UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘മെഡക്സ്’ വെറുമൊരു ശാസ്ത്രപ്രദര്‍ശനമല്ല; നിങ്ങളെ സ്വയം അറിയലാണ്

മനുഷ്യശരീരത്തിന്റെയും മനസിന്റെയും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ലളിതമായി കാണിച്ചു നല്‍കുന്ന ‘മെഡക്സ്’-നെ കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഡോ. അജിത് കുമാര്‍ അഴിമുഖത്തില്‍

മനുഷ്യശരീരത്തിന്റെയും മനസിന്റെയും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ലളിതമായി കാണിച്ചു നല്‍കി പഠിപ്പിക്കുന്ന പ്രദര്‍ശനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡക്സ് എക്‌സിബിഷന്‍. ആരോഗ്യ സര്‍വകലാശാല യൂണിയനും തിരുവനന്തപുരം മെഡിക്കല്‍ കോളേജും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ എക്‌സിബിഷന്‍ ജനുവരി മൂന്നിനായിരുന്നു ആരംഭിച്ചത്. ഈ മാസം 31-ന് പ്രദര്‍ശനം സമാപിക്കുകയും ചെയ്യും. എക്‌സിബിഷന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ഡോ. അജിത് കുമാര്‍ ജി കലയും വൈദ്യശാസ്ത്രവും കൈകോര്‍ത്ത ‘മെഡക്സ്-2017’-നെ കുറിച്ച് സംസാരിക്കുന്നു. 

തിരുവനന്തപുരം നഗരത്തില്‍ ബൈബിളിനെക്കുറിച്ച് ഒരു കലാവതരണം നടക്കുന്നുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു വേദിയും കോടിക്കണക്കിന് രൂപയും ചെലവഴിച്ചാണ് ബൈബിളിലെ കഥകള്‍ നാടക രൂപേണ അവതരിപ്പിക്കുന്നത്. പൂര്‍വകാലത്തിന്റെ ഒരു പ്രേതമായാണ് ഇതിനെ മനസ്സിലാക്കേണ്ടത്. മിത്തുകളെയും കഥകളെയും വിശ്വാസയോഗ്യമാക്കുന്നതിന് കലയെ എക്കാലത്തും പ്രയോജനപ്പെടുത്തിയിരുന്നു. അമ്പലങ്ങളും പള്ളികളും ദൈവ-മൂര്‍ത്തീ ചിത്രങ്ങളും എല്ലാം ജനമനസ്സില്‍ പതിഞ്ഞിരിക്കുന്നതിന് കാരണം അവയ്ക് കലാകാരന്മാര്‍ നല്‍കിപ്പോന്ന രൂപസൃഷ്ടിയിലൂടെ കൂടിയാണ്. ചിത്രകലയുടെ ചരിത്രത്തില്‍ മതചിഹ്നങ്ങളും മതത്തിന്റെ ആശയങ്ങള്‍ക്കും കലയും കലാകാരന്മാരും നല്‍കി വന്ന സംഭാവനകള്‍’ വിസ്മരിക്കാവുന്നതല്ല. ഇന്ന് കല ഏറെ സ്വതന്ത്രമായിക്കഴിഞ്ഞെങ്കിലും മിത്തുകളെ യഥാര്‍ത്ഥമായി നിലനിര്‍ത്തുന്നതിന് കലാവിഷ്‌കാരങ്ങള്‍ തന്നെയാണ് ഫലപ്രദം എന്നതോ അല്ലെങ്കില്‍ ഒരു തനത് ആവിഷ്‌കാരത്തെക്കാള്‍ മതാനുബന്ധ കഥകളിലൂടെ എളുപ്പത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരം ലഭിക്കും എന്നത് കൊണ്ടോ ആയിരിക്കാം ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കായി കലാകാരന്മാരോ അതിന്റെ രക്ഷാധികാരികളോ ഇറങ്ങി പുറപ്പെടുന്നത്.


ഇതിന് നേരെ എതിര്‍ധ്രുവത്തിലുള്ള ഒരു പ്രദര്‍ശന സമുച്ചയമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നു വരുന്ന മെഡക്‌സ്-2017. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശക്തിയെയും ദൗര്‍ബല്യങ്ങളേയും ഈ പ്രദര്‍ശനം കലാവിഷ്‌കാരത്തിന്റെ സഹായത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. മനുഷ്യശരീരം, ശരീരാവയവങ്ങള്‍, വൈദ്യ ഉപകരണങ്ങള്‍, ബോധവല്‍ക്കരണത്തിനായി തയ്യാറാക്കപ്പെടുന്ന പോസ്റ്ററുകള്‍ എന്നീങ്ങനെയുള്ള പരമ്പരാഗത പ്രദര്‍ശന രീതിയെ പൊളിച്ചെഴുതുന്നു ഈ പ്രദര്‍ശനം.

ശാസ്ത്രം ശാസ്ത്രമാകുന്നതിന് മുന്‍പ് മുതലുള്ള ചരിത്രമാണ് മനുഷ്യന് സഹജീവികളോടുള്ള അനുകമ്പയും അവരെ പരിചരിക്കുന്നതിനുള്ള ആഗ്രഹവും. രോഗങ്ങള്‍ ദൈവത്തിന്റെ ശിക്ഷയോ, പ്രേത ബാധയോ ആയി കരുതിയിരുന്നതിനാല്‍ ചികില്‍സ ദൈവപ്രീതിയ്കായി നടത്തുന്ന ആചാരങ്ങളോ ബാധയൊഴിപ്പിക്കലോ ആകുന്നതില്‍ അത്ഭുതപ്പെടാനില്ല. അക്കാലത്ത് മന്ത്രവാദികളെപ്പോലെയുള്ളവര്‍ നടത്തിയ അത്ഭുതപ്രവര്‍ത്തികളുടെ പരമ്പരയിലാണ് ആധുനിക ഡോക്ടര്‍മാരുടെയും പൂര്‍വചരിത്രം ചെന്നെത്തുന്നത്. രോഗകാരണങ്ങള്‍ പിന്നീട് മലിനമായ വായുവിന്റെ സാന്നിധ്യമോ (Miasma), വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയോ എന്നിങ്ങനെ ഓരോ കാലത്തെയും അറിവിനനുസൃതമായി മാറിക്കൊണ്ടിരുന്നു. പരമ്പരാഗതമോ- നാടോടി ചികില്‍സാരീതികളില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് ഉണ്ടായതായി പറയപ്പെടുന്ന രോഗമുക്തി അതേ മരുന്നു കൊണ്ട് തന്നെയെന്നതിന് പലപ്പോഴും സ്ഥിരീകരണമില്ല. രോഗമുക്തി പല രോഗങ്ങളിലും സ്വാഭാവികമായ കാത്തിരിപ്പില്‍ ഉണ്ടാകാവുന്നതുമാണ്. ശാസ്ത്രീയമായ രീതി (Scientific Methodology) അവലംബിക്കുന്ന ആധുനിക വൈദ്യശാസ്ത്രമാണ് നിലവിലുള്ള രീതികളില്‍ പുതിയ അറിവുകളെ പിന്തുടരുന്നത്.


ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖം ഒരു ഡോക്ടറുടെയോ നഴ്‌സിന്റെയൊ അനുകമ്പാപൂര്‍ണ്ണമായ പരിചരണം മാത്രമല്ല, ഇതര സാങ്കേതിക വിദ്യകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അത് നിലനില്‍ക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തനമെന്ന ആദിമകാലം മുതലുള്ള മനുഷ്യന്റെ സഹജത കൂടുതല്‍ വിപുലീകൃതമാകുന്നതിന്റെ ഉദാഹരണം കൂടിയാണ് ആധുനിക വൈദ്യശാസ്ത്രം. മെഡക്‌സ് ആ അര്‍ത്ഥത്തില്‍ അതിന്റെ ബഹുലതയെയും പാരസ്പരികതയെയും ഉള്‍ക്കൊള്ളുന്നുണ്ട്. പ്രദര്‍ശനത്തിലെ ആദ്യശാസ്ത്രഭാഗം ആരംഭിക്കുന്നത് ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ശാസ്ത്രനിരീക്ഷണം അവതരിപ്പിച്ചുകൊണ്ടാണ്. സമുദ്രാന്തര്‍ഭാഗത്തിലെ അഗ്‌നി പര്‍വതങ്ങള്‍ക്ക് സമീപമാണ് ജീവന്റെ ആദ്യതന്മാത്രകള്‍ ഉണ്ടായതെന്നാണ് ഇന്നത്തെ അറിവ്. വിദ്യാര്‍ത്ഥിയായിരിക്കേ സ്റ്റാന്‍ലി മില്ലര്‍ 1953-ല്‍ ചെയ്ത പരീക്ഷണം ഈ ഭൗമാവസ്ഥയാണ് പരീക്ഷിച്ചിരുന്നതും. പിന്നീട് കണ്ടെത്തിയ അത്തരം അഗ്‌നിപര്‍വതങ്ങളുടെ വീഡിയോയില്‍ മെഡെക്‌സിന്റെ ശാസ്ത്ര പരമ്പര ആരംഭിക്കുന്നു. പിന്നീട് നിവര്‍ന്ന് നടക്കുന്ന, മസ്തിഷ്‌കവികാസം നേടിയ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള പവലിയനിലേക്ക് കടക്കാം. അവിടെ 32 ലക്ഷം വര്‍ഷം മുന്‍പുള്ള മനുഷ്യപൂര്‍വികയായ ലൂസിയുടെ ഒരു ശില്പം നമ്മെ കാത്തിരിക്കുന്നു. ശില്പി ലക്ഷ്മണ്‍ തീര്‍ത്ത ശില്പങ്ങളിലൂടെ നാം ആധുനിക മനുഷ്യനായി പരിണമിക്കുന്ന രീതി വിവരിക്കുന്നു.

ജീവന്റെ ഏറ്റവും അടിസ്ഥാന തന്മാത്രയില്‍ നിന്നും നാം വീണ്ടും ആരംഭിക്കണം. കോശം. മനുഷ്യശരീരത്തിന്റെ മാത്രമ്ലല എല്ലാ ജീവജാലങ്ങളുടെയും നിര്‍മ്മിതി കോശങ്ങളാലാണ്. കോശങ്ങളുടെ ഘടന, കോശങ്ങളിലെ ഘടകങ്ങള്‍, അവയെ മനുഷ്യന്‍ കണ്ടെത്തുന്നത് എന്നിങ്ങനെ ആ പവലിയന്‍ കടന്നു പോകുന്നു. കോശങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന അവയവങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അടുത്തത്. അവിടെ ഇരുപതോളം ലാപ്‌ടോപ്പുകളില്‍ സജ്ജമാക്കിയിട്ടുള്ള അനിമേഷന്‍ വീഡിയീകളിലൂടെ അവ സുവ്യക്തമായി മനസ്സിലാക്കാനാകും. കൂടുതല്‍ അറിവുകള്‍ക്കായി ടാബ്ലെറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. അവയവങ്ങളും കോശങ്ങളും ഒരു ശരീരത്തിന്റെ ഭാഗമാകുന്നത് മനുഷ്യന്‍ എന്ന ജീവിയുടെ പിറവിയോടെയാണ്. ഭ്രൂണാവസ്ഥയിലെ ഓരോ ആഴ്ചകളിലെയും വലര്‍ച്ചയും വികാസവും യഥാര്‍ത്ഥ ഭ്രൂണങ്ങളുടെ കാഴ്യിലൂടെ സന്ദര്‍ശകര്‍ക്ക് മനസ്സിലാകാനാവും. ആരോഗ്യകരമായ ശരീരം എങ്ങനെയാണ് അനാരോഗ്യത്തിന് കാരണമാകുന്നതെന്ന് പത്തോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ പവലിയനുകളിലൂടെ വിശദീകരിക്കുന്നു.

തുടര്‍ന്ന് പ്ലാസ്റ്റിക സര്‍ജറി, ഗ്യാസ്‌ട്രോ എന്ററോളജി, പള്‍മണോളജി, ഡെന്റല്‍ സയന്‍സ്, സൈക്ക്യാട്രി എന്നിവ അതത് ശാരീരിക അസുഖങ്ങളെ എങ്ങനെയാണ് പരിഹരിക്കുക എന്നാണ് വിശദീകരിക്കുന്നത്. ഇവയാകട്ടെ കലാപരമായ വിവിധ സങ്കേതങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് അനായാസമാക്കിത്തീര്‍ത്തിരിക്കുന്നു. മനോരോഗങ്ങളെക്കുറിച്ച് ചലചിത്രങ്ങളുടെ ക്ലിപ്പിങ്ങുകള്‍, വിവിധ ചിത്രകാരന്മാരുടെ പ്രസിദ്ധ ചിത്രങ്ങള്‍, ഓഗ് മെന്റഡ് റിയാലിറ്റി എന്നിവയിലൂടെയാണ് അവതരണം. കാഴ്ച ഉണ്ടാകുന്നതിനെക്കുറിച്ചുള്ള മെഗാ വാക്കിനിലൂടെ കണ്ണിനുള്‍വശത്തേക്കും തുടര്‍ന്നുള്ള മസ്തിഷ്‌ക ബന്ധങ്ങളെക്കുറിച്ചുമുള്ള അനുഭവം സ്വായത്തമാക്കാം. അടുത്തിടെ നടന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടുള്ള ഫോറന്‍ സിക മെഡിസിന്റെ ‘ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ്’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞ ഒന്നാണ്.

കുട്ടിക്കാലത്തെ വീടിന്റെ അനുഭവം നല്‍കുന്ന മുറി, ബൈപാസ് ശസ്ത്രക്രിയ നടക്കുന്ന തീയേറ്റര്‍, ആഞിയോപ്ലാസ്റ്റി പോലുള്ള ഹൃദയസംബന്ധമായ ചികില്‍സ്സകള്‍ ചെയ്യുന്ന കാത്ത് ലാബ്, ഓപ്പറേഷന്‍ തീയെറ്ററിന്റെ മോഡല്‍ എന്നിവ മെഡിക്കല്‍ വിജ്ഞാനത്തിന് കലോപാധികളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ മറ്റ് ഉദാഹരണങ്ങളാണ്. മസ്തിഷ്‌കത്തിലെ വിവിധ ഭാഗങ്ങള്‍, ഡി എന്‍ എ യുടെ ആകൃതി എന്നിവ ഈ സങ്കീര്‍ണ്ണ ഘടനകളെ അടുത്തറിയുന്നതിന് സന്ദര്‍ശകര്‍ക്ക് സഹായകമാവും. കലയുടെ പൂര്‍വ ചരിത്രത്തിന്റെ പല ഏടുകള്‍ക്കും വിരുദ്ധമായി, അത് ശാസ്ത്രത്തോട് അതിഗാഢമായി ചേര്‍ന്ന് നില്‍ക്കുന്ന അനുഭവമായിരിക്കും ഏതൊരാള്‍ക്കും മെഡെക്‌സ് സമ്മാനിക്കുന്നത്.

ഡോ. അജിത് കുമാര്‍ ജി

Tel: +91 999 503 6666
ഡോ. അജിത് കുമാര്‍ ജി

ഡോ. അജിത് കുമാര്‍ ജി

ചിത്രകാരനായ അജിത്ത് കുമാര്‍ ജി തിരുവനന്തപുരം സ്വദേശിയാണ്. 2000 മുതല്‍ നിരവധി സോളോ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍