UPDATES

യഥാര്‍ഥത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നഗരമാണോ തിരുവനന്തപുരം?

മുന്‍ നിരയില്‍ നില്‍ക്കുന്ന തിരുവനന്തപുരത്തിന്റെയും മുംബൈയുടെയും പോയിന്റ് നില 4.2 ആണ്. അതായത് പോയിന്റ് നിലയില്‍ പകുതി പോലും കടക്കാന്‍ ഒരു ഇന്ത്യന്‍ നഗരത്തിനും കഴിഞ്ഞിട്ടില്ല

ഇന്ത്യയിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ മുംബൈയോടൊപ്പം തിരുവനന്തപുരവും ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനര്‍ഹമായ നേട്ടമാണ്. ഇന്ത്യയിലെ 21 നഗരങ്ങളില്‍ 115 ഘടകങ്ങളെ അടിസ്ഥാനമാക്കി ആനുവല്‍ സര്‍വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെയും സര്‍വേയുടെയും അടിസ്ഥാനത്തിലാണ് നമ്മുടെ തലസ്ഥാന നഗരിക്ക് ഈ നേട്ടം സ്വന്തമായത്. പരിമിതികളില്‍ നിന്നാണ് തിരുവനന്തപുരം പല ഘടകങ്ങളിലും മറ്റ് നഗരങ്ങളേക്കാള്‍ മുന്നിട്ട് നിന്നത്. സര്‍വേ പ്രകാരം തിരുവനന്തപുരത്തിനും മുംബൈയ്ക്കും 4.2 പോയിന്റാണ് ലഭിച്ചത്. ശുചിത്വനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 2014-15 ലെ സര്‍വേ പ്രകാരം തിരുവനന്തപുരം ഇന്ത്യയിലെ രണ്ടാമത്തെ മികച്ച തലസ്ഥാന നഗരത്തിനും 474 ഇന്ത്യന്‍ നഗരങ്ങളില്‍ 8-ാമത്തെ നഗരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി തിരുവനന്തപുരം മാറിയോ?

വിശദമായ സര്‍വേ റിപ്പോര്‍ട്ട്‌- https://goo.gl/YfBm49

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്ക്കു പുറകില്‍ രണ്ടാംസ്ഥാനത്തായിരുന്നു തിരുവനന്തപുരം നഗരം. ഇത്തവണ പക്ഷെ നൂറിനുമുകളിലുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഭരണമികവിലും സ്ഥായിയായ ജീവിത നിലവാരത്തിലും നമ്മുടെ തലസ്ഥാന നഗരി മുന്നിലാണ്. നഗരത്തിലെ വിഭവങ്ങള്‍, ആസ്രൂതണമികവ്, സുതാര്യത, പൊതുജനപങ്കാളിത്തം, രാഷ്ട്രീയ പ്രാതിനിധ്യം, സാമൂഹ്യാധിഷ്ഠിത പദ്ധതികള്‍ നടപ്പിലാക്കല്‍, ആസൂത്രണത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം, വിവര സാങ്കേതിക വിദ്യയുടെ ഫലപ്രദമായ പ്രയോജനപ്പെടുത്തല്‍, നഗര പൗരാവലിയുടെ പങ്കാളിത്തം, പൊതുസംവിധാനത്തിന് ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയവയായിരുന്നു സര്‍വേയിലെ പ്രധാന മാനദണ്ഡങ്ങള്‍.

ഏതു മാനദണ്ഡം പരിഗണിക്കുമ്പോഴും തിരുവനന്തപുരം കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ്. ശുചിത്വനിലവാരത്തില്‍ ഇന്ത്യയിലെ ഏതു നഗരത്തിനേക്കാളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ഥലമാണ് തിരുവനന്തപുരം. തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം, മാലിന്യസംസ്‌ക്കരണം, മലിനജലപരിപാലനം, മനുഷ്യവിസര്‍ജ്ജ്യത്തിന്റെ സംസ്‌ക്കരണം, കുടിവെളളത്തിന്റെ ഗുണനിലവാരം, ജലജന്യരോഗങ്ങള്‍മൂലമുളള മരണനിരക്ക് തുടങ്ങിയ ഘടകങ്ങളെ മാനദണ്ഡമാക്കിയാല്‍ ജില്ല മുന്‍പന്തിയിലാണ്. മികച്ച ശുചിത്വ നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവയാണ് അലഹബാദ്, ഛണ്ഡിഗഡ്, പൂന തുടങ്ങിയ നഗരങ്ങള്‍. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശുചിത്വ നിലവാരത്തില്‍ ഈ നഗരങ്ങള്‍ വളരെ പുറകില്‍ പോയി. ഇപ്പോഴും തിരുവനന്തപുരം നഗരം ആ ഘടകങ്ങളില്‍ മുന്നിട്ട് തന്നെ നില്‍ക്കുകയാണ്.

ജില്ലയില്‍ 2011 ലെ സെന്‍സസ് പ്രകാരം 3,81,220 വീടുകള്‍ ഉണ്ട്. വീടുകളുടേയും സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 3,70,826 കക്കൂസുകള്‍ ഉണ്ട്. വീടുകളും സ്ഥാപനങ്ങളും കണക്കിലെടുക്കുമ്പോള്‍ 97 ശതമാനമാണ് കക്കൂസ് സൗകര്യമുളളത്. 3 ശതമാനം അഥവാ 10394 വീടുകളിലോ സ്ഥാപനങ്ങളിലോ കക്കൂസുകള്‍ ഉണ്ടെന്നാണ് 2011 ലെ കണക്ക്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1165, ബി.എസ്.യു.പി പദ്ധതി പ്രകാരം 7544, രാജീവ് ആവാസ് മുഖേന 81, കെ.എസ്.യു.ഡി.പി കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗിച്ച് 202 എന്നിങ്ങനെ 8542 കക്കൂസുകള്‍ 2011 ന് ശേഷം നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് മേല്‍പറഞ്ഞ 3 ശതമാനത്തിന്റെ 82.18 ശതമാനം വരും ശേഷിക്കുന്നത് 17.82 ശതമാനം മാത്രമാണ്. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനത്തിന്റെ തോത് വളരെ കുറവുളള ഒരു നഗരമാണിത്. നിലവില്‍ ഇതില്‍ നിന്ന് തിരുവനന്തപുരം നഗരം വളരെ മുമ്പോട്ട് പോയിട്ടുണ്ട്. കേരളത്തിലെ മറ്റു നഗരങ്ങളില്‍ നിന്നു വ്യത്യസ്തമായി മികച്ച നിലവാരം പുലര്‍ത്തുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ് നഗരത്തിലുളളത്.

നഗരത്തില്‍ എല്ലായിടത്തും കുടിവെളളം എത്തിക്കുന്നതിനുളള സംവിധാനം ഉണ്ടെന്ന് മാത്രമല്ല വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതിയിലുള്‍പ്പെടുത്തി തീരപ്രദേശത്തും പിന്നോക്ക മേഖലകളിലും പ്രത്യേകമായി കുടിവെളള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുമുണ്ട്. നഗരപരിധിയിലെ കല്ലടിമുഖം ഭവനപദ്ധതിപോലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുകയും അതിലൂടെ താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നിലവാരമുള്ള സേവനം നല്‍കാന്‍ തിരുവനന്തപുരത്തിനും മുബൈക്കും കഴിയുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പോയിന്റ് നിലയില്‍ പത്തില്‍ 4.1 നേടി കൊല്‍ക്കത്ത, പൂനെ നഗരങ്ങള്‍ രണ്ടാം സ്ഥാനത്തും, 3.7 പോയിന്റുമായി ഭോപ്പാല്‍, ഡല്‍ഹി എന്നീ നഗരങ്ങള്‍ മൂന്നാം സ്ഥാനത്തുമാണ്. ആനുവല്‍ സര്‍വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസ് മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയതില്‍ പോയിന്റ് നിലയില്‍ പകുതി പോലും നേടാന്‍ ഇന്ത്യയിലെ ഒരു നഗരത്തിനും കഴിഞ്ഞിട്ടില്ല എന്നത് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. മുന്‍ നിരയില്‍ നില്‍ക്കുന്ന തിരുവനന്തപുരത്തിന്റെയും മുംബൈയുടെയും പോയിന്റ് നില 4.2 ആണ്. അതായത് പോയിന്റ് നിലയില്‍ പകുതി പോലും കടക്കാന്‍ ഒരു ഇന്ത്യന്‍ നഗരത്തിനും കഴിഞ്ഞിട്ടില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ഏറ്റവും മികച്ച നഗരമാണോ? രാജ്യാന്തര പട്ടിക നോക്കുമ്പോള്‍ ഇന്ത്യയിലെ നഗരങ്ങളെല്ലാം പിന്നിലാണ്‌. രാജ്യാന്തരതലത്തില്‍ ന്യൂയോര്‍ക്കാണ് ഒന്നാമത്. 9.7 പോയിന്റാണ് ന്യൂയോര്‍ക്ക് നഗരം സര്‍വേയില്‍ നേടിയത്. 9.4 പോയിന്റോടെ ലണ്ടന്‍ രണ്ടാം സ്ഥാനത്തുണ്ട്.

നഗരസഭ മേയര്‍ പ്രശാന്ത് വികെ പറയുന്നത് സര്‍വേ റിപ്പോര്‍ട്ട് അഭിമാനര്‍ഹമാണെന്നും സ്മാര്‍ട്ട് സിറ്റി പദ്ധതി നേടിയെടുക്കാനുള്ള നഗരത്തിന്റെ പരിശ്രമങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്നുമാണ്. രാജ്യാന്തരതലത്തില്‍ ഇന്ത്യയിലെ നഗരങ്ങള്‍ വളരെ പിന്നിലാണെന്നാണ് പോയിന്റ് പട്ടിക കാണിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍ പോലുള്ള നഗരസഭകള്‍ക്ക് പൂര്‍ണമായും അധികാരമുണ്ട്. ആ അധികാരം നമുക്കില്ല. ഇന്ത്യയിലെ ഒരോ നഗരത്തിലും വ്യത്യസ്തമായ ഭരണാധികാരങ്ങളാണുള്ളത്. കേരളത്തില്‍ ജലം, വൈദ്യുതി വിതരണം തുടങ്ങിയവ നഗര സഭയുടെ അധികാര പരിധിയില്‍ വരുന്നതല്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ നഗരസഭയ്ക്ക് പരിമിതികളുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ 100-ഓളം വാര്‍ഡുകളും 10 ലക്ഷത്തോളം ആളുകളുമുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെപോലെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താന്‍ നഗരസഭയ്ക്ക് അധികാരമില്ല. അതുകൊണ്ട് തന്റെ ഇവിടെ വേണ്ടത്ര ജീവനക്കാരുടെ അഭാവം നല്ലതുപോലെയുണ്ട്. പല മേഖലകളും നഗരസഭയുടെ അധീനതയിലല്ല. സംസ്ഥാന സര്‍ക്കാരിന്റെ അനുവാദത്തോടെ പല കാര്യങ്ങളും നടപ്പിലാക്കാന്‍ നഗരസഭക്ക് കഴിയുകയുള്ളൂ. ഈ രീതി മാറിയാല്‍ തന്നെ പല കാര്യങ്ങളും ഇവിടെ നടപ്പക്കാന്‍ കഴിയും. പദ്ധതികള്‍ക്ക് സ്വയം തീരുമാനം എടുക്കാന്‍ കഴിയുന്ന ഒരു സംവിധാനം വന്നാല്‍ നമ്മുക്കും പല വിദേശ നഗരങ്ങളേപ്പോലെ മുന്നേറാന്‍ കഴിയും. സര്‍ക്കാര്‍ തലത്തില്‍ ഇതിനൊരു മാറ്റത്തിനുള്ള നടപടികള്‍ നടക്കുന്നുണ്ട്. ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ അത്തരമൊരു മാറ്റത്തിന് സാധ്യതയുണ്ടെന്നും പ്രശാന്ത് അഴിമുഖത്തോട് പറഞ്ഞു.

പല ഘടകങ്ങളിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം മുന്നിലാണെങ്കിലും ചില കാര്യങ്ങള്‍ വളരെ പിന്നിലാണ് നമ്മുടെ നഗരം. നഗരവികസനത്തിനുള്ള ബജറ്റും ചെലവഴിക്കുന്ന തുകയും തമ്മിലുള്ള അന്തരം വളരെ കൂടുതലാണിവിടെ. 79 ശതമാനമാണ് ബജറ്റും ചെലവഴിക്കുന്ന തുകയും തമ്മിലുള്ള തിരുവനന്തപുരം നഗരത്തിലെ വ്യത്യാസം. ഇന്ത്യയില്‍ യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള ബജറ്റ് നടപ്പാക്കുന്ന നഗരങ്ങള്‍ കുറവാണെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഏകദേശം ആറു നഗരങ്ങള്‍ മാത്രമെ ശരിയായ രീതിയിലുള്ള ബജറ്റ് നടപ്പാക്കുന്നുള്ളൂ.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്‌)

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍