UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ഐസക്കിന്റെ ആലപ്പുഴയില്‍ ഇടതിന് എന്തുപറ്റി?

Avatar

പ്രിയന്‍ അലക്‌സ്

മാലിന്യസംസ്‌ക്കരണത്തിന് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നഗരസഭ എന്ന് നമ്മള്‍ ഫേസ്ബുക്കിലൂടെ അറിഞ്ഞ ആലപ്പുഴ നഗരസഭയിലെ നീണ്ട 12 വര്‍ഷത്തെ ഇടതുഭരണം അവസാനിച്ചിരിക്കുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും അംഗീകാരങ്ങള്‍ നേടിയ നഗരസഭയില്‍ ഇക്കുറി ചെയര്‍പേഴ്‌സണും വൈസ്‌ചെയര്‍മാനുമടക്കം കനത്ത തോല്‍വിയാണ് ഇടതുപക്ഷത്തിനു സംഭവിച്ചത്. തോമസ് ഐസക്കിന്റെ വാര്‍ഡും കഴിഞ്ഞ 15 വര്‍ഷമായി സി പി എം ജയിച്ചുവരുന്നതുമായ കിടങ്ങാംപറമ്പ് വാര്‍ഡും സിപിഐ എമ്മിനു നഷ്ടപ്പെട്ടു. ഐസക്ക് നേരിട്ടു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുകയും ഏഷ്യാനെറ്റിന്റെ എന്റെ നാട് എന്റെ വോട്ട് പരിപാടിയില്‍ വലിയ കവറേജ് ലഭിക്കുകയും ചെയ്ത വാര്‍ഡാണിത്.

കേരളത്തിലെ ആദ്യത്തെ ആസൂത്രിത നഗരമായ ആലപ്പുഴയില്‍ സംഭവിച്ച അപചയം മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിലയിരുത്തലുണ്ട്. നഗരസഭ ഇക്കാര്യത്തില്‍ ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ആലപ്പുഴ നഗരസഭയിലെ 25 വാര്‍ഡുകള്‍ ആലപ്പുഴ മണ്ഡലത്തിലും (ഐസക്ക്) 27 വാര്‍ഡുകള്‍ അമ്പലപ്പുഴ മണ്ഡലത്തിലു (ജി. സുധാകരന്‍)മാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഐസക്കിന്റെ മണ്ഡലത്തില്‍ വരുന്ന നാലു പഞ്ചായത്തുകളിലും ഇടതുമുന്നണി സുരക്ഷിതമാണെങ്കിലും സുധാകരന്റെ 5 പഞ്ചായത്തുകള്‍ അങ്ങനെയല്ല. അമ്പലപ്പുഴ നോര്‍ത്ത്, സൗത്ത് എന്നീ പഞ്ചായത്തുകളും പുന്നപ്ര നോര്‍ത്തും ഇടതുമുന്നണി നല്ല മാര്‍ജിനിലാണെങ്കിലും മറ്റ് രണ്ട് പഞ്ചായത്തുകളും അങ്ങനെയല്ല. മാത്രമല്ല ഇവിടങ്ങളില്‍ ബി ജെ പി താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തിയിരിക്കുന്നു. അതായത് ഐസക്ക് മുങ്ങുകയാണെങ്കില്‍ സുധാകരനെയും കൊണ്ടേ മുങ്ങു എന്നര്‍ത്ഥം. അല്ലെങ്കില്‍ ഐസക്ക് രക്ഷപ്പെടുകയും സുധാകരന്‍ മുങ്ങുകയും ആവാം. ഇതുമൂലം സിപിഐഎമ്മില്‍ എന്തെങ്കിലും പൊട്ടിത്തെറി ഉണ്ടാകുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം, സന്ദേശങ്ങള്‍ വ്യക്തമായി മനസിലാക്കുക എന്നതാണ്. ചിത്തരജ്ഞനും വി ജി വിഷ്ണുവുമൊന്നും നഗരസഭയിലെക്ക് മത്സരിക്കാത്തതിനാല്‍ പ്രതിച്ഛായാ പ്രശ്‌നമുയര്‍ത്തി (നഗരവാസികള്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ വ്യക്തിഗത മികവാണ് പ്രധാനമെന്നും മേഴ്‌സി ടീച്ചര്‍ക്ക് പ്രായമായെന്നും ബാബു സഖാവ് കോണ്‍ഗ്രസില്‍നിന്ന് തൊണ്ടങ്കുളങ്ങര മണ്ഡലം പിടിച്ചെടുത്ത് ജയിച്ചതു കണ്ടില്ലേ എന്നൊക്കെ വാദിക്കാം) സിപിഐഎമ്മില്‍ ഈ ചര്‍ച്ചകള്‍ അവസാനിച്ചേക്കാം. പക്ഷെ വിജയിച്ചെങ്കില്‍ ആലപ്പുഴ നഗരസഭ ഒരു മോഡലാവുമെങ്കില്‍ തോറ്റാലും അത് ഒരു മോഡലാണെന്ന് സമ്മതിക്കേണ്ടിവരും. അത്തരമൊരു നെഗറ്റീവ് ടീച്ചിംഗും സാധ്യമാണ് എന്ന് ആലപ്പുഴ നഗരസഭ നമ്മോട് പറയുന്നു.

ആലപ്പുഴ നഗരസഭയുമായി ബന്ധപ്പെട്ട്, അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍പ്പോലും എല്ലാ പദ്ധതികളുടെ പിന്നില്‍ ഐസക്ക് ആണെന്ന് ചെയര്‍പേഴ്‌സണ്‍ മേഴ്‌സിടീച്ചര്‍ പറഞ്ഞത് ഓര്‍മ്മിക്കുക. അതുമാത്രമല്ല ആലപ്പുഴയിലെ പദ്ധതികള്‍ സംബന്ധിച്ച് ഫേസ്ബുക്കിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും ഐസക്ക് ഗംഭീരപ്രചാരണമാണ് നടത്തിയത്. ചെറിയ ചെറിയ കാര്യങ്ങളെ അവതരിപ്പിക്കുമ്പോള്‍പ്പോലും വലിയ മാറ്റങ്ങളുടെ പരിപ്രേക്ഷ്യമായവതരിപ്പിക്കാനുള്ള അത്യുക്തിയും കൗശലമുണ്ട് ഐസക്കിന്. ഇതുമാത്രമല്ല ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം ഇത്തരത്തില്‍ ഒരു തനതുവിവരണാത്മകതയുണ്ട്. അത് നല്ലതുതന്നെ. പക്ഷെ ആലപ്പുഴയെക്കുറിച്ച് ഐസക്കിന്റെ പോസ്റ്റുകളിലൂടെ വായിച്ചറിഞ്ഞ ഏതൊരാളെയും ഈ തെരഞ്ഞെടുപ്പ് ഫലം അമ്പരപ്പിക്കും. ആലപ്പുഴയിലെ ഒരു വോട്ടറെ അതൊട്ടും അമ്പരിപ്പിക്കില്ല. ഇതാണ് സൈബോര്‍ഗുകള്‍ നേരിടുന്ന വൈരുദ്ധ്യം. ഈ വൈരുദ്ധ്യത്തെ ഐസക്ക് സ്വയം സൃഷ്ടിച്ചതാണ്. ആലപ്പുഴയിലെത്തുമ്പോഴാണ് അധികാരവും പങ്കാളിത്തവും എന്ന വിഷയത്തില്‍ ഐസക്കിന്റെ ചിന്തകള്‍ എത്ര പ്രതിലോമകരമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു മനസിലാവുക. ജനങ്ങള്‍ സ്വയം മാലിന്യസംസ്‌ക്കരണം ഏറ്റെടുത്തുകഴിഞ്ഞു എന്ന പ്രചരണം പോലും എത്ര അര്‍ത്ഥശൂന്യമാണ്. കാരണം മുമ്പ് ഇത് നഗരസഭയുടെ ചുമതലയായിരുന്നു. എന്നാലിതിപ്പോള്‍ സ്വയം ചെയ്യേണ്ടതുണ്ട്. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ എം എല്‍ എ പലിശരഹിത വായ്പ നല്‍കും എന്നൊരു പത്രവാര്‍ത്ത പോലും ആലപ്പുഴ എഡിഷനുകളില്‍ വന്നു. എത്ര പേര്‍ക്ക് എം എല്‍ എ ഇങ്ങനെ ലോണ്‍ നല്‍കി? ആര്‍ക്കുമറിയില്ല.

മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് ഭാവനാപൂര്‍ണ്ണമായ പദ്ധതി എന്നവകാശപ്പെടുമ്പോഴും ഇത് ഉരുത്തിരിഞ്ഞുവന്ന പശ്ചാത്തലം, നഗരസഭയ്‌ക്കെതിരെ ഗ്രാമവാസികള്‍ (മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സര്‍വോദയപുരം നിവാസികള്‍) 2012ല്‍ നടത്തിയ സമരമാണ്. ആ സമരം നഗരസഭയ്‌ക്കെതിരെ മാത്രമല്ല നഗരവാസികള്‍ക്കെതിരെ കൂടിയായിരുന്നു. ഗ്രാമവാസികള്‍ക്കുവേണ്ടി നഗരവാസികളെ ആപ്പിലാക്കിയ ഒരാളായേ നഗരവാസികള്‍ ഐസക്കിനെ വിലയിരുത്തൂ. അതിന് കാരണമുണ്ട്. ഉറവിട മാലിന്യസംസ്‌ക്കരണ പദ്ധതി ഐസക്കിന്റെ ആശയമാണ്. ജനങ്ങളുടെ ആശയമായിരുന്നില്ല. അത് വിജയിച്ചാലും പരാജയപ്പെട്ടാലും അങ്ങനെ തന്നെ ആയിരിക്കും. ഈ പദ്ധതിയുടെ ഭാവി എന്തായിരിക്കുമെന്ന്, തന്റെ വീട്ടില്‍ത്തന്നെ ഇത് ചെയ്തുകൊണ്ടിരിക്കുന്ന ഓരോ ആളുടെയും മനസിലുണ്ടാവും. ചെറിയ ചെറിയ സര്‍വോദയപുരങ്ങളുണ്ടാവുമോ എന്ന് നഗരവാസികളും ഭയപ്പെട്ടു. അതിനു ചില സാധ്യതകളുണ്ട്. നഗരസഭ പിന്നീട് ചില നടപടികളിലൂടെ അത്തരം പോലീസിംഗ് തുടങ്ങിവെച്ചു. പ്ലാസ്റ്റിക് സൂക്ഷിച്ചതിനു പിഴ ലഭിച്ച വ്യാപാരികളുണ്ട്. പ്ലാസ്റ്റിക് നിരോധനം താരതമ്യേന വിജയകരമായി നടപ്പിലാക്കി. പക്ഷെ വോട്ടര്‍മാര്‍ക്ക് ഇതിന്റെ യുക്തികള്‍ മനസിലാവണമെന്നില്ല. പക്ഷെ ഭരണകൂടത്തിന്റെ തീരുമാനം വോട്ടറുടെ തീരുമാനം എന്നമട്ടില്‍, വോട്ടറുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുമ്പോള്‍ അയാള്‍ക്ക് ആരെയും പഴിചാരാനാവില്ല. ഇതായിരുന്നു ഐസക്കിന്റെ ബുദ്ധി. മാലിന്യസംസ്‌കരണത്തില്‍ ജനകീയപങ്കാളിത്തം സൃഷ്ടിക്കുന്നതിന്റെ കാതല്‍ ഭരണകൂടപരാജയം മറയ്ക്കാനാണ്. ഇത്രനാളും മാലിന്യം ഗ്രാമത്തിലേക്ക് വലിച്ചെറിഞ്ഞ് ജീവിച്ചവരിലേക്കാണ് ഈയൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. അതിന്റെ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞു എന്നതാണ് ഇലക്ഷന്‍ ഫലം. നഗരത്തില്‍ ഒരു പേപിടിച്ച റാക്കൂണ്‍ ഇറങ്ങിയാല്‍ ഭരണകൂടമേ വന്നീ റാക്കൂണിനെ തല്ലിക്കൊല്ലൂ എന്ന് പറയുമെന്ന് അമേരിക്കയിലിരുന്ന് നോം ചോംസ്‌കി പോലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആലപ്പുഴക്കാരോട് മറിച്ചൊരു വാദം ഉന്നയിക്കാനാവുമോ? ഇത്ര നാളും ഭരണകൂടത്തിന്റെ തലയിലായിരുന്നത് തങ്ങളുടെ തലയിലേക്കു വരുന്നതിനെ അവരെങ്ങനെ അംഗീകരിക്കും. അധികാരവും പങ്കാളിത്തവുമെന്നത് ഐസക്കിന് പ്രിയപ്പെട്ട വിഷയമാണ്. പങ്കാളിത്തമെന്നത് ആശയപരമായിപ്പോലും ജനങ്ങളുടേതാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല അദ്ദേഹത്തിന്. ബോട്ടം അപ്പ് എന്ന് അദ്ദേഹം പറയുമ്പോള്‍ കേള്‍വിക്കാര്‍ക്ക് അനുഭവത്തില്‍ അത് ടോപ്പ് ഡൗണ്‍ ആണ്. അപ്പോള്‍ ആരാണീ പണിയൊക്കെ ചെയ്യുക? മാലിന്യസംസ്‌കരണത്തെക്കുറിച്ച് ഐസക്ക് എഴുതിയ ഒരു ലേഖനത്തില്‍ തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്‍ എന്ന നോവലില്‍ നിന്ന് ഉദാഹരിച്ചിട്ടുണ്ട്. പക്ഷെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള തിരക്കില്‍ ഐസക്ക് പലതും കാണുന്നില്ല. അതുകൊണ്ടാണ് ഭരണകൂടത്തോട് go to your classes എന്ന് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ആ വെല്ലുവിളി ഇനി കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത്. അവരത് ഏറ്റെടുത്താല്‍ നല്ലത്. അല്ലെങ്കിലും ഒരു ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നത് മറ്റൊരു ഭരണകൂടത്തെ സൃഷ്ടിക്കാനാണല്ലോ. ദൈവമില്ലെന്ന് പറയാനുംകൂടി ഒരു ദൈവം ആവശ്യമാണല്ലോ.

ജനകീയാസൂത്രണത്തിന്റെ കാതല്‍ ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ആസൂത്രണത്തില്‍ പോലും പങ്കില്ല. വെറും അഭിപ്രായം പറച്ചില്‍ മാത്രമാണ് എല്ലാം. തീരുമാനമെടുക്കാനുള്ള അധികാരം ഇല്ല. യാതൊരു അധികാരവും ഇല്ല. അധികാരം ജനങ്ങളിലെക്ക് എന്നത് അധികാരം ചില ജനങ്ങളിലേക്ക് എന്നതായിരിക്കുന്നു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോലെ ജനങ്ങളെക്കൊണ്ട് ചുമടെടുപ്പിച്ചു ഭരണകൂടത്തിനു കളികണ്ട് രസിക്കാനുള്ള പരിപാടി വേണ്ടെന്ന് പറഞ്ഞ ആലപ്പുഴക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു ഫോട്ടോ ബീഡി പോയാല്‍ മറ്റൊരു ഫോട്ടോ ബീഡി വരും എന്നമട്ടില്‍ ജനങ്ങള്‍ കാര്യങ്ങളെ ലളിതമായി കാണുന്നു. അതിപ്പോള്‍ ഖസാക്കിലും ആലപ്പുഴയിലും ഒരുപോലെയാണ്. പച്ചിലപ്പാമ്പിനെപ്പിടിച്ചിട്ട് ഇന്ത പാമ്പും മൂര്‍ക്കനാഗലമാം എന്നു പറയുന്ന നൈജാമലിയുടെ സെല്‍ഫീ മാജിക് തല്‍ക്കാലം പൊളിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് ഐസക്കിനു മാത്രമല്ല നാട്ടുകാര്‍ക്കും വൈകിട്ടെന്താ പരിപാടി എന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അല്ലാതെ ഒഴിവുസമയം കമ്പോസ്റ്റുവാരി, പച്ചക്കറി നട്ട്, അത് പി രാജീവിന്റെ എറണാകുളത്തുകൊണ്ടു പോയി വിറ്റ് കോടികള്‍ സമ്പാദിക്കുന്ന സാമ്പത്തികശാസ്ത്രത്തില്‍ തല്‍ക്കാലം വിശ്വാസമില്ല. അത്രതന്നെ.

നിര്‍മ്മലനഗരം പദ്ധതി നടപ്പിലാക്കുന്നതിനുമുമ്പ് നഗരസഭ നടത്തിയ സര്‍വ്വെയില്‍ത്തന്നെ വെളിവായ ഒരു വസ്തുതയുണ്ട്. വെറും 10% ആളുകള്‍ മാത്രമേ ജൈവമാലിന്യവും ഖരമാലിന്യവും വേര്‍തിരിക്കാന്‍ താല്പര്യപ്പെടുന്നുള്ളൂ. അതായത് ഇതാണ് മനോഭാവം. സിനിക്കുകളാണ് ആലപ്പുഴ നഗരസഭാവാസികള്‍ എന്നല്ല ഇതില്‍നിന്ന് ധരിക്കേണ്ടത്. പക്ഷെ അതെ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. 16% വെയ്സ്റ്റ് വീട്ടുവളപ്പില്‍ വലിച്ചെറിയും, 15%  പൊതുസ്ഥലത്തുപേക്ഷിക്കും, 58% ശതമാനമാളുകള്‍ അത് കത്തിച്ചുകളയുമെന്ന് പറഞ്ഞവരാണ്. നിര്‍മ്മലനഗരം പദ്ധതിയുടെ പശ്ചാത്തലം തന്നെ സര്‍വ്വോദയപുരത്തെ 14 ഏക്കര്‍ സ്ഥലത്തെ മാലിന്യസംസ്‌കരണപ്ലാന്റിലേക്ക് (അവിടെ അങ്ങനൊന്നുമില്ല, വെറും വെയിസ്റ്റ് നിക്ഷേപസ്ഥലം മാത്രം. മഴ പെയ്താല്‍ സര്‍വ്വോദയപുരത്ത് വെള്ളപ്പൊക്കമാണ്. അത് വേറെ ദുരിതം) വെയിസ്റ്റ് കൊണ്ടുപോകുന്നത് ജനങ്ങള്‍ തടഞ്ഞതാണ് (ജനങ്ങള്‍ തടഞ്ഞു എന്നതോര്‍ക്കുക, വലിയ സമരം നടന്നു. മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടു. 2012ല്‍ കേന്ദ്രമന്ത്രിയായ കെ സി വേണുഗോപാല്‍ മീറ്റിങ്ങ് വിളിച്ചു. പ്ലാന്റ് സ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടി 2 കോടി രൂപ പ്രഖ്യാപിച്ചു. ഇതിനൊന്നും യാതൊരു തുടര്‍നടപടിയുമുണ്ടായിട്ടില്ല. പക്ഷെ സര്‍വ്വോദയപുരം മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണുള്ളത്. സി പി എം ഭരിക്കുന്ന പഞ്ചായത്താണ്. ഐസക്കിന്റെ മണ്ഡലത്തിലാണ്. ഐസക്ക് സ്വാഭാവികമായും തന്റെ ഭാവന പ്രയോഗിച്ചു. ഇടതുപക്ഷം ഭരിക്കുന്ന നിയമസഭയ്‌ക്കെതിരെ നഗരവാസികളും ഗ്രാമവാസികളും ഒരു പോലെ എതിരായ ഘട്ടത്തിലാണ് ജൈവമാലിന്യസംസ്‌ക്കരണത്തിനു പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്; അതായിരുന്നു നിര്‍മ്മലനഗരം നിര്‍മ്മലഭവനം പദ്ധതി.) ഐസക്ക് ഇടപെടുന്ന എല്ലാ പദ്ധതികളിലുമെന്നപോലെ ഇതും വലിയ പ്രസിദ്ധി നേടി. വലിയ തോതിലുള്ള premature publictiy എന്നുതന്നെ പറയാവുന്ന വിധത്തിലുള്ള പ്രസിദ്ധിയാണുണ്ടായത്. പദ്ധതിയുടെ ഭാഗമായി എയ്റോബിക് ബിന്നുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു. ബിനാലെ കലാകാരന്മാരെത്തി കലാസൃഷ്ടികള്‍ നടത്തി. സ്‌ക്കൂളുകളില്‍ വാട്‌സാന്‍ (watersanitation) ക്ലബുകള്‍ സ്ഥാപിച്ചു. മമ്മൂട്ടി വാട്‌സാന്‍ ക്ലബുകളെ മുക്തകണ്ഠം പ്രശംസിച്ചു (ഇതൊക്കെ കൊണ്ട് ആലപ്പുഴയിലെ കുടിവെള്ളം ശുചിയായോ എന്ന് വോട്ടര്‍മാര്‍ക്കറിയാം. അവരത് പറയുകയും ചെയ്തു). അതുകൊണ്ടായില്ല. കുടിവെള്ളശുചിത്വത്തെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ച് കഴിഞ്ഞ്. വീട്ടില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചുനല്‍കിയാല്‍ കുട്ടികള്‍ക്ക് പകരം പുസ്തകം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. എത്ര പുസ്തകം വിതരണം ചെയ്തു എന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ? അന്തിക്കാട്ട് എത്ര ജെന്നിമാര്‍ ഉണ്ട്, കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട് എന്നൊക്കെ അന്വേഷിച്ചുനടക്കുന്നതിനിടെ ഐസക്ക് പോലും അന്വേഷിച്ചിട്ടുണ്ടാവില്ല. ആലപ്പുഴ നഗരസഭയിലെ ജെസിബികള്‍ അപ്പോഴും കുഴിവെട്ടിമൂടുകയായിരുന്നു. അളവ് കുറഞ്ഞു എന്നു മാത്രം.

അങ്ങനെ ആലപ്പുഴ നഗരസഭയില്‍ അന്ന് എല്‍ ഡി എഫിന് 26 കൗണ്‍സിലര്‍മാരുണ്ടായിരുന്നു. നിര്‍മ്മലഭവനം പദ്ധതി കൂടുതലും എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലാണ് നടപ്പിലാക്കിയത്. 2012ലെ സര്‍വോദയപുരത്ത് പ്രഖ്യാപിക്കപ്പെട്ട മാലിന്യസംസ്‌ക്കരണപ്ലാന്റിന് എന്തുസംഭവിച്ചു, എന്തുചെയ്യാനാകും എന്ന് ആരും അന്വേഷിച്ചില്ല. മറിച്ച് വാര്‍ഡുകള്‍ തോറും പാര്‍ലമെന്റിതര ജനകീയ നടപടികളിലായിരുന്നു. പങ്കാളിത്തത്തോടെയുള്ള മാലിന്യസംസ്‌ക്കരണപരിപാടി താരതമ്യേന എളുപ്പമായ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാനാണ് തുനിഞ്ഞിറങ്ങിയത്. മാലിന്യപ്രശ്‌നം ഇതിനെക്കാള്‍ രൂക്ഷമായ തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെ പാര്‍ട്ടി ഇത്തരം ജനകീയപരിഹാരങ്ങള്‍ക്ക് ശ്രമിക്കാതിരുന്നപ്പോഴാണ് ആലപ്പുഴയില്‍ വലിയ പരാജയം സംഭവിച്ചിരിക്കുന്നത്. ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ കോച്ചായപ്പോള്‍ സംഭവിച്ചപോലെ എന്നൊക്കെ ഡി വൈ എഫ് ഐ പിള്ളേര്‍ അടക്കം പറഞ്ഞേക്കാം. പക്ഷെ അതിനപ്പുറം അന്വേഷണമുണ്ടാവേണ്ടതുണ്ട്. നഗരവാസികളെ എതിരാക്കുന്ന പരിഷ്‌കാരമല്ല, ഒരു ഭരണകൂടത്തില്‍നിന്ന് അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഭരണമാണുണ്ടാവേണ്ടത്. അതിനാണ് വോട്ട് തരുന്നത്. ഒരു ദിവസത്തിന്റെ അവസാനം പൗരന് അവന്റെ ജോലികള്‍ നിറവേറ്റിയെന്നുപറഞ്ഞ് വിശ്രമിക്കാനാവണം. അതിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്. അതുപോലെ ധൃതിപിടിച്ച് നടത്തിയ പ്ലാസ്റ്റിക് നിരോധനം തിരിച്ചടിയായി. കര്‍ശനമായി നടപ്പിലാക്കിയെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നില്ല. ഒളിക്യാമറ വെച്ച് മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ തുടങ്ങി. ഇരുപത്തയ്യായിരം രൂപയുടെ പിഴയൊടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായി. ഐസക്കും മാധ്യമങ്ങളിലൂടെ ഇതിനെ ന്യായീകരിക്കുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ ഈ ഭരണത്തിന്റെ അവസാനഘട്ടത്തിലൊഴികെ ഒരു സമരത്തിനും തയ്യാറായിട്ടില്ല. അവര്‍ വെറുതെയിരുന്നുകാണില്ല (വെറുതെയിരുന്നും നൂറ് സീറ്റ് നേടാമെന്ന് ആന്റണി നിയമസഭാ തിരഞ്ഞെടുപ്പില്‍ കാട്ടിത്തന്നതാണ്). അവര്‍ പരദൂഷണത്തിന്റെ മുന്തിരിച്ചെടികളെ നട്ടുവെച്ചു. അത് പൂത്തുതളിര്‍ത്തു ചെവികളില്‍നിന്ന് ചെവികളിലേക്ക് പടര്‍ന്നു വളര്‍ന്നു. അങ്ങനെയാണ് നഗരസഭയുടെ കാല്‍പ്പനികത ഇനി വേണ്ട എന്ന് ജനങ്ങള്‍ തീരുമാനിച്ചത്. ഐസക്ക് സ്വയം ശ്രദ്ധ വെക്കേണ്ട പലപദ്ധതികളിലും സമ്പൂര്‍ണ്ണപരാജയമാണെന്ന് അടക്കിപിടിച്ച സംസാരമുണ്ടായി. മട്ടാഞ്ചേരി പാലം പൊളിച്ചിട്ട് ഒന്നരവര്‍ഷമായി, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പണി ആരംഭിക്കാനായിട്ടില്ല. അതുപോലെ എല്ലാവര്‍ഷവും കനാലുകളിലെ പോള നീക്കുന്നതിന് ഒരു ശാശ്വതപരിഹാരമായിട്ടില്ല. കനാലിലെ ചെളി നീക്കം ചെയ്ത് കടല്‍ വെള്ളം കയറ്റി ഒഴുക്കുവര്‍ധിപ്പിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുദാഹരണം കൂടി പറയാം. കാഞ്ഞിരംചിറയില്‍ ഇടത്തോടുകളില്‍നിന്ന് മഴക്കാലത്ത് വെള്ളം കയറി മാലിന്യം റോഡിലെത്തും. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ തോടിന് ആഴം കൂട്ടിയാല്‍ മതിയെന്ന് അഭിപ്രായമുണ്ട്. ഐസക്കിനെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ വന്ന പദ്ധതി നാട്ടുകാര്‍ ആവശ്യപ്പെട്ട തരത്തിലല്ല, തോടുകള്‍ ബന്ധിപ്പിക്കാനായുള്ള പദ്ധതിയായിരുന്നു. നാട്ടുകാര്‍ക്ക് മനസിലാവുന്നതരത്തില്‍ ഇരട്ടത്താപ്പ് നടത്തിയാല്‍ എങ്ങനെയാണ് ശരിയാവുക? അല്ലെങ്കില്‍ ജനസഭ വിളിച്ച് ഇക്കാര്യം വിശദീകരിക്കാനല്ലേ ഐസക്ക് ശ്രമിക്കേണ്ടിയിരുന്നത്. ഐസക്ക് പലപ്പോഴും സൈലന്റായിപ്പോവുകയാണ്. മണ്ഡലത്തില്‍ അദ്ദേഹത്തിനൊരു റീഫോക്കസ് ആവശ്യമാണ്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു.

മാലിന്യപ്രശ്‌നത്തെക്കുറിച്ച് പറയുമ്പോഴാണ് ഈ നഗരസഭയില്‍ അറവുശാലയുണ്ടോ എന്നന്വേഷിച്ചത്. വഴിച്ചേരിയിലെ അറവുശാല പൂട്ടിയിരിക്കുകയാണ്. അനധികൃത അറവു മൂലം മാലിന്യങ്ങള്‍ എവിടെയൊക്കെയോ വലിച്ചെറിയപ്പെടുകയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫണ്ടനുവദിച്ചതായി പ്രചാരണമുണ്ടായെങ്കിലും അതിലും ഒരു നടപടിയുമായില്ല. ഇതേ വഴിച്ചേരിയിലാണ് ബിനാലേ കലാകാരന്മാര്‍ വാട്‌സാന്‍ പാര്‍ക്ക് സ്ഥാപിച്ചത്. ഇവിടം ഇപ്പോള്‍ മനോഹരമാണെന്ന് പത്രവാര്‍ത്തകള്‍ വന്നു, പക്ഷെ ഈ വാര്‍ഡിലും എല്‍ ഡി എഫ് പരാജയപ്പെട്ടു (കൊല്ലത്തെ അറവുശാലയെക്കുറിച്ച് മലിനീകരണം സംബന്ധിച്ച പരാതിയുണ്ടെങ്കിലും, ആ വാര്‍ഡില്‍ മത്സരിച്ച മേയര്‍ അനായാസവിജയം നേടുകയായിരുന്നു. അറവുശാല ഉള്ളതാണ് ഇല്ലാത്തതിനേക്കാള്‍ നല്ലത് എന്ന് ഗുണപാഠം).

നഗരത്തെ സമ്പൂര്‍ണ്ണ എല്‍ ഇ ഡി നഗരമായി പ്രഖ്യാപിച്ച നഗരജ്യോതി പദ്ധതി തിരക്കിട്ട് ആഗസ്റ്റ് മാസത്തില്‍ അവതരിപ്പിച്ചു. എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ് നിലവിലെ തെരുവുവിളക്കുകള്‍ കെടുകയും പുതിയവ വരാതിരിക്കുകയും ചെയ്തതോടെ സമ്പൂര്‍ണ ഇരുട്ടിലായതും തിരിച്ചടിയായി.

ആലപ്പുഴ നഗരസഭയില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും ഗ്രാമങ്ങളില്‍, ഐസക്കിന്റെ മണ്ഡലത്തിന്റെ ഭാഗമായ ആര്യാട്, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി എന്നീ പഞ്ചായത്തുകള്‍ ഇടതുഭരണത്തില്‍ തുടരുന്നു. ഇതില്‍ ആര്യാടും മാരാരിക്കുളം തെക്കും ഉറച്ച ഇടതുകോട്ടകളാണ്. ഐസക്ക് വേണ്ടത്ര സംഖ്യകള്‍ തികച്ച് ഒരിക്കല്‍ കൂടി ജയിക്കുമെങ്കിലും ഇത് അദ്ദേഹത്തിന്റെ ക്യാമ്പയിനേറ്റ തിരിച്ചടിയാണ്. ആലപ്പുഴയിലെ കൊച്ചു കൊച്ചു കാര്യങ്ങളെ വലിയ വലിയ പൊലിമയോടെ അവതരിപ്പിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആമന്‍ സാര്‍ ആവുകയായിരുന്നു അദ്ദേഹം. അദ്ദേഹമവതരിപ്പിച്ച പ്രതിഭാതീരം പദ്ധതി എഫ് ബിയിലും മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടി. കടലോരത്തെ കുട്ടികള്‍ക്ക് ഇരുന്നുപഠിക്കാനൊരിടമില്ലല്ലോ എന്ന ആശങ്ക നെഞ്ചില്‍ തട്ടുന്നതായിരുന്നു. തീരദേശത്ത് വ്യാപകമായിരുന്ന വായനശാലകള്‍ പലതും മൃതിയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ നിശാപാഠശാലകള്‍ പല വായനശാലകളിലും വളരെ മുമ്പേ ഉണ്ടായിരുന്നു എന്നും പറഞ്ഞവരുണ്ട്. പ്രതിഭാതീരം പദ്ധതി നടപ്പാക്കിയ അഞ്ച് വായനശാലകളില്‍ തുമ്പോളി, ചെട്ടിക്കാട്, ഓമനപ്പുഴ, ചെത്തി ഇതില്‍ തുമ്പോളിയൊഴികെ മറ്റെല്ലായിടത്തും സി പി എം വിജയിച്ചു. തുമ്പോളി മുനിസിപ്പാലിറ്റി പ്രദേശത്താണ്. മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷത്തിനെതിരെ ജനരോഷമുണ്ടായിരുന്നു എന്നതിന് ഇതിലും വലിയ തെളിവുവേണ്ട.

ഐസക്കിന്റെ പ്രത്യയശാസ്ത്രപരീക്ഷണങ്ങളോ, ജനാധിപത്യപരീക്ഷണങ്ങളോ അല്ല പ്രധാനം. നോക്കിവരയ്ക്കാനൊരു മോഡലായി മെനക്കെട്ടിരിക്കാനും ജനങ്ങള്‍ക്ക് താല്പര്യമില്ല. കണ്ണാടിക്കൂട്ടിലെപ്പോലെ ഇവിടെ ആരുടെയും ജീവിതം പ്രദര്‍ശനത്തിനും വെച്ചിട്ടില്ല. പ്രായോഗിക ജനാധിപത്യത്തില്‍ ബഹുകക്ഷിസമ്പ്രദായത്തിന്റെ സാധ്യതകളെ വിനിയോഗിക്കുന്നതില്‍ ജനങ്ങള്‍ മിടുക്കുകാട്ടുന്നത് ദുര്‍ബലമെങ്കിലും അവരുടെ ഇച്ഛ നിമിത്തമാണ്. ഭരണകൂടത്തിനോട് സമരം ചെയ്യാനും സമരസപ്പെടാനും കഴിയുമെങ്കിലും ഇടത്തട്ടിലെ അധികാരവര്‍ഗങ്ങള്‍ രൂപപ്പെട്ട നിലയിലാണ് അധികാരവികേന്ദ്രീകരണമെന്നും, യഥാര്‍ത്ഥ അധികാരവും ഭരണകൂടവും, അതെവിടെയാണോ, അത് കുറേക്കൂടി അടുത്തേക്കുവന്ന് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയുമാണെന്നും അവര്‍ തിരിച്ചറിയുന്നു. ഈ നാട്ടിലാരും തുമ്പിയെപ്പിടിക്കാറില്ല എന്ന് ഖസാക്കിലെ കുട്ടികള്‍ രവിയോട് പറഞ്ഞതുപോലെ നമ്മടെ പ്രതീക്ഷയായ ഐസക്ക് സാറിനോട് തുമ്പികളല്ല ഞങ്ങള്‍, ഇവിടെ തുമ്പികള്‍ കല്ലെടുക്കാറില്ല എന്നാണ് ആലപ്പുഴ നഗരസഭയിലെ ജനങ്ങള്‍ തല്‍ക്കാലം പറഞ്ഞിരിക്കുന്നത്.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍