UPDATES

കള്ളപ്പണം ചാക്കുകളില്‍ കെട്ടിവയ്ക്കുന്ന സ്ഥാപനമല്ല സഹകരണബാങ്കുകള്‍; കെ സുരേന്ദ്രന് തോമസ് ഐസക്കിന്റെ മറുപടി

അഴിമുഖം പ്രതിനിധി

സിപിഎം സഹകരണ ബാങ്കുകളില്‍ കള്ളനിക്ഷേപം ഉണ്ടെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആക്ഷേപത്തിനു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. മറ്റെല്ലാ ധനകാര്യ സ്ഥാപനങ്ങളെയും പോലെതന്നെ ഇടപാടുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് സഹകരണബാങ്കുകളും നിക്ഷേപം സ്വീകരിക്കുന്നത്. തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാതെ ഇവിടെ ആര്‍ക്കും അക്കൗണ്ട് തുറക്കുവാന്‍ കഴിയില്ലെന്നും ഐസക്ക സുരേന്ദ്രനെ ഓര്‍മപ്പെടുത്തുന്നു. ജീവന്‍ പോയാലും സഹകരണ ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും സിപിഎമ്മും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള കൂട്ടുകച്ചവടവും പുറത്തുകൊണ്ടുവരുമെന്നുമായിരുന്നു സുരേന്ദ്രന്റെ വെല്ലുവിളി.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മിസ്റ്റര്‍ സുരേന്ദ്രന്‍, സ്വാമിഭക്തി ഇത്ര പാടില്ല. കേരളം കള്ളപ്പണക്കാരുടെയും ഹവാലക്കാരുടെയും നാടാണെന്ന് ബിജെപിയുടെ ഒരു കേന്ദ്രനേതാവ് ഇന്നലെ പ്രഖ്യാപിച്ചു. കള്ളപ്പണക്കാരെ സഹായിക്കാനാണ് എന്റെ വിമര്‍ശനമെന്ന് കുമ്മനം രാജശേഖരന്‍. സുരേന്ദ്രന് പിന്നിലാകാന്‍ പറ്റുമോ? കേരളത്തിലെ സഹകരണ സംഘങ്ങള്‍ നാളെ പൂട്ടിച്ചിട്ടേ അദ്ദേഹം അടങ്ങൂ എന്ന വാശിയിലാണ്. ഇന്നലെ മുഴുവന്‍ കള്ളപ്പണം ഒളിപ്പിക്കാന്‍ എല്ലാ സഹകരണ ബാങ്കുകളും പണം ഡെപ്പോസിറ്റ് വാങ്ങുകയായിരുന്നൂവത്രേ! ബിജെപിക്ക് സഹകരണപ്രസ്ഥാനത്തില്‍ സ്വാധീനമില്ല എന്നത് ശരിതന്നെ. എന്നുവച്ച് കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളുടെയും ദശലക്ഷക്കണക്കായ സഹകാരികളുടെയും മേല്‍ ഇങ്ങനെ ചെളിവാരി എറിയണമോ? 

പഴയ നോട്ടുകള്‍ കൈമാറാന്‍ കഴിയാതെ ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. ജനങ്ങള്‍ക്ക് ഇത്രയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെതന്നെ കള്ളനോട്ടുകള്‍ ഇല്ലാതാക്കുന്നതിനും പണമായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം പുറത്തു കൊണ്ടുവരുന്നതിനും കഴിയുമായിരുന്നു. സുരേന്ദ്രന്‍ മറുപടി പറയണം. എട്ടാം തീയതി അര്‍ദ്ധരാത്രി നോട്ടുകള്‍ റദ്ദാക്കുന്നതിനു പകരം നവംബര്‍ 30 കഴിഞ്ഞാല്‍ ഇതിനൊന്നിനും പ്രാബല്യം ഉണ്ടാകില്ലായെന്ന് പ്രഖ്യാപിക്കുകയും സഹകരണ സംഘങ്ങളടക്കമുള്ള ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും പഴയ നോട്ടുകള്‍ മാറിയെടുക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നൂവെങ്കില്‍ എന്തു വ്യത്യാസമാണ് ഉണ്ടാകുക?

(1) മുഴുവന്‍ കള്ളനോട്ടുകളും ഉപയോഗത്തില്‍നിന്നു പുറത്തുപോകും.

(2) കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരുന്നതിനും രണ്ട് രീതിക്കും തുല്യമായ പങ്കേ വഹിക്കുവാന്‍ കഴിയൂ. അര്‍ദ്ധരാത്രി നോട്ടുകള്‍ റദ്ദാക്കിയിട്ടും ഡിസംബര്‍ 30 വരെ സ്രോതസ്സു വെളിപ്പെടുത്തി പഴയ നോട്ടുകള്‍ കൈമാറുവാന്‍ അനുവാദം ഉണ്ട്. ഇതേ സാവകാശമല്ലേ നോട്ടുകള്‍ റദ്ദാക്കുന്ന തീയതി നീട്ടിയാലും ലഭിക്കുകയുള്ളൂ. 

ആദ്യം കേന്ദ്രസര്‍ക്കാര്‍ പഴയ പണം സ്വീകരിക്കുന്നതിന് അനുവാദം നല്‍കിയത് ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയ്ക്കായിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി, മില്‍ക്ക് ബൂത്തുകള്‍ എന്നിവയും ഉള്‍പ്പെടുത്തി. ഇതുപോരെന്നും സഹകരണ സ്ഥാപനങ്ങള്‍ക്കും ട്രഷറിക്കും സംസ്ഥാന സര്‍ക്കാരിന്റെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതേ അവസരം നല്‍കണമെന്ന് ഇന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടറിതലത്തില്‍ ചര്‍ച്ചകളും നടന്നു. അതേത്തുടര്‍ന്ന് സഹകരണബാങ്കുകള്‍ക്ക് അനുവാദം നല്‍കുകയുണ്ടായി. ജനങ്ങള്‍ക്ക് എത്ര സഹായകരമായി ഈ നടപടിയെന്ന് പറയേണ്ടതില്ലല്ലോ. 

സുരേന്ദ്രന്‍ മനസ്സിലാക്കേണ്ടത് കള്ളപ്പണം ചാക്കുകളില്‍ കെട്ടിവയ്ക്കുന്ന സ്ഥാപനമല്ല സഹകരണബാങ്കുകള്‍. മറ്റെല്ലാ ധനകാര്യ സ്ഥാപനങ്ങളെയും പോലെതന്നെ ഇടപാടുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് സഹകരണബാങ്കുകളും നിക്ഷേപം സ്വീകരിക്കുന്നത്. തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാതെ ഇവിടെ ആര്‍ക്കും അക്കൗണ്ട് തുറക്കുവാന്‍ കഴിയില്ല. മറ്റെല്ലാ ബാങ്കുകളും പോലെതന്നെ ആര് പണം നിക്ഷേപിച്ചാലും അതിന്റെ സ്രോതസ്സ് ഏതെന്ന് പിന്നീട് അന്വേഷിക്കാവുന്നതേയുള്ളൂ. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുമുണ്ട്. 

സാധാരണഗതിയില്‍ ഞാന്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടാറില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടപ്പാക്കാവുന്ന ഒരു കാര്യത്തിന് ഇത്രയേറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടും അതിനെതിരെ പ്രതിഷേധിക്കാത്തതിന്റെ രാഷ്ട്രീയം മനസ്സിലാക്കാം. പക്ഷേ ജനങ്ങള്‍ക്ക് ലഭിച്ച ഒരു സാവകാശം ഇല്ലാതാക്കണമെന്നുള്ള ശാഠ്യം ജനവിരുദ്ധം തന്നെ. കാര്‍ഷിക മേഖലയടക്കം സാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ ഇല്ലാതാക്കണമെന്ന ദുരുദ്ദേശ്യം അതിലേറെ ജനവിരുദ്ധവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍