UPDATES

ട്രെന്‍ഡിങ്ങ്

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കോമഡിയുമല്ല, രാഷ്ട്രീയവുമല്ല, ജീവിതമാണ്

ലളിതമല്ല കുട്ടികളുടെ ലക്ഷ്യം. വിശാലമായ സ്വാശ്രയവിരുദ്ധ സമരം തന്നെയാണിത്

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കോമഡിയുമല്ല, രാഷ്ട്രീയവുമല്ല, ജീവിതമാണെന്ന് പറഞ്ഞ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലോ അക്കാദമിയുടെ ചരിത്രവും രാഷ്ട്രീയ ബന്ധവും വ്യക്തമാക്കിയ ഹര്‍ഷന്‍ കേരള സര്‍ക്കാര്‍ അവരോട് ഏറ്റുമുട്ടലിന് ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുത്തു പറഞ്ഞിട്ടുണ്ട്. ലോ അക്കാദമിയ്‌ക്കെതിരെ പോയവരുടെയും അതിന് അതിന്റെ ഫലം അുഭവിച്ചവരുടെയും വിവരങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍.

ഹര്‍ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘1. ജീവന്‍ വെടിഞ്ഞുള്ള സമരങ്ങള്‍ മാസങ്ങളോളം നീണ്ടിട്ടും ഹൈദരാബാദില്‍ അപ്പാറാവുവിനെയോ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ ചൗഹാനേയോ മാറ്റാന്‍ തയ്യാറാവാത്ത ബിജെപി ,ലോ അക്കാദമിയിലെ ലക്ഷ്മി നായരെ മാറ്റാന്‍ പട്ടിണിസമരം കിടക്കുന്നതില്‍ ഒരു കോമഡിയുണ്ട്…..രാഷ്ട്രീയവുമുണ്ട്.

2. ജെഎന്‍യുവിലും ഹൈദരാബാദിലും പോണ്ടിച്ചേരിയിലും അടിവേര് തപ്പിയാല്‍ ആഭ്യന്തരപ്രശ്‌നമാണെന്ന് വിവക്ഷിയ്ക്കാവുന്ന സമരത്തില്‍ ഇടപെട്ട സിപിഎം, ലോ അക്കാദമി സമരം കാമ്പസിനകത്തെ വിദ്യാര്‍ത്ഥിസമരം മാത്രമാണെന്നും മാധ്യമങ്ങള്‍ ഇടപെട്ട് കുളമാക്കരുതെന്നും ഉപദേശിയ്ക്കുന്നതിലും ഒരു കോമഡിയുണ്ട്..രാഷ്ട്രീയവുമുണ്ട്.

3. ലക്ഷ്മി നായരെ പുറത്താക്കാനോ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്യാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് തലേന്ന് കട്ടയ്ക്ക് വാദിച്ച കോണ്‍ഗ്രസ് പിറ്റേന്ന് സിന്‍ഡിക്കേറ്റ് ചേര്‍ന്നപ്പോള്‍ ലക്ഷ്മി നായരെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യണമെന്ന് കട്ടായം പറഞ്ഞതിലും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തതിലും ഒരു കോമഡിയുണ്ട്,രാഷ്ട്രീയവുമുണ്ട്.

4. അക്കാദമിയുടെ കാര്യത്തില്‍ എല്ലാമറിയാവുന്ന സിപിഐ ഒന്നുമറിയില്ലെന്ന് അന്തം വിടുന്നതിലും ലീഗ് വരെ വിട്ടുനിന്ന സിന്‍ഡിക്കേറ്റ് വോട്ടെടുപ്പില്‍ സിപിഎമ്മിനെ എതിര്‍ത്ത് വോട്ട് ചെയ്തതിലും ഒരു കോമഡിയുണ്ട്,രാഷ്ട്രീയവുമുണ്ട്.

5. സിന്‍ഡിക്കേറ്റിന്റെ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ ചട്ടംപറഞ്ഞ് വിട്ടുനിന്ന ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും സ്വീകരിച്ച നിലപാടിലും ഒരു കോമഡിയുണ്ട്, രാഷ്ട്രീയവുമുണ്ട്.

പക്ഷെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കോമഡിയല്ല…. രാഷ്ട്രീയവുമല്ല, ജീവിതമാണ്.

സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികളുന്നയിച്ച മുഴുവന്‍ പരാതികളും ശരിവയ്ക്കുന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്, അതിനപ്പുറം ലക്ഷ്മി നായരുടെ തട്ടിപ്പുകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്. ജാതി വിളിച്ചുള്ള അധിക്ഷേപങ്ങളും ആകെ ജയിക്കാന്‍ വേണ്ട 2250 മാര്‍ക്കില്‍ 1220 മാര്‍ക്കും നിഗ്രഹാനുഗ്രഹശക്തിയുള്ള ഇന്റേണല്‍മാര്‍ക്കാക്കി ലക്ഷ്മി നായര്‍ കീശയിലൊളിപ്പിച്ചിരിയ്ക്കുന്നതും കക്കൂസിലേയ്ക്ക് തിരിച്ചുവച്ചിരിയ്ക്കുന്ന ക്യാമറകളും റിപ്പോര്‍ട്ടിലുണ്ട്. സ്വന്തം അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരല്ല എന്ന ദയനീയാവസ്ഥയുമുണ്ട്. ആക്ടും സ്റ്റാറ്റിയൂട്ടും അനുസരിച്ച് സ്വീകരിയ്ക്കാവുന്ന നടപടികള്‍ നിര്‍ദ്ദേശിയ്ക്കപ്പെട്ട വിഷയങ്ങളില്‍ സിന്‍ഡിക്കേറ്റ് ചെയ്തിട്ടുണ്ട്.

പക്ഷേ അറ്റന്റന്‍സ് രജിസ്റ്ററും ലോ അക്കാദമി ട്രസ്റ്റിന്റെ വിവരങ്ങളും അഫിലിയേഷന്‍ രേഖകളും ഹാജരാക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ട സ്ഥിതിയ്ക്ക് തുടര്‍നടപടികളില്‍ സിന്റിക്കേറ്റ് യോഗം കൂടുതല്‍ വ്യക്തത വരുത്തണമായിരുന്നു. വിസിയുടെ നിലപാടാണ് ഇവിടെ സംശയിക്കേണ്ടത്. അഫിലിയേഷന്റെ വിവരം 1968-ലെ മിനിറ്റ്‌സില്‍ ഉണ്ടെന്ന് മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടും അതിന് പരതാതെ രേഖകളില്ലാത്തതുകൊണ്ട് അഫിലിയേഷന്‍ റദ്ദാക്കുന്ന കാര്യം പിന്നീടാലോചിയ്ക്കാമെന്നത് അത്ര നിഷ്‌കളങ്കമായ നിലപാടല്ല. സിന്‍ഡിക്കേറ്റ് യോഗം പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലിട്ടുകൊടുത്തത് പ്രതീക്ഷ നല്‍കുന്നു. ജാതി അധിക്ഷേപത്തിലും ഭൂമിയുടെ കൈവശാവകാശത്തിലുമൊക്കെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനാണ് കഴിയുക. ലോ അക്കാദമി പോലൊരു സ്ഥാപനത്തിന് മൂന്ന് മൂന്നരയേക്കര്‍ ഭൂമി മതിയാകും. പൊന്നും വില മേടിച്ച് 1985-ല്‍ കരുണാകരന്‍ സര്‍ക്കാര്‍ പതിച്ചുകൊടുത്തതാണെങ്കിലും വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്നതിനാല്‍ ബാക്കി ഭൂമിയെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിയമനടപടികള്‍ സ്വീകരിയ്ക്കാം. സ്വാശ്രയകോളേജായിരിയ്ക്കുമ്പോഴും സെനറ്റില്‍ നാരായണന്‍ നായരുടെ നിതാന്തസാന്നിധ്യമുണ്ടായിരുന്നതും സര്‍ക്കാര്‍ ഗ്രാന്റ് ഒരു കീഴ്‌വഴക്കമായതും സെനറ്റിലേയ്ക്ക് വോട്ടുള്ള അദ്ധ്യാപകരുണ്ടായതും എങ്ങനെയാണെന്നതിന് സര്‍വ്വകലാശാലയും സര്‍ക്കാരും മറുപടി പറയണം, അതിനുമുമ്പ് ആ നടപ്പുരീതി അവസാനിപ്പിയ്ക്കണം.

എളുപ്പമല്ല ഇതൊന്നും. നിയമപോരാട്ടങ്ങള്‍ക്ക് പഴുതടച്ച നീക്കം നടത്താതെ എളുപ്പപ്പണിയ്ക്ക് പോയാല്‍ തോറ്റ് തൊപ്പിയിടും. ആ നിലയ്ക്ക് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്ന തുടക്കമാണ്. ലക്ഷ്മി നായരെ പുറത്താക്കാത്ത സിന്റിക്കേറ്റിനെ പരിഹസിയ്ക്കുന്നത് മണ്ടത്തരമാണ്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ള അവരുടെ അവകാശമായി മാറുന്ന തലത്തില്‍ നീണ്ട നിയമപോരാട്ടങ്ങള്‍ സമീപകാലത്ത് നമ്മള്‍ കണ്ടതാണ്. സ്വാശ്രയ നിയമത്തിലും പുതിയ കോളേജനുവദിയ്ക്കുന്നതിലും എന്തിന് ഒരു കോഴ്‌സനുവദിയ്ക്കുന്ന കാര്യത്തിപ്പോലും അവകാശം നിയമവഴിയില്‍ നേടിയെടുക്കുകയാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍. പഠനം ആധാരമാക്കി നീങ്ങണമെന്ന പാഠം ഇവിടെ പ്രയോഗിയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.
പഠിപ്പിച്ചാലും ഇല്ലെങ്കിലും 27 വര്‍ഷം അദ്ധ്യാപികയുടെ വേഷം കെട്ടിയിട്ടുണ്ട് ലക്ഷ്മി നായര്‍. കൊടി കെട്ടിയ രാഷ്ട്രീയക്കാരും കിണ്ണം കാച്ചിയ വക്കീലന്‍മാരും നീതിമാന്‍മാരായ ജഡ്ജിമാരും സാറമ്മാരായ ചില മാധ്യമപ്രവര്‍ത്തകരുമൊക്കെയായി ചില്ലറയല്ല ലക്ഷ്മി നായരുടെ അനുഗ്രഹമേറ്റുവാങ്ങിയ ശിഷ്യസമ്പത്ത്.

സിപിഐക്കാരായ നാരായണന്‍ നായരും അനിയന്‍ ദാമോദരന്‍ നായരും കേരളാ കോണ്‍ഗ്രസുകാരിയായ നാരായണന്‍ നായരുടെ ഭാര്യ പൊന്നമ്മയും ബിജെപിക്കാരനായ അയ്യപ്പന്‍ പിള്ളയും സിപിഎമ്മുകാരനായ കൊലിയക്കോട് കൃഷ്ണന്‍ നായരും ഒക്കെച്ചേര്‍ന്നാണ് കെ കരുണാകരന്‍ പതിച്ചുകൊടുത്ത ഭൂമിയിലിരുന്ന് സ്വാശ്രയഭരണം നടത്തുന്നത്. നാരായണന്‍ നായര്‍ക്ക് മധ്യസ്ഥം പറയാന്‍ പെരുന്നയില്‍ സുകുമാരന്‍ നായരുമുണ്ട്. വിന്‍സന്റ് പാനിക്കുളങ്ങര എന്ന ജാജ്വല കില്ലാടിയേയും ഇന്ത്യന്‍ എക്‌സ്പ്രസിനേയും നിലം തൊടാതെ പറപ്പിച്ച ഉഗ്രപ്രതാപികളായ ഇവരോടൊക്കെ കട്ടയ്ക്ക് മുട്ടുന്ന കുട്ടികളോടും അവരുടെ നേതാക്കളോടും ബഹുമാനമുണ്ട്.

ലളിതമല്ല കുട്ടികളുടെ ലക്ഷ്യം. വിശാലമായ സ്വാശ്രയവിരുദ്ധ സമരം തന്നെയാണിത്. ശക്തമായ സ്വാശ്രയ വിരുദ്ധ സമരത്തില്‍ നിന്ന് ലോ അക്കാദമി സമരത്തെ അടര്‍ത്തിമാറ്റി അവതരിപ്പിയ്ക്കുന്നത് കുബുദ്ധികളാണ്. ടോംസ് കോളെജിന് അഫിലിയേഷനില്ലെന്നും നെഹ്രു കോളേജിലെ ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നും സര്‍വ്വകലാശാല കണ്ടെത്തിയിരിയ്ക്കുന്നു. നീതിയ്ക്കുവേണ്ടിയുള്ള സമരത്തിന്റെ തുടര്‍ച്ച ആവശ്യപ്പെടുന്ന കണ്ടെത്തലുകളാണിത്.

സമരം തുടരുക വിദ്യാര്‍ത്ഥികളുടെ മാര്‍ഗ്ഗമല്ല ദൗത്യമാണ്. സര്‍ക്കാര്‍ നടപടികള്‍ വൈകേണ്ടതില്ല. വിദ്യാഭ്യാസമന്ത്രി അങ്കലാപ്പില്ലാത്ത നിലപാടെടുക്കാന്‍ തയ്യാറാവണം. തീരുമാനമുണ്ടാക്കേണ്ടത് മുഖ്യമന്ത്രിയും. കരയിലും വള്ളത്തിലും നിന്ന് വെള്ളം തൊടാതെ വിസിലടിച്ചുമൂപ്പിയ്ക്കുന്നവരെ പേടിച്ച് കരുതലില്ലാതെ കയത്തിലിറങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിയമവിദ്യയുടെ മൊത്തവ്യാപാരിയായ ലക്ഷ്മി നായര്‍ ഒടുക്കം പൂമീനും കൊത്തിപ്പറക്കുന്നത് വായും പൊളിച്ച് നോക്കി നില്‍ക്കേണ്ടിവരും. അപ്പോ കരയില്‍ വിസിലടിയായിരിയ്ക്കില്ല, കൂക്കിവിളിയായിരിയ്ക്കും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍