UPDATES

ബ്ലോഗ്

തൊവരിമലയിലെ ഭൂസമരം എ കെ ജിയുടെ മുടവന്‍മുകള്‍ സമരത്തിന്റെ തുടര്‍ച്ച

മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന എ കെ ജിയെന്ന സമരവീര്യത്തിന്റെ ഉജ്വലചിത്രം മലയാളികളുടെ കണ്‍മുന്നിലുണ്ട്.

ഡോ. ആസാദ്‌

ഡോ. ആസാദ്‌

മിച്ചഭൂമിസമരത്തിനു പ്രായം അരനൂറ്റാണ്ടടുക്കുന്നു. മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന എ കെ ജിയെന്ന സമരവീര്യത്തിന്റെ ഉജ്വലചിത്രം മലയാളികളുടെ കണ്‍മുന്നിലുണ്ട്. 1970 മെയ് 25ന് ആയിരുന്നു ആ സമരം. അതൊരു താക്കീതും ആഹ്വാനവുമായി. താക്കീത് ഭരണവര്‍ഗത്തിന്. ആഹ്വാനം ഭൂരഹിത ജനതയ്ക്ക്.

1970 മെയ് 23ന് സമരപ്രഖ്യാപനമുണ്ടായി. സംസ്ഥാനത്ത് പതിനൊന്നു കേന്ദ്രങ്ങളില്‍ പതിമൂവായിരം ഏക്കര്‍ ഭൂമി പിടിച്ചെടുക്കാന്‍ നിശ്ചയിച്ചു. രാഷ്ട്രപതി ഒപ്പുവെച്ച നിയമം നടപ്പാക്കി കിട്ടാനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചു. പ്രസിദ്ധമായ മിച്ചഭൂമി സമരമായി അതു ചരിത്രത്തില്‍ ഇടം നേടി. പതിറ്റാണ്ടുകള്‍ പിന്നെയും പോയി. എ കെ ജിയുടെ പ്രസ്ഥാനം ഭരണവും സമരവുമായി ഏറെ ദൂരംപോന്നു. ഇന്നും ഭൂരഹിതര്‍ ഭൂരഹിതരായി തുടരുന്നു. മിച്ചഭൂമി കണ്ടെത്താന്‍ കഴിയാത്തവിധം കയ്യേറ്റങ്ങള്‍ പെരുകുന്നു. വന്‍കിട കോര്‍പറേറ്റ് കയ്യേറ്റങ്ങള്‍ നിയമത്തണലില്‍ സാധൂകരിക്കപ്പെടുന്നു. ഭരണവര്‍ഗം വന്‍കിട കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. ഭൂരഹിതരായ മനുഷ്യര്‍ കൂരകെട്ടിയാല്‍ അതു പൊളിച്ചുമാറ്റി അവരെ മര്‍ദ്ദിച്ചൊതുക്കുന്നു.

ഏറ്റവുമൊടുവില്‍ വയനാട്ടിലെ തൊവരിമലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആയിരത്തോളം ആദിവാസികളും ഭൂരഹിത കര്‍ഷകരുമാണ് കുടിലുകെട്ടി പാര്‍പ്പു തുടങ്ങിയിരിക്കുന്നത്. 1970ലെ എ കെ ജിയുടെ ആഹ്വാനം അവരെ നയിക്കുന്നു. ജീവിക്കാനുള്ള അവകാശം പരമപ്രധാനമാണെന്ന് അവര്‍ ലോകത്തെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന എ കെ ജിയുടെ പാരമ്പര്യമവകാശപ്പെടുന്ന ഇടതു മുന്നണി സര്‍ക്കാര്‍ സമരത്തെ അടിച്ചൊതുക്കാനാണ് തുനിയുന്നത്. പൊലീസിനെവിട്ടു വലതു സര്‍ക്കാര്‍ മുമ്പ് എ കെ ജിയോടും സഖാക്കളോടും ചെയ്തത് ഇന്ന് ഇടതു സര്‍ക്കാര്‍ ഭൂരഹിത സമരസേനാനികളോടു ചെയ്യുന്നു. അപമാനിക്കപ്പെടുന്നത് തൊഴിലാളി വര്‍ഗമാണ്.ആക്ഷേപിക്കപ്പെടുന്നത് വര്‍ഗസമരമാണ്. പരാജിതരാകുന്നത് എ കെ ജിയോളം പൊക്കമുള്ള മുഴുവന്‍ ജനനായകരുമാണ്. ഒരു ജനതയാണ്.

മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും കല്‍പ്പറ്റയിലും അമ്പായത്തോടും തൊവരിമലയിലും മറ്റനേകമിടങ്ങളിലും പലരൂപത്തിലാളുന്നുണ്ട് ഭൂസമരങ്ങള്‍. ഒന്നാം സര്‍ക്കാറിന്റെ പ്രധാന അജണ്ടയാണ് ഗതിമുട്ടി നില്‍ക്കുന്നത്. ഭരണവര്‍ഗത്തിന് പിന്നീടെന്നും ഒരേ സമീപനം. കാര്‍ഷിക/ ഭൂപരിഷ്‌കരണ നിയമത്തിന് തുടര്‍ച്ചയോ സാഫല്യമോ ഇല്ല. പുതു കോര്‍പറേറ്റ് ഊഹക്കച്ചവട താല്‍പ്പര്യങ്ങളാണ് വികസന മുഖംമൂടിയണിഞ്ഞ് തിമര്‍ക്കുന്നത്. നടത്തിപ്പില്‍ ഇടതേത് വലതേത് ഭരണ മുന്നണിയിലെന്ന് തിരിഞ്ഞു കിട്ടില്ല. തൊവരിമലയിലേയ്ക്ക് പൊലീസിനെ അയക്കാന്‍ ധൃതിപ്പെടുന്നവര്‍ ഭൂരഹിത കര്‍ഷകരുടെ വര്‍ഗബന്ധുക്കളല്ല.

ഫെയ്‌സ് ബുക്ക് പോസ്റ്റ്‌ :

ഡോ. ആസാദ്‌

ഡോ. ആസാദ്‌

നിരൂപകനും രാഷ്ട്രീയ നിരീക്ഷകനും മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍