UPDATES

ഗൌരിയമ്മയുടെ കടുത്ത ഫാനായ കസ്തൂരി മഹാദേവന്റെ ജീവിതം

Avatar

ഉണ്ണികൃഷ്ണന്‍ വി

തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ കാന്‍റീന്‍. കുറച്ചു പയ്യന്മാര്‍ വരാന്തയില്‍ ഇരിപ്പുണ്ട്. കയറിച്ചെല്ലുന്നതിന്‍റെ വലതുവശത്തായി കൌണ്ടര്‍. കഴിച്ചവര്‍ വരുന്നു, പൈസ കൌണ്ടറില്‍ കൊടുക്കുന്നു, പോകുന്നു. സാധാരണ കേള്‍ക്കാറുള്ള കഴിച്ചതെന്താണെന്നുള്ള ചോദ്യം ഇവിടെ കേട്ടില്ല. എന്താണ് കഴിച്ചതെന്ന് പറയുന്നതും. 

പലരുടെയും മുന്നിലിരിക്കുന്ന ഗ്ലാസ്സിന്‍റെ വക്കുവരെ ചായ. കേരളത്തില്‍ അങ്ങനെ ഒരു കാഴ്ച വിരളമായതു കൊണ്ടുതന്നെ സൂക്ഷിച്ചു നോക്കേണ്ടി വന്നു.  ആ വ്യത്യാസം ഭിത്തിയില്‍ തൂങ്ങുന്ന വിലവിവരപ്പട്ടികയിലും കാണാം.

കൌണ്ടറിലിരിക്കുന്ന സ്ത്രീയെ കാണുമ്പോള്‍ തമിഴ് സിനിമകളില്‍ കാണാറുള്ള പാട്ടിയമ്മയുടെ ലുക്ക്. നെറ്റിയിലൊരു നീണ്ട ചന്ദനക്കുറി. വലിയൊരു കല്ലു വച്ച മൂക്കുത്തി, ഒരു വലിയ പൊട്ടും നര കയറിയ തലയും. ആള്‍ കസേരയില്‍ നിന്നും എഴുന്നേറ്റു കഴിയുമ്പോഴാണ് കക്ഷി എത്ര ആക്റ്റിവ് ആണെന്ന് മനസ്സിലാവുക. ഇടയ്ക്കിടെ അടുക്കളയില്‍ പോകുന്നു, പിള്ളേരോടൊക്കെ കുശലം പറയുന്നു. പേര് കസ്തൂരി മഹാദേവന്‍, കാന്‍റീനിന് പേരൊന്നുമില്ലെങ്കിലും  ഇത് അമ്മൂമ്മയുടെ കാന്‍റീന്‍ എന്നാണറിയപ്പെടുന്നത്. നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണവും അമ്മൂമ്മയുടെയും കൂട്ടരുടേയും സമീപനവുമാണ്  ഇതിനെ വ്യത്യസ്തമാകുന്നത്.

സ്വന്തം വീട്ടില്‍ നിന്ന് കഴിക്കുന്ന ഭക്ഷണം പോലെയാണ് ഇവിടെ എന്നാണ് ഒരു പ്രാവശ്യമെങ്കിലും ഇവിടെ കയറിയവര്‍ പറയുക. ആളുകള്‍ കൂടുതല്‍ എത്താറുണ്ടെങ്കിലും വലിയ ലാഭമൊന്നും ഉണ്ടാക്കാതെയാണ് കസ്തൂരിഅമ്മൂമ്മ കാന്‍റീന്‍ നടത്തുന്നത്. നല്ല സാധനങ്ങള്‍ വില കൂടുതല്‍ കൊടുത്തു വാങ്ങേണ്ടി വന്നാലും അവര്‍ കാന്‍റീനിലെ വിലവിവരപ്പട്ടിക തിരുത്താറില്ല. 

70വയസ്സുള്ള അമ്മുമ്മയുടെ മൂത്തമകള്‍ അഭിഭാഷകയാണ്,  അവരുടെ ഭര്‍ത്താവ് ഡോക്ടര്‍, രണ്ടാമത്തെ മകന്‍ ആകാശവാണിയില്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ ബിസിനസ്. പിന്നെന്തിനാണ് ഇവര്‍ ഈ കാന്‍റീന്‍ എടുത്തു നടത്തുന്നത്?. അതും ഈ പ്രായത്തില്‍. അതും കാര്യമായ ലാഭമൊന്നുമില്ലാതെ. ഇവര്‍ക്ക് സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നാല്‍ പോരേ? 

ചോദ്യങ്ങള്‍ തികച്ചും ന്യായമാണ്. ഉത്തരമായി മൂന്നു കാര്യങ്ങളേ കസ്തൂരിഅമ്മൂമ്മയ്ക്ക് പറയാനുള്ളൂ. ഒന്ന് ജീവിക്കുന്നത് കുറച്ചു കാലം അതിനിടയില്‍ തന്നെക്കൊണ്ട് പറ്റുന്നതുപോലെ ചെറിയ കാര്യങ്ങള്‍ ആര്‍ക്കെങ്കിലുമൊക്കെവേണ്ടി ചെയ്യണം. രണ്ട് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ആരെയും. മൂന്ന് വയസ്സായാല്‍ പണിയില്ലാതെ  വീട്ടില്‍ കുത്തിയിരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല.

അമ്മൂമ്മയുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള പ്രവേശം ഒരു നീണ്ട കഥയാണ്. അതില്‍ ശക്തമായ സ്വാധീനം ചെലുത്തിയതു രണ്ടു പേരാണ്. ഒന്ന് അവരുടെ ഭര്‍ത്താവ് മഹാദേവന്‍ ചെട്ടിയാര്‍. രണ്ടാമത്തെ ആള്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൌരിയമ്മ. കസ്തൂരിയുടെ ജീവിതകഥ പറയുമ്പോള്‍ പ്രധാന കഥാപാത്രമായ ഗൌരിയമ്മയില്‍ നിന്ന് തന്നെ വേണം തുടങ്ങാന്‍.

തമിഴ്നാട്ടിലെ ജയലളിത അമ്മാ എപ്പിടിയോ അന്തമാതിരി താന്‍ എനക്ക് ഗൌരിയമ്മ
ഹാര്‍ഡ് കോര്‍ ഗൌരിയമ്മ ഫാനായ കക്ഷി അമ്മ എന്നാണ് അവരെ അഭിസംബോധന ചെയ്യുന്നത്. അമ്മയെന്ന് വച്ചാല്‍ ജീവന്‍ വരെ കൊടുക്കാനും കസ്തൂരി മഹാദേവന്‍ റെഡി. തന്‍റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ക്കൊക്കെ ഭര്‍ത്താവിനോളം കാരണമായത് ഗൌരിയമ്മയാണെന്ന് അവര്‍ നിസ്സംശയം പറയും.

അല്‍പ്പസ്വല്‍പ്പം തയ്യല്‍, ചിത്രരചന, അലങ്കാരവസ്തു നിര്‍മാണം പിന്നെ പാചകം എന്നതില്‍ ഒതുങ്ങിയേക്കുമായിരുന്ന കസ്തൂരിയുടെ ജീവിതംവീടിനു വെളിയിലേക്ക് കൊണ്ട് വരാന്‍ കാരണം ഗൌരിയമ്മ നടത്തിയ ഇടപെടലുകളായിരുന്നു. സ്വല്‍പ്പം ലിബറല്‍ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്ന മഹാദേവന്‍ ചെട്ടിയാരില്‍ ഭാര്യയെ കൂടുതല്‍ സ്വതന്ത്രയാക്കണം എന്ന ചിന്ത കൊണ്ടുവന്നത് ഗൌരിയമ്മയായിരുന്നു. അതുപോലെ വിവാഹശേഷം വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടിയ കസ്തൂരിയുടെ മനസ്സില്‍ സ്വാതന്ത്ര്യത്തിന്‍റെ വിത്തുകള്‍ പാകിയത്‌ അവര്‍ തന്നെ.  

ഗൌരിയമ്മ ഏതു പാര്‍ട്ടിയിലാണോ അതാണ്‌ തന്‍റെ പാര്‍ട്ടി. അമ്മ കമ്മ്യൂണിസ്റ്റ് ആണെങ്കില്‍ ഞാനും കമ്മ്യൂണിസ്റ്റ്. വേറെ പാര്‍ട്ടിയാണെങ്കില്‍ താനും ആ പാര്‍ട്ടി തന്നെ എന്നാണു കസ്തൂരിയമ്മ  പറയുന്നത്.  പല സമ്മേളനങ്ങള്‍ക്കും ഗൌരിയമ്മയോടൊപ്പം പങ്കെടുത്തിട്ടുണ്ട് ഇവര്‍. ജെഎസ്എസ് വനിതാ വിഭാഗത്തിന്‍റെ തിരുവനന്തപുരം ഘടകം പ്രസിഡന്റ് കൂടിയായിരുന്നു കസ്തൂരി മഹാദേവന്‍. ജെഎസ്എസ് കേരളത്തില്‍ പലയിടത്തായി നടത്തിയ സമ്മേളനങ്ങളിലും കസ്തൂരി പങ്കെടുത്തിട്ടുണ്ട്.

പ്രവര്‍ത്തകരുടെ സുരക്ഷയില്‍ അമ്മയ്ക്ക് വലിയ ശ്രദ്ധയായിരുന്നു. സമ്മേളനത്തിനൊക്കെ പോകുമ്പോള്‍ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് പോകരുതെന്ന് പറയും. അഥവാ അങ്ങനെ പോകേണ്ടി വന്നാല്‍ തിരിച്ചു കൊണ്ട് വിടാന്‍ ആളെ ഏര്‍പ്പാടാക്കുമായിരുന്നു. വാതില്‍ക്കല്‍ വരെ കൊണ്ട് വിട്ടാല്‍ പോര. സുരക്ഷിതരായി വീട്ടില്‍ ചെന്നു കയറി എന്നുറപ്പാക്കിയിട്ടേ പോരാവൂ എന്നു പറഞ്ഞാണ് ആളിനെ അയക്കുക. മാത്രമല്ല  നമ്മള്‍ തിരിച്ചു വന്നു എന്നുറപ്പു വരുത്താന്‍ അമ്മ വിളിച്ചു ചോദിക്കും. ദൂരെ എവിടെയെങ്കിലും പോവുകയാണെങ്കില്‍ താമസിക്കാനുള്ള സൌകര്യങ്ങള്‍ എല്ലാം ഏര്‍പ്പാടാക്കിയെന്നുറപ്പു വരുത്തിയിട്ടേ ബാക്കി കാര്യങ്ങള്‍ നോക്കാറുള്ളൂ അമ്മ, തിരുവനന്തപുരത്തുള്ളപ്പോള്‍ എന്നെ വിളിക്കും, ചെന്നാല്‍  ഉടനേ തിരിച്ചു പോകാന്‍ സമ്മതിക്കില്ല. ചിലപ്പോ രാവിലെ പോയാല്‍ വൈകിട്ടൊക്കെയേ വിടൂ. അന്നത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ കസ്തൂരിയമ്മയുടെ കണ്ണുകളില്‍ ഗൌരിയമ്മയോടുള്ള ആദരവു തെളിയുന്നു.

ഗൌരിയമ്മയുമായി കസ്തൂരിക്ക് എങ്ങനെയാണ് അടുപ്പം എന്നറിയണമെങ്കില്‍ അവരുടെ വിവാഹത്തിനും അതിനു മുന്‍പുള്ള കാലത്തേക്കും പോകേണ്ടി വരും.

കാന്‍റീനില്‍ തിരക്ക് അല്‍പ്പമൊന്നു കുറഞ്ഞു. പൈസ കൊടുക്കാന്‍ കാത്തുനിന്ന ആള്‍ക്കാരെയെല്ലാം വിട്ടിട്ട് കാശിടുന്ന മേശ വലിപ്പിന്റെ താക്കോല്‍ കൂട്ടം കൈയ്യിലെടുത്ത്  മൂലയ്ക്കുള്ള കസേരയില്‍ ഇരുന്നു കസ്തൂരിയമ്മ. ചായ കുടിച്ചുകൊണ്ടിരിക്കുന്ന ആളുകളെ 360 ഡിഗ്രിയില്‍ ഒന്നു നോക്കി ഒരു ചിരി പാസ്സാക്കിക്കൊണ്ട് അവര്‍ തന്‍റെ കഥയുടെ വലിപ്പു തുറന്നു.

അംബാ സമുദ്രം മുതല്‍ തൈക്കാട് വരെ
തിരുനെല്‍വേലി അംബാസമുദ്രമാണ് കസ്തൂരിയുടെ സ്വദേശം. ജനിച്ചത് തിരുനെല്‍വേലിയിലായിരുന്നെങ്കിലും കുട്ടികള്‍ ഇല്ലാത്ത വല്യച്ഛനും വല്യമ്മയ്ക്കും ഒപ്പം തൈക്കാടുള്ള വീട്ടിലായിരുന്നു അവര്‍ വളര്‍ന്നത്. 

വല്യച്ഛന്‍ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. ഒരു വെട്ട് രണ്ടു മുറി എന്നൊക്കെ പറയില്ലേ അതായിരുന്നു സ്വഭാവം. പണ്ടത്തെ കാലം അറിയാമല്ലോ. ഉമ്മറത്തോട്ടു വരാന്‍ പോലും ഞങ്ങള്‍ക്കാര്‍ക്കും അനുവാദമില്ല അന്നൊക്കെ വല്ല്യമ്മയുടെ കൂടെയല്ലാതെ ഞാന്‍ പുറത്തിറങ്ങിയിട്ടില്ല.. എല്ലാത്തിന്റെയും അവസാനവാക്ക് വല്യച്ഛനായിരുന്നു. പെണ്‍കുട്ടികള്‍ക്ക് അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ല. അദ്ദേഹം തീരുമാനിക്കും, നമ്മള്‍ അനുസരിക്കണം അത്ര തന്നെ.

പെണ്‍കള്‍ കണവന്‍ വീട്ടുക്ക് പോറ വരൈ ഇപ്പിടി താന്‍ ഇരുക്കണം. അതുക്കപ്പുറം കണവന്‍ സോല്‍റ മാതിരി.ഇടയ്ക്കിടെ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു.

നാലാം ക്ലാസ് അഞ്ചാം ക്ലാസ് ഒക്കെ കഴിഞ്ഞപ്പോ പിന്നെ സ്കൂളില്‍ പോവുന്നത് നിര്‍ത്തി. പിന്നെ കുറെ കിളവന്‍ മാസ്റ്റര്‍മാരെ വീട്ടില്‍ കൊണ്ടുവരും ഇംഗ്ലിഷും മലയാളവും ഹിന്ദിയും പഠിപ്പിക്കാന്‍. എന്‍റെ മണ്ടേല്‍ മലയാളമൊഴിച്ചു ബാക്കി രണ്ടും കേറിയില്ല.

‘അതേ ഈ സുഖിയന്‍ പാഴ്സല്‍ കൊടുക്കാനുള്ളത് ഉണ്ടാവുമോ?’ അമ്മുമ്മയുടെ വലം കൈ രവിച്ചേട്ടന്‍ കഥയുടെ ഇടയില്‍ ഒരു കട്ടുറുമ്പായി കടന്നു വന്നു.

‘ഇല്ല, കൊടുത്താല്‍  സ്ഥിരം വരുന്നവര്‍ക്ക് ഉണ്ടാവില്ല.’

വീണ്ടും വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌.

വീണ പഠിപ്പിക്കാനും മാസ്റ്റര്‍മാര്‍ വരുമായിരുന്നു. പിന്നെ തയ്യല്‍, ചിത്ര രചന എന്നിവയൊക്കെ പഠിപ്പിച്ചിരുന്നു അന്ന്. വല്ല്യമ്മയുടെ കൂടെയുള്ള പാചക പഠനവും കൂടെ നടന്നു.

കല്യാണം നടക്കുന്നത് എനിക്ക് 16ഉം എന്‍റെ മാപ്പിളയ്ക്ക് 25 വയസ്സും ഉള്ളപ്പോഴാണ്. മാപ്ല മഹാദേവന്‍ ചെട്ടിയാര്‍ വല്യച്ഛന്‍റെ സ്വന്തം ആളായിരുന്നു. എന്നെ അയാള്‍ക്ക് തന്നെ കൊടുക്കണമെന്ന് വല്യച്ഛനു നിര്‍ബന്ധമായിരുന്നു. അത്രയ്ക്ക് നല്ല ബന്ധമായിരുന്നു അവര്‍ തമ്മില്‍. ആള്‍ ബിഎസ്സി ഫിസിക്സ് കഴിഞ്ഞതാ. കല്യാണം കഴിക്കുന്ന സമയത്ത്  അദ്ദേഹം ചാലയില്‍ സ്വര്‍ണ്ണക്കട നടത്തുകയായിരുന്നു. 



വിവാഹശേഷം കരമനയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക്. മാമിയാരും വല്യച്ഛനെപ്പോലെ തന്നെയായിരുന്നു. വീട്ടില്‍ നിന്നും ആകെ പുറത്തിറങ്ങാന്‍ കഴിയുക അവരുടെ കൂടെ മാത്രം. അതും വല്ല കല്യാണം പോലെയുള്ള വിശേഷങ്ങള്‍ക്ക് മാത്രം. ബാക്കിയുള്ള സമയത്തൊക്കെ വീട്ടില്‍ തന്നെ. അദ്ദേഹം കടയില്‍ പോവുമല്ലോ. പിന്നെ വരുന്നത് വൈകിട്ടും പിന്നെ അദ്ദേഹത്തിനു സമയവും ഉണ്ടാവില്ല.

ഇടയ്ക്ക്  കടം തീര്‍ക്കാന്‍ പിള്ളേര്‍ സെറ്റ് എത്തി. അമ്മൂമ്മ  കൌണ്ടറിലേക്ക് പോയി. അവര്‍ പിള്ളേരോട് താമാശയൊക്കെ പറഞ്ഞു കണക്കു നോക്കുന്ന കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഒഴിഞ്ഞ ചായ ഗ്ലാസ് എടുക്കാന്‍ രവിച്ചേട്ടന്‍  വന്നത്.  പുള്ളിക്കാരന്‍ കസ്തൂരിയുടെ കൂടെക്കൂടിയിട്ട് ഇപ്പൊ വര്ഷം അഞ്ചായി.അമ്മൂമ്മ ഇല്ലാത്തപ്പോള്‍ മുഴുവന്‍  ഉത്തരവാദിത്വം കക്ഷിക്കാണ്.

അമ്മയ്ക്ക്  ഗൌരിയമ്മയെക്കുറിച്ചു പറയുമ്പോ നൂറു നാവാ. അവര് കാരണമാണ് പുള്ളിക്കാരി ആനയറയില്‍ കാന്‍റീന്‍ ആദ്യം തുടങ്ങുന്നത്. ഇപ്പൊ ഇവിടത്തെതും ലാഭമൊന്നുമില്ല. നിര്‍ത്തരുത് എന്ന്  കക്ഷിക്ക് നിര്‍ബന്ധമാ. അതുകൊണ്ട് ഇങ്ങനെ തന്നെ തുടരുന്നു. രവിച്ചേട്ടന്‍ പറഞ്ഞു. 

അപ്പോഴേക്കും അമ്മൂമ്മ തിരിച്ചെത്തി. വീണ്ടും ഭൂതകാലത്തേക്കുള്ള യാത്ര.

കുട്ടികള്‍ ഉണ്ടാവാന്‍ താമസിച്ചു. കല്യാണം കഴിഞ്ഞിട്ട്‌ അഞ്ചു വര്‍ഷം കഴിഞ്ഞാണ് കുട്ടികള്‍ ഉണ്ടായത്. അതിന്‍റെ പേരില്‍ മാമിയാരുടെ കുത്തുവാക്കുകള്‍ കുറേ കേള്‍ക്കേണ്ടി വന്നു. പക്ഷേ അത് കഴിഞ്ഞപ്പോള്‍ മൂന്നു കുട്ടികളെ ഞാന്‍ പ്രസവിച്ചു. രണ്ടാണും ഒരു പെണ്ണും. അഞ്ചു വര്‍ഷം താമസിച്ചതു കൊണ്ടായിരിക്കും ഈ മൂന്നു പ്രസവവും അടുപ്പിച്ചു തന്നെയായിരുന്നു.

കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് കസ്തൂരിയമ്മൂമ്മ പറഞ്ഞു നിര്‍ത്തി.

അപ്പോഴാണ് ചായയും സുഖിയനും തട്ടിക്കൊണ്ടിരുന്ന യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അന്തേവാസികളായ കുറച്ചു പയ്യന്മാര്‍ എന്തോ തമാശ പറഞ്ഞുറക്കെച്ചിരിച്ചത്.

ആരാടാ ഒച്ചയുണ്ടാക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടൂടെ

കതകിന്‍റെ മുകളിലത്തെ കുറ്റി തട്ടിയിടാന്‍ വച്ചിരിക്കുന്ന വടിയെടുത്ത് മേശപ്പുറത്തു കൊട്ടിക്കൊണ്ട് കസ്തൂരി അമ്മ ഒച്ചയിട്ടു.

‘ഇതെന്താ ഗുണ്ടായിസാ? പയ്യന്മാരില്‍ ഒരുത്തന്‍ സിനിമാസ്റ്റൈലില്‍ ചോദിച്ചു. അമ്മൂമ്മ ചെന്നവന്‍റെ ചെവിക്കു പിടിച്ചു.

‘അതേടാ നിനക്കെന്തെലും പ്രശ്നമുണ്ടോ?’ അമ്മൂമ്മയുടെ വക മറുചോദ്യം.

നീ എന്‍റെ കൂടെ  നില്‍ക്കുന്നോ?
അദ്ദേഹത്തിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു അമ്മയ്ക്ക്. എല്ലാ വര്‍ഷവും പിറന്നാളിന്  അദ്ദേഹം അമ്മയുടെ വീട്ടില്‍ പോകും. ആദ്യമൊക്കെ തനിച്ചു പോകുമായിരുന്നെങ്കിലും പിന്നെ എന്നെയും  കൂടെക്കൂട്ടാന്‍തുടങ്ങി. എന്നെക്കുറിച്ചുള്ള കാര്യമൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം.

നീയിവളെ ഒരു വീട്ടുപൂനൈ ആക്കിയല്ലോടാ ചെട്ടിയാരെ എന്നാണ് അമ്മ അന്ന് കക്ഷിയോടു ചോദിച്ചത്. അല്ലമ്മാ അവള്‍ അല്ലറ ചില്ലറ കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്. ഇപ്പൊ പിള്ളേരൊക്കെ ചെറിയ പ്രായമല്ലേ. അവളില്ലാതെ പറ്റില്ല എന്ന് അദ്ദേഹം മറുപടി ഇപ്പോഴും ഓര്‍മ്മയുണ്ട്. നീ വീട്ടിലെ പണിയൊക്കെ കഴിയുമ്പോ എന്‍റെ കൂടെ  നില്‍ക്കുന്നോ എന്ന് അമ്മയെന്നോട് ചോദിച്ചു.

കുട്ടികള്‍ ചെറിയ പ്രായമല്ലേ. പത്താം തരം പോലും ആയിട്ടില്ല. ഇപ്പൊ അവരെ അങ്ങനെ വിട്ടിട്ടു ഞാന്‍ പോയാല്‍ നോക്കാന്‍ ആളില്ലാതെ എന്‍റെ പിള്ളേര് വഴിതെറ്റും. അവള്‍ അവളുടെ പാട്ടിനു പോയി അതുകൊണ്ടാണ് കൊച്ചുങ്ങള്‍  അവരു തലതെറിച്ചു പോയതെന്ന് നാട്ടുകാരു പറയും. അതു വേണ്ട, അവരുടെ പഠനമൊക്കെ കഴിയട്ടെ. എന്നിട്ടു ഞാന്‍ വരാം അമ്മാ. അന്നത് അങ്ങനെ തീര്‍ന്നു.


വര്‍ഷങ്ങള്‍ക്കു ശേഷം കുട്ടികളൊക്കെ ഡിഗ്രി കഴിഞ്ഞു. ഒരു ദിവസം അമ്മയെ കാണാന്‍ പോയപ്പോഴാണ് ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റില്‍ ഒരു ഹോട്ടല്‍ പോലെ തുടങ്ങുന്നതിന്‍റെ കാര്യം പറയുന്നത്. നിനക്ക്  സ്വന്തമായി എന്തെങ്കിലും ചെയ്യാമല്ലോ. വീട്ടില്‍ വെറുതേ ഇരിക്കുകയും വേണ്ട എന്ന് അമ്മ പറഞ്ഞു. അന്ന് അമ്മ കമ്മ്യൂണിസ്റ്റിലാ, കൃഷി മന്ത്രിയായിരുന്നു. വര്ഷം ഒന്നും എനിക്കോര്‍മ്മയില്ല. അന്ന് വേറെ കുറച്ചു പെണ്ണുങ്ങളേം കൂട്ടി ഒരു സംഘമായി രജിസ്റ്റര്‍ ചെയ്തു. നാലു വര്‍ഷത്തോളം അവിടെയായിരുന്നു. മന്ത്രിസഭ മാറിയപ്പോ തീര്‍ന്നു. കടയും അടച്ചിട്ടുപോയ ഞാന്‍ രാവിലെ വന്നപ്പോള്‍ കണ്ടത് പൂട്ടും തല്ലിത്തകര്‍ത്ത് അകത്തെ സാധനങ്ങള്‍ എല്ലാം വലിച്ചു വാരി പുറത്തിട്ടിരിക്കുന്നതാ. ഇനി തുടരാന്‍ പറ്റില്ലത്രേ. കാലാവധി കഴിഞ്ഞു എന്നും പറഞ്ഞാ അവര്‍ അന്നാപ്പണി കാണിച്ചത്. രണ്ടു ലക്ഷം രൂപയോളം എന്നിക്കന്നു നഷ്ടമുണ്ടായി. പോരാത്തേന് തലേന്ന് മേശവലിപ്പില്‍ വച്ചു പൂട്ടിയ 5000രൂപയും.

പിന്നെ ആനയറയില്‍ തന്നെയുള്ള കെഡി മൊട്ടോഴ്സിന്‍റെ ഷോറൂമിലെ സ്ഥലത്തായിരുന്നു മൂന്നര..അല്ല നാലു വര്ഷം മുന്‍പ് വരെ. ഇവിടെ ലൈബ്രറിയില്‍ കാന്‍റീന്‍ നടത്താന്‍ ആളെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ കണ്ടു. അപേക്ഷേം കാര്യങ്ങളൊക്കെ കഴിഞ്ഞ് അതങ്ങു ശരിയായി.

ഇടയ്ക്ക് പലരും കാന്‍റീന്‍ നമ്മടെ കൈയ്യീന്നു മാറ്റാനുള്ള ശ്രമമൊക്കെ നടത്തി. നമ്മള്‍ ഇത് നടത്തുന്നത് എങ്ങനെയാണെന്ന് അറിയാവുന്നതുകൊണ്ട് ലൈബ്രറിയിലെ സാറന്മാര്‍ ഒക്കെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. മാത്രമല്ല  പൂട്ടിക്കണം എന്നു ചിലര്‍ കരുതുമ്പോ നടത്തണം എന്ന വാശി എനിക്കും കൂടും.

വരുന്ന പിള്ളേരുടെ എണ്ണം കൂടുന്നു,, ചായയുടെയും സുഖിയന്റെ എണ്ണവും. ചര്‍ച്ചകളില്‍ വിഷയം രാഷ്ട്രീയം തന്നെ.

കാന്‍റീനിനു പുറത്തെ കസ്തൂരിയമ്മൂമ്മ
കസ്തൂരിയുടെ കഥ പൂര്‍ത്തിയാവണമെങ്കില്‍ ഒരു കഥാപാത്രം കൂടി കടന്നു വരേണ്ടിവരും. അവരുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ കണ്ട തൈക്കാട് ഉള്ള വീട്. വെറും വീടല്ല. തിരുവനന്തപുരത്തുള്ള പഴയ വീടുകളില്‍ ഒന്നാണ് ആ ഓടിട്ട അകത്തളമൊക്കെയുള്ള വീട്. മുറ്റത്തെ നാല് തട്ടുകളുള്ള ജലധാര പഴയ അഗ്രഹാരങ്ങളില്‍ കണ്ടുവരാറുള്ള സിമന്റ് മുറ്റം എന്നിങ്ങനെ ഗൃഹതുരത്വമുണര്‍ത്തുന്ന നിരവധി ഘടകങ്ങള്‍.

ചുറ്റും പണിതുയര്‍ത്തുന്ന കളര്‍ഫുള്‍ വീടുകള്‍ക്കിടയിലും ഈ ഓടിട്ട വീട് തലയുയര്‍ത്തി നില്‍ക്കുന്നു.തൈക്കാട് പോസ്റ്റ്‌ ഓഫീസിനു സമീപം നൂറിലേറെ വര്ഷം പഴക്കമുള്ള  ഈ വീട്ടില്‍ ഇളയ മകനോടും ഭാര്യയോടുമൊപ്പം താമസിക്കുകയാണ് അവര്‍. രാവിലെ അഞ്ചു മണി കഴിയുമ്പോ എഴുന്നേല്‍ക്കുന്ന ശീലം ഇതുവരെ ഇവര്‍  നിര്‍ത്തിയിട്ടില്ല. കുളിയും ജപവും കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രസന്ദര്‍ശനം.  9.30ആകുമ്പോള്‍ കാന്‍റീനില്‍ ഹാജര്‍. വൈകിട്ട് ആറുമണി വരെ അവിടെ.

ഒഴിവുള്ള സമയത്തെ  വായനയാണ്  ഇഷ്ടപ്പെട്ട സംഗതി. തിരുവനന്തപുരം സിറ്റിയില്‍ എവിടെ കുക്കിംഗ് ക്ലാസ് നടന്നാലും കസ്തൂരിയമ്മൂമ്മയുണ്ടാവും. മക്കള്‍ മൂന്നും അമ്മയ്ക്ക് പിന്തുണയോടെ കൂടെയുണ്ട്.  പ്രായം 70 ആകുന്നുവെന്നുള്ളത് അവരുടെ ശരീരത്തിനു മാത്രമാണ്, മനസ്സില്‍ ഇപ്പോഴും അവര്‍ പഴയ കസ്തൂരിയാണ്. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ വി)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍