UPDATES

ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ശ്രീനാരായണ ഗുരുവിനോട് സംഘപരിവാര്‍ എങ്ങനെ പെരുമാറും? തോമസ് ഐസക്‌

എംഎം കലബുര്‍ഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാറിനേയും എസ്എന്‍ഡിപിയേയും ആക്രമിച്ച് തോമസ് ഐസക്ക് എംഎല്‍എ. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.


പോസ്റ്റിന്റെ പൂര്‍ണ രൂപം

അന്ധവിശ്വാസങ്ങള്‍ക്കെതിരെയുളള ആശയപ്രചരണം തങ്ങളുടെ പീനല്‍ കോഡില്‍ വധശിക്ഷ നല്‍കാവുന്ന കുറ്റമാണെന്ന് ഹിന്ദു ഫാസിസം പ്രഖ്യാപിച്ചിട്ട് നാളേറെയായി. നരേന്ദ്ര ധാബോല്‍ക്കര്‍ക്കും ഗോവിന്ദ് പന്‍സാരെയ്ക്കും നേരത്തെ തന്നെ ആ ശിക്ഷ അവര്‍ നടപ്പാക്കി. ഇപ്പോഴിതാ, പ്രമുഖ കന്നട എഴുത്തുകാരനും ഹംപിയിലെ കന്നട സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും അധ്യാപകനുമായിരുന്ന എം എം കലബുര്‍ഗിയെ വെടിവെച്ചു കൊന്നിരിക്കുന്നു. എഴുത്തുകാരനായ ഡോ. കെ. എസ്. ഭഗ്‍വാനാണ് അടുത്ത ഇരയെന്ന് ട്വിറ്ററിലൂടെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. “ഹിന്ദുയിസത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പട്ടികളുടേതുപോലുള്ള മരണം” എന്നാണ് പരസ്യമായ ആക്രോശം.

മൂര്‍ച്ചയേറിയ വാക്കുകളും എഴുത്തും ആയുധമാക്കിയ സാംസ്ക്കാരിക പ്രവര്‍ത്തകരെ വടിവാളും കൈത്തോക്കും കൊണ്ട് ഉന്മൂലനം ചെയ്യാമെന്നാണ് സംഘപരിവാറിന്‍റെ വ്യാമോഹം. മതേതരത്വത്തിനു വേണ്ടിയുളള നിലപാടുകളും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നതും ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളെ തുറന്നു കാട്ടുന്നതും സംഘപരിവാറിനു സഹിക്കുന്നില്ല. രാജ്യത്തെ ഇവര്‍ എവിടേയ്ക്കാണ് നയിക്കുന്നത് എന്ന കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയം അവശേഷിക്കുന്നത്?

ഈ സാഹചര്യത്തിലാണ് എസ്എന്‍ഡിപിയുടെ പുതിയ ബാന്ധവം വീണ്ടും വീണ്ടും ചര്‍ച്ചയാകേണ്ടത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ജാതി വിവേചനത്തിനെതിരെ സന്ധിയില്ലാ സമരം നയിക്കുകയും ചെയ്ത ശ്രീനാരായണ ഗുരു ഇന്നു ജീവിച്ചിരുന്നെങ്കില്‍, ഈ ഫാസിസ്റ്റു ക്രൂരത അദ്ദേഹത്തോട് എങ്ങനെ പെരുമാറുമായിരുന്നുവെന്നാണ് എസ്എന്‍ഡിപി നേതാക്കള്‍ വിചാരിച്ചുവെച്ചിരിക്കുന്നത്? അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ ഗുരുവിനൊപ്പമായിരിക്കുമോ അദ്ദേഹത്തെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്കൊപ്പമായിരിക്കുമോ സംഘപരിവാര്‍? കണ്ണിനു മുന്നിലുളള ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിച്ച്, പരിഹാസ്യമായ തര്‍ക്കുത്തരങ്ങളില്‍ എത്രകാലം ഒളിച്ചിരിക്കാമെന്നാണ് എസ്എന്‍ഡിപി നേതൃത്വം വ്യാമോഹിക്കുന്നത്?

നരേന്ദ്ര ധാബോല്‍ക്കറിന്‍റെയും പന്‍സാരെയുടെയും കലബുര്‍ഗിയുടെയും രക്തം പാഴാകാന്‍ പാടില്ല. സമൂഹം മുന്നോട്ടാണ് പോകേണ്ടത്. ആ മുന്നേറ്റത്തിന് ഊര്‍ജം പകരേണ്ടത് നവോത്ഥാനചിന്തകളാണ്. വിജ്ഞാനത്തെയും ചിന്തയെയും സാമൂഹിക മുന്നേറ്റത്തിനുപയോഗിച്ച മഹാമനീഷികളുടെ പാരമ്പര്യവും ഇന്ത്യന്‍ സംസ്ക്കാരത്തിനുണ്ട്. ആ ധാരയണ് നാം മുന്നോട്ടു കൊണ്ടുപോകേണ്ടത്. നവോത്ഥാനചിന്തകളും നിറതോക്കും തമ്മിലുളള ഏറ്റുമുട്ടലില്‍ ജയം ആര്‍ക്കായിരിക്കുമെന്ന് നമുക്കു കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍