UPDATES

ഇന്‍-ഫോക്കസ്

തോമറിന്റെ അറസ്റ്റ്: കേന്ദ്രവും പൊലീസും ഇരിക്കും കൊമ്പ് മുറിക്കുന്നു

Avatar

ജി എല്‍ വര്‍ഗീസ്

അഭിഭാഷകന്‍ ആകാനാണെങ്കിലും നിയമ മന്ത്രി ആയതുകൊണ്ടാണെങ്കിലും ദല്‍ഹയിലെ എഎപി മന്ത്രിസഭയിലെ ജിതേന്ദര്‍ സിംഗ് തോമര്‍ വ്യാജമായി ബിരുദമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍ തോമാര്‍ വ്യാജ ബിരുദം ഉണ്ടാക്കിയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഇനി കോടതിയാണ്. അക്കാര്യത്തില്‍ ഒരു മുന്‍ വിധിയുടെ ആവശ്യമില്ല.

വ്യാജമായി ബിരുദം നേടുന്നതും സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതും ക്രിമിനല്‍ കുറ്റവുമാണ്. എന്നാല്‍, ജിതേന്ദ്ര സിംഗ് തോമറിനെ അടിയന്തരമായി അറസ്റ്റ് ചെയ്തത് ഏതു നടപടി ക്രമം അനുസരിച്ചാണെന്നും ആരുടെയൊക്കെ നിര്‍ദേശം അനുസരിച്ചാണെന്നും ഡല്‍ഹി പൊലീസ് കോടതികളിലും കാണുന്നവരുടെ മുമ്പിലെല്ലാം വിശദീകരിക്കേണ്ടി വരും.

ഒന്നാം ക്ലാസില്‍ പോലും പോകാത്തവര്‍ക്ക് മന്ത്രിയാകാമെന്നിരിക്കെ, നിയമ മന്ത്രിയായതു കൊണ്ടുമാത്രം ധൃതിയില്‍ അറസ്റ്റ് ചെയ്യാന്‍ ഇദ്ദേഹം ചെയ്ത ഗുരുതരമായ തെറ്റെന്തെന്നാണ് ആദ്യത്തെ ചോദ്യം. ഡല്‍ഹി പൊലീസ് പുറത്തു പറയുന്ന ഗുരുതരമായ ക്രിമിനല്‍ കേസാകുന്നത് എങ്ങനെയാണെന്നും ഇവിടെ പരിശോധിക്കണം. ഒരാള്‍ വ്യാജമായിട്ടാണ് ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെങ്കിലും അതുപയോഗിച്ച് യോഗ്യമല്ലാത്തതു നേടുകയോ ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുമ്പോളാണ് അത് ക്രിമിനല്‍ കുറ്റമാകുക.

ഇവിടെ അഭിഭാഷകനായിരുന്ന തോമറിനെതിരെ ഡല്‍ഹി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിയന്തരമായുള്ള അറസ്റ്റ് മഹാമഹം. തോമര്‍ ബാര്‍ കൗണ്‍സിലിനെയാണ് തെറ്റിദ്ധരിപ്പിച്ചതെങ്കില്‍ അതില്‍ ആദ്യം നടപടിയെടുക്കേണ്ടതു കോടതിയായിരുന്നില്ലേ? അഭിഭാഷകനായി എന്‍ റോള്‍ ചെയ്യുന്നത് കോടതി മുമ്പാകെയാണ്, അല്ലാതെ ബാര്‍ കൗണ്‍സില്‍ മുമ്പാകെയല്ല. ബാര്‍ കൗണ്‍സില്‍ പരാതി നല്‍കിയതു കൊണ്ടു മാത്രം പൊലീസിന് നടപടിയെടുക്കാനാവുമോ എന്നതാണ് മറ്റൊരു ചോദ്യം.

തോമറിന്റെ ബിരുദം വ്യാജമാണെന്നു ഉത്തര്‍പ്രദേശിലെ ഫൈസാബാദിലുള്ള അവധ് സര്‍വകലാശാല സാക്ഷ്യപ്പെടുത്തി അക്കാര്യം അറിയിച്ചിട്ടുള്ളത് ഹൈക്കോടതിയെ ആണ്. കേസ് പരിഗണിക്കുന്ന ഹൈക്കോടതിയാകട്ടെ, സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ തോമറിനോടു നിര്‍ദേശിച്ചിട്ടു കേസ് മാറ്റി വച്ചിരിക്കുകയാണ്. തോമറിനെ അറസ്റ്റ് ചെയ്യാനോ, തോമറിനെതിരേ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടു നിര്‍ദേശിക്കുകയോ ഹൈക്കോടതി ചെയ്തിട്ടില്ല.

തോമര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയതാണ് വിഷയമെങ്കില്‍ അതില്‍ ആദ്യം നടപടിയെടുക്കേണ്ടത് കമ്മീഷനല്ലേ? കമ്മീഷന്റെ നിര്‍ദേശം വല്ലതും ഇക്കാര്യത്തിലുണ്ടായതായും അറിവില്ല. അതല്ല, സത്യവാങ്മൂലത്തിലെ ബിരുദമാണ് വിഷയമെങ്കില്‍ തന്നെ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ തന്നെ ആരോപണങ്ങളില്ലേ? സ്മൃതി ഇറാനിക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജികളും പരാതികളും കോടതിയിലും പൊലീസ് സ്‌റ്റേഷനിലുമുണ്ട്. ഇതില്‍ നടപടിയുണ്ടായോ? മൂന്ന് തവണ മത്സരിച്ചപ്പോഴും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഓരോ തവണയും സ്മൃതി പറഞ്ഞത് മൂന്ന് ബിരുദങ്ങളുടെ കാര്യം. ഇതു സംബന്ധിച്ച വിവാദം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയപ്പോഴും സ്മൃതി സ്വന്തം ബിരുദത്തെ കുറിച്ച് ശരിയെന്താണെന്ന് വെളിപ്പെടുത്തിയില്ല. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിന്റെ സ്വന്തം പൊലീസും ഒരു നടപടിയുമെടുത്തിട്ടില്ല.

അതു മാത്രമല്ല, മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുതല്‍ ആ കുടുംബത്തിലെ ഇളമുറക്കാരായ രാഹുല്‍ ഗാന്ധിക്കും വരുണ്‍ ഗാന്ധിക്കുമെതിരേ പോലും വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണങ്ങളും പരാതികളുമുണ്ട്. ഇവയിലൊന്നും ഒരു നടപടിയെടുത്തതായി ആരുമറിഞ്ഞിട്ടില്ല. ഇതിലൊക്കെ നടപടി എടുത്തിട്ടു വേണ്ടായിരുന്നോ ഈ പുതുമക്കാരന്റെ പിടലിക്കു പിടിക്കല്‍. വ്യാജ ബിരുദത്തിന്റെ പേരില്‍ മറ്റൊരു പാര്‍ട്ടിയുടെ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്രം സ്വന്തം മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമോ?

അപ്പോള്‍ അടിയന്തരമായി ഒരു മന്ത്രിയെ അറസ്റ്റ് ചെയ്തത് ചില അധികാര തര്‍ക്കങ്ങളുടെയും രാഷ്ട്രീയ വൈരാഗ്യങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന സംശയം വെറുതെയാകില്ല. അതിലും പൊലീസ് ചെയ്യേണ്ട ചില നടപടിക്രമങ്ങളുണ്ടായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളേതൊക്കെയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതൊക്കെ തന്റെ കാര്യത്തില്‍ പൊലീസ് ചെയ്തിരുന്നോ എന്ന് തോമര്‍ വ്യക്തമാക്കിക്കൊള്ളും. എന്നാല്‍, ഒരു ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നോ എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമസഭാംഗമായ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്പീക്കറുടെ അനുമതി തേടേണ്ടതായിട്ടുണ്ട്. അതുപോലെ മന്ത്രിയായ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെയും. ഇതൊന്നും ഡല്‍ഹി പൊലീസ് പാലിച്ചതായി അറിവില്ല. 

തോമറിനെ അറസ്റ്റ് ചെയ്ത് സാകേതിലെ കോടതിയിലെത്തിച്ച പൊലീസിനോടു ജഡ്ജി ചോദിച്ചതും ഇതു തന്നെ. എന്തായിരുന്നു ഇത്ര ധൃതി…? വെറും പ്രഹസനമല്ലേ ഈ ചെയ്യുന്നത്..?

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍