UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒളിംപിക്‌സില്‍ പ്രതിഷേധ ചിഹ്നമുയര്‍ത്തി എത്യോപ്യന്‍ മെഡലിസ്റ്റ്; പിന്നാലെ വധ ഭീഷണിയും

Avatar

കെവിന്‍ സിയെഫ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒളിംപിക്‌സില്‍ മാരത്തണ്‍ ഫിനിഷിങ് ലൈന്‍ കടന്നപ്പോള്‍ എത്യോപ്യയുടെ ഫെയിസ ലിലേസ തന്റെ കൈകള്‍ തലയ്ക്കുമുകളിലുയര്‍ത്തി ഒരു ഗുണനചിഹ്നമുണ്ടാക്കി. വെള്ളിമെഡല്‍ നേടിയ ലിലേസയുടെ പ്രകടനം കണ്ടിരുന്നവരില്‍ മിക്കവര്‍ക്കും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല; എത്ര അപകടകരമായ ഒരു പ്രതിഷേധമാണ് അവര്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും.

എത്യോപ്യയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗമായ ഓറോമോ വംശത്തിലെ നൂറുകണക്കിനാളുകളെ സര്‍ക്കാര്‍ കൊന്നൊടുക്കുന്നതില്‍ പ്രതിഷേധിക്കുകയായിരുന്നു ലിലേസ. സര്‍ക്കാര്‍ അവരെ പാര്‍ശ്വവല്‍ക്കരിക്കുന്നതായി ദീര്‍ഘകാലമായി പരാതിപ്പെട്ടുവരിയാണ് ഓറോമോകള്‍. ഓറോമോകളുടെ ഭൂമി മറ്റുള്ളവര്‍ക്കു നല്‍കാനുള്ള നീക്കത്തിനെതിരെ ഈ വര്‍ഷം മുഴുവന്‍ പ്രതിഷേധത്തിലായിരുന്നു അവര്‍. പ്രതിഷേധങ്ങള്‍ മിക്കവാറും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കുക. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് നവംബര്‍ മുതല്‍ നാനൂറിലധികം പേരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്.

മാസങ്ങളായി ഓറോമോകള്‍ ഉപയോഗിച്ചുവന്ന പ്രതിഷേധചിഹ്നമാണ് ഒളിംപിക്‌സിലെ ഫിനിഷിങ് ലൈനില്‍ ലിലേസ പ്രദര്‍ശിപ്പിച്ചത്.

മല്‍സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ ചെറുത്തുനില്‍പ് സന്ദേശം ലിലേസ ആവര്‍ത്തിച്ചു.

‘എത്യോപ്യന്‍ സര്‍ക്കാര്‍ എന്റെ ആളുകളെ കൊല്ലുകയാണ്. ഓറോമോ എന്റെ ഗോത്രമാണ്. അതിനാല്‍ എവിടെയും എല്ലാ പ്രതിഷേധങ്ങള്‍ക്കും ഒപ്പമാണ് ഞാന്‍. എന്റെ ബന്ധുക്കള്‍ ജയിലിലാണ്. ജനാധിപത്യ അവകാശങ്ങളെപ്പറ്റി പറയാന്‍ ശ്രമിച്ചാല്‍ അവര്‍ കൊല്ലപ്പെടും,’ ലിലേസ പറഞ്ഞു.

സംഭവങ്ങളുടെ ഗതി മാറിയത് പെട്ടെന്നായിരുന്നു. ദേശീയ ഹീറോ ആയിരുന്ന ലിലേസ സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്വന്തം രാജ്യത്ത് വിലക്കപ്പെട്ടവനായി. എത്യോപ്യയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ ലിലേസയുടെ മത്സരം രണ്ടാമതൊരിക്കല്‍ സംപ്രേഷണം ചെയ്തില്ല.

കൊല്ലപ്പെട്ടവര്‍ക്കു പുറമെ നിരവധി ഓറോമോ പ്രതിഷേധക്കാര്‍ എത്യോപ്യയില്‍ ജയിലിലുമാണ്. ലിലേസ അപകടത്തെപ്പറ്റി ബോധവാനായിരുന്നു. മറ്റെവിടേയ്‌ക്കെങ്കിലും മാറുന്നതിനെപ്പറ്റി ചിന്തിക്കുന്നതായി അദ്ദേഹം അറിയിച്ചു.

‘എത്യോപ്യയിലേക്കു തിരിച്ചുപോയാല്‍ അവര്‍ എന്നെ കൊന്നേക്കാം. കൊല്ലുന്നില്ലെങ്കില്‍ ജയിലില്‍ അടയ്ക്കും. ഞാന്‍ തീരുമാനം എടുത്തിട്ടില്ല. എങ്കിലും മറ്റൊരു രാജ്യത്തേക്ക് മാറാന്‍ ആലോചിക്കുന്നു.’

മല്‍സരത്തിനുശേഷം എത്യോപ്യന്‍ കായികതാരങ്ങള്‍ രാജ്യം വിടുന്നത് ഇതാദ്യമല്ല. 2014ല്‍ യൂജെനിലെ ഇന്റര്‍നാഷനല്‍ ജൂനിയര്‍ ട്രാക്ക് ചാംപ്യന്‍ഷിപ്പില്‍നിന്ന് അപ്രത്യക്ഷരായ നാല് ഓട്ടക്കാര്‍ യുഎസില്‍ അഭയത്തിന് അപേക്ഷിച്ചു.

ഓറോമോകളുടെ ദുരിതവും സാധാരണക്കാര്‍ക്കെതിരെ സൈനികശക്തി ഉപയോഗിക്കുന്ന എത്യോപ്യന്‍ സര്‍ക്കാരിന്റെ നടപടിയും ഈയിടെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നെങ്കിലും അവയൊന്നും ലിലേസയുടെ പ്രതിഷേധം പോലെ പ്രാധാന്യം നേടിയില്ല. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നതില്‍ അതിയായ ആശങ്കയുണ്ടെന്ന് ഈ മാസം ആദ്യം ആഡിസ് അബാബയിലെ യുഎസ് എംബസി പറഞ്ഞെങ്കിലും സംഭവത്തെ അപലപിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. സോമാലി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍ ഷബാബുമായുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷിയാണ് എത്യോപ്യ എന്നതാണ് കാരണം.

ഓറോമോ വിമതര്‍, പ്രത്യേകിച്ച് രാജ്യത്തിനു പുറത്തുള്ളവര്‍, അവരുടെ പ്രശ്‌നങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയിരുന്നു. ലിലേസ ഫിനിഷിങ് ലൈന്‍ കടന്നയുടന്‍ അദ്ദേഹത്തിന്റെ ചിത്രവുമായി ഫേസ്ബുക്കും ട്വിറ്ററും സജീവമായി.

ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് എത്യോപ്യ. സാമ്പത്തികാ സാധ്യതകളുടെ ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നതും ഈ രാജ്യത്തെയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ ‘അടുത്തും അകലെയുമുള്ള വിദേശ ശത്രുക്കള്‍ പ്രാദേശിക ശക്തികളുമായി ചേര്‍ന്ന് നടത്തുന്നവ’യാണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്.

എട്ടുവര്‍ഷത്തിലേറെയായി എത്യോപ്യയ്ക്കു വേണ്ടി മല്‍സരിക്കുന്നയാളാണ് ലിലേസ. ലോകത്ത് ഏറ്റവും വേഗമേറിയ മാരത്തണ്‍ റെക്കോഡും ലിലേസയുടെ പേരിലാണ്. സമയം 2:04:52.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍