UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം, സഹകരണം, കെഎസ്ആര്‍ടിസി: തോമസ് ഐസക്ക്/അഭിമുഖം

Avatar

 ഡോ. ടി എം തോമസ് ഐസക് / ഡി. ധനസുമോദ്

നവംബര്‍ 8-ന് പ്രധാനമന്ത്രി നടത്തിയ നോട്ടു നിരോധിക്കല്‍ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ഈ നീക്കത്തിലെ തിരിച്ചടികള്‍ ഊന്നിപ്പറഞ്ഞുകൊണ്ടു രംഗത്തു വന്ന ആദ്യത്തെയാള്‍ കേരളത്തിന്റെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ആയിരുന്നു. മൂല്യം കൂടിയ നോട്ടുകളുടെ പിന്‍വലിക്കല്‍ നിലവില്‍ വന്ന്‍ ഒരുമാസം പിന്നിടുമ്പോള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇതിനൊപ്പമാണ് കേരളത്തിലെ സഹകരണസംഘങ്ങള്‍ക്കുമേല്‍ ഉണ്ടായിരിക്കുന്ന ഭീഷണികളും. ഈ വിഷയങ്ങളെല്ലാം തന്നെ തന്റെ നിരന്തരമായ ഇടപെടലുകള്‍ കൊണ്ട് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി നിര്‍ത്താന്‍ തോമസ് ഐസക്കിനു കഴിയുന്നുണ്ട്. ഒരേസമയം ആരോപണങ്ങള്‍ നേരിടേണ്ടി വരികയും അതിനൊപ്പം പിന്തുണയാര്‍ജ്ജിച്ചും കൊണ്ട് കേരളത്തിന്റെ ധനമന്ത്രി തന്റെ നിലപാടുകളും ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ്. നോട്ടുനിരോധനും സഹകരണപ്രശ്‌നവും തൊട്ട് കേരളത്തിന്റെ പൊതു സാമ്പത്തികാവസ്ഥയെയും കുറിച്ച് തോമസ് ഐസക്ക് സംസാരിക്കുന്നു.

ധനസുമോദ്: കറന്‍സി പ്രശ്‌നം പരിഹരിക്കപ്പെട്ടാലും സഹകരണ സ്ഥാപനങ്ങളിലെ ജനവിശ്വാസം തിരികെ എത്തുമെന്ന് തോന്നുന്നുണ്ടോ?

തോമസ് ഐസക്; നാട്ടുകാര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. നാട്ടുകാര്‍ നടത്തിപ്പുകാരായതിനാല്‍ അത്യാവശ്യം എത്ര പണം വേണമെങ്കിലും സഹകരണ ബാങ്കില്‍ പോയി ചോദിച്ചു വാങ്ങാന്‍ കഴിയുമായിരുന്നു. ആളുകള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇന്നേ വരെ ഒരു സഹകരണ സംഘവും തകര്‍ന്നു പോയിട്ടില്ല. കാരണം സര്‍ക്കാര്‍ അതിനു ചില ഗ്യാരണ്ടികളൊക്കെ നല്‍കും. ഇതിനൊക്കെ വലിയ ഇളക്കം തട്ടിയിട്ടുണ്ട്. ഇതെല്ലാം സഹകരണ മേഖലയുടെ പ്രശ്‌നം കൊണ്ടാണ് എന്ന് വന്നാല്‍ നാളെ പൊന്തുകയില്ല. അതുകൊണ്ടാണ് ശക്തമായ പ്രചരണം നടത്തുന്നത്. മന:പൂര്‍വം ചെയ്യുന്നതാണ്. എന്തിനാ നിങ്ങള്‍ ഇത്ര വാശിക്ക് നടക്കുന്നത്, റോഡ് ഷോ നടത്തുന്നത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ജനങ്ങള്‍ക്ക് ബോധ്യമാകണം. വലിയൊരു ഗൂഡാലോചനയാണെന്നു മനസ്സിലായാല്‍ മാത്രമേ ജനം കൂടെ നില്‍ക്കൂ. രണ്ടു കാര്യങ്ങള്‍ ചെയ്യണം; ഒന്ന്, ശക്തയായ പ്രചരണം നടത്തണം. രണ്ട്, സഹകരണ മേഖലയുടെ നടത്തിപ്പില്‍ നിലവില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രൊഫെഷണലിസം ഇല്ലായ്മ, വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ജാഗ്രത ഇല്ലാതെയും വായ്പ കൊടുക്കുക തുടങ്ങിയവയാണ് പ്രശനങ്ങള്‍. തിരുത്താനുള്ള സന്ദര്‍ഭമായി ഇത് മാറണം.

സുമോദ്: ട്രഷറി ഡിജിറ്റലൈസ്ഡ് അല്ലാത്തതു കൊണ്ടുള്ള പ്രശ്‌നം മൂലമാണ് ശമ്പളം വൈകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന്‍ ഇതിനകം ആരോപിക്കുന്നുണ്ട്. ട്രഷറി നവീകരണവുമായി ബന്ധപ്പെട്ട് ഏറെ പരിഷ്‌കാരങ്ങള്‍ താങ്കള്‍ കഴിഞ്ഞ തവണ ധനമന്ത്രി ആയിരിക്കെ നടത്തിയിരുന്നു. ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുമോ?

ഐസക്: കാര്യം അറിയാതെയാണ് കുമ്മനം സംസാരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കോര്‍ ബാങ്കിങ് സിസ്റ്റം ഏര്‍പ്പെടുത്തിയുള്ള ട്രഷറിയാണ് കേരളത്തിലേത്. രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറയുകയാന്നെങ്കില്‍ ട്രഷറിയില്‍ സേവിങ്‌സ് ബാങ്ക് ഉണ്ട് അത് ഉപയോഗപ്പെടുത്തുക എന്നതാണ്. അത് വഴി ആകണം എല്ലാ ശമ്പളവും പെന്‍ഷനും എന്നുദ്ദേശിച്ചാണ് കാര്യങ്ങള്‍ കഴിഞ്ഞ തവണ നീക്കിക്കൊണ്ടിരുന്നത്. യുഡിഎഫ് വന്നപ്പോള്‍ അത് മാറ്റി നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കി. അഞ്ചു ലക്ഷം പേരുടെ എല്ലാ ശമ്പളവും ബാങ്ക് വഴിയാണ്. അതിനു മാറ്റം വരുത്താന്‍ ഉദ്ദേശിക്കുകയാണ്. അധികം താമസിക്കാതെ എല്ലാവരുടെയും ശമ്പളവും പെന്‍ഷനും ആദ്യം പോകുക ട്രഷറിയിലേക്കായിരിക്കും. അവിടെ നിന്ന് ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ താല്പര്യമാണെങ്കില്‍ അവര്‍ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്കു മാറ്റിക്കൊടുക്കും.

സുമോദ്: സഹകരണ ബാങ്കുകളില്‍ കെവൈസി നേരത്തെ നടപ്പാക്കിയാല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല എന്നാണല്ലോ ബിജെപി പറയുന്നത്?

ഐസക്: കെവൈസി ജില്ല സഹകരണ ബാങ്കില്‍ നടപ്പാക്കിക്കഴിഞ്ഞ കാര്യമാണല്ലോ, അതിപ്പോള്‍ നബാഡും സമ്മതിച്ചിട്ടുണ്ടല്ലോ. കെവൈസി ഇല്ലെന്നത് വിഡ്ഢിത്തം ആണ്. പ്രാഥമിക സഹകരണ ബാങ്കില്‍ ഔപചാരികമായ കെവൈസിയുടെ ആവശ്യം നമ്മള്‍ കണ്ടിരുന്നില്ല. പ്രാഥമിക സഹകരണ സംഘങ്ങളുടെ ചുമതലക്കാര്‍ നാട്ടുകാരാണ്. വിദേശ രാജ്യത്ത് നിന്നോ ഡല്‍ഹിയില്‍ നിന്നോ ആരെങ്കിലും വന്നിരുന്നു നിയന്ത്രിക്കുന്ന സംവിധാനമല്ലല്ലോ. ഇനി രേഖാപരമാക്കണമെങ്കില്‍ അതിനും തയാറാണ്.

സുമോദ്: ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. അധികാരം പോകുമോ എന്ന ഭയം മൂലമാണോ സഹകരണ വിഷയത്തില്‍ ഇടതുപക്ഷം ഇത്ര ബഹളം വയ്ക്കുന്നത്?

ഐസക്: അത്തരം കാര്യങ്ങളും കെവൈസിയുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. കെവൈസി ഔപചാരികമായി നടപ്പിലാക്കണമെങ്കില്‍ അതിനു തയാറാണ്. അതില്‍ ഏതു ഫോമാണോ വേണ്ടത് അക്കാര്യം അംഗീകരിക്കാനും തയാറാണ്.

സുമോദ്: മരുന്നുത്പ്പാദന രംഗത്തു പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനിയായ കെഎസ്ഡിപിയുടെ പുനരുദ്ധാനവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് പ്രതിപക്ഷത്തായിരുന്നപ്പോള്‍ താങ്കള്‍ നേതൃത്വം നല്‍കിയിരുന്നു. കേരളത്തിലെ മരുന്നുത്പാദനം ഏതു തരത്തിലാകണം എന്ന സര്‍ക്കാര്‍ നയത്തെ കുറിച്ച് വിശദമാക്കാമോ ?

ഐസക്: കേരളത്തിന് ആവശ്യമായ മരുന്നുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കണം. പുറത്തേക്ക് ആവശ്യമുള്ളതും ഇവിടെ ഉണ്ടാക്കാന്‍ കഴിയണം. കെഎസ്ഡിപി നവീകരിക്കാന്‍ തീരുമാനമായി. കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്ന് മുഴുവന്‍ സര്‍ക്കാര്‍ വാങ്ങണം എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. അതിനുമപ്പുറം ഒരു ഫാര്‍മ പാര്‍ക് തന്നെ കേരളത്തില്‍ സൃഷ്ടിക്കണം. ഇതൊക്കെ വിജ്ഞാനപ്രദമായ വ്യവസായങ്ങളാണ്. അങ്ങനെയുള്ള വ്യവസായങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഹൈദരാബാദ് പോലെ കേരളത്തെ മരുന്നുത്പ്പാദനത്തിന്റെ ഹബ് ആക്കുന്നതില്‍ തെറ്റില്ല.

സുമോദ്: പ്രവാസികളുടെ ക്ഷേമത്തിനായി കുറെയേറെ പദ്ധതികള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഭൂരിഭാഗം പ്രവാസികള്‍ക്കും വേണ്ടത്ര പ്രയോജനം ലഭിക്കാറില്ല. പുതിയ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി എന്താണ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

ഐസക്: കേരളാ ബാങ്ക് നിലവില്‍ വരുന്നതോടെ കുറെ പ്രവാസി പണം ആകര്‍ഷിക്കാന്‍ പറ്റും. അത് കേരളത്തില്‍ നിക്ഷേപമാക്കി മാറ്റാന്‍ കഴിയും. രണ്ടാമത്തേത് കെഎസ്എഫ്ഇയുടെ നേതൃത്വത്തില്‍ പ്രവാസി ചിട്ടി ആരംഭിക്കുന്നു. ചിട്ടി 2017-ല്‍ ആരംഭിക്കും. ഇരുപത്തയ്യായിരം കോടി രൂപയുടെ ബിസിനസ് ആണ് ടാര്‍ജറ്റ് ചെയ്യുന്നത്. ഇതിലൂടെ നേടുന്ന മിച്ചപണം കിഫ്ബി വഴി ഇന്‍ഫ്രാസ്ട്രകച്ചറിന് ഉപയോഗിക്കാന്‍ തീരുമാനിക്കാം. ഇതുപോലുള്ള കുറച്ചു സ്‌കീമുകള്‍ രൂപീകരിക്കാന്‍ തയാറെടുക്കുന്നു.

സുമോദ്: പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ എന്തെങ്കിലും പുതിയ നടപടികള്‍ ആലോചിക്കുന്നുണ്ടോ ?

ഐസക്: കഴിഞ്ഞ ഇടതു മന്ത്രിസഭയുടെ കാലത്ത് റീസ്ട്രക്ച്ചറിങ് നടത്തി അതിന്റെ ഫലമായി ബാധ്യതകള്‍ തീരുകയും പുതിയ വായ്പകള്‍ എടുക്കാനും കഴിഞ്ഞു. രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് പ്രൊഫെഷണലായി നിയമനം ആരംഭിച്ചത് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു. ചിട്ടയായിട്ടുള്ള അവലോകനവും ആരംഭിച്ചു. എല്ലാ മാസവും ലക്ഷ്യമിട്ടതും നേടിയതും നേടാതിരുന്നതും കൃത്യമായി വിലയിരുത്തി. ഒരു ബഡ്ജറ്റ് ആദ്യം തന്നെ തയാറാക്കിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗത്തില്‍ തന്നെ നേടിയെടുക്കും. യുഡിഎഫ് ഭരണത്തിന് കീഴില്‍ ഈ നേട്ടങ്ങളെല്ലാം വൃഥാവിലായി. എന്നാല്‍ ഫിനാന്‍ഷ്യല്‍ റീസ്ട്രക്ച്ചറിങ്ങിനു നേരേ ബാങ്കുകളൊക്കെ കുറച്ചു ഉള്‍വലിഞ്ഞാണ് നില്‍ക്കുന്നത്. അന്നത്തേക്കാള്‍ സങ്കീര്‍ണ്ണമാണ്. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഉണ്ടായ കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ഇപ്പോള്‍ എത്തിയിട്ടില്ല എന്നതാണ് ആശ്വാസം. അത് കൊണ്ട് ഒരു പ്രതീക്ഷ ഉണ്ട്.

മൂന്നാമത്തെ കാര്യം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സാങ്കേതിക സഹകരണമാണ്. എകെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ ഇതിനൊക്കെ അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അതില്ല. ബിജെപി സര്‍ക്കാരിന് ഒരു താല്പര്യമില്ലാത്തതിനാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വേണ്ടത്ര സഹകരണം പറ്റിയെന്നു വരില്ല.

സുമോദ്: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണല്ലോ? രക്ഷപെടുത്താന്‍ എന്തെങ്കിലും പദ്ധതികള്‍?

ഐസക്: നഷ്ടം വായ്പയെടുത്തു നികത്തുകയാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത്. അത് കൂടിക്കൂടി മൂവായിരത്തി അഞ്ഞൂറ് കോടി രൂപ കടമായി. ഇപ്പോള്‍ വരുമാനമെല്ലാം നേരിട്ട് ബാങ്കിന്റെ അക്കൌണ്ടിലേക്കു പോയിക്കൊണ്ടിരിക്കുന്നു. കടം വാങ്ങി, ഇരുട്ടു കൊണ്ട് ഓട്ട അടച്ചു കൊണ്ട് പോകാന്‍ പറ്റില്ല. ബേസിക് റീസ്ട്രക്ച്ചറിങ് വേണം. തൊഴിലാളികള്‍ക്ക് ഇതിന്റെ ഗൗരവം ഇപ്പോഴും മനസിലായിട്ടില്ല. ഇങ്ങനെ നടന്നു പൊയ്‌ക്കൊള്ളും എന്നാണ്. പൊളിഞ്ഞു പോകാം എന്നവര്‍ മനസിലാക്കുന്നതേയില്ല. തൊഴിലാളികളില്‍ നിന്നു തന്നെ ഇതെങ്ങനെ നന്നാക്കാം എന്ന് പുനര്‍വിചിന്തനം വേണം.

പരിഹാര മാര്‍ഗങ്ങള്‍ പലതാണ് 

1. മൂവായിരം കോടി രൂപ വരെ മുടക്കി ബസുകള്‍ സിഎന്‍ജിയിലേക്ക് പോകാം. ഇന്ധനത്തിന്റെ മാറ്റം ചെലവ് കുറയ്ക്കും. കിഫ്ബി വഴി പൈസ എടുത്ത് ബസ് വാങ്ങി കൊടുക്കാം. തിരിച്ചെടുക്കുകയും വേണം.

2 .ലേബര്‍ പ്രൊഡക്ടിവിറ്റി, മൈലേജ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ ദേശീയ ശരാശരിയില്‍ എത്തിക്കണം. അതില്‍ ഒരു എക്‌സ്‌ക്യൂസും ഇല്ല.

3. ലോങ്ങ് ലീവ് എടുത്തുപോകുന്ന ഏര്‍പ്പാട് ഒന്നും നടക്കില്ല. കെഎസ്ആര്‍ടിസിയില്‍ ചേരുക, ലോങ്ങ് ലീവ് എടുത്തു പോകുകയാണ്; പിന്നീട് ജോയിന്‍ ചെയ്ത് പെന്‍ഷന്‍ വാങ്ങുക എന്നീ ഏര്‍പ്പാട് ഒന്നും നടക്കില്ല. ലോങ്ങ് ലീവ് എടുത്തു പോകുന്നവരെ പിരിച്ചു വിടാന്‍ പോകുകയാണ്. പല ഷെഡ്യൂളുകളും ക്യാന്‍സല്‍ ചെയ്യുന്നത് ആളില്ലാത്ത കൊണ്ടാണ്. അതുകൊണ്ട് കര്‍ശനമായി ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടണം. ഇതെല്ലാം തൊഴിലാളികളുടെ ഭാഗത്തു നിന്നും നടക്കേണ്ട കാര്യങ്ങളാണ്.

4. ബ്രേക് ഈവന്‍ ആകുന്നതു വരെ വായ്പയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കും. പിന്നെ വരുമാനവും ചെലവും ഒപ്പിച്ചൊപ്പിച്ചു പോകണം. കെഎസ്ആര്‍ടിസി പുനരുദ്ധരിക്കല്‍ ആയിരിക്കും ഈ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടം. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആര്‍ക്കും രക്ഷപെടുത്താനാവില്ല. അയ്യായിരം രൂപ കടമായി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കു രക്ഷപെടുത്താന്‍ കഴിയും?

സുമോദ്: അഴിമതിരഹിത വാളയാര്‍ പദ്ധതി എങ്ങനെ പാളിച്ച ഇല്ലാതെ നടപ്പിലാക്കാന്‍ കഴിയും ?

ഐസക്: വാളയാര്‍ വീണ്ടും അഴിമതിരഹിതമാക്കും. അടുത്ത മാര്‍ച് – ഏപ്രില്‍ ധനകാര്യ വര്‍ഷം ആരംഭിക്കുമ്പോള്‍ വാളയാര്‍ അഴിമതിരഹിതം ആയിരിക്കും. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം നടത്തിയത്.

സുമോദ്: കൊല്ലം ജില്ലയിലെ മണ്‍ട്രോ തുരുത്ത് മുങ്ങിക്കൊണ്ടേയിരിക്കുന്നു. സര്‍ക്കാരിന് എന്ത് ചെയ്യാനാകും ?

ഐസക്: കേരളത്തിലെ ജലവിതാനം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. ഹോളണ്ടിലൊക്കെ ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ചെയ്യുന്നത് ചുറ്റു മതില്‍ പണിയുക എന്നതാണ്. ഇവിടെ കരിങ്കല്ല് കെട്ടാനും വയ്യ. ധാരാളം തോടുകള്‍ ഉള്ള സ്ഥലമാണ്. അതുകൊണ്ട് ചീപ്പ് ഇടാനും കഴിയുന്നില്ല. ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ചു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. ചെറിയ വീടുകളുടെ തറ പൊക്കുക എന്നതാണ് ഒരു പരിധിവരെ ചെയ്യാന്‍ കഴിയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍