UPDATES

ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്തി ഒഴിവാക്കും: ടി എം തോമസ് ഐസക്ക്

അഴിമുഖം പ്രതിനിധി

പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും എന്ന ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. ബാങ്ക് വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനെതിരെ പാവപ്പെട്ടവരുടെ ഇടയില്‍ വലിയ വിമര്‍ശനമായിരുന്നു, തെരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും എന്നതായിരുന്നു ഇടതു പക്ഷത്തിന്റെ ഒരു വാഗ്ദാനം. അത് നടപ്പിലാക്കിയെന്നും ആയിരം രൂപ വീതം ഓണത്തിനു അനുവദിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

തോമസ് ഐസക്കിന്റെ ഫെയ്‌സബുക്കിന്റെ പൂര്‍ണരൂപം-

‘ഇനി ഒരാഴ്ച ഓണം അവധിയാണ്. ക്ഷേമ പെന്‍ഷനുകള്‍ എല്ലാം കുടിശിക അടക്കം കൊടുത്തു തീര്‍ത്തു കൊണ്ടാണ് ഇത്തവണത്തെ ഓണഘോഷം നടക്കുന്നത്. 37 ലക്ഷം ആളുകള്‍ക്ക് പതിനയ്യായിരം രൂപ വരെ പെന്‍ഷന്‍ ആയി വിതരണം ചെയ്തു. ബാങ്ക് വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനെതിരെ പാവപ്പെട്ടവരുടെ ഇടയില്‍ വലിയ വിമര്‍ശനം ആണ് തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വന്നത്, പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും എന്നതായിരുന്നു ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അത് നടപ്പിലാക്കി,

ഓരോ ഗുണഭോക്താവിനോടും പെന്‍ഷന്‍ ബാങ്ക് വഴി വേണോ മണിഓര്‍ഡര്‍ വഴി വേണോ അതല്ലെങ്കില്‍ വീട്ടില്‍ എത്തിച്ചു വേണോ എന്ന് കുടുംബശ്രീ സര്‍വ്വേ നടത്തി. ഈ സര്‍വെ പൊളിഞ്ഞു എന്ന് പല ഘട്ടങ്ങളിലും പ്രചരണം ഉണ്ടായി. സര്‍ക്കാര്‍ നേരിട്ട് പെന്‍ഷന്‍ നല്‍കുന്ന 37 ലക്ഷം പേരാണ് ഉള്ളത്. അതില്‍ 90 ശതമാനം (33 ലക്ഷത്തിന് മേല്‍ ) പേരുടെയും വീടുകളില്‍ ചെന്ന് കണക്കെടുത്തു. ഇവരില്‍ വീട്ടില്‍ പണം എത്തിച്ചു തരണം അല്ലെങ്കില്‍ മണി ഓര്‍ഡര്‍ ആയി എത്തിച്ചു തരണം എന്ന് പറഞ്ഞവര്‍ക്കെല്ലാം സഹകരണ ബാങ്കുകള്‍ വഴി കൃത്യമായി പണം കൈ മാറി. സഹകരണ മന്ത്രിയുടെ നേതൃത്വവും സഹകരണ ബാങ്കുകളുടെ സേവനവും ആണ് ഈ വിസ്മയകരമായ നേട്ടം സാധ്യമാക്കിയത്. ഓരോ ദിവസവും വിതരണം ചെയ്യുന്ന പെന്‍ഷന്റെ കണക്ക് അതാത് ദിവസം തന്നെ ഇന്റര്‍നെറ്റ് സഹായത്തോടെ കേന്ദ്രീകൃതമായി മോണിട്ടര്‍ ചെയ്തു.

കുടുംബ ശ്രീ സര്‍വെയില്‍ പെടാതെ പോയവര്‍ക്കെല്ലാം വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ആയിരം രൂപ വച്ചു മൂന്ന് മാസത്തെത് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാന്‍ തീരുമാനം ആയതോടെ പെന്‍ഷന്‍ കിട്ടിയില്ല എന്ന ആവലാതിയും തീര്‍ന്നു. കര്‍ഷക പെന്‍ഷന്‍ 113 കോടി രൂപ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുടിശിഖ തീര്‍ക്കാന്‍ ആയി വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹാരായ ഒട്ടേറെ പേര്‍ പെട്ടു എന്ന് ബോധ്യപ്പെട്ടത് കൊണ്ട് പരിശോധന പൂര്‍ത്തിയാവുന്നത് വരെ പൂര്‍ണ പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ല. എന്നാല്‍ ആയിരം രൂപ വീതം ഓണത്തിനു അനുവദിച്ചിട്ടുണ്ട് .

ഒട്ടേറെ പെര്‍ക്ക് ഇപ്പോള്‍ രണ്ടും മൂന്നും പെന്‍ഷന്‍ ഉണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് പ്രകാരം വികലാംഗര്‍, സ്വന്തം പണം കൊണ്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധികള്‍ എന്നിവയൊഴികെ എല്ലാവര്‍ക്കും ഒരു പെന്‍ഷനേ അര്‍ഹതയുള്ളൂ. അടുത്ത മൂന്ന് മാസത്തിനിടയില്‍ ഇത്തരത്തില്‍ ഉള്ള അനധികൃതമായ പെന്‍ഷന്‍ വാങ്ങുന്നവരെ എല്ലാം കണ്ടുപിടിച്ചു ഒഴിവാക്കും. അതുപോലെ തന്നെ ദേശീയ വയോജന പെന്‍ഷന്‍ 300 രൂപ മാത്രം ആണ് കേന്ദ്രം നല്‍കുന്നത്, ആയിരം രൂപയുടെ മറ്റൊരു പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ഏറിയാല്‍ ഇനി മേല്‍ 300 രൂപയുടെ അധിക പെന്‍ഷന്‍ ആയ 1000 രൂപയും വാര്‍ധക്യകാല പെന്‍ഷന്‍ ആയി 300 രൂപയും ചേര്‍ത്ത് 1300 രൂപ ആയിരിക്കും ലഭിക്കുക . 

പെന്‍ഷന്‍കാരെ സംബന്ധിച്ച വിശദമായ പരിശോധനയ്ക്ക് ഒരു പ്രത്യേക ടീമിനെ നിയോഗിക്കുകയാണ്. 3 മാസത്തിനുള്ളില്‍ കേരളത്തിലെ പെന്‍ഷന്‍കാരുടെ സമഗ്രമായ ലിസ്റ്റിന് രൂപം നല്‍കും. ഇങ്ങനെ തയാറാക്കുന്ന ലിസ്റ്റ് അനുസരിച്ചുള്ള എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ നല്‍കുന്നതിനും ശ്രമിക്കും

പെന്‍ഷന്‍ വിതരണം വിജയിപ്പിച്ച എല്ലാവര്‍ക്കും കേരള സര്‍ക്കാരിന്റെ അഭിവാദ്യങ്ങള്‍’

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍