UPDATES

സഹകരണ ബാങ്കുകളില്‍ കെവൈസി നയം സ്വീകരിക്കുന്നതിന് എതിര്‍പ്പില്ല: തോമസ് ഐസക്

അഴിമുഖം പ്രതിനിധി

സഹകരണബാങ്കുകളില്‍ കെവൈസി നയം സ്വീകരിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് നിലപാട് അറിയിച്ചത്. വിവരങ്ങള്‍ ഔപചാരികമായി റെക്കോര്‍ഡ് ചെയ്യുന്നതിനോ കെവൈസി നയം സ്വീകരിക്കുന്നതിന് ഒരു എതിര്‍പ്പും സഹകരണമേഖലയില്‍ ഉണ്ടാവില്ല. യഥാര്‍ത്ഥ തര്‍ക്കവിഷയം വൈദ്യനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ചാണ്. ഈ കാതലായ വിഷയത്തിലെ അഭിപ്രായവ്യത്യാസം മറച്ചുവച്ചുകൊണ്ട് തിരിച്ചറിയല്‍ വിവരശേഖരം സംബന്ധിച്ചാണു തര്‍ക്കം എന്ന പുകമറ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നും ഐസക് വ്യക്തമാക്കുന്നു.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ ചിലര്‍ക്കു സഹകരണബാങ്ക് എന്നു പറഞ്ഞാല്‍ മുഴുവന്‍ കള്ളപ്പണമാണ്. വാണിജ്യബാങ്കുകള്‍ ശുദ്ധരും. സഹകരണബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടിട്ടില്ല എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ കള്ളപ്പണം തിരിമറി ചെയ്യപ്പെടുന്നത് വാണിജ്യബാങ്കുകളിലൂടെയാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള വൈവിദ്ധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങള്‍ പഠിക്കണമെങ്കില്‍ ‘കോബ്രപോസ്റ്റി’ന്റെ റിപ്പോര്‍ട്ടര്‍മാര്‍ ന്യൂജെനറേഷന്‍ ബാങ്കുകളിലെ മാനേജര്‍മാരും മറ്റുമായി നടത്തിയ രഹസ്യസംഭാഷണങ്ങളുടെ 40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ടേപ്പ് കേട്ടാല്‍ മതി. ഇതു നാട്ടിലെ ഏര്‍പ്പാട്. വിദേശത്താണെങ്കിലോ? നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്റെ ഭൂരിഭാഗം വിദേശത്താണല്ലോ. അതു വെളിപ്പിക്കാന്‍ നാട്ടിലേക്കു കൊണ്ടുവരുന്നതു കണ്ടെയ്നറുകളിലല്ല; വാണിജ്യ ബാങ്കുകളിലൂടെയാണ്. ഇങ്ങനെ കള്ളപ്പണയിടപാടുകള്‍ വാണിജ്യ ബാങ്കുകള്‍ നടത്തുന്നതുകൊണ്ട് അവരുടെ ഇടപാടുകള്‍ മരവിപ്പിച്ചിട്ടുണ്ടോ? പിന്നെ എന്തുകൊണ്ട് സഹകരണബാങ്കുകളോട് ഈ ചിറ്റമ്മനയം?

വാണിജ്യബാങ്കുകളില്‍ പണം ഡെപ്പോസിറ്റ് ചെയ്യണമെങ്കില്‍ ‘നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നയം’ സ്വീകരിക്കണം. ഇതു സഹകരണബാങ്കുകള്‍ ചെയ്യുന്നില്ല എന്നതാണു വിമര്‍ശം. സഹകരണബാങ്കുകളില്‍ പണം ഡെപ്പോസിറ്റു ചെയ്യുന്നതിനു പാന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയില്‍കാര്‍ഡ് കൂടിയേതീരൂ. പിന്ന ഔപചാരിക കൈവിസിയുടെയൊന്നും ആവശ്യമില്ല. കാരണം, എല്ലാവരും പ്രദേശവാസികളാണ്. എല്ലാവര്‍ക്കും അന്യോന്യം അറിയാം. ഇനി അവ ഔപചാരികമായി റെക്കോര്‍ഡ് ചെയ്തേ തീരൂ എങ്കില്‍ അതിന് ഒരു എതിര്‍പ്പും സഹകരണമേഖലയില്‍ ഉണ്ടാവില്ല. യഥാര്‍ത്ഥ തര്‍ക്കവിഷയം വൈദ്യനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ചാണ്. ഈ കാതലായ വിഷയത്തിലെ അഭിപ്രായവ്യത്യാസം മറച്ചുവച്ചുകൊണ്ടാണ് തിരിച്ചറിയല്‍ വിവരശേഖരം സംബന്ധിച്ചാണു തര്‍ക്കം എന്ന പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നത്.

ഇനി കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെിരിക്കട്ടെ. ഇതിന് എങ്ങനെ പരിഹാരമാകും സഹകരണ ബാങ്കുകളുടെ പണമിടപാടുകള്‍ മരവിപ്പിക്കുത്? സംശയാസ്പദമായ കേസുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് വിശദമായ പരിശോധന നടത്തിയാല്‍ പോരേ? അത് ഒന്നോ രണ്ടോ മാസം വൈകിയാലും രേഖകള്‍ അവിടെത്‌ന്നെ ഉണ്ടാവുമല്ലോ, ഇതുതന്നെ അവസരം എന്നു പറഞ്ഞുകൊണ്ട് സഹകരണമേഖലയെ തകര്‍ക്കാനാണ് തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍