UPDATES

കേരളം

ശുചിത്വം, പ്ലാസ്റ്റിക്ക്, നില്‍പ്പ് സമരം, മാവോയിസം… തോമസ് ഐസക് നിലപാട് വ്യക്തമാക്കുന്നു

മാവോയിസം നടപ്പില്‍ വരുത്തിക്കളയാം എന്ന വ്യാമോഹമൊന്നും കേരളത്തില്‍ ആര്‍ക്കും വേണ്ട.

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ തോമസ് ഐസക് എം എല്‍ എ മുന്നോട്ടുവയ്ക്കുന്ന ചില പാഠങ്ങള്‍ അല്ലെങ്കില്‍ പാഠഭേദങ്ങള്‍ ഇന്ന് കേരളം പലരീതിയില്‍ ചര്‍ച്ച ചെയ്തുവരികയാണ്. ശുചിത്വത്തിന്റെ കാര്യത്തിലായാലും ജൈവ പച്ചക്കറിക്കൃഷിയുടെ കാര്യത്തിലായാലും സമകാലീന രാഷ്ട്രീയ-സാമൂഹികവൃത്തങ്ങളുടെ നിരന്തരമായ ഇടപെടലുകളിലൂടെ അവയെ സജീവമാക്കി നിര്‍ത്താനും ആ പ്രവര്‍ത്തനങ്ങളെ പരമാവധി വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതേസമയം തന്നെ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടത്തിനാണെന്ന് ആരോപിക്കുന്നവരും കുറവല്ല.  ഈയൊരു സാഹചര്യത്തില്‍ തനിക്കെന്താണ് ഇക്കാര്യങ്ങളില്‍ പറയാനുള്ളതെന്ന് തോമസ് ഐസക് എം എല്‍ എ അഴിമുഖത്തോട് വ്യക്തമാക്കുന്നു.

ശുചിത്വം, പച്ചക്കറിക്കൃഷി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായ രാഷ്ട്രീയ വീക്ഷണത്തോടെയാണ് സിപിഐഎം ഏറ്റെടുക്കുന്നത്. എന്നാല്‍ ആ രാഷ്ട്രീയവീക്ഷണം ഇല്ലാത്ത ആളുകളുമായിപ്പോലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ശൈലിയും അനുവര്‍ത്തിക്കണം. പ്രത്യേക രാഷ്ട്രീയവീക്ഷണം ഉള്ളവര്‍ ഈ പദ്ധതികളുടെ പങ്കാളികളാകുന്നതിനോടൊപ്പം തന്നെ അത്തരമൊരു വീക്ഷണത്തോട് സമ്മതമില്ലാത്തവര്‍ക്കുപോലും ഒത്തുചേരാന്‍ പറ്റുന്ന ശൈലിയില്‍ ഇതെല്ലാം ഏകോപിപ്പിക്കാന്‍ കഴിയുന്നിടത്തു തന്നെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം വിജയകരമാക്കുന്നത്.

എന്താണ് ശുചിത്വത്തിന്റെ രാഷ്ട്രീയം
ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം എന്നോട് ഒരു ലേഖനം ആവശ്യപ്പെടുകയുണ്ടായി. ആലപ്പുഴയിലെ ശുചിത്വ കാമ്പയിന്‍ എന്നപേരില്‍ ഒരു നരേഷന്‍ എഴുതി തയ്യാറാക്കി അവര്‍ക്ക് നല്‍കി. എന്നാല്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ ആ ടൈറ്റില്‍ മാറ്റം വരുത്തി Do it like Alappuzha എന്നാക്കി. സ്വച്ഛ്‌ ഭാരത് പദ്ധതിയുടെ നേരിട്ടുള്ള രാഷ്ട്രീയ നടപ്പാക്കല്‍ എന്നരീതീയിലേക്ക് അവരതിനെ എത്തിച്ചു. ആ ലേഖനം മുന്നോട്ടുവച്ച സന്ദേശം സമ്പൂര്‍ണ ശുചിത്വം കൈവരിക്കാന്‍ കേരളത്തിന് കഴിയും എന്നതായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം ഇത്തരമൊരു നേട്ടത്തിന് നിരവധി പ്രതിസന്ധികള്‍ തടസ്സമാകും. മുംബൈയിലെ ചേരികളുടെ കാര്യമെടുക്കൂ. അവിടുത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ചേരിനിവാസികളാണ്. അവിടെ നടക്കുന്ന നഗരവത്കരണത്തിന്റെ ഭാഗമായി വീണ്ടും വീണ്ടും അനിവാര്യമെന്നപോലെ ചേരികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ നഗരപ്രദേശങ്ങളിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ല. അതുകൊണ്ട് അവിടെ വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ്. കേരളത്തില്‍ അത്തരമൊരു പ്രതിസന്ധി ഉണ്ടാവുന്നില്ല. കേരളത്തില്‍ ഇന്നുള്ള നഗരങ്ങളിലെ ചേരികള്‍ ഇല്ലാതാക്കിയാല്‍ ആ പ്രശ്‌നം അവിടെ തീരുകയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇത് അസാധ്യമാണ്.

കേരളം വിദ്യാഭ്യാസപരമായും ആരോഗ്യപരമായും മുന്നിട്ട് നില്‍ക്കുന്നൊരു സംസ്ഥാനമാണ്. സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്കുള്ള നമ്മുടെ യാത്രയെ സഹായിക്കുന്നതും ഈ നേട്ടങ്ങള്‍ തന്നെയാണ്. ഇതുവഴി ഇന്ത്യക്കാകമാനം ശുചിത്വത്തിന്റെ മികവുറ്റൊരു സന്ദേശം നല്‍കാന്‍  നമുക്ക് കഴിയും. എന്നാല്‍ ഈ ശുചിത്വരാഷ്ട്രീയത്തിന് തടസ്സം നില്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നതാണ് നിര്‍ഭാഗ്യകരമായൊരു കാര്യം. യുഡിഎഫ് മന്ത്രിമാരുമായി സംസാരിച്ചാല്‍ അവര്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതിയെക്കുറിച്ചും ഹൈടെക് എക്യുപ്‌മെന്റ്‌സിനെക്കുറിച്ചുമൊക്കെയാണ് വാചാലരാകുന്നത്. ബയോകണ്‍വെന്‍ഷന്‍ പോലെ പൂര്‍ണമായി വിജയകരമായ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇതിനോട് പുറംതിരിഞ്ഞു നില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന്റെയൊരു ബോധവത്കരണത്തിനുപോലും അവര്‍ തയ്യാറാകുന്നില്ല.

ടെക്‌നോളജി എല്ലാം നോക്കിക്കോളും എന്ന മൂഢത്വമാണ്‌ അവര്‍ക്കുള്ളത്. എന്താണ് പ്രയോജനകരമായ പ്രവര്‍ത്തനമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതിനെക്കുറിച്ച് പഠിക്കാന്‍പോലും തയ്യാറാകുന്നില്ല. യാതൊരു ബോധവത്കരണത്തിനും അവര്‍ക്ക് താല്‍പപര്യമില്ല. സമ്പൂര്‍ണ്ണ ശുചിത്വം പ്രാബല്യത്തിലാകണമെങ്കില്‍ അതിനുവേണ്ടിയുള്ള മൂവ്‌മെന്റിന്റെ ഭാഗമാകാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിനവര്‍ തയ്യാറാകാത്തിടത്താണ് യുഡിഎഫ് സമീപനത്തിന് വളരെ വ്യത്യസ്തമായി ഒരു സമീപനം മുന്നോട്ടുവയ്ക്കാന്‍ സിപിഎം ബാധ്യസ്ഥരാകുന്നത്. ഇതൊരു പരമ്പരാഗത ഇടത് നിലപാട് തന്നെയാണ്. അത് നടപ്പാക്കുന്നത് ജനകീയ ഇടപെടലുകളിലൂടെയാണ്. യുഡിഎഫ് ഇപ്പോഴും ഒരു മാര്‍ക്കറ്റിംഗ് സൊല്യൂഷന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഞങ്ങളത് ജനകീയപിന്തുണയോടെ  നടപ്പിലാക്കാന്‍ തയ്യാറാകുന്നു. യുഡിഎഎഫിന്റെ നിയോലിബറല്‍ പൊസിഷനെ നേരിട്ട് വെല്ലുവിളിക്കുകയാണ് സിപിഎം. ഇതാണ് ശുചിത്വത്തിന്റെ രാഷ്ട്രീയം. രാഷ്ട്രീയം എന്നാല്‍ കക്ഷിരാഷ്ട്രീയം എന്നുമാത്രം ചിന്തിക്കരുത്.

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ അനുകരണമെന്ന വിമര്‍ശനത്തോട്
ചരിത്രം മറന്നുപോകുന്നവരുടെ നാവുപിഴയായി മാത്രമാണ് ഇത്തരമൊരു വിമര്‍ശനത്തെ കാണേണ്ടത്. കേരളത്തില്‍ എങ്ങനെയാണ് വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ ശക്തമായി നിലവില്‍ വന്നതെന്ന് ഇവര്‍ക്ക് അറിയില്ലെന്നുണ്ടോ? എവിടെയാണ് ഈ നേട്ടങ്ങളുടെ ചരിത്രത്തില്‍ ഒരു ആര്‍എസ്എസ്സുകാരനെ കാണാനാവുക! കേരളത്തിലെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും ഇടതുപക്ഷപ്രസ്ഥാനവുമാണ് നമ്മുടെ നാടിന്റെ പുരോഗതിയില്‍ പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുള്ളതെന്നത് അവിതര്‍ക്കിതമാണ്. എന്നിരിക്കെ സിപിഎം, ആര്‍ എസ്എസ്സിനെ അനുകരിക്കുകയാണെന്ന് പറയുന്നത് വെറും അസംബന്ധം. ഉത്തരാധുനികതയുടെ സൈദ്ധാന്തികര്‍ എന്നവകാശപ്പെടുന്നവര്‍ പോലും മൂന്നാംകിട നിലവാരത്തിലേക്ക് തരംതാഴ്ന്ന് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് ഇതിനെല്ലാം കാരണം. കമ്യൂണിസ്റ്റുകാരന്‍ എന്തുചെയ്താലും അതില്‍ ദോഷം കാണും എന്ന മുന്‍വിധിയാണ് ഇവര്‍ക്കുള്ളത്. ഒന്നിനെക്കുറിച്ചും പഠിക്കാന്‍പോലും തയ്യാറാകാതെ എടുത്തുചാടുകയാണ്.

പ്ലാസ്റ്റിക് ശേഖരിക്കാന്‍ കുട്ടികളെ നിയോഗിച്ചു എന്ന വിമര്‍ശനത്തെക്കുറിച്ച്?
ആലുപ്പുഴ നഗരം പ്ലാസ്റ്റിക് വിമുക്ത ശുചിത്വനഗരമായി മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നടന്നുവരുന്ന കാമ്പയിന്റെ ഭാഗമായാണ് കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്തുന്നത്. അവരെ ശുചിത്വത്തിന്റെ സന്ദേശവാഹകരാക്കി വീടുകളിലേക്ക് അയക്കുകയും അതുവഴി ഓരോകുടുംബങ്ങളിലും ശുചിത്വബോധവത്കരണം നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടിയായിരുന്നു അത്. അവരവരുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ടുവരികയും അതുവഴി ആ വീടുകളില്‍ ശുചിത്വം ഒരു സജീവ ചര്‍ച്ചയാക്കി മാറ്റാനുമാണ് ആ കുട്ടികളെ പ്രാപ്തരാക്കിയത്. അവര്‍ ചെയ്യുന്ന സേവനത്തിന് പകരമായി നല്ല പുസ്തകങ്ങള്‍  നല്‍കുന്നു. ചിലര്‍ അവിടെയും കുഴപ്പങ്ങള്‍ കണ്ടത്തി. കാശുള്ളവന്റെയും ഇല്ലാത്തവന്റെയും കുട്ടികള്‍ക്കിടയില്‍ അസമത്വബോധം സൃഷ്ടിക്കപ്പെടുമെന്നവര്‍ ഭയപ്പെട്ടു. കുട്ടികള്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് ഒരിക്കല്‍പ്പോലും തൂക്കിനോക്കിയല്ല അവര്‍ക്ക് പുസ്തകകൂപ്പണ്‍ നല്‍കിയിട്ടുള്ളത്. കുട്ടികളെക്കൊണ്ട് നാട്ടിലെ ചവറുകള്‍ പെറുക്കിപ്പിക്കുകയാണെന്നൊക്കെ പറയുന്നതില്‍ എത്ര ഭയാനകമായ പ്രെജുഡിസമാണ്. അനാവശ്യമായ ചര്‍ച്ചകളാണ് അതിനെതിരെ നടന്നത്. ബാലിശമായ ഇത്തരം ഒച്ചപ്പാടുകളില്‍ നിന്ന് മനഃപൂര്‍വം തന്നെയാണ് ഞാനൊഴിഞ്ഞു നിന്നത്.



ആലപ്പുഴ മോഡല്‍ സംസ്ഥാനവ്യാപകമായി പ്രായോഗികമോ?

ആലപ്പുഴ ചെറിയൊരു നഗരമാണ്. അവിടെ എന്തും പ്രാവര്‍ത്തികമാക്കാന്‍ എളുപ്പമാണ്. എംഎല്‍എ തന്റെ രാഷ്ട്രീയനേട്ടത്തിനുതകുന്ന ഗിമ്മിക്കുകളാണ് അവിടെ നടത്തുന്നത് എന്നൊക്കെയുളള വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ആലപ്പുഴയില്‍ അങ്ങനെയൊക്കെയാണ് നടന്നതെന്ന് സമ്മതിച്ചാല്‍ തന്നെ തിരുവനന്തപുരത്ത് നടക്കുന്നതിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തും? അതെന്റെ മണ്ഡലമല്ലല്ലോ! തിരുവനന്തപുരം ജില്ല ഒരു മാലിന്യത്തൊട്ടിയായി കണക്കാക്കി പോന്നയൊരിടമാണ്. അതിനെതിരെ എത്രനാളായി സമരവും ബഹളവുമൊക്കെ നടന്നു. എന്നാല്‍ ഇന്നാപ്രശ്‌നം പരിഹരിക്കപ്പെടുകയാണ്. പാളയത്തെ അവസ്ഥ എന്തായിരുന്നു. അവിടുത്തെ ഡമ്പിംഗ് യാര്‍ഡുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ദുര്‍ഗന്ധം കൊണ്ട് ഒരാള്‍ക്കും അവിടെ നില്‍ക്കാന്‍ പറ്റുമായിരുന്നോ? ആ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നായിരുന്നു ജനങ്ങള്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങിച്ചിരുന്നത്. ഇപ്പോള്‍ പാളയത്ത് പോയി നോക്കുക. എവിടെയെങ്കിലും നിങ്ങള്‍ക്ക് മാലിന്യം കാണാന്‍ സാധിക്കുമോ? ആര്‍ക്കും മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥയില്ല. ആളുകള്‍ അവിശ്വസനീയതയോടെയാണ് ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നത്.

ആര്‍ക്കും ചെയ്യാമായിരുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തിരുവനന്തപുരത്ത് ഞങ്ങള്‍ നടപ്പാക്കിയത്. അത് കണ്ടപ്പോള്‍ പലര്‍ക്കും വേവലാതി ഉണ്ടായി. ആ വേവലാതിയില്‍ നിന്ന് പതിവുപോലെ വിമര്‍ശനങ്ങളും വിയോജിപ്പുകളുമുണ്ടായി. രാഷ്ട്രീയമായി ഇതില്‍ നിന്ന് എല്‍ഡിഎഫ് നേട്ടമുണ്ടാക്കുമോയെന്ന് ചിലര്‍ ഭയന്നു. അവര്‍ പ്രതിഷേധങ്ങളുയര്‍ത്തി. സമ്പൂര്‍ണ്ണ ശുചിത്വവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലറുടെ വാര്‍ഡിനെ ഒഴിവാക്കി എന്നൊക്കെയുള്ള ആക്ഷേപം ഈ ഭയത്തില്‍ നിന്നുണ്ടാകുന്നതാണ്. നിങ്ങള്‍ ചെയ്തില്ലെങ്കില്‍ വേണ്ട ഞങ്ങളുടെ പ്രദേശം ഞങ്ങള്‍ക്ക് നോക്കാനറിയാം എന്ന വെല്ലുവിളിയായിരുന്നു ഇത്തരം ഭിന്നസ്വരങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം അവര്‍ നടത്തേണ്ടിയിരുന്നത്! രാഷ്ട്രീയം പറഞ്ഞിരുന്നാല്‍ തെരുവില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയേയുള്ളൂ. അതിനനുവദിക്കാതെ യോജിച്ച് നീങ്ങി നഗരം ശുചിത്വമാക്കുകയാണ് വേണ്ടത്.

സന്തോഷത്തോടെ തന്നെ പറയട്ടെ അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്നത്. പതുക്കെയാണെങ്കില്‍ കൂടി യോജിച്ച പ്രവര്‍ത്തനത്തിനായി ആളുകള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തികള്‍മാത്രമല്ല സംഘടനകളും ഈ ശുചിത്വ കാമ്പയിന്റെ ഭാഗമായി അണിചേരുകയാണ്. ജനങ്ങളില്‍ അവരുടെ സിവിക് ഡ്യൂട്ടി ചെയ്യാനുള്ള ബോധമുറപ്പിക്കുകയെന്ന ലളിതമായ പരിപാടിമാത്രമാണ് ഇവിടെ നമ്മള്‍ നടപ്പിലാക്കുന്നത്. ഞങ്ങള്‍ മുന്നോട്ടുവച്ച ഈ ശുചിത്വരാഷ്ട്രീയത്തിന് കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്ന് വലിയ അംഗീകാരമാണ് കിട്ടുന്നത്. എതിരായി ഉണ്ടാകുന്നത് വിലകുറഞ്ഞ വിമര്‍ശനങ്ങള്‍മാത്രം. എന്നാല്‍ ഈ വിമര്‍ശകര്‍ക്ക് ഇതിനൊരു ബദല്‍ പറയാനുമില്ല. തിരുവനന്തപുരത്ത് നാം നേടിയ വിജയം കേരളത്തിന് സ്വീകരിക്കാവുന്ന സന്ദശമാണ്. പരിശ്രമിച്ചാല്‍ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് നമുക്ക് വേഗം മുന്നേറാം. എന്നാല്‍ ഇത് എല്ലായിടത്തും വ്യപിപ്പിക്കാന്‍ പ്രതിപക്ഷത്തിരുന്നുകൊണ്ടു മാത്രം കഴിയില്ല. ഭരണകൂടത്തിനാണ് ഇത് സാധ്യമാകുന്നത്. ജനകീയാസൂത്രണംപോലെ വലിയൊരു കാമ്പയിന്‍ ആയിട്ട് ഈ ശുചിത്വ പരിപാടിയേയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ വിജയം സുനിശ്ചിതമാണ്.

ശുചിത്വരാഷ്ട്രീയം മതിയാകുമോ മോദിരാഷ്ട്രീയത്തെ നേരിടാന്‍
സിപിഎം അതിന്റെ സമരവഴികളില്‍ നിന്ന് പിന്‍തിരിയുന്നു എന്ന ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടത്തുന്നത് സിപിഎം തന്നെയാണ്. സിപിഎം അല്ലാതെ വേറെ ഏതുപാര്‍ട്ടിയാണ് നിയോലിബറല്‍ പോളിസികളെ നഖശിഖാന്തം എതിര്‍ക്കുന്നത്? ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് തന്നെ മോദിയിസത്തിനെതിരെയും യുഡിഎഫിന്റെ അഴിമതികള്‍ക്കെതിരെയും കേരളത്തില്‍ സിപിഎം അല്ലാതെ വേറെയാരാണ് സമരങ്ങള്‍ നടത്തുന്നത്?

നില്‍പ്പുസമരത്തെ എന്തുകൊണ്ട് പിന്തുണച്ചില്ല
ആദിവാസി ഭൂപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ആദിവാസി ക്ഷേമസഭയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നുവരുന്നുണ്ട്. 1500 ഏക്കര്‍ ഭൂമി അവര്‍ വയനാട്ടില്‍ പിടിച്ചെടുത്ത് അവിടെ താമസിച്ചുവരികയാണ്. ഈ ഭൂമി ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തുന്നപക്ഷം അവരുടേതാക്കി നല്‍കുന്നതായിരിക്കും. സിപിഎം നേതൃത്വം നല്‍കുന്ന എകെഎസ് കാലങ്ങളായി ആദിവാസി ഉന്നമനത്തിനായി പൊരുതുകയാണ്. അതിന്റെ പേരില്‍ മാസങ്ങളോളം ജയില്‍ ശിക്ഷയനുഭവിച്ചവരുണ്ട്. ജയിലില്‍ കിടന്നു പ്രസവിച്ച ആദിവാസി സ്ത്രീയുടെ കഥയൊന്നും നമ്മള്‍ മറന്നുകൂടാ. എങ്കില്‍ക്കൂടി എകെഎസിന്റെ സമരങ്ങളെയും അവരുടെ നേട്ടങ്ങളെയും സഹനങ്ങളെയും കാണാതെപോവുകയും അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ പറയുകയുമാണ് ഒരുവിഭാഗം. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒന്നിച്ചുനിന്നുപോരാടുകയാണ് വേണ്ടത്. എന്നാല്‍ അത് ചെയ്യാതെ ഒറ്റയ്ക്ക് നിന്ന് സമരം ചെയ്യാനാണ് ചിലസംഘടനകള്‍ തയ്യാറായത്. അവര്‍ ഒരിക്കല്‍പ്പോലും നമ്മുടെ അടുത്ത് വന്ന് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ആരുംവേണ്ട എന്ന നിലപാടാണ് അവരെടുക്കുന്നത്.

നില്‍പ്പുസമരത്തെക്കാള്‍ എത്രയോ വലുതും ത്യാഗപൂര്‍ണവുമായ സമരങ്ങള്‍ എകെഎസ്സിന്റെ നേതൃത്വത്തില്‍ വയനാട്ടിലും ആറളത്തും നടന്നിട്ടുണ്ടെന്ന് മറക്കരുത്. ആരുടെ സമരത്തെയും പാര്‍ട്ടി വിലകുറച്ച് കാണുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. അതേസമയം ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ഇവിടുത്തെ മാധ്യമങ്ങള്‍പോലും കാണാതെപോവുകയാണ്. അതില്‍ യാതൊരു പരാതിയും ഞങ്ങള്‍ പറഞ്ഞുനടക്കില്ല. എന്നാല്‍ ഇപ്പോള്‍ നടന്ന നില്‍പ്പുസമരം മാത്രമാണ് സമരമെന്നും അതിനെ എന്തുകൊണ്ട് പാര്‍ട്ടി പിന്തുണച്ചില്ലെന്നും മറ്റുമുള്ള വിമര്‍ശനം നടത്തുന്നതില്‍ കാര്യമില്ല. അവര്‍ സമരം നടത്തിയത് നല്ലകാര്യം. ഞങ്ങളതിനെ അംഗീകരിക്കുന്നു. ആദിവാസികള്‍ക്കുവേണ്ടിയല്ലേ, നല്ലത്. നാളെയിവര്‍ നമുക്ക് യോജിച്ച് നിന്ന് സമരം ചെയ്യണമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് എതിരൊന്നും ഉണ്ടാവുകയുമില്ല. എന്നാല്‍ ഈ സമരമാണ് ആദിവാസി പ്രശ്‌നങ്ങളുടെ ടേണിംഗ് പോയിന്റ് എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

എല്‍ഡിഎഫ് ആദിവാസികള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നു പറയുന്നതും എന്തടിസ്ഥാനത്തിലാണ്. ഇടതുപക്ഷം ആദിവാസികള്‍ക്കായി പല ക്ഷേമപദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ടിഎസ്പി ഫണ്ട് പഞ്ചായത്തിനെ ഏല്‍പ്പിച്ചത് എല്‍ഡിഎഫിന്റെ വലിയ നേട്ടമാണ്. എന്നാല്‍ ഫണ്ട് വിനിയോഗം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫലപ്രദമായി നടക്കുന്നില്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യേണ്ടതാണ്. ടിഎസ്പി ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് പ്ലാന്‍ പഞ്ചായത്തല്ല ഉണ്ടാക്കുന്നത്, ഊരുകൂട്ടം തയ്യാറാക്കുന്നത് എടുത്ത് പഞ്ചായത്തില്‍ വയ്ക്കാനെ അവകാശമുള്ളൂ. ഊരുകൂട്ടത്തിന്റെ അനുവാദമില്ലാതെ ഒരുകാര്യവും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ഇതിനിടയില്‍ ഉപജാപങ്ങള്‍ നടക്കുന്നു. ഇതിനെ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ ആരും മുന്നോട്ടുവരുന്നില്ല. സിപിഎമ്മിന്റെ സംഘടനയ്ക്കുപോലും ഇക്കാര്യത്തില്‍ വീഴ്ച്ച വരുന്നുണ്ടെന്നു സമ്മതിക്കുന്നു. ജനാധിപത്യാവകാശങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇതൊരു വലിയ വിമര്‍ശനം തന്നെയാണ്. അട്ടപ്പാടിയിലേക്ക് നിശ്ചിത തുക അനുവദിച്ചാല്‍ അതെങ്ങനെ ചെലവഴിക്കണം എന്നു തീരുമാനിക്കേണ്ടത് ഊരുകൂട്ടമാണ്. അവിടെ പഞ്ചായത്ത് എതിര്‍പ്പു കൊണ്ടുവന്നാല്‍ അവര്‍ക്കെതിരെ ഓംബുഡ്‌സ്മാനെയും കോടതിയേയുമൊക്കെ സമീപിക്കാനുള്ള അവകാശം ആദിവാസികള്‍ക്കുണ്ട്. ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഈ സംഘടനകള്‍ക്കൊന്നും കഴിയാതെ പോവുകയാണ്. പെസ നിയമം നടപ്പിലാക്കുമെന്നാണ് ഇപ്പോള്‍ വാഗ്ദാനം. അതു തങ്ങളുടെ വലിയ നേട്ടമായും സമരം ചെയ്തവര്‍ പറഞ്ഞുനടക്കുന്നു.

പെസ എവിടെയക്കെ നടപ്പിലാക്കാന്‍ കഴിയും? ഇപ്പോള്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ വേറെയൊരിടത്തും അത് നടപ്പിലാക്കാന്‍ സാധിക്കില്ല. കേരളത്തില്‍ ആദിവാസി ഊരുകളുള്ളത് ഒരിടത്തുമാത്രമല്ലല്ലോ. ഒരു ചെറിയ പ്രദശത്ത് മാത്രം നടപ്പാക്കാന്‍ പറ്റുന്നതല്ല പെസ. അതൊരു റീജണില്‍ നടപ്പാക്കാനുള്ളതാണ്. ഒരു വലിയപ്രദേശം മുഴുവന്‍ സാമൂഹികമായി ആദിവാസി മേഖലയാക്കി മാറ്റാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സാധ്യമല്ല. പിന്നെയെന്താണ് ഓള്‍ട്രനേറ്റീവ്? പെസക്ക് പകരം അവര്‍ക്കനുവദിക്കുന്ന ഫണ്ട് അവരുടെ ഊരുകൂട്ടം പറയുന്ന തരത്തില്‍ വിനിയോഗിക്കുക. ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ആദിവാസി ഉന്നമനത്തിനുള്ള ശരിയായ വഴി.

സിപിഎം സൃഷ്ടിക്കുന്ന ശൂന്യതയാണോ മാവോവാദികള്‍ ഉപയോഗിക്കുന്നത്
മാവോയിസം നടപ്പില്‍ വരുത്തിക്കളയാം എന്ന വ്യാമോഹമൊന്നും കേരളത്തില്‍ ആര്‍ക്കും വേണ്ട. ഒരു കടതല്ലി തകര്‍ത്താല്‍ കേരളത്തില്‍ സാമൂഹിക വ്യതിയാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് എന്തുമണ്ടത്തരമാണ്. കേരളസമൂഹത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നത്. പഴയ കേരളമല്ലിന്ന്. പണ്ടുണ്ടായിരുന്ന സ്‌പേസ് പോലും ഇന്ന് സായുധവിപ്ലവത്തിന് ഇവിടെയില്ല. മാവോവാദികള്‍ കേരളത്തില്‍ ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍