിനെ അംഗീകരിക്കുന്ന ഒരു നടപടി ഉണ്ടാകുന്നത്. എല്‍ജിബിറ്റിക്യൂ വിഭാഗത്തിനോട് സമൂഹത്തിനുള്ള ധാരണകളെ പൊളിച്ചെഴുതുവാന്‍ സെന്‍ട്രല്‍ ലൈബ്രറി എടുത്ത ഈ തീരുമാനത്തിന് പിന്നില്‍ ഒരു വനിതയുടെ ഉറച്ച തീരുമാനമായിരുന്നു. പബ്ലിക് ലൈബ്രറിയുടെ സ്റ്റേറ്റ് ലൈബ്രറിയന്‍ ശോഭന പികെയായിരുന്നു നിശ്ചയദാര്‍ഡ്യത്തോടെ എല്‍ജിബിറ്റിക്യൂ-വിനെ ലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിച്ചത്. തന്നെ ആ തീരുമാനത്തിന് പ്രേരിപ്പിച്ചതിനെപ്പറ്റിയും എല്‍ജിബിറ്റിക്യൂ വിഭാഗത്തിനോടുള്ള തന്റെ മനോഭാവത്തെപ്പറ്റിയും ശോഭന പികെ പ്രതികരിക്കുന്നു;

“എല്‍ജിബിറ്റിക്യൂ വിഭാഗക്കാരെ അംഗീകരിക്കാന്‍ വിമുഖതയുള്ള സാമൂഹിക വ്യവസ്ഥയാണ് കേരളത്തിന്‍റേത്. അതിനാല്‍ ലൈബ്രറികള്‍ പോലെയുള്ള പല സ്ഥാപനങ്ങളും അവരുടെ ലിംഗ വിഭാഗത്തിന് അംഗീകാരം നല്‍കുന്നത് ആ വിഭാഗക്കാരോടുള്ള കാഴ്ചപ്പാടിന് മാറ്റം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തത്. നമ്മളെപ്പോലെയുള്ള സ്ഥാപനങ്ങളും സര്‍ക്കാരും ജനങ്ങളും മറ്റും അവരെ അംഗീകരിക്കുമ്പോഴേ അവര്‍ക്ക് മാന്യത കൈവരൂ. ഇപ്പോള്‍ അവരെന്തോ തെറ്റു ചെയ്തതുപോലെയാണ് സമൂഹം പെരുമാറുന്നത്. ആ ഒരു ചിന്ത കേരളത്തില്‍ കൂടുതല്‍ ഉണ്ടെന്നാണ് എന്‍റെ വിശ്വാസം.

ഏത് ലിംഗത്തില്‍പ്പെട്ടയാളാണെന്ന് പറയാന്‍ സാധിക്കാതെ ഒരു മുഖംമൂടിയണിഞ്ഞായിരുന്നു അവര്‍ ജീവിച്ചിരുന്നത്. ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്‍ ഈ വിഭാഗത്തില്‍ മറഞ്ഞിരുന്ന് ദ്വന്ദ്വ വ്യക്തിത്വത്തിലായിരുന്നു ഈ എല്‍ജിബിറ്റിക്യൂ വിഭാഗക്കാര്‍ കഴിഞ്ഞിരുന്നത്. അതുകാരണം ഇവര്‍ എത്രമാത്രം മാനസിക പീഡനമായിരുന്നു അനുഭവിച്ചിരുന്നതെന്ന് നമ്മുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. ഈ പീഡനം സഹിക്കാതെയാണ് ഇവരില്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് നാടുവിട്ടുപോകുന്നത്. എല്‍ജിബിറ്റിക്യൂ വിഭാഗക്കാരായ ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ആളുകളുമായി വിവാഹം കഴിക്കാന്‍ വീട്ടുകാരു ബന്ധുക്കളും നിര്‍ബന്ധിക്കുകയാണ്. പിന്നീട് ആ ബന്ധങ്ങള്‍ തകര്‍ന്ന് സമൂഹത്തില്‍ ഒറ്റപ്പെടുന്നു. ഇവരുടെ ഈ ദുരിതങ്ങളൊക്കെ മാറണമെങ്കില്‍ നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ മനോഭാവം മാറണം.

നിലവില്‍ ഇവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. ചിലയിടങ്ങളില്‍ ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അത് തുടര്‍ന്നുണ്ടാകുന്നില്ല. ഇപ്പോളും കേരളത്തില്‍ ഈ വിഭാഗക്കാര്‍ എന്തുമാത്രം വിവേചനം അനുഭവിക്കുന്നുണ്ടെന്ന് നമ്മള്‍ അറിയുന്നില്ല. ഇവരും മനുഷ്യരാണ്. ഇവരെയും പരിഗണിക്കണം. ഈ അവസ്ഥ മാറാന്‍ നമ്മള്‍ ചെയ്യേണ്ടത്, എല്‍ജിബിറ്റിക്യൂ-വും നമ്മളെപ്പോലെ സ്ത്രീ/പുരുഷ വിഭാഗത്തെപ്പോലെയുള്ള ഒരു വിഭാഗമാണെന്ന് തിരിച്ചറിയുകയാണ്. നമ്മളെപോലെ സമൂഹത്തില്‍ ഇടപെടാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ട്, ഇവിടെ അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം സമൂഹം അവര്‍ക്ക് കൊടുക്കണം. അതിന് സമൂഹം രൂപപ്പെട്ടു വരണമെന്നുണ്ടെങ്കില്‍ ഇതുപോലെയുള്ള (ലൈബ്രറി) സ്ഥാപനങ്ങള്‍ അവരെ അംഗീകരിക്കണം. 

ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത് സ്വന്തം വീട്ടില്‍ നിന്നാണ്. വീട്ടുകാരും ബന്ധുക്കളും ഇവരെ അവഗണിക്കാനും ഒറ്റപ്പെടുത്താനും പുറത്താക്കാനും കാരണം നിലവിലെ സമൂഹത്തിന്റെ മനോഭാവമാണ്. ഇങ്ങനെ പുറന്തള്ളുമ്പോള്‍ സമൂഹവും ഇവരെ അംഗീകരിക്കില്ല. സമൂഹം ഒറ്റപ്പെടുത്തുമ്പോള്‍ ജീവിക്കാനായി ലൈംഗികതൊഴില്‍ ഉള്‍പ്പടെയുള്ള തൊഴിലിലേക്ക് ഇവര്‍ക്ക് പോകേണ്ടി വരും. ഇത് വീണ്ടും ഇവരെ സമൂഹത്തില്‍ നിന്ന് അകറ്റാന്‍ കാരണമാവുകയും ചെയ്യും. 

തിരുവനന്തപുരം പബ്ലിക് ലൈബ്രറി നടപ്പിലാക്കിയ പുതിയ പരിഷ്‌കാരം രാജ്യത്തെ മറ്റ് ലൈബ്രറികളെയും അറിയിക്കാനാണ് ഇനി ഞങ്ങളുടെ ശ്രമം. എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഇന്ത്യന്‍ പബ്ലിക് ലൈബ്രറിയിലെ 50 ലീഡേഴ്‌സിനെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന പരിപാടിയിലെ അംഗമാണ് ഞാന്‍. പുതിയ പരിഷ്‌കാരത്തെ ഈ കൂട്ടായ്മയില്‍ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്കായി പബ്ലിക് ലൈബ്രറി ഒരു അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അതില്‍ എല്‍ജിബിറ്റിക്യൂ വിഭാഗകാരെയും കുട്ടികളെയും ഒരേ വേദിയില്‍ എത്തിക്കണമെന്നാണ് വിചാരിക്കുന്നത്. കാരണം ഇന്നത്തെ സമൂഹം ഇവരോട് തെറ്റായ മനോഭാവത്തോടെയാണ് പെരുമാറുന്നത്, നാളെ സമൂഹത്തിന്റെ ഭാഗമാകുന്ന ഈ കുട്ടികള്‍ ഇവരെ തിരിച്ചറിയണം എന്നതിനാണ് അത്തരം ഒരു വേദിയ്ക്കായി ശ്രമിക്കുന്നത്.

ശീതളിന് അംഗത്വം കൊടുക്കുന്നതിന് ഞങ്ങള്‍ മന:പൂര്‍വ്വം തന്നെയാണ് ‘ദേശീയ ലൈബ്രറി വാരം’ തിരഞ്ഞെടുത്തത്. കാരണം ഇവരെ അംഗീകരിക്കുന്നത് കൂടുതല്‍ ആളുകള്‍ അറിയണം. അതിലൂടെ എല്‍ജിബിറ്റിക്യൂ വിഭാഗക്കാരോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. ലൈബ്രറിയുള്‍പ്പടെയുള്ള മറ്റ് സ്ഥാപനങ്ങളും ഇവരെ അംഗീകരിക്കാന്‍ മുന്നോട്ട് വരണം. ഇതോക്കെയായിരുന്നു ശീതളിന് അംഗത്വം ഒരു പൊതുപരിപാടിയില്‍ നടത്താന്‍ പ്രേരിപ്പിച്ചത്. എല്‍ജിബിറ്റിക്യൂ-വിന് തുല്യത വേണമെന്ന കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുതിയ തീരുമാനം നടപ്പാക്കാന്‍ ധൈര്യം പകര്‍ന്നിരുന്നു. സംസ്ഥാനത്തെ എല്ലാ സ്ഥാപന മേധാവികള്‍ക്കും സര്‍ക്കാരിന്റെ പുതിയ നയം മൂലം എല്‍ജിബിറ്റിക്യൂ അംഗീകാരം നല്‍കാന്‍ അധികാരമുണ്ട്. ആ അധികാരം ഞങ്ങള്‍ ഉപയോഗിച്ചു. ബാക്കിയുള്ളവരും അത് പിന്തുടരുമെന്നാണ് കരുതുന്നത്.

(തയ്യാറാക്കിയത് : കൃഷ്ണാ ഗോവിന്ദ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍