UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുചീകരണ യജ്ഞത്തിലൂടെ തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം

അഴിമുഖം പ്രതിനിധി

ആലപ്പുഴയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം വേറിട്ട വഴിയിലൂടെ ശ്രദ്ധേയമാകുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചല്ല, നാട്ടിലെ മാലിന്യങ്ങള്‍ നീക്കിയാണ് ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 

മണ്ഡലത്തിലെ 17 കേന്ദ്രങ്ങള്‍ വൃത്തിയാക്കി കൊണ്ടായിരുന്നു ഐസക് നേതൃത്വം നല്‍കുന്ന ശുചീകരണ യജ്ഞത്തിന് ഇന്നു തുടക്കം കുറിച്ചത്. രാവിലെ ഏഴുമണിയോടെ കലവൂര് ചന്തയില്‍ നിന്നായിരുന്നു തുടക്കം. ശുചീകരണത്തിന് എംഎല്‍എ തന്നെ മുന്‍കൈയ്യെടുത്തതോടെ കൂടെയുണ്ടായിരുന്നവര്‍ക്കും ആവേശമായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു.

രണ്ടാഴ്ച്ച കൊണ്ട് മണ്ഡലത്തിലുള്ള 157 ബൂത്തുകളിലും ഇതുപോലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനല്ലാതെ പ്രവര്‍ത്തകരും അനുഭാവികളും നടത്തുന്നത് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്നു കലവൂര്‍ ചന്തയില്‍ നടത്തിയ മാലിന്യനിര്‍മാര്‍ജനം. വളരെ മോശം അവസ്ഥയില്‍ കിടന്ന ചന്തയില്‍ പൊട്ടിയ ഭാഗങ്ങള്‍ സിമന്റ് പൂശിയും മണലിറക്കിയും ശരിയാക്കി. ഇതേപോലെ മണ്ഡലത്തിലെ ഓരോ പ്രദേശങ്ങളും പൂര്‍ണമായി വൃത്തിയാക്കാനാണ് ഓരോരുത്തരും തയ്യാറായിരിക്കുന്നത്.

എല്‍ഡിഎഫിന്റെ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച ശുചീകരണ യജ്ഞത്തിന് ഓരോരോ കേന്ദ്രങ്ങളിലായി എല്‍ഡിഎഫിലെ വിവിധ നേതാക്കളാണു നേതൃത്വം വഹിക്കുന്നത്. മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലുമുള്ള നിലവിലെ അവസ്ഥകള്‍ പരിഹരിച്ച് വൃത്തിയുള്ള നഗരം വോട്ടര്‍മാര്‍ക്ക് സമ്മാനിക്കാനാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്.

വ്യത്യസ്തവും മുന്‍മാതൃകയില്ലാത്തുമായ ഇത്തരമൊരു പ്രചരണത്തിന് ഇപ്പോള്‍ തന്നെ വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശുചീകരണപ്രവര്‍ത്തനത്തിലേക്കു വരുകയാണ്. പരിപാടിയില്‍ പങ്കാളികളാകുന്നവരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നില്ലെങ്കിലും മാതൃകപരമായൊരു പ്രവര്‍ത്തനം നടത്തുന്ന സ്ഥാനാര്‍ത്ഥിക്ക് മനസ് അറിഞ്ഞു തന്നെ വോട്ട് ചെയ്യുമെന്നാണ് ആലപ്പുഴക്കാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍