UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധനമന്ത്രിയെ നമ്മള്‍ തെണ്ടാന്‍ വിടണോ?

Avatar

എ.എം യാസര്‍

ധനമന്ത്രിയും ധനതത്വശാസ്ത്രജ്ഞനുമായ ഡോ തോമസ് ഐസക്കിന്റെ മാതൃഭൂമി ദിനപത്രത്തിലെ ‘കാലിയായ ഖജനാവ്’ (ജൂണ്‍ 3)ലേഖനം വായിച്ചു. ശ്രദ്ധേയം. ധനകമ്മി സൂചിക കാണുമ്പോള്‍ അദ്ദേഹത്തിലുണ്ടാക്കുന്ന ആശങ്ക വ്യക്തമാണ്. ആത്മാര്‍ത്ഥവും ജനാധിപത്യരീതിയുമാണ് അദ്ദേഹം പിന്തുടരുന്നതെന്നതിന്റെ സൂചനകൂടിയാണ് ലേഖനം. കാലിയായ ഖജനാവിലേക്ക് പണമെത്തിക്കാന്‍ മൂന്ന് പോംവഴികള്‍ അദ്ദേഹം മുന്നോട്ടു വെയക്കുന്നുണ്ട്. പെട്ടെന്ന് പണം ലഭ്യമാക്കാന്‍ അതിലേതെങ്കിലുമൊന്ന് സ്വീകരിക്കേണ്ടി വരും. 

എന്നിരുന്നാലും ബജറ്റ് വഴി ചില പുതിയ മാര്‍ഗ്ഗങ്ങള്‍ തുറന്നിടാന്‍ അദ്ദേഹത്തിന് ശ്രമിക്കാം. മന്ത്രിസഭയുടെ കൂട്ടായ പ്രയ്ത്‌നമുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ വിപ്ലകരമായ മാറ്റമുണ്ടാക്കാം. ചില ചിന്താസൂചനകള്‍:

നമ്മുടെ സര്‍ക്കാറിന്റെ ധനസ്ഥിതി സംസ്ഥാനത്തെ ചില മേഖലകളിലെ വ്യക്തികളുടെ ധനസ്ഥിതിയേക്കാള്‍ മോശമാണ്. അതിന്റെ കാരണം സംസ്ഥാനത്തിന്റെ ധനസമ്പാദ്യരീതിയും പൊതുജന ധനസമ്പാദനരീതിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്നാണ്. 

പൊതുജനം (സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെ) ധനസമ്പാദനത്തിന് തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ്. ആളോഹരിവരുമാനത്തിന്റെ സിംഹഭാഗവും വിദേശത്തു തൊഴില്‍ ചെയ്തും മുതലിറക്കിയും സംമ്പാദിക്കുന്നതാണ്. ആ പണത്തിന്റെ ഭൂമിശാസ്ത്രം തന്നെ വേറെയാണ്. അതിന്റെ ഫലം മാത്രമാണ് കേരള മോഡല്‍ എന്നു നാം കൊട്ടിഘോഷിക്കുന്ന നേട്ടം. അതല്ലാതെ സര്‍ക്കാര്‍ ആശയവും മുതലും ഇറക്കിയതുകൊണ്ടല്ല യുറോപ്പിനു സമാനമായ ജീവിത രീതി മലയാളികള്‍ നേടിയെടുത്തത്. 

ഭൂപരിഷക്കരണം വഴി കൃഷി വാലറ്റുപോയതോടെ വലിയൊരു ജനവിഭാഗം സര്‍ക്കാര്‍ മേഖലയിലും വിദേശത്തേക്കും തൊഴില്‍ തേടിപോയതിന്റെ ഫലവും കൂടിയാണത്. അതുകൊണ്ടാണ് നമ്മുടെ ഖജനാവ് കാലിയാവുമ്പോഴും പൊതുജനം അസ്വസ്ഥമാവാതെ ജീവിതം നയിക്കുന്നത്. പൊതുജീവിതത്തിന്റെ നിലനില്‍പ്പിനും വികാസത്തിലേക്കും സര്‍ക്കാര്‍ ആശയപരമായി മുതലിറക്കുക വഴിമാത്രമേ ഈ പൊരുത്തകേട് മാറ്റാനൊക്കൂ. അങ്ങനെ മാറ്റിയാല്‍ മാത്രമേ ആളോഹരിവരുമാനത്തിനമേല്‍ വ്യത്യസ്ഥങ്ങളായ നികുതി ഈടാക്കാനൊക്കൂ. (Tax divercification) 

അതിനു വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കേരളത്തിന്റെ രാഷ്ടീയ സംമ്പദ്ഘടനയെ പറ്റി കാതലായ അന്വേഷണം നടത്തേണ്ടതുണ്ട്. രവിപിളളയുടേയും എം എ യുസഫ് അലിയുടേയും ആസ്തിയുടെ അരശതമാനം പോലും നമ്മുടെ ഖജനാവില്‍ ശേഷിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് മന്ത്രി പുറത്തുവിട്ടിരിക്കുന്നത്.

പ്രയോജനകരമായ മനുഷ്യവിഭവങ്ങളെ വാര്‍ത്തെടുക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ച് എഴുതിയാല്‍ മാത്രമേ അതു സാധ്യമാവൂ. വിദ്യഭ്യാസത്തിനായി പൊതുഖജനാവില്‍ നിന്നും ചിലവഴിച്ച പണം തിരികെവരികയും അതുവഴി പൊതുജനം സാമ്പത്തികമായി ഭദ്രമാവുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒരു പൗരനുവേണ്ടി സര്‍ക്കാര് വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന പണവും അയാളുടെ പ്രായവും പരിശോധിച്ചാല്‍ തമാശ പിടികിട്ടും. 

നമ്മുടെ ഒരു പൗരന്‍ തൊഴില്‍ ചെയ്ത് സമ്പാദിക്കണമെങ്കില്‍ ചുരുങ്ങിയത് ബിരുദാനന്തരബിരുദം കഴിയണം. അപ്പോഴേക്കും അവള്‍ക്ക്/അവന് 23 വയസായിട്ടുണ്ടാവും. 23-24ല്‍ തൊഴില്‍ തുടങ്ങുന്ന ഒരാളുടെ തൊഴില്‍ ശക്തിയുടെ ശേഷി 18ാം വയസില്‍ തൊഴില്‍ തുടങ്ങുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന വ്യത്യാസമുണ്ട്. യൂറോപ്പില്‍ 16ാം വയസില്‍ ഒരാള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാവുമ്പോള്‍ നമ്മള്‍ 24-26 ആവുന്നു. ആ വ്യത്യാസം നമ്മുടെ ഇക്കോണമിയിലുമുണ്ട്.  

വിഭവങ്ങളെ സൂക്ഷിച്ച് പരിവര്‍ത്തനം ചെയ്യുകയാണ് സംമ്പദ്ഘടന ശക്തിപെടുത്താനുളള ഏറ്റവും വലിയ മാര്‍ഗ്ഗം. ഉദാഹരണത്തിന് നമ്മള്‍ സിലൈറ്റില്‍ പെന്‍സിലുകൊണ്ട് എഴുതികൊണ്ടിരിക്കുമ്പോള്‍ ഒന്നാം ലോകവാസികള്‍ ഡിജിറ്റല്‍ സിലൈറ്റില്‍ എഴുതുന്നു. ഒരോന്നിനുളള മാധ്യമം മാറ്റുമ്പോഴാണ് വിപണിയിലും നാഗരിക പുരോഗതിയിലും നമ്മുക്ക് കുത്തകയുണ്ടാക്കാനുവുക. അതിനു ഒന്നാംതരം വിദ്യാഭ്യാസം നല്‍കണം. 

പിന്തിരപ്പന്‍ നയമുളളവര്‍ക്ക് മാനസികരോഗ്യകേന്ദ്രങ്ങളില്‍ പ്രത്യേക ചികിത്സ നല്‍കണം. ശിലായുഗത്തില്‍ മനുഷ്യര്‍ കല്ലുകൊണ്ട് ആയുധങ്ങളുണ്ടാക്കി. ഇപ്പോള്‍  സിലിക്കണില്‍ ഉണ്ടാക്കുന്നു. ജനസംഖ്യയുടെ വര്‍ദ്ധനവനുസരിച്ച് താരതമ്യേന വലിപ്പം കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവുമെന്നതാണ് ഭൂമിയുടെ ശക്തിയെന്ന് നമ്മുക്കു ബോദ്ധ്യപെടണം. ഒരോ മാധ്യമവും മാറുമ്പോള്‍ പഴയമാധ്യമം തന്നെ വേണമെന്ന് വാശിപിടിച്ച് കരയുന്നവര്‍ മടിയന്‍മാരാണ്. മടിയന്മാര്‍ക്ക് പുരേഗതിയെ ദിശതെറ്റിക്കാന്‍ മാത്രമെ സാധിക്കൂ. അവര്‍ എത്ര നല്ല കവിതകളെഴുതിയാലും. 

മനുഷ്യവിഭവ ശേഷിയെ 7ാം ക്ലാസില്‍ നിന്നും കണ്ടെത്തി 8 മുതല്‍ 12 വരെ സ്‌പെഷ്യലൈസ്ഡ് പരിശീലനം നല്‍കണം. അതുകഴിഞ്ഞാല്‍ തൊഴില്‍ ചെയ്ത് പഠിക്കണം. ആശയങ്ങള്‍ ഉല്‍പാദിക്കാന്‍ ശേഷിയുളളവരെ ടിങ്ക് ടാങ്കുകളായും പ്രയോഗശേഷിയുളളവരെ അതിനായും പ്രാപ്തരാക്കണം. 

മറ്റൊന്ന് വൈദഗ്ദ്യ കുറവുകൊണ്ട് മുട്ടിലിഴയുന്ന സ്വാകാര്യമേഖലക്ക് വേണ്ടെത്ര നിക്ഷേപതുകയും മികവുറ്റ പരീശീലനവും നല്‍കി സഹായിക്കാനുളള സംവിധാനം ശക്തമാക്കുന്നതും നികുതി പിരിവിനുളള അവസരമാവും. 

ധനപ്രതിസന്ധിക്ക് പെട്ടെന്നുളള പരിഹാരങ്ങളല്ലെങ്കിലും നയരൂപീകരണം വഴി ഭാവിയില്‍ ഇത്തര പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. 

ഒരു വീട്ടില്‍ കുറച്ചു പണം ആവിശ്യമെങ്കില്‍ കടം വാങ്ങാം. നിരന്തരം കടം വാങ്ങുന്നതിനേക്കാള്‍ അവിടത്തെ വ്യക്തികളെ തൊഴില്‍ ചെയ്യുന്നതിനായി പ്രാപ്തരാക്കുകയല്ലേ ഉചിതം. കടത്തിനും സഹായത്തിനും കൈനീട്ടുന്നതിനുപകരം മറ്റു വഴികള്‍ കണ്ടെത്തുക തന്നയെല്ലേ ഉചിതമായ മാര്‍ഗം. 

മന്ത്രിയുടെ ലേഖനം ചോദിക്കാതെ ചോദിക്കുന്നത്, ഞാന്‍ യാചിക്കണോ പ്രജകളെയെന്നാണെന്ന് പൗരബോധമുളളവര്‍ ഓര്‍ക്കണം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍