UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒളിയിടങ്ങളിലിരുന്ന് മാത്രം അമ്പെയ്യുന്നവരോട്; സിന്ധു സൂര്യകുമാര്‍ എഴുതുന്നു

Avatar

സിന്ധു സൂര്യകുമാര്‍

എഷ്യാനെറ്റ് ചീഫ് കോർഡിനേറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നേരെ സംഘ പരിവാർ വധ ഭീഷണി മുഴക്കിയിരിക്കുന്നു. കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സിന്ധു സൂര്യകുമാര്‍ അഴിമുഖത്തിലെഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ. 

സ്ത്രീകൾ സൈബർ ഇടങ്ങളിൽ കെണിയിലാവുന്നതിനെക്കുറിച്ചുള്ള പരമ്പരകൾ സ്ത്രീകൾ തന്നെയെഴുതുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വായിക്കുന്നു. പതിവുപോലെ, ഫോണുകൾ സുരക്ഷിതമാക്കുന്ന വിധം, വിളിക്കുന്ന പഞ്ചാരക്കെണികൾ, വീണുപോകുന്നവരുടെ ജീവിതം…എല്ലാം വിഷയമാകുന്നുണ്ട്. ഒരിടത്തും മറുഭാഗം കണ്ടില്ല- വീഴ്ത്തുന്നവർ എങ്ങനെ അങ്ങനെയായി, ആകുന്നു, അവരുടെ ജീവിതം, പങ്കാളികൾ….ഒന്നും ആർക്കും വിഷയമല്ല. ഇനി നാളെ വനിതാ മാസികകൾ വരും വലിയ ഫീച്ചറുകളുമായി – നിങ്ങളുടെ പെൺമക്കളെ എങ്ങനെ ചതിക്കുഴികളിൽ നിന്ന് സംരക്ഷിക്കാം, വീട്ടമ്മമാരുടെ ശ്രദ്ധക്ക്, മൊബൈൽ ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കുന്ന വിധം എന്നിങ്ങനെ.

പെൺവാണിഭം, സെക്സ് റാക്കറ്റ്, ശരീരവിൽപ്പന- അറിഞ്ഞുകൊണ്ട് സ്വമനസാലെ ചെയ്യുന്നവർക്ക് ഇരകൾക്കുള്ള നിയമസംരക്ഷണം വേണ്ട. അവരെ അനാവശ്യമായി പിന്തുടർന്ന് പീഡിപ്പിക്കുകയും വേണ്ട. ഇരയെ സംരക്ഷിച്ചും, പ്രതിയെ ശിക്ഷിച്ചുമൊക്കെ കൊണ്ടുനടക്കുന്ന പരവൂർ, വരാപ്പുഴ കേസുകളിലെ ” മുഖ്യകണ്ണി” ആണത്രേ ഇപ്പോൾ പിടിയിലുള്ള ഒരാൾ. സ്വയം സംരക്ഷണം അവർക്കറിയാമെന്ന് ചുരുക്കം.

യഥാർത്ഥത്തിൽ ഇരകൾക്ക് നീതികിട്ടേണ്ടത് സൈബർ പീഡനത്തിൽ നിന്നാണ്. ആർക്കും ആരേയും എന്തും പറയാൻ സ്വാതന്ത്ര്യമുളള്ള സൈബർ ലോകത്ത് വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. വ്യക്തിക്ക് ഇ-ലോകത്ത് അവകാശങ്ങൾ ഇല്ല എന്നു പറയണം.

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ഇരയാക്കപ്പെടുന്നത് പുതിയ കാര്യമല്ല. മറ്റെല്ലാ മാർഗ്ഗങ്ങളിലും അവർ അപമാനിക്കപ്പെടുന്നത് പോലെ ഇവിടെയും ചെയ്യപ്പെടുന്നു. ഫോൺ വിളികളിലൂടെയോ, കത്തുകളെഴുതിയോ, മെയിലയച്ചോ അപമാനിക്കുമ്പോൾ അത് ഒരുപാട് പേർ അറിയുന്നില്ലെന്ന് മാത്രം. ഇവിടെയാകുമ്പോൾ ഒരുപാട് പേർ അറിയും, രഹസ്യങ്ങളില്ലാതെ. എതിർത്തും, അനുകൂലിച്ചും, മിണ്ടാതിരുന്നും ഒരുപാട് പേർ. റജീനയെ അനുകൂലിക്കുന്നവരിൽ പലരും  മറ്റൊരിടത്ത് മറ്റൊരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ മിണ്ടാതിരിക്കും. ഇപ്പോൾ റജീനയെ എതിർക്കുന്നവർ മറ്റൊരിടത്ത് മറ്റൊരു സ്ത്രീയെ പിന്തുണക്കും. അത്രേയുള്ളൂ സ്വാതന്ത്യബോധവും, ലിംഗനീതിയും. അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ.

സ്വന്തം അനുഭവം പറയാനും സ്ത്രീകൾ മതം, ഉപമതം, രാഷ്ട്രീയം എല്ലാം പരിഗണിക്കണം. സ്ത്രീകൾക്ക് സംവരണം കൂടിപ്പോയെന്ന് മതനേതാവ് പറയുമ്പോൾ മനസ്സുതുറന്ന് എതിർക്കാൻ വോട്ട് രാഷ്ട്രീയം തടസമാകുന്നവരുടെ നാടാണ്. റജീനയെ പിന്തുണച്ച പലമുഖങ്ങളും മറ്റു ചിലയിടങ്ങളിൽ കണ്ടെത്താഞ്ഞത് രാഷ്ട്രീയം, മതം, ഉപവിഭാഗം, സംഘടന തുടങ്ങിയ സ്വാർത്ഥ പരിഗണനകൾ കൊണ്ടു മാത്രമാണ്. സ്വാതന്ത്ര്യത്തിനും, മതേതരത്വത്തിനുമൊക്കെ വേണ്ടി ഗർജ്ജിക്കുന്ന ഇടത്, വലത് യുവനേതാക്കളെയൊന്നും ഈ ഭാഗത്തേക്ക് കണ്ടിരുന്നില്ല.  

ഒരു വ്യക്തി എന്ന നിലയിലാണ് അവരുടെ എഴുത്തെങ്കിലും, അവർ ആക്രമിക്കപ്പെടുമ്പോൾ അവരുൾപ്പെടുന്ന തൊഴിൽ മേഖലയെങ്കിലും  എങ്ങനെ കണ്ണും പൂട്ടി നിൽക്കുന്നു? ഒന്നും പറയാനുണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാം. പതിനെട്ടു കൊല്ലത്തെ മാധ്യമപ്രവർത്തനത്തിന്റെ അനുഭവമേയുള്ളൂ. പക്ഷേ ഈ തിരിച്ചറിവിന് അത് അധികമാണ്.

സ്വന്തം നേതാവിനെതിരെ വാർത്ത വന്നാൽ അസഹിഷ്ണുക്കളായി, വാർത്തയെഴുതുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർ, സ്വയം വിമർശിക്കപ്പെടുമ്പോൾ ഇരവാദം ചമയ്ക്കും. നേതാവിനെപ്പറ്റി പറയുന്നവരുടെ കുടുംബചരിത്രം ചികയുന്നവർ ആ ചികയൽ അവനവനു നേരം നീളുമ്പോൾ വ്യക്തിയുടെ അവകാശത്തെപ്പറ്റി പറയും. ഇവരെല്ലാമടങ്ങുന്നതാണ് റജീനയടക്കമുള്ളരുടെ തൊഴിൽ മേഖല.

മൂന്നുകൊല്ലം മുമ്പൊരിക്കൽ സഹപ്രവർത്തകനു നേരെ, മുതിർന്ന നേതാവ് നടുറോഡിലെ പ്രതിഷേധത്തിനിടയിൽ പരസ്യമായി ഭീഷണി മുഴക്കി. പിന്നാലെ ചെറു നേതാക്കളും. സഹപ്രവർത്തകന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും കാലു തല്ലിയൊടിക്കുമെന്നുമൊക്കെ ഭീഷണികൾ. അന്ന് വാർത്തക്കിടെ അതിനെപ്പറ്റി പറയാൻ, പ്രതിഷേധമുയർത്താൻ  സംഘടനാ നേതാവിനെ ടെലഫോണിൽ വിളിച്ചു. നിരസിച്ച നേതാവ് അപ്പോഴോർത്തത് സ്വന്തം സ്ഥാപനത്തിന്റെ രാഷ്ട്രീയം, സ്വന്തം രാഷ്ട്രീയം. ഇതാണ് ഈ തൊഴിൽ മേഖലയിലെ സംഘടനാ രാഷ്ട്രീയം. പറയാനൊരു സംഘടന, പ്രവർത്തിക്കാൻ സ്വന്തം രാഷ്ട്രീയവും.

സ്വന്തം അനുഭവത്തിലും  സംഘടനയുടെ ഏതെങ്കിലും നേതാവ് സഹായത്തിനെത്തിയ ഓർമ്മയില്ല. ഓർമ്മയുണ്ട് പലരെയും- ഇടതുഭാഗത്തിനെതിരായ കേസൊതുക്കാനവശ്യപ്പെട്ട വലതുഭാഗക്കാരെ, തിരിച്ചും. അതുകൊണ്ട്, റജീനയോട്- മറ്റൊരു വിഷയത്തിൽ മനസ്സിലെ തോന്നലും, അനുഭവവും എഴുതാനൊരുങ്ങുമ്പോൾ ചിന്തിക്കണം- പോരാടാൻ തനിച്ചേ കാണൂവെന്ന്. അത് ഭയമല്ല, തിരിച്ചറിവാണ്.

റജീനക്ക് ഫേസ്ബുക് അക്കൗണ്ട് തിരിച്ചുകിട്ടി. എല്ലാമായോ- അവരെ തെറിയും അശ്ലീലവും പറഞ്ഞവർ ഇപ്പോഴും വിലസുന്നു. എന്താണ് പരിഹാരം? ഏത് നിയമമാണ് നമ്മുടെ അഭിമാനം സംരക്ഷിക്കാനുള്ളത്? 66A മാറ്റാനാവശ്യപ്പെട്ടവരാണ് നാം. ഫേസ് ബുക്കിലെ അക്കൗണ്ട് നമ്പർ തരൂ, പരിശോധിക്കട്ടെ എന്ന് മൊഴിയെടുക്കാൻ വന്ന പൊലീസ് ഓഫീസർ പറഞ്ഞ അനുഭവമുണ്ട്. സൈബർ ലോകത്തിനു പുറത്താണ് നിയമത്തിന്റെ ലോകം. അവിടെയും വ്യക്തികൾക്ക് സൈബർ അവകാശ സംരക്ഷണം ബുദ്ധിമുട്ടാണ്. പക്ഷേ സൈബർ ലോകത്തെ അവകാശവും സംരക്ഷിക്കപ്പെടും- സ്വാധീനമുള്ളവരാണെങ്കിൽ. വിധേയരായ പൊലീസ് വിദേശത്തുംപോകും പ്രതിയെ പിടിക്കാൻ.

മുമ്പൊരിക്കൽ ചാനലിൽ ചർച്ചയിൽ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമായിരുന്നു ചർച്ചാവിഷയം. ഇന്ത്യൻ മുസ്ലീമിന് മോദിയോടുള്ള മനോഭാവവും, പ്രവാസികളിലെ ഇന്ത്യൻ ന്യൂനപക്ഷത്തിനുള്ള മനോഭാവവും താരതമ്യം ചെയ്ത് ചോദിച്ചെന്ന ഒറ്റക്കാരണത്താൽ സൈബർ ലോകത്ത് അധിക്ഷേപിക്കപ്പെട്ടതിന് കണക്കില്ല. പാവാടച്ചരട്, സൂക്കേട് എന്നുമുതൽ ലൈംഗികപരാമർശമുള്ള പദസമ്പത്തിന്റെ കളിയായിരുന്നു ആർഷഭാരത സംസ്കാരവാദികൾ ചെയ്തത്. ഒരുമാസത്തോളം നീണ്ടു അധിക്ഷേപം. തീർന്നല്ലോ എന്നു കരുതിയിരുന്നപ്പോൾ ഒരു ദിവസം വലിയ കവർ തപാലിലെത്തി. എങ്ങാനും വായിക്കാതെ പോയെങ്കിലോ എന്നോർത്ത് സഹൃദയനന്മാർ കെട്ടുകണക്കിന് അശ്ലീലപോസ്റ്റുകൾ പ്രിന്റെടുത്ത് അയച്ചു തന്നതാണ്.

മാധ്യമപ്രവർത്തകർ വിമർശിക്കപ്പെടുന്നുണ്ട്, വിമര്‍ശിക്കപ്പെടണം. മാധ്യമപ്രവർത്തകയാകുമ്പോൾ ആ വിമർശനം ലൈംഗിക ആക്രമണം മാത്രമാകുന്നു എന്നതിനെ എങ്ങനെയാണ് ചെറുക്കുക. തൊഴിൽ മേഖലയിലെ വൈദഗ്ധ്യം കാണാതെ, സ്ത്രീ ശരീരമായി മാത്രം കണ്ട് വിമർശിക്കുന്ന മനോരോഗികളെ എങ്ങനെ നേരിടാൻ?

റജീന മാധ്യമപ്രവർത്തകയല്ല, മറ്റേത് തൊഴിൽ രംഗത്തായിരുന്നുവെങ്കിലും ഇപ്പോഴത്തെ അഭിപ്രായപ്രകടനത്തിന് അവർ ഇതുപോലെ അസഭ്യം കേൾക്കുമായിരുന്നു. സ്ത്രീകൾ ഈ ലോകത്ത് തുല്യ അവകാശമുള്ളവരാണ് എന്നു പഠിപ്പിക്കാത്ത മതമുണ്ടോ? മതത്തെ മാത്രം എന്തിനു പറയണം? വീടുകളിൽ പറഞ്ഞുകൊടുക്കുന്നുണ്ടോ? പാഠഭാഗങ്ങളിൽ? കാഴ്ചകളിൽ? കേൾവികളിൽ?

വിവരമുള്ള സ്ത്രീകളെ ഭയമാണ് മിക്കവർക്കും. ആ ഭയം തീർക്കുന്നത് സ്ത്രീകളെ അപമാനിച്ചും, അധിക്ഷേപിച്ചും, അപവാദം പറഞ്ഞും. മുഖത്തു നോക്കി പറയുന്നവരോട് മറുപടി പറയാം. ഞാൻ പറയും, നീ പറയരുത് എന്ന അയുക്തികളുടെ മുനയൊടിക്കാൻ നിമിഷാർദ്ധം പോലും വേണ്ട. പക്ഷേ ഭീരുക്കളാണ് ഭൂരിപക്ഷം. അറിവു കൊണ്ടും, യുക്തി കൊണ്ടും സ്ത്രീകളേക്കാൾ ബഹുദൂരം പിന്നിൽ നിൽക്കുന്നവർ. ഒളിയിടങ്ങളിലിരുന്ന് മാത്രം അമ്പെയ്യുന്നവർ- വെറും ഭീരുക്കൾ.  ഭീരുക്കളെ ശിക്ഷിക്കാൻ നാട്ടിൽ നിയമമില്ലല്ലോ. വ്യക്തിക്ക് ഭീരുവാകാൻ സ്വാതന്ത്ര്യമുണ്ട്. സംഘടനകളും, രാഷ്ട്രീയപ്പാർട്ടികളും അങ്ങനെയായാലോ? ചങ്ങലയുടെ ഭ്രാന്ത് മാറ്റാനും വഴി കണ്ടെത്തേണ്ടതുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍