UPDATES

സിനിമ

തോപ്പില്‍ ജോപ്പന്‍; ഒരു ഭക്ത സിനിമ

അപര്‍ണ്ണ

ജോണി ആന്റണി-മമ്മൂട്ടി ടീമിന്റെ തോപ്പില്‍ ജോപ്പന്‍ പുലിമുരുകനൊപ്പം റിലീസായി. ഇക്ക-ഏട്ടന്‍ ഭക്തരുടെ ആഘോഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നാടും നഗരവും വേദിയായി. ആരാധകരെ ഹരം കൊള്ളിക്കുന്ന മാസ്സ് എന്ന ഗണത്തിലേക്കാണ് തോപ്പില്‍ ജോപ്പന്റെയും വരവ്.

തോപ്രാംകുടിയിലെ ജോപ്പന്‍ കബഡികളിക്കാരന്‍ കൂടിയായ, സ്ഥലത്തെ പ്രധാനിയാണ്. കൗമാര കാലത്ത് ജോപ്പന് ആനി എന്ന പെണ്‍കുട്ടിയുമായി പ്രണയായുമുണ്ടാകുന്നു. അച്ഛന്റെ മരണശേഷം ആനിയും കുടുംബവും നാടു വിട്ടു പോകുന്നു. ജോപ്പന്‍ പോയി പണമുണ്ടാക്കി അവളെ കെട്ടാന്‍ തിരിച്ചു വരുന്നു. പിന്നീട് ആനിയെ തേടിയുള്ള അന്വേഷണമാണ്. ആനി വളര്‍ന്നു ആന്‍ഡ്രിയ ജെര്‍മിയയും ജോപ്പന്‍ സ്വാഭാവികമായും മമ്മൂട്ടിയും ആകുന്നു. അവളുടെ മനസമ്മതിന്റെ ദിവസമാണ് ജോപ്പന്‍ പിന്നീട് ആനിയെ കാണുന്നത്. അന്നവള്‍ മറ്റൊരു വിവാഹത്തിന് സമ്മതിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ജോപ്പന്‍ ആകെ തളര്‍ന്നു മദ്യപാനത്തിലും അല്ലറ ചില്ലറ തല്ലുകളിലുമായി ശിഷ്ട ജീവിതം കഴിക്കാന്‍ തീരുമാനിക്കുന്നു. പിന്നീട് വന്ന വിവാഹാലോചനകള്‍ എല്ലാം മുടങ്ങുന്നു. കബഡി കളിയും ഗുണ്ടായിസവും ഒക്കെയായി ജോപ്പന്‍ പിന്നീട് ജീവിക്കുന്നു. അവിടെ മെഡിക്കല്‍ ക്യാമ്പിന് ഡോ. മരിയ (മംമ്ത)എത്തുന്നു. പിന്നീട് ജോപ്പന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ആണ് സിനിമ.

വള്ളുവനാടന്‍ തമ്പുരാക്കന്മാരെ പോലെ ഒരു കാലത്ത് മലയാള സിനിമയില്‍ മാര്‍ക്കറ്റ് ഉള്ള നായക ബിംബമായിരുന്നു കോട്ടയം അച്ചായന്മാര്‍. മമ്മൂട്ടിയും മോഹന്‍ലാലും ഈ രണ്ട് റോളുകളും മാറി മാറി ചെയ്തു. ആദ്യകാലത്തെ കൗതുകവും കെട്ടുറപ്പും പിന്നീട് ആവര്‍ത്തന വിരസതയിലേക്ക് വഴി മാറി. ഇവര്‍ നിരന്തരം മീശ പിരിച്ചും മുണ്ടു മടക്കി ഉടുത്തും സമൃദ്ധമായ മലയാള സിനിമയെ അടിച്ചൊതുക്കി. ധീരരും സ്‌നേഹം ഉള്ളിലൊതുക്കുന്നവരും ആരാധികമാരാല്‍ ആഗ്രഹിക്കുന്നവരും ആട്ടും തുപ്പും കൊള്ളാന്‍ അനുചരരും എന്നും ഇവര്‍ക്കൊപ്പം കൂടി. വിജയവും പരാജയവും പ്രവചനാതീതമായ ഇത്തരം ഗണത്തിലെ കണ്ണിയാണ് ജോപ്പനും.

മമ്മൂട്ടി തന്റെ ഭൂതകാലത്തെ അനുകരിക്കുന്ന സമീപകാല ആക്ഷന്‍ കോമഡി സിനിമകളുടെ തുടര്‍ച്ചയായി തോപ്പില്‍ ജോപ്പനെ അടയാളപ്പെടുത്താം. ഉണ്ടാക്കിയെടുത്ത അച്ചായന്‍ വാര്‍പ്പ് മാതൃകകളെ കാല വ്യതാസം പോലും നോക്കാതെ കോപ്പി പേസ്റ്റ് ചെയ്ത വച്ച പോലെ തോന്നി. കോട്ടയം അച്ചായന്റെ നെഞ്ചും വിരിച്ചുള്ള നടപ്പിനെ പറ്റി വിവരിക്കുന്ന മറ്റു കഥാപാത്രങ്ങള്‍ മുതല്‍ ക്ളീഷേകളുടെയും വികലാനുകരണങ്ങളുടെയും ഒരു വലിയ നിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെയും വടക്കന്‍ വീരഗാഥയുടെയുമെല്ലാം പരാമര്‍ശങ്ങള്‍, ഫൂട്ടേജുകള്‍ ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും കുത്തി നിറച്ചിട്ടുണ്ട്. കബഡി കളിച്ചു വമ്പന്‍ മല്‍പ്പിടുത്തം നടത്തി കഴിഞ്ഞാലും ജോപ്പന്റെ ദേഹത്തു ചളി പുരളില്ല. ഒറ്റ ഡയലോഗ് കൊണ്ട് എല്ലാവരും വിറക്കും. കോമഡി എന്ന പേരില്‍ എന്തൊക്കെയോ പറയും, ഇടക്ക് തല്ലും, വില്ലന്‍ തിരിച്ചു തല്ലാന്‍ ശ്രമിക്കും.. ഇപ്പോഴിറങ്ങിയ മമ്മൂട്ടി സിനിമകളിലെ പ്രത്യേകിച്ച് ജോണി ആന്റണി സിനിമകളിലെ അവിഭാജ്യ ഘടകമായ മമ്മൂട്ടിയുടെ ഡാന്‍സ് ഈ സിനിമയിലും ഉണ്ട്, ജോപ്പന്റെ ആണത്തത്തെ ആരാധിക്കുന്നവര്‍, അയാളെ ഇട്ടു പോയവള്‍, സ്വാതന്ത്ര ബോധം എന്ന ക്രിമിനല്‍ കുറ്റം പേറി നടക്കുന്നവന്‍ എന്നിങ്ങനെ പതിവ് സ്ത്രീകഥാപാത്രങ്ങള്‍ നായകന്റെ കൊട്ടുകൊള്ളാനായി വരിവരിയായി നില്‍ക്കുന്നുണ്ട് . ഒരിടവേളക്ക് ശേഷം സ്‌നേഹ നിധിയായ ‘അമ്മയായി കവിയൂര്‍ പൊന്നമ്മ വരുന്നുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, അശ്ലീല നോട്ടങ്ങള്‍, പരസ്പരം ചളി വാരി എറിയുന്ന തമാശകള്‍ തുടങ്ങി പുതു ജനകീയ മലയാള സിനിമ ഫോര്‍മുലകള്‍ അണുവിട തെറ്റിക്കാതെ തോപ്പില്‍ ജോപ്പനിലും ഉണ്ട്. പാട്ട് , ക്യാമറ, എഡിറ്റിംഗ് തുടങ്ങി ഒന്നും ഇത്തരം സിനിമകള്‍ക്ക് വിഷയമല്ലല്ലോ. ഇടയ്ക്ക് ‘ഇതാണ് കാവ്യ നായകന്‍’ എന്നോ മറ്റോ കേട്ടു. പിന്നെ മുരുകാ മുരുകാ എന്ന് മറ്റേ അറ്റത്ത് കേട്ട പോലെ ‘ജോപ്പന്‍ തോപ്പില്‍ ജോപ്പന്‍’ എന്ന് എപ്പോഴും പശ്ചാത്തലത്തില്‍ കേട്ടു. ഡാന്‍സും ഡയലോഗും ഒക്കെ കണ്ട ഭക്തര്‍ അഭിമാനത്തില്‍ കയ്യടിക്കുന്നതും കണ്ടു. സലിം കുമാറിനെയും ഹരിശ്രീ അശോകനെയും അലന്‍സിയറെയും പോലുള്ള പ്രതിഭയുള്ള നടന്മാരെ പോലും ആകാവുന്നിടത്തോളം വികലമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒട്ടും ചേരാത്ത ചലനങ്ങള്‍ ആയിരുന്നു ജോപ്പനില്‍ ഉടനീളം അദ്ദേഹത്തിന് ലഭിച്ചത്.

മമ്മൂട്ടി മോഹന്‍ലാല്‍ ഭക്തര്‍ തമ്മിലുള്ള തര്‍ക്കവും കയ്യാങ്കളിയും പരസ്പരമുള്ള അപമാനിക്കലും ഒക്കെയാണ് ഇത്തരം സിനിമകളുടെ റിലീസ് സിനിമകളുടെ സമയത്ത് ഉണ്ടാകുക. ലാലേട്ടന്റെ മാസ്സ് മമ്മൂക്കയുടെ ലുക്ക് തുടങ്ങീ പലതരം ഭ്രമങ്ങള്‍ ഉള്ള ആണ്‍ആള്‍ക്കൂട്ടം അവരെ ഉള്ളില്‍ ആവേശിച്ച് ഉറഞ്ഞു തുള്ളുന്നു. ഇത്തരം ഒരു പ്രവണത കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. രണ്ടു ദശാബ്ദം മുന്നേ എങ്കിലും തുടങ്ങിയതാണ് ഈ രണ്ടു താരങ്ങളുടെയും അധീശത്വം. അന്ന് ആരാധകര്‍ തമ്മിലുള്ള ആരോഗ്യകരമായ തര്‍ക്കമായിരുന്ന ഒന്ന് ഇന്ന് വന്യമായ മോബോക്രസി ആയിരിക്കുന്നു. ഈ അന്ധമായ ഭക്തിക്ക് വേണ്ടി നിര്‍മിക്കപ്പെട്ടതാണ് തോപ്പില്‍ ജോപ്പനും. പല സിനിമകളും പല ഗണങ്ങളില്‍ പെട്ടവയാണ്. തോപ്പില്‍ ജോപ്പന്‍ ഒരു ആക്ഷന്‍ കോമഡി ആണെന്ന് പലരും അവകാശപ്പെടുന്നു. പക്ഷെ ആള്‍ക്കൂട്ടത്തെ അലറി വിളിക്കാന്‍ ഇറക്കി വിട്ട എന്തോ ഒന്ന് മാത്രമാണത്.

പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും മികച്ച മാസ്സ് സിനിമയല്ല എന്ന വ്യക്തിനിഷ്ഠമായ അഭിപ്രായത്തെ ”സുടാപ്പി” എന്ന വിളി കൊണ്ടാണ് മോഹന്‍ലാല്‍ ആരാധകര്‍ നേരിട്ടത്..അപ്പോള്‍ മറുപുറം ”സംഘി” എന്ന് വിളിക്കുമോ എന്നറിഞ്ഞു കൂടാ. അത്തരം യുക്തി നയിക്കുന്ന ആള്‍ക്കൂട്ടത്തെ സിനിമ പോലെ ഉള്ള ഒന്നിനെ ഇങ്ങനെയൊക്കെ ഉള്‍കൊള്ളുന്ന, ക്യാറ്റഗറൈസ് ചെയുന്ന അന്ധവിശ്വാസികളെ നേരിടാന്‍ എങ്ങനെ സാധിക്കും എന്നറിയില്ല,.അതെന്തുതന്നെ ആയാലും തിയേറ്ററുകള്‍ അതായി കാണാതെ ഉത്സവാഘോഷങ്ങളുടെ മൈതാനമായി കണ്ട അലറി വിളിക്കാന്‍ ഒരു കൂട്ടം ഭക്തരെ പ്രേരിപ്പിക്കുന്ന ഒരു സിനിമയാണ് തോപ്പില്‍ ജോപ്പന്‍. മമ്മൂട്ടിയെന്ന നടനെ കൊന്നു കെട്ടിത്തൂക്കി പ്രതിഷ്ഠയാക്കിയ മറ്റൊരു സിനിമ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍