UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധനമന്ത്രി തോമസ് ഐസക് അരവിന്ദ് കേജ്രിവാളിനെ കണ്ടതെന്തിന്?

ടി എം തോമസ് ഐസക് 

സാധാരണ ഗതിയില്‍ സംസ്ഥാന മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചെന്നാല്‍ കേന്ദ്ര മന്ത്രിമാരേയാണ് കാണുക. കേന്ദ്രസര്‍ക്കാരിനല്ലേ സാമ്പത്തികമായി നമ്മെ എന്തെങ്കിലും സഹായിക്കാന്‍ പറ്റൂ. പക്ഷേ, ഞാന്‍ ഡല്‍ഹിയില്‍‌ ആദ്യം കാണാന്‍ പോയത് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനേയും ധനമന്ത്രി മനീഷ് സിസോഡിയയേയുമാണ്. കാരണം മറ്റൊന്നുമല്ല. കഴിഞ്ഞവര്‍ഷം ഡല്‍ഹി സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ 24 ശതമാനം വര്‍ധനവാണുണ്ടായത്. അതൊരു അത്ഭുതമായി എനിക്കു തോന്നി. ഇത്ര വര്‍ധനവ് ഉണ്ടാകുന്നതിനൊരു കാരണം കേന്ദ്രത്തില്‍ നിന്ന് സിഎസ്‌ടിയുടെ നഷ്ടപരിഹാരത്തുക ഒരുമിച്ചു കിട്ടിയതുകൊണ്ടാണ്. എങ്കിലും മറ്റെല്ലാ ഭരണമേഖലകളിലുമെന്നപോലെ നികുതിഭരണത്തിലും ഒട്ടേറെ പരിഷ്കാരങ്ങള്‍ കെജ്രിവാള്‍ കൊണ്ടുവരുന്നുണ്ട്.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച കേരളത്തിലെ ലക്കി വാറ്റിന്റെ ഒരു പുതിയ രൂപം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ബില്ലു വാങ്ങി മൊബൈലില്‍ ഫോട്ടോയെടുത്ത് പ്രത്യേക ആപ്പുവഴി നികുതി വകുപ്പിന്റെ സര്‍വ്വറിലേക്ക് അപ്‌ലോഡ് ചെയ്യുക. കിട്ടുന്ന ബില്ലുകളുടെ ഒരു ശതമാനം കംപ്യൂട്ടര്‍തന്നെ തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. ബില്ലിലെ നികുതിയുടെ അഞ്ചു മടങ്ങാണ് സമ്മാനം നല്‍കുക. ഇതു കേരളത്തില്‍ നമുക്കു സ്വീകരിക്കാവുന്നതാണ്. ബില്ലു വാങ്ങുന്ന ശീലം ഉപഭോക്താക്കള്‍ക്ക് ഉണ്ടെങ്കില്‍ നികുതി സമാഹരണം എളുപ്പമാണ്.

പക്ഷേ, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ കണക്കില്‍ ചേര്‍ത്തില്ലെങ്കില്‍ അതെങ്ങിനെ കണ്ടുപിടിക്കും. ഇതിനു കെജ്രിവാള്‍ നല്‍കിയ ഉത്തരം ഡല്‍ഹിയില്‍ നികുതി പിരിവില്‍ വരാന്‍പോകുന്ന അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ സൂചനയാണ്. ഒരു പുതിയ നിയമം കൊണ്ടുവരാന്‍ പോകുകയാണത്രെ. വ്യാപാരികള്‍ അവരെഴുതുന്ന ബില്ലുകള്‍ തല്‍സമയം തന്നെ നികുതിവകുപ്പിന് അപ്‌ലോഡു ചെയ്യണം. ആദ്യം കംപ്യൂട്ടര്‍ ബില്ലിംഗ് ഉള്ള വ്യാപാരികള്‍ക്കേ ഇതു നിര്‍ബന്ധമാക്കൂ. ഉപഭോക്താക്കള്‍ അപ്‌ലോഡു ചെയ്യുന്ന ബില്ലുകള്‍ വ്യാപാരികള്‍ അപ്‌ലോഡു ചെയ്യുന്ന ബില്ലുകളില്‍ കണ്ടേ പറ്റൂ. നികുതി വകുപ്പില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ ഉപഭോക്താവിന്‍റെ ബില്ലിന്റെയും വ്യാപാരികള്‍ നല്‍കുന്ന ബില്ലിന്റെയും താരതമ്യം ഓട്ടോമാറ്റിക്ക് ആയി നടക്കാവുന്ന സമ്പ്രദായം ആണ് നിലവില്‍ വരാന്‍ പോകുന്നത് . ദിവസാവസാനം കള്ള ബില്‍ എഴുതി അയക്കുന്ന വ്യാപാരികള്‍ക്ക് ഇനിയത് തുടരാനാകില്ല. അതോടെ ഇനിമേല്‍ ഒരു കടയിലും ഒരുദ്യോഗസ്ഥനും പരിശോധനയ്ക്കു പോകേണ്ട ആവശ്യമില്ല. നികുതി ചോര്‍ച്ചയുടെ പഴുതടയും.

പ്രധാന കടക്കാരെല്ലാം കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ഡല്‍ഹിയില്‍ എളുപ്പമാണ്. കേരളത്തില്‍ അത്ര എളുപ്പമാകില്ല. എങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം. അരമണിക്കൂര്‍ സമയം പോയതറിഞ്ഞില്ല. നികുതിവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരേയും കെജ്രിവാള്‍ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്വരാജ് എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും തന്നു.

(തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍