UPDATES

ട്രെന്‍ഡിങ്ങ്

ഫാദര്‍ തേരകവും സിസ്റ്റര്‍ ബെറ്റിയും ചെയ്തത് പീഡനക്കേസിലെ പ്രതിയെ രക്ഷിക്കല്‍; അറസ്റ്റിനു ശ്രമം

ഇരുവരെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്തു

വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ കുറിച്ച് സര്‍ക്കാരിന് കിട്ടിയ റിപ്പോര്‍ട്ടില്‍ വ്യക്തമായത് കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിന്റെ വിവരങ്ങള്‍. കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ സുരക്ഷ ഒരുക്കുന്നതിലും പ്രതിയായ വൈദികനെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിലും അക്ഷന്തവ്യമായ വീഴ്ച വരുത്തിയെന്നതാണു സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായുള്ള ഗുരുതര കുറ്റം നടന്നിട്ടും ഈ വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, അംഗമായ സിസ്റ്റര്‍ ഡോ. സി ബെറ്റി എന്നിവര്‍ പ്രതിയെ രക്ഷിക്കുക എന്ന തരത്തില്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് ഉണ്ടായത്.

അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പ്രകാരം ഫാദര്‍ തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റിയേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്താണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2015 ലെ ജുവൈനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ 27(7) പ്രകാരമാണ് നടപടി. കമ്മിറ്റിയിലെ അംഗങ്ങളായ മറ്റു മൂന്നുപേരെയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കര്‍ത്തവ്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യും. വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ താത്കാലിക ചുമതല കോഴിക്കോട് സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം ഫാദര്‍ തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റിയേയും കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഇരുവരെയും പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇരുവരും ഒളിവിലാണെന്നാണു പറയുന്നത്. കേസില്‍ ഫാദര്‍ തേരകം ഒമ്പതാമത്തെയും ബെറ്റി പത്താമത്തെയും പ്രതിയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അധികാരസ്ഥാനത്ത് ഇരിക്കുമ്പോള്‍ പൊലീസിന് ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ സാധ്യമല്ലായിരുന്നു. കാരണം അര്‍ദ്ധ ജുഡീഷ്യറി സംവിധാനമായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ചെയര്‍മാനും അംഗങ്ങളും ബെഞ്ച് ഓഫ് മജിസ്‌ട്രേറ്റ് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പൊലീസിന് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ വളരെയേറെ പരിമിതിയുണ്ട്. അതേസമയം ഫാദര്‍ തേരകത്തെയും സിസ്റ്റര്‍ ബെറ്റിയേയും നീക്കം ചെയ്ത സാഹചര്യത്തില്‍ പൊലീസ് ഇവരെയും ഉള്‍പ്പെടുത്തിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കാനാണു പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയിലിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഫാദര്‍ റോബിന്‍ അല്ലാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റാരെയും തന്നെ കസ്റ്റഡിയില്‍ കിട്ടാത്തത് അന്വേഷണ സംഘത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കും. റോബിന്‍ വടക്കഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ്, കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമാണ് പൊലീസ് ഉദ്ദേശിക്കുന്നത്. മറ്റു പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി പിരിഞ്ഞു തിരച്ചില്‍ നടത്തും.

കൊട്ടിയൂര്‍ പീഡനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിഡബ്ല്യുസികള്‍ക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങളിലും അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും സര്‍ക്കാരിന് ഇടപെടാം. അതിനായി കോടതിയെ സമീപിക്കാവുന്നതാണ്. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഉറപ്പും ഇത്തരത്തില്‍ തന്നെയുള്ളതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍