UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രിസ്ഥാനം: തോമസ് ചാണ്ടിക്ക് ആഗ്രഹമുണ്ട്, പക്ഷേ സാധ്യത കുറവാണ്

പക്ഷേ രാഷ്ട്രീയമാണ്, ചിലപ്പോള്‍ ആലപ്പുഴയ്ക്ക് നാലാം മന്ത്രിയെ കിട്ടായ്കയുമില്ല.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനും മുമ്പ് കുട്ടനാട് എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവുമായ തോമസ് ചാണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തന്റെ മന്ത്രിസ്ഥാനം വകുപ്പ് അടക്കം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പും കഴിഞ്ഞു എന്‍സിപിക്ക് മന്ത്രിസ്ഥാനവും ഉറപ്പായെങ്കിലും തോമസ് ചാണ്ടിയുടെ പ്രവചനം മാത്രം സത്യമായില്ല. ചാണ്ടിക്കു പകരം എന്‍സിപി എ കെ ശശീന്ദ്രനെ മന്ത്രിയാക്കി. തന്റെ കാബിനറ്റിലേക്ക് ശശീന്ദ്രന്‍ മതിയെന്ന തീരുമാനത്തിലൂടെ പിണറായി തോമസ് ചാണ്ടിയെ വെട്ടുകയായിരുന്നു. പിണറായിയുടെ തീരുമാനപ്രകാരമോ അതോ സ്വന്തം നിലയ്‌ക്കോ എന്‍സിപിയും മന്ത്രിയാക്കാന്‍ തെരഞ്ഞെടുത്തത് ശശീന്ദ്രനെ തന്നെ. ഉടക്കി നിന്ന തോമസ് ചാണ്ടിക്ക് ദേശീയനേതൃത്വവും പിന്തുണ കൊടുത്തില്ല. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വീതംവച്ചെടുക്കാമെന്ന ഫോര്‍മുലയുമായി ചാണ്ടി വന്നെങ്കിലും അതും തള്ളിപ്പോയി. എന്‍സിപി മന്ത്രിയായി അഞ്ചുവര്‍ഷവും ശശീന്ദ്രന്‍ തന്നെ തുടരുമെന്ന് വ്യക്തമായി തോമസ് ചാണ്ടിക്കു മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അതോടെ ചാണ്ടി നിശബ്ദനായി.

പക്ഷേ കാര്യങ്ങള്‍ വളരെ വേഗം തിരിഞ്ഞിരിക്കുന്നു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചിരിക്കുന്നു. സാമന്യനിലയില്‍ ഗതാഗതവകുപ്പ് തോമസ് ചാണ്ടിയുടെ കൈകളിലേക്ക് എത്തേണ്ടതാണ്. പക്ഷേ മന്ത്രിയാകാനുള്ള യോഗം ചാണ്ടിക്ക് ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒട്ടും ഉറപ്പില്ല. എങ്കിലും തോമസ് ചാണ്ടി ഇപ്പോഴൊരു ശ്രദ്ധാകേന്ദ്രമാണ്.

എന്‍സിപി ഇപ്പോഴും എ കെ ശശീന്ദ്രനൊപ്പം നില്‍ക്കുകയാണ്. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നു തന്നെയാണു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ പറയുന്നത്. ശശീന്ദ്രനെതിരേയുള്ള ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നു എന്‍സിപി സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയനും പറയുന്നു. ഭാവികാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്നും ദേശീയ നിര്‍വാഹക സമിതിയംഗം ഡിപി ത്രിപാഠി പറയുമ്പോഴും അതില്‍ തോമസ് ചാണ്ടിയുടെ സാധ്യത ആരും പറയുന്നില്ലെന്നതാണു ശ്രദ്ധേയം.

തന്റെ സാധ്യതകള്‍ സംശയത്തിലാണെന്ന് അറിഞ്ഞാണോ അതോ മുമ്പ് പറ്റിപ്പോയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാനാണോ ശശീന്ദ്രന്‍ വിഷയം നയപരമായി കൈകാര്യം ചെയ്യുകയാണ് തോമസ് ചാണ്ടി. എ കെ ശശീന്ദ്രന്‍ രാജിവച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നാണ് തോമസ് ചാണ്ടി പറഞ്ഞിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെടാതെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്ന വിധേയത്വപരമായ തന്ത്രവും തോമസ് ചാണ്ടി മുന്നോട്ടുവച്ചിട്ടുണ്ട്.

തത്കാലം പുതിയൊരു ഗതാഗത മന്ത്രി ഉണ്ടാകില്ലെന്നും ഇപ്പോള്‍ മന്ത്രിസഭയിലുള്ള ആര്‍ക്കെങ്കിലും അധിക ചുമതല നല്‍കുമെന്നുമാണ് അറിയുന്നത്. എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെങ്കിലും തോമസ് ചാണ്ടിയെ പോലെ കോടിശ്വരനായൊരു എംഎല്‍എ യെ മന്ത്രിയാക്കുന്നതിലൂടെ ഉണ്ടാകുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ തന്നെയായിരിക്കും പിണറായി ആഗ്രഹിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമായി ബിസിനസ് സംരഭങ്ങള്‍ ഉള്ള തോമസ് ചാണ്ടി കേരള നിയമസഭയിലെ ഏറ്റവും ധനികനായ ജനപ്രതിനിധിയാണ്. സ്വന്തമായി റിസോര്‍ട്ടുകളും മറ്റുമുള്ള തോമസ് ചാണ്ടി മന്ത്രിയായാലും തന്റെ കച്ചവടങ്ങളുമായി മുന്നോട്ടുപോയാല്‍ അതു മന്ത്രിസഭയ്ക്കു വീണ്ടും പേരുദോഷങ്ങള്‍ വരുത്തിവയ്ക്കും. മൂന്നു തവണയായി കുട്ടനാട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തോമസ് ചാണ്ടി ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിനോട് പരാജയപ്പെടുമെന്നു ഒരുഘട്ടത്തില്‍ ശക്തമായ സൂചനകള്‍ വന്നിരുന്നെങ്കില്‍ പോലും ഒടുവില്‍ വിജയം ചാണ്ടിക്കൊപ്പമായിരുന്നു.

തന്റെ ജനപിന്തുണ തന്നെയാണു തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിനായി മുന്നോട്ടുവച്ചിരുന്ന കാരണമെങ്കിലും ബിസിനസുകാരനായ ഒരു രാഷ്ട്രീക്കാരന്‍ എന്ന പ്രതിച്ഛായ ചാണ്ടിയുടെ മേല്‍ നിഴലായി വീണിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്ത് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് തോമസ് ചാണ്ടി പോയേക്കുമെന്ന വര്‍ത്തമാനവും ശക്തമായിരുന്നു. ഈ സംശയം ഇപ്പോഴും തോമസ് ചാണ്ടിയുടെ മേലുണ്ട്. അതും അദ്ദേഹത്തിനു തിരിച്ചടിയാണ്. ഇങ്ങനെയെല്ലാം കണക്കു കൂട്ടി നോക്കിയാല്‍ പിണറായി മന്ത്രിസഭയിലേക്ക് തോമസ് ചാണ്ടിയുടെ രംഗപ്രവേശം തത്ക്കാലം അസാധ്യമായ ഒന്നു തന്നെയാണ്. പക്ഷേ രാഷ്ട്രീയമാണ്. അവിട അനിശ്ചിത്വവും അപ്രതീക്ഷിതവുമായ കാര്യങ്ങളാണ് നടക്കുക. ചിലപ്പോള്‍ ആലപ്പുഴയ്ക്ക് നാലാം മന്ത്രിയെ കിട്ടായ്കയുമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍