UPDATES

സിനിമ

തൂങ്കാവനം കമല്‍ സിനിമയല്ല, ഒരു മിമിക് മാത്രം

Avatar

വി കെ അജിത് കുമാര്‍

സ്ലീപ്‌ലെസ് നൈറ്റ് എന്ന ചിത്രം കമല്‍ ഹാസന്‍ തൂങ്കാവനമായി നല്‍കുമ്പോള്‍ കാമറയുടെ ആംഗിളിലെങ്കിലും വ്യത്യസ്തത പ്രതിക്ഷിച്ചിരുന്നു. ടോമര്‍ സിസ് ലെ എന്ന ഫ്രഞ്ച് നടന്റെ സീറ്റില്‍ കമല്‍ ഹസനെ ഒട്ടിച്ചു വച്ചിരിക്കുന്നു. മര്‍സിയാനോ എന്ന മയക്കു മരുന്ന് രാജാവിന്റെ തെന്നിന്ത്യന്‍ പതിപ്പായ വിട്ടല്‍ റാവുവായി പ്രകാശ് രാജും വരുന്നു. കഥ നടക്കുന്ന ഹോട്ടലും വിഷ്വല്‍സും എല്ലാം പടിക്കുപടി പകര്‍ത്തി എഴുതിയതുപോലെ. കളര്‍ ടോണിലോ കഥാപാത്രങ്ങളുടെ വേഷത്തിലോ പോലും മാറ്റമില്ല. ഹോട്ടല്‍ സെക്യുരിറ്റിയും അവരുടെ പരിശോധനയും ഒന്നും ഒരു വ്യത്യാസവുമില്ലാതെ ഇങ്ങനെ പകര്‍ത്തപ്പെടുന്നത് കമല്‍ എന്ന വലിയ നടന്റെ സിനിമയിലാണെന്നതാണ് നമ്മളെ പ്രകോപിപ്പിക്കുന്നത്. സിനിമ കാണല്‍ അന്തര്‍ദേശീയമായ ഒരു പ്രവര്‍ത്തനമായി മാറിയ ഈ കാലത്ത് വെറുതെ വിട്ടിലിരുന്നു പോലും സ്ലീപ്‌ലെസ് നൈറ്റ് പോലുള്ള ഒരു ചിത്രം കാണാന്‍ സാധിക്കുമ്പോള്‍ ഇത്തരം ചിത്രങ്ങള്‍ റിമേക്ക് ചെയ്തു അതുപോലെ തന്നെ അവതരിപ്പിക്കുന്നതില്‍ എന്താണ് പുതുമയെന്ന് ഇനിയും വ്യക്തമാകുന്നില്ല.

എല്ലാ പോലീസുകാര്‍ക്കും ഇപ്പോള്‍ ഡിവോഴ്‌സിന്റെ കാലമാണ്. എപ്പോഴും ഇതിനു കാരണമാകുന്നത് അവരുടെ ജോലിയോടുള്ള അമിതമായ വിധേയത്വവുമാണ്. സ്‌നേഹധനന്‍മരായ ഇവരോടൊപ്പം ഒരു മകനുമുണ്ടെങ്കില്‍ പിന്നെ അബ്ഡക്ഷന്‍ ഉറപ്പല്ലേ. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. സത്യത്തില്‍ ഒരു പുതുമയുമില്ലാത്ത കഥയില്‍ ആകെയുള്ള പ്രത്യേകത, ഇത് ഒരു രാത്രികൊണ്ട് ഒരു ക്ലബില്‍ സംഭവിക്കുന്നു എന്നത് മാത്രമാണ്. അതിഭാവുകത്വമില്ലാത്ത നായകനില്‍ (ഉലകനായകന്‍ എപ്പോഴും സാധാരണക്കാരനാകാന്‍ ശ്രമിക്കാറുണ്ട്) വേഷത്തിലും പരാക്രമത്തിലുമെല്ലാം മധ്യവയസുകഴിഞ്ഞ ഒരാളുടെ ഒത്തുതീര്‍പ്പു മനോഭാവം ശക്തമായി നിലനില്‍ക്കുന്നു. കണ്‍മുമ്പില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ പോലും വേണോ വേണ്ടയോ എന്നാലോചിക്കുന്ന അക്രമകാരിയല്ലാത്ത മധ്യവയസ്‌ക്കന്‍. അതെ സമയം സ്വന്തം മകന്റെ കാര്യത്തില്‍ അതീവ ജാഗരൂകനുമാണ്.

സിനിമയുടെ അല്ലെങ്കില്‍ ആ ദിവസത്തിന്റെ തുടക്കത്തില്‍ തനിക്കേറ്റ സാരമായ ഒരു മുറിവ് സ്വയം തുന്നിക്കെട്ടി, ആ മുറിവുമായാണ് മകനെ രക്ഷിക്കാനുള്ള ദൌത്യവുമായി നായകന്‍ പോകുന്നത്. ശക്തമായ കൊക്കയിന്‍ വേട്ടക്കാരന്‍ എന്ന പേരുള്ള ദിവാകര്‍ ശരിക്കും എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആ മുറിവുണ്ടായ സാഹചര്യം. ഒരേസമയം അയാള്‍ പ്രത്യക്ഷത്തില്‍ എന്താണോ അതൊന്നുമല്ല എന്ന തരത്തിലുള്ള ഒരു വ്യക്തി രൂപീകരണം കൃത്യമായി വരച്ചിടാന്‍ ഒറിജിനലിലും തുങ്കാവനത്തിലും ഒരു പോലെ സാധിച്ചിട്ടുണ്ട്.

വില്ലന്മാരിലൊക്കെ സമീപ കാലത്ത് നിഴലിക്കുന്ന കോമഡി എലമെന്റ്‌റ് ഇതിലും വലിയ പരിക്കില്ലാതെ നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. കിഷോര്‍, തൃഷാ എന്നിവര്‍ അവതരിപ്പിക്കുന്ന അന്വേഷണ വിദഗ്ധര്‍ രൂപത്തിലും വേഷവിധാനത്തിലും ഇന്റര്‍നാഷണല്‍ ഔട്ട് ലുക്ക് പ്രകടിപ്പിക്കുന്നുണ്ട്.

ഒറിജിനല്‍ കാണാത്ത പ്രേക്ഷകന്‍ എന്ന തരത്തില്‍ വിലയിരുത്തുന്നതാവും ഇത്തരം ചിത്രങ്ങള്‍ക്ക് അനുയോജ്യമാവുകയെങ്കിലും അടുക്കളയും അതിലുള്ള സംഘട്ടനങ്ങളും കൊക്കയിന്‍ കവറിന്റെ ഒട്ടിപ്പ് പടികളിലെ തിരക്കിനിടയിലൂടെ മകനെ നഷ്ടപ്പെടുന്ന രംഗവുമെല്ലാം അതേപടി പകര്‍ത്തിയ തൂങ്കാവനത്തിന്റെ ഡയറക്ടറുടെ ഇടതു വശത്ത് തുറന്നു വച്ച ഒരു പുസ്തകം പോലെ സ്ലീപ്‌ലെസ് നൈറ്റ് ഉണ്ടായിരുന്നതാണ് ഈ സിനിമയെ രാജേഷ് എം ശെല്‍വ എന്ന സംവിധായകന്റെ ജനുവിന്‍ കലാസൃഷ്ടിയല്ലാതാക്കുന്നത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനില്‍ ചെയ്ത ഒരു മിമിക് സിനിമ എന്നതിലുപരി ഒരു കമല്‍ സിനിമയെന്ന് തൂങ്കാവനത്തെ വിശേഷിപ്പിക്കാന്‍ കഴിയില്ല. 

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍