UPDATES

ഭരണവിരുദ്ധ വോട്ടുകള്‍ ബിജെപി കരസ്ഥമാക്കിയെന്ന് തോമസ് ഐസക്‌

അഴിമുഖം പ്രതിനിധി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരത്തിന്റെ സിംഹഭാഗവും ബിജെപി കരസ്ഥമാക്കിയതു കൊണ്ടാണെന്നും എല്‍ഡിഎഫിനാകട്ടെ പരമ്പരാഗത വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂവെന്നും അതില്‍ ചോര്‍ച്ച ഉണ്ടായിരിക്കാമെന്നും തോമസ് ഐസക് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌

അരുവിക്കര തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം യുഡിഎഫ് സര്‍ക്കാരിനുളള അംഗീകാരമല്ല. ആകെ പോള്‍ ചെയ്ത 142496 വോട്ടിന്‍റെ 60 ശതമാനവും സര്‍ക്കാരിനെതിരെയാണ് രേഖപ്പെടുത്തിയത്. വോട്ടിന്‍റെ എണ്ണത്തില്‍ 2011ല്‍ കാര്‍ത്തികേയനു കിട്ടിയ വോട്ടുകളെക്കാള്‍ 319 വോട്ടുകള്‍ ശബരിനാഥന് കുറയുകയും ചെയ്തു. എന്നിട്ടും എല്‍‍ഡിഎഫ് പരാജയപ്പെട്ടതിനു കാരണം ബിജെപിയുടെ വോട്ടിലുണ്ടായ വന്‍ വര്‍ദ്ധനയാണ്.

ഭരണവിരുദ്ധ വികാരത്തിന്‍റെ സിംഹഭാഗവും ബിജെപി കരസ്ഥമാക്കി. എല്‍ഡിഎഫിനാകട്ടെ, പരമ്പരാഗത വോട്ടുകള്‍ മാത്രമേ ലഭിച്ചുളളൂ. ഇതിലും ചോര്‍ച്ചയുണ്ടായിരിക്കാം. ഒരു സാധ്യതയും തളളിക്കളയുന്നില്ല.

ഇത്രയും പറഞ്ഞത് എല്‍ഡിഎഫിനുണ്ടായ തിരിച്ചടിയുടെ ഗൗരവം കുറയ്ക്കാനല്ല. ബിജെപി മൂന്നാംസ്ഥാനത്താണെങ്കിലും അവര്‍ വളരുന്നത് ഗൗരവമായ പരിശോധന അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. അരുവിക്കരയിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് എല്‍ഡിഎഫിനെക്കാള്‍ ബിജെപി സ്വീകാര്യമായതെന്തുകൊണ്ട് എന്ന് ആത്മപരിശോധന വേണം.

ബിജെപിയുടേതും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം തന്നെയായിരുന്നു. പക്ഷേ, യുഡിഎഫിന്‍റെ സാമുദായിക പ്രീണനത്തിനെതിരെ ഹിന്ദു വര്‍ഗീയതയുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ വിമര്‍ശനം. യുഡിഎഫിന്‍റെ പ്രീണനത്തെ മതനിരപേക്ഷ നിലപാടിലൂന്നി ചെറുക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചുവന്നത്. മുന്‍കാലങ്ങളില്‍ കേരളജനത അംഗീകരിച്ച നിലപാടു തന്നെയാണിത്. 

എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി, വര്‍ഗീയാടിസ്ഥാനത്തിലുളള നിലപാടുകള്‍ക്ക് സ്വീകാര്യതയേറുന്നു. ഇതിന്‍റെ കാരണങ്ങള്‍ പരിശോധിക്കാനുളള രാഷ്ട്രീയ ബാധ്യതയില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞു മാറാനാവില്ല. യുഡിഎഫിന്‍റെ വര്‍ഗീയ പ്രീണന നയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബിജെപി ഹിന്ദു വര്‍ഗീയത കുത്തിയിളക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന, തീര്‍ത്തും സങ്കുചിതമായ സാമുദായിക താല്പര്യങ്ങള്‍ കേരളത്തെ എവിടെക്കൊണ്ടെത്തിക്കുമെന്ന് യുഡിഎഫും ചിന്തിക്കണം. അമ്പലങ്ങളെയും മതചിഹ്നങ്ങളെയും ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനെ ആശയപരമായും പ്രായോഗികമായും ചെറുക്കുന്നതിനുളള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. കേവല യുക്തിവാദപരമായ നിലപാടു കൊണ്ട് ഈ പ്രശ്നത്തെ മറികടക്കാനാവില്ല.മറ്റൊരു ഗൗരവതരമായ പ്രശ്നം, ഇത്രയേറെ പ്രതികൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും യുഡിഎഫിന്‍റെ രാഷ്ട്രീയാടിത്തറ എന്തുകൊണ്ട് തകരുന്നില്ല എന്നതാണ്.

അഴിമതിയും വികസനസ്തംഭനവും സംബന്ധിച്ച് പ്രതിപക്ഷം ഉയര്ത്തിയ വിമര്‍ശനങ്ങളൊന്നും അടിസ്ഥാനരഹിതമായിരുന്നില്ല. ആ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് വോട്ടുചെയ്തവരില്‍ അറുപതു ശതമാനം പേരും സര്‍ക്കാരിനെതിരായ നിലപാടു സ്വീകരിച്ചത്. എന്നാല്‍ പരമ്പരാഗതമായി യുഡിഎഫിന് വോട്ടു ചെയ്തുവരുന്നവരില്‍ മാനസാന്തരമുണ്ടാക്കാന്‍ ഈ രാഷ്ട്രീയപ്രചരണത്തിനു കഴിഞ്ഞിട്ടുമില്ല. ഇതിന്‍റെ കാരണങ്ങളെക്കുറിച്ചും വിശദമായ പരിശോധന ആവശ്യമാണ്. പൊതുപ്രവര്‍ത്തനത്തിന്‍റെ രീതിയിലും ശൈലിയിലും വരുത്തേണ്ട മാറ്റങ്ങള്‍ സംസ്ഥാന പ്ലീനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും ഇത്തരമൊരു പരിശോധനയ്ക്ക് സഹായകരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍