UPDATES

കേരളം

കേരളം ചര്‍ച്ച ചെയ്തതൊന്നുമല്ല പരാജയകാരണമെങ്കില്‍ പിന്നെന്താണ് ഉമ്മന്‍ ചാണ്ടി ആ ‘ദുരൂഹ കാരണം?’

Avatar

അഴിമുഖം പ്രതിനിധി 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍മുന്നേറ്റമുണ്ടാക്കിയെന്ന അവകാശവാദം പൊള്ളയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് എംഎല്‍എ. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം പോലും ഇത്തവണ തിരുവനന്തപുരത്ത് ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഐസക് ചൂണ്ടിക്കാട്ടി. അതേപോലെ ഈ തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്കുണ്ടായിരിക്കുന്ന തിരിച്ചടി അല്ലെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെയും തോമസ് ഐസക് വിമര്‍ശിച്ചു. കേരളം ചര്‍ച്ച ചെയ്ത അഴിമതിയും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലുമൊന്നും അല്ല തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന് പറയുന്ന മുഖ്യമന്ത്രി തോല്‍വിയുടെ കാരണം പാര്‍ട്ടിക്കുള്ളിലെ പറയൂ എന്ന വാശിയിലാണെന്നും തോമസ് ഐസക് പരിഹസിക്കുന്നു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്കിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് വിശദമായി വായിക്കുക

തെരഞ്ഞെടുപ്പു സംബന്ധിച്ച് രണ്ട് തെറ്റായ നിഗമനങ്ങള്‍ തുറന്നു കാണിക്കേണ്ടിയിരിക്കുന്നു. ഒന്ന്, കോണ്‍ഗ്രസിന്റെതാണ്. തങ്ങള്‍ക്ക് കനത്ത തിരിച്ചടിയൊന്നുമില്ല, ജില്ലാ പഞ്ചായത്തില്‍ 7-7 എന്ന നിലയില്‍ തുല്യം പാലിച്ചു എന്നൊക്കെയുളള കണക്കു കസര്‍ത്തുകള്‍ കൊണ്ട് പരാജയം മൂടിവെയ്ക്കാന്‍ യുഡിഎഫ് ശ്രമിക്കേണ്ടതില്ല. യുഡിഎഫ് വിജയിച്ച ഏഴു ജില്ലാ പഞ്ചായത്തുകളില്‍ 53 അസംബ്ലി മണ്ഡലങ്ങളാണുളളത്. എല്‍ഡിഎഫ് ജയിച്ച ഏഴില്‍ 87 അസംബ്ലി മണ്ഡലങ്ങളും. 

രണ്ട്, ബിജെപിക്ക് വന്‍മുന്നേറ്റമുണ്ടായി എന്നാണ് മറ്റൊരു നിഗമനം. തിരുവനന്തപുരം കോര്‍പറേഷനിലെ 35 സീറ്റിന്റെ എണ്ണം വെച്ചാണ് ഈ അവകാശവാദം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 62 വാര്‍ഡുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്നു എന്നോര്‍ക്കുക. ബിജെപി ജയിച്ച സീറ്റുകളുടെ എണ്ണം മൊത്തത്തില്‍ കൂടിയിട്ടുണ്ട് എന്നതു ശരി തന്നെ. എസ്എന്‍ഡിപി യോഗമടക്കം 33 സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച ശേഷവും ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ അഞ്ചു ശതമാനവും മുനിസിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ എട്ടു ശതമാനവുമേ ലഭിച്ചിട്ടുളളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടാണ് ബിജെപി നേടിയത് എന്നോര്‍ക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനിലയില്‍ നിന്ന് മുന്നേറുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് വോട്ടു ശതമാനം പരിശോധിച്ച ശേഷമേ പറയാനാവൂ. 

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഷ്ടം എസ്എന്‍ഡിപി യോഗത്തിനാണ്. ബിജെപി എസ്എന്‍ഡിപി സഖ്യത്തിന്റെ ഗുണം ബിജെപിക്കേ ഉളളൂ. കൈ വിരലിലെണ്ണാവുന്ന എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളേ വിജയിച്ചിട്ടുളളൂ. ഇന്നിപ്പോള്‍ ഇങ്ങനെയൊരു സഖ്യമുണ്ടായിട്ടില്ലെന്നും ഉണ്ടാകാന്‍ പോകുന്നേയുളളൂ എന്നും മറ്റുമാണ് ശ്രീ വെളളാപ്പളളി വ്യാഖ്യാനിക്കുന്നത്. അദ്ദേഹത്തിന്റെ പഞ്ചായത്തായ മാരാരിക്കുളം വടക്കു പഞ്ചായത്തില്‍ രണ്ടു ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷേ, പഞ്ചായത്തില്‍ സിപിഐഎമ്മിന് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. ഏതായാലും എസ്എന്‍ഡിപി യോഗത്തിലും മറ്റും ശ്രീ വെള്ളാപ്പളളിയ്ക്കുണ്ടായിരുന്ന അപ്രമാദിത്തം ഇനി തുടരില്ല. ഇതിനു പുറമെയാണ് ഉണ്ടായിരിക്കുന്ന മാനഹാനി. ഇത്തരമൊരു രാഷ്ട്രീയക്കളി തുടരണോ എന്ന് ഇനിയും ആലോചിക്കാന്‍ സമയമുണ്ട്. 

യുഡിഎഫിനേറ്റ തിരിച്ചടിയ്ക്കുളള കാരണം പാര്‍ട്ടിക്കുളളിലേ പറയൂ എന്ന ശാഠ്യത്തിലാണ് മുഖ്യമന്ത്രി. പക്ഷേ, കാരണങ്ങള്‍ എന്തൊക്കെയല്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ബാര്‍ കോഴയും അഴിമതിയും ഭരണപരാജയവുമൊന്നും തോല്‍വിക്കുളള കാരണങ്ങളല്ല; എസ്എന്‍ഡിപി ബിജെപി ബാന്ധവത്തെ എതിര്‍ക്കാത്തതും ബീഫ് വിവാദം പോലുളള പ്രശ്‌നങ്ങളില്‍ സ്വീകരിച്ച മൃദു സമീപനവും യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പിന്നെന്താണ് പാര്‍ട്ടിക്കുളളില്‍ മാത്രം പറയാന്‍ പറ്റുന്ന ‘ദുരൂഹമായ കാരണം’? 

എല്‍ഡിഎഫിന്റെ വിജയകാരണങ്ങള്‍, നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. 2010നെ അപേക്ഷിച്ച് പാര്‍ട്ടിയിലും മുന്നണിയിലും പൂര്‍ണ ഐക്യമുണ്ടായിരുന്നു. യുഡിഎഫിന്റെ അഴിമതിയും ജനവിരുദ്ധതയും തുറന്നു കാണിക്കാന്‍ കഴിഞ്ഞു. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ കേരളത്തിലേയ്ക്കു കടത്തുന്നതിനു വേണ്ടി പടച്ചുണ്ടാക്കിയ ജാതി മുന്നണിയെയും ഫലപ്രദമായി തുറന്നു കാണിച്ചു. എന്നാല്‍ ഈ ബന്ധത്തിനു യുഡിഎഫ് മൗനമായി നല്‍കിയ പ്രോത്സാഹനവും കൂടിയായപ്പോള്‍ മതന്യൂനപക്ഷങ്ങളും മതേതരചിന്താഗതിക്കാരും എല്‍ഡിഎഫിന് വര്‍ദ്ധിച്ച പിന്തുണ നല്‍കി. 

കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങള്‍ എല്‍ഡിഎഫിന്റെ അടിത്തറയെ തകര്‍ത്തിട്ടില്ല. ഇന്നുണ്ടായിരിക്കുന്ന ഈ തിരിച്ചുവരവ് വരാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ ഊര്‍ജമായിരിക്കും. നവകേരള സൃഷ്ടിക്കായുളള ഒരു ജനകീയ ബദല്‍ മുന്നോട്ടു വെച്ചുകൊണ്ട് ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയുളള പോരാട്ടം ശക്തിപ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍