UPDATES

ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാവും എന്ന വിശ്വാസമാണ് ജയ്റ്റ്‌ലിക്ക്: തോമസ് ഐസക്

അഴിമുഖം പ്രതിനിധി

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയെ വിശദീകരിച്ച് കേരള ധനമന്ത്രി തോമസ് ഐസക്. പുതിയ നടപടിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകും, ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാവും എന്ന വിശ്വാസമാണ് ജയ്റ്റ്‌ലിക്കെന്നും യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് തര്‍ക്കത്തിന് പോകേണ്ട എന്നൊരു നിലപാട് ആണ് ചര്‍ച്ചയില്‍ സ്വീകരിച്ചതെന്നും ഐസക് പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഐസക് വെളിപ്പെടുത്തിയത്.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി സാമാന്യം ദീര്‍ഘമായ കൂടിക്കാഴ്ച മുഖ്യമന്ത്രി നടത്തി. വിശദമായ ഒരു മെമ്മോറാണ്ടവും തയ്യാറാക്കിയിരുന്നു. നമ്മള്‍ ആവശ്യപ്പെട്ടിരുന്ന ഒരു പ്രധാനപ്പെട്ട കാര്യത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ഇപ്പോള്‍ പഴയ നോട്ടുകള്‍ സേവനങ്ങള്‍ക്കും ചരക്കുകള്‍ക്കും മറ്റും സ്വീകരിക്കുന്നതിന് അനുവദിച്ചിട്ടുള്ള ആശുപത്രികള്‍, റെയില്‍വേ, റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ നികുതി, ചാര്‍ജ്ജുകള്‍, ഫീസ്, ഫൈനുകള്‍ തുടങ്ങിയവയും 24 ആം തീയതി വരെ കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതാണ്.

നികുതി കുടിശിക ഉള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താ. ഓണ്‍ലൈന്‍ അല്ലാതെ ട്രെഷറി വഴി പണം സ്വീകരിക്കുവാന്‍ ഏര്‍പ്പാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആംനിസ്റ്റി സ്‌കീമുകളില്‍ പണം അടക്കേണ്ടവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. പക്ഷെ വന്‍കിട കച്ചവടക്കാര്‍ എല്ലാം അവരുടെ സാധാരണഗതിയിലുള്ള ഓണ്‍ ലൈന്‍ സമ്പ്രദായം തന്നെ തുടരും എന്നാണ് കരുതുന്നത്. ബാങ്കില്‍ നിന്ന് 24000 രൂപ ആണല്ലോ ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവാദമുള്ളത്. കച്ചവടക്കാര്‍ക്ക് 50000 രൂപ വരെ അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ട്രെഷറിയും കെ എസ് എഫ് ഇ യും സാധാരണ ഗതിയില്‍ ഉള്ള ഓപ്പറേഷന്‍സ് നടത്തുവാന്‍ അനുവാദം നല്‍കണമെന്ന അഭ്യര്‍ത്ഥന പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി സമ്മതിച്ചു. ഇതുപോലെ തന്നെ പ്രാഥമീക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകളെ പോലെ തന്നെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിതരണം ചെയ്യാനും ഡിപ്പോസിറ്റും സീകരിക്കുവാനുമുള്ള അവകാശം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. പ്രാഥമിക സഹകരണ ബാങ്കുകളെ പ്രവര്‍ത്തനക്ഷമമാക്കാതെ ഇന്നുള്ള പ്രതിസന്ധി കേരളത്തിന് തരണം ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി ഊന്നി പറയുകയുണ്ടായി.

ശബരിമല നടവരവ് ഇപ്പോഴുള്ളത് പോലെ ബാങ്കുകളിലേക്ക് മാറ്റാം. പക്ഷെ തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ ചില്ലറപണത്തിന്റെ ആവശ്യത്തിന് എങ്ങനെ നിവൃത്തി വരുത്തും? കൂടുതല്‍ കൗണ്ടറുകള്‍ ഇതിനായി തുറക്കാമെന്ന് മന്ത്രി സമ്മതിച്ചു. അതിനു പുറമേ ഇക്കാര്യത്തില്‍ പ്രാഥമീക സഹകരണ സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. സംസ്ഥാന ട്രെഷറിയില്‍ കോര്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തി കഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ട്രെഷറിയുടെ കൗണ്ടറുകള്‍ പ്രത്യേകം തുറക്കുന്നതാണ്. യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് തര്‍ക്കത്തിന് പോകേണ്ട എന്നൊരു നിലപാട് ആണ് ഞങ്ങള്‍ സ്വീകരിച്ചത്. നോട്ട് റദ്ദ് ആക്കുന്നത് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ അത് കള്ളപ്പണത്തെ വലയില്‍ കൊണ്ട് വരുന്നതിന് തടസ്സമാകും എന്ന പക്ഷക്കാരന്‍ ആണ് ജയ്റ്റ്‌ലി. ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാവും എന്ന ശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തിന്. ഇപ്പോള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്ന നടപടികള്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രയേറെ കൈവിട്ടു പോകില്ലായിരുന്നു.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍