UPDATES

സിനിമ

ക്ലാരയുടെ ജയകൃഷ്ണന്‍ അഥവാ ഉഷയുടെ ഉണ്ണിമേനോന്‍

Avatar

അഭിമന്യു

തൂവാനത്തുമ്പികളും ക്ലാരയും പ്രണയമനസ്സുകളില്‍ തുടങ്ങിവെച്ച മഴപ്പെയ്ത്ത് ഇപ്പോഴും തോര്‍ന്നിട്ടില്ല. ഇടവപ്പാതിയെന്നോ തുലാവര്‍ഷമെന്നോ ഇല്ലാതെ പ്രണയാര്‍ദ്രമായി ഇന്നും പെയ്തുകൊണ്ടിരിക്കുകയാണ്. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും മഴനീര്‍ത്തുള്ളികള്‍ പോലെ മനസ്സില്‍ നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നു, പത്മരാജന്റെ രചനാവൈഭവത്തിന്റെ ഉത്തമോദാഹരണങ്ങളായി. അക്കാലത്തു മാത്രമല്ല, ഇന്നും സ്വയം ആയിത്തീരാന്‍ കൊതിച്ചുപോകുന്ന കഥാപാത്രമായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണന്‍. മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന ബിംബത്തിലേക്ക് മലയാളിയുവാക്കള്‍ മാറാന്‍ കൊതിച്ചുകൊണ്ടിരുന്നു. ഒരു ബിയര്‍ കുടിക്കുമ്പോള്‍, അല്ലെങ്കില്‍ തൃശൂരിലെത്തുമ്പോള്‍, ”മ്മക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ?” എന്നൊരു ചോദ്യം ചോദിച്ച് സ്വയം ജയകൃഷ്ണനാകാന്‍ പലരും ശ്രമിച്ചു. മണ്ണാറത്തൊടി ജയകൃഷ്ണന്‍ ഇവിടെ ജീവിച്ചിരുന്നയാളായിരുന്നു എന്ന തിരിച്ചറിവുണ്ടായപ്പോള്‍ത്തൊട്ട് ആ ജയകൃഷ്ണനെക്കുറിച്ചുള്ള അന്വേഷണമായി. പക്ഷേ, പലര്‍ക്കും കണ്ടെത്താനായില്ല. തൃശൂര്‍ക്കാരോടുതന്നെ അന്വേഷിച്ചാല്‍ ഉത്തരം ഇങ്ങനെയായിരുന്നു: ”അങ്ങനൊരാളിണ്ടാര്‍ന്നു… ഇപ്പോ എവിട്യാന്ന് ഒരു പിടീല്ലട്ടാ…”

ആ അര്‍മാദജീവിതം ഏതെങ്കിലും ബാറുകളിലോ പട്ടണത്തിരക്കുകളിലോ ഇപ്പോഴും അലയുന്നുണ്ടാവും എന്നു കരുതി പിന്‍വഴി തേടി പലരും നടന്നു. അവിടെയൊന്നുമായിരുന്നില്ല ജയകൃഷ്ണന്‍.

മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന് പത്മരാജന്റെ മനസ്സില്‍ വഴിമരുന്നിട്ട പി. ഉണ്ണിമേനോന്‍ അപ്പോള്‍ പക്ഷിച്ചിലമ്പലുകളില്ലാത്ത ഒരു ചില്ലയില്‍ ഒതുങ്ങി, തന്റെ പ്രാണന് കാവലായി നില്‍ക്കുന്ന ദേശാടനക്കിളിയെപ്പോലെ ആരും ശ്രദ്ധിക്കപ്പെടരുതെന്ന് ആഗ്രഹിച്ച് ഒതുങ്ങിക്കൂടുകയായിരുന്നു. നീണ്ട ഇരുപതു വര്‍ഷത്തെ മൗനം! ഇടയ്‌ക്കെപ്പോഴോ ആരൊക്കെയോ ആ കൂട്ടിലെത്തി നിശബ്ദതയുടെ കൂട് പൊളിച്ചിരുന്നു. പൊളിഞ്ഞുപോയ ഭാഗത്ത് വീണ്ടും പരിഭവമില്ലാതെ വത്മീകമുറപ്പിച്ച് മൗനത്തിലിരുന്നു. ടെലഫോണ്‍ ബന്ധങ്ങള്‍പോലുമില്ലാതെ, നഗരത്തിന്റെ വേഗതയുടെ ഓരംപറ്റി ജീവിച്ചു.

ഇരുപതു വര്‍ഷത്തിനുശേഷം ഉണ്ണിമേനോന്‍ തന്റെ മനസ്സ് തുറന്നിട്ടു. മലയാളസിനിമാ ചരിത്രത്തില്‍ ഇടംനേടിയ മണ്ണാറത്തൊടി ജയകൃഷ്ന്‍ സിനിമയ്ക്കു മുമ്പും പിമ്പും എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എന്ന് ഉണ്ണിമേനോന്‍ വിശദമായിത്തന്നെ പറഞ്ഞു. പി. ഉണ്ണിമേനോന്റെ ജീവചരിത്രം പുറത്തിറങ്ങി.

മാധ്യമപ്രവര്‍ത്തകനായ കെ. സജിമോന്‍ എഴുതിയ പി. ഉണ്ണിമേനോന്റെ ജീവചരിത്രം, ‘ഗഗനചാരിപക്ഷികള്‍’ പുറത്തിറങ്ങുന്നതോടെയാണ് പി. ഉണ്ണിമേനോന്റെ മൗനധ്യാനം ഭഞ്ജിക്കപ്പെട്ടത്.

ഉണ്ണിമേനോന്റെ ജീവിതത്തിനൊപ്പംതന്നെ സിനിമയില്‍ കഥാപാത്രങ്ങളായെത്തിയ പലരുടെയും ജീവിതം കൂടി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

സാമൂതിരിയുടെ പടത്തലവന്മാരായ ഒളനാട്ട് പണിക്കര്‍മാരുടെ തലമുറയില്‍പ്പെട്ട കുഞ്ഞുണ്ണി എന്ന ഉണ്ണിമേനോന്‍ പഞ്ഞിക്കെട്ടുപോലെ പറന്നു നടന്ന് സ്വാതന്ത്ര്യം അനുഭവിച്ചു. എന്തു ചെയ്യണം, എന്തു ചെയ്യണ്ട എന്ന് സ്വയം തീരുമാനിച്ച് നടന്നു. ഗുരുവായൂരിലെ ശാന്താ ബുക്സ്റ്റാളില്‍ നിന്നു കിട്ടുന്ന പുസ്തകങ്ങളിലൂടെ സാഹിത്യാഭിരുചി നേടി. പുസ്തകങ്ങള്‍ നല്‍കിയ കരുത്തില്‍ പേടിയില്ലാത്തവനായി.

മമ്മിയൂര്‍ കോണ്‍വെന്റ്, ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂള്‍ തുടങ്ങിയിടങ്ങളിലെ പഠനവും പാഠ്യേതരവും സംഭവബഹുലമായിരുന്നു. കേരളവര്‍മ്മ കോളേജിലെത്തുന്നതോടെ തൃശൂര്‍ തട്ടകമായി മാറി. ആ കാലത്താണ് റിക്ഷാവണ്ടിയില്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിയുടെ നീണ്ട കണ്ണുകളില്‍ ആകൃഷ്ടനായി പ്രണയാഭ്യസനം നടത്തുന്നത്. എല്ലാത്തിലും സ്വന്തം കൈമുദ്ര പതിപ്പിച്ച ഉണ്ണിമേനോന്‍ പ്രണയത്തിലും അതു തുടര്‍ന്നു. ആരും കൊതിക്കുന്ന പ്രണയം, കാരിക്കത്ത് ഉഷയുമായി.

ഇതേ വേളയില്‍ തൃശൂര്‍ പട്ടണത്തിന്റെ യൗവനക്കൂട്ടത്തിന് ഉണ്ണിമേനോന്‍ അവിഭാജ്യ ഘടകമാവുന്നു. എക്‌സ്പ്രസ് ബസ് ഓണര്‍ ജോര്‍ജ്ജ്, പ്രീമിയര്‍ ലോഡ്ജ് അങ്ങനെ സൗഹൃദത്തിന്റെ പുതിയ വഴികള്‍. മണ്ണാറത്തൊടി ജയകൃഷ്ണന്റെ ജീവിതം ഇവിടെയാണ് തുടങ്ങുന്നത്. സിനിമയെ വെല്ലുന്ന ഹീറോയിസമായിരുന്നു ഉണ്ണിമേനോന്റേത്. ചായക്കടക്കാരന്‍ മാധവന്‍ തൊട്ട് സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വരെയുള്ളവരുമായി സൗഹൃദം. വിശാലസൗഹൃദത്തിലേക്ക് പത്മരാജന്‍ എന്ന റേഡിയോ അനൗണ്‍സര്‍ എത്തുന്നു. ഉണ്ണിമേനോന്റെ വിലസലുകള്‍ക്ക് പത്മരാജന്‍ സാക്ഷിയാവുന്നു. അതെല്ലാം മനസ്സിലേക്ക് പകര്‍ത്തുന്നു.

സൂപ്പുണ്ടാക്കാന്‍ ആട്ടിന്‍തലയ്ക്ക് ഇറങ്ങുന്നതും, ബാറിലേക്ക് ചൂടകറ്റാന്‍ കയറി ഒരു സൗഹൃദക്കൂട്ടത്തിലേക്ക് കൊണ്ടുപോകുന്നതും, ഫാനിലേക്ക് ഒഴിഞ്ഞ ബിയര്‍ കുപ്പി വലിച്ചെറിയുന്നതും പത്മരാജന്‍ നേരിട്ടനുഭവിച്ചതുതന്നെ. പത്മരാജന്‍ തൃശൂരു വിട്ട് പോയപ്പോഴും ഉണ്ണിമേനോന്‍ കഥകള്‍ക്കപ്പുറത്തെ വിലസലുകള്‍ തുടരുന്നു. പത്മരാജന്റെ മനസ്സില്‍ നിന്ന് ഉണ്ണിമേനോനെ ഇറക്കിവിടാന്‍ പറ്റിയിരുന്നില്ലെന്ന് പിന്നീടുള്ള പത്മരാജന്റെ ഓരോ സന്ദര്‍ശനവും വ്യക്തമാക്കുന്നു.


എല്ലാ അര്‍മാദത്തിനുമൊപ്പംതന്നെ തനിക്കു മാത്രമായി ഒരു ഒളിസങ്കേതം ഉണ്ണിമേനോന്‍ കാത്തുസൂക്ഷിച്ചിരുന്നു. അത് വായനയ്ക്കായിരുന്നു. ആരാലും കണ്ടുപിടിക്കപ്പെടാതെയുള്ള ആദ്യകാല തപസ്സില്‍ പുസ്തകങ്ങള്‍ ഒരുപാട് വായിച്ചു. വായനയ്ക്കപ്പുറം കാക്കനാടനും എം.ടിയും വി.കെ.എന്നുമൊക്കെ വലിയ സുഹൃത്തുക്കളായി. രാമു കാര്യാട്ട് എന്ന ചലച്ചിത്രകാരന്റെ നിഴല്‍പോലെയായിത്തീര്‍ന്നു. ഒരു വ്യത്യാസംമാത്രം: ഈ നിഴലിന് സ്വയം ചലനശേഷിയുണ്ടായിരുന്നു.

മഹാരാജാസിലേക്ക് തുടര്‍പഠനത്തിനായി പോയെങ്കിലും ആദ്യം കണ്ടത് ലോ കോളേജായതിനാല്‍ അവിടെ പഠിക്കാമെന്നു തീരുമാനിച്ചു. ലോകോളേജിലെ പഠനകാലത്ത് പ്രണയം വിവാഹത്തിലേക്ക്. വധു, റിക്ഷാവണ്ടിയില്‍ കണ്ട നീണ്ട കണ്ണുകളുള്ള ഉഷ തന്നെ.

ലോകോളേജിലെ പഠനത്തിനുശേഷം പ്രാക്ടീസ് ചെയ്തു തുടങ്ങിയെങ്കിലും ഏറെ നീണ്ടില്ല. സൗഹൃദക്കൂടുകള്‍ തേടി പിന്നെയും പറന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ എം.ടിയുടെ നിര്‍ദ്ദേശം: ”ഇങ്ങനെ കറങ്ങിനടന്നാല്‍ ശരിയാവില്ല.”

ഉണ്ണിമേനോനും ഇവിടുത്തെ വിലസലുകളില്‍ മടുപ്പ് തുടങ്ങിയിരുന്നു. ഗള്‍ഫിലേക്ക് പോകാനുള്ള അവസരമൊരുങ്ങുന്നു. അങ്ങനെയെങ്കില്‍ ലോഞ്ചില്‍ പോകണം എന്നായി. ബോംബെയില്‍ ചെന്ന് ദിവസങ്ങളോളം താമസം. അവിടെയും സൗഹൃദത്തിന് ഒട്ടും കുറവില്ല. സംഗീതചക്രവര്‍ത്തി സലില്‍ ചൗധരിയടക്കമുള്ളവര്‍. ലോഞ്ചിന് കാത്തുനിന്ന് വിസയുടെ കാലാവധി തീരുമെന്നായപ്പോള്‍ സലില്‍ ചൗധരിയുടെ സഹായത്താല്‍ ഫ്‌ളൈറ്റില്‍ ഗള്‍ഫിലേക്ക്.

പിന്നീടുള്ളത് നീണ്ട പ്രവാസ ജീവിതം. ഈ കാലത്താണ് ഒരു നോവല്‍ എഴുതുന്ന കാര്യം പത്മരാജന്‍ അറിയിക്കുന്നത്. ”അതില്‍ നമ്മളൊക്കെയുണ്ട്” എന്നായിരുന്നു പത്മരാജന്റെ വാക്ക്.

നോവലിനു പിന്നാലെ സിനിമയും ഇറങ്ങുമ്പോള്‍ ഇതുതന്നെയായിരുന്നു പത്മരാജന്റെ വാക്ക്. നോവലിനെക്കാള്‍ കൂടുതലായിരുന്നു സിനിമയില്‍ ഉണ്ണിമേനോന്റെ മാനറിസങ്ങള്‍. ജയകൃഷ്ണന്റെ നില്‍പ്പില്‍പ്പോലും ഉണ്ണിമേനോനെ പകര്‍ത്തിവച്ചിട്ടുണ്ടായിരുന്നു. ഉണ്ണിമേനോന്റെ ശൈലിയും ജീവിതവും അഭ്രപാളിയില്‍ തകര്‍ത്താടി ആഘോഷിക്കപ്പെട്ടു. 

ജയകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ കാലങ്ങളോളം പറഞ്ഞുനടക്കപ്പെട്ടു. ”ആദ്യമായി മോഹം തോന്നുന്നയാളെത്തന്നെ ജീവിതം മുഴുവന്‍ കിട്ടുകാന്ന് പറയുന്നത്, ഭാഗ്യമുള്ളവര്‍ക്കേ കിട്ടൂ…” ഉണ്ണിമേനോന്‍ ആ തരത്തിലും ഭാഗ്യവാനായിരുന്നു. ആദ്യമായി മോഹം തോന്നിയ ഉഷയെത്തന്നെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളുണ്ടായി. തീയേറ്ററുകളില്‍ നിന്നും ഇറങ്ങിയിട്ടും തൂവാനത്തുമ്പികള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ജയകൃഷ്ണന്റെ, ഉണ്ണിമേനോന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് മാറിയിരുന്നു.

രണ്ടു മക്കളെയും മരണം കവര്‍ന്നെടുത്തപ്പോള്‍ തനിച്ചായിപ്പോയ ഭാര്യ ഉഷയ്ക്ക് കൂട്ടായി ഉണ്ണിമേനോന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് തൃശൂരിലേക്ക് മടങ്ങി. ചില ആകാശചാരികളില്ലേ, കരയില്‍ ഇണയ്ക്ക് കൂട്ടായി ദേശാടനം മറന്ന് കാവലിരിക്കുന്നവര്‍. ഉണ്ണിമേനോന്‍ അങ്ങനെ പിന്നിട്ട ഗഗനങ്ങളെല്ലാം മറന്ന് നിശബ്ദമായ കൂട്ടില്‍ ഭാര്യ ഉഷയ്‌ക്കൊപ്പം തണലായി നിന്നു. തൃശൂര്‍ നഗരം ആരവങ്ങളുയര്‍ത്തുമ്പോഴും കഴിഞ്ഞ ഇരുപതു വര്‍ഷം ശാന്തമായി ഇരുന്നു.

ഗഗനചാരിപക്ഷികള്‍ എന്ന പുസ്തകത്തിലൂടെ ഉണ്ണിമേനോന്റെ ജീവിതമാണ് രചയിതാവായ കെ. സജിമോന്‍ ആവിഷ്‌കരിച്ചത്. സ്വയം പറവയെപ്പോലെ ജീവിച്ച കുട്ടിക്കാലം, ഇതിഹാസപ്രണയം, അര്‍മാദ ജീവിതം, സിനിമ, നാടകം, സൗഹൃദം ഇങ്ങനെ ഉണ്ണിമേനോന്റേതായ എല്ലാം ഈ കൃതിയില്‍ വിഷയീകരിക്കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍