UPDATES

വിദേശം

ഗ്രീസിന്റെ ഭാവിയെ സംബന്ധിച്ചുള്ള മൂന്നു ചോദ്യങ്ങള്‍

Avatar

മാറ്റ് ഒബ്രിയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യൂറോപ്പിന്റെ സാമ്പത്തിക സഹായം സ്വീകരിക്കേണ്ടതില്ലെന്നും സാമ്പത്തിക അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും സാധ്യമെങ്കില്‍ യൂറോയില്‍ തന്നെ തുടരേണ്ടതില്ലെന്നും ഉള്ള തീരുമാനങ്ങള്‍ക്ക് അനുകൂലമായി ഗ്രീക്ക് ജനത കഴിഞ്ഞാഴ്ച വോട്ട് ചെയ്തു. എന്നാല്‍ യൂറോ വിടുന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും. 

അവസാനം യൂറോപ്പിന്റെ സാമ്പത്തിക സഹായം സ്വീകരിക്കണോ വേണ്ടയോ എന്നതിനെ കുറിച്ചുള്ള ജനഹിത പരിശോധനയില്‍ വേണ്ട എന്ന അഭിപ്രായക്കാര്‍ക്ക് 61 ശതമാനത്തിന്റെ വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാല്‍ ഗ്രീസിന്റെ ഇപ്പോഴത്തെ കടബാധ്യത നിലനില്‍ക്കുമ്പോള്‍, ഈ ഫലത്തില്‍ അല്‍പം പരിഹാസ്യത നിലനില്‍ക്കുന്നുണ്ട്. യൂറോപ്പ് സാങ്കേതികമായി പിന്‍വാങ്ങിക്കഴിഞ്ഞ ഒരു വ്യവസ്ഥയുടെ പുറത്താണ് ഗ്രീസില്‍ ഹിതപരിശോധന നടന്നത്. പറയുന്ന അളവില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാമെന്നും എന്നാല്‍ അത് യൂറോപ്പ് നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കുമെന്നുമുള്ള ഗ്രീസിന്റെ നിര്‍ദ്ദേശം യൂറോപ്പ് നിരാകരിച്ചതിനെ തുടര്‍ന്ന് ഒറ്റ വോട്ടിന് മാത്രമേ പ്രസക്തിയുണ്ടായിരുന്നുള്ളു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സാമ്പത്തിക അച്ചടക്കത്തിന്റെ അളവിനെ സംബന്ധിച്ച അഭിപ്രായവ്യത്യാസത്തിന്റെ പേരിലായിരിക്കില്ല, മറിച്ച് അത് നടപ്പാക്കുന്ന രീതിയെ കുറിച്ചുള്ള ഭിന്നതകളുടെ പേരിലായിരിക്കും യൂറോപ്പും ഗ്രീസും വേര്‍പിരിയുന്നത്. കൃത്യമായി പറഞ്ഞാല്‍, പെന്‍ഷനുകള്‍ വെട്ടിക്കുറയ്ക്കുന്നത് അല്‍പം സാവകാശത്തിലാക്കണമെന്നും അവിടുത്തെ ദ്വീപ് ഹോട്ടലുകളെ വര്‍ദ്ധിച്ച വില്‍പ്പനനികുതിയില്‍ നിന്നും ഒഴിവാക്കണമെന്നും ഗ്രീസ് ആഗ്രഹിക്കുന്നു; അത്ര തന്നെ. 

ഗ്രീസിലെ ഹോട്ടലുകളുടെ വില്‍പ്പന നികുതി എന്തായിരിക്കണം എന്ന പ്രശ്നത്തിലൂടെ, 60 വര്‍ഷം നീണ്ടുനിന്ന ഏകീകരണം തകര്‍ക്കുന്നതിനാണ് യൂറോപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനെ സെനറ്റ് എന്ന് വിളിക്കണോ അതോ ഉപരിസഭ എന്ന് വിളിക്കണോ എന്നതിന്റെ പേരില്‍ യുഎസ് ഭരണഘടനാ ഉടമ്പടി തകര്‍ന്നതിന് തുല്യമായ ഒരു പ്രതിഭാസമാണത്. അത് തന്നെയാണ് യൂറോപ്പ് ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല: യൂറോപ്പില്‍ ഒരു യുഎസ് നിര്‍മ്മിക്കുക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, തങ്ങളുടെ സാമ്പത്തിക രംഗങ്ങളെ കൂടുതല്‍ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് മറ്റൊരു രക്തച്ചൊരിച്ചില്‍ അസാധ്യമാക്കാന്‍ ഈ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ ശ്രമിക്കുകയായിരുന്നു. മാത്രമല്ല, ഇതിലൂടെ ഒരു സംയുക്ത രാഷ്ട്രീയശക്തിയായി മാറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. 

എന്നാലിപ്പോള്‍, അപൂര്‍ണമെങ്കിലും അഭൂതപൂര്‍വമായ അടുപ്പത്തിന്റെ ഈ പ്രക്രിയ ആദ്യമായി തുറന്നുകാണിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഗ്രീക്ക് സര്‍ക്കാരിനും ബാങ്കുകള്‍ക്കും മുന്നോട്ട് നീങ്ങുന്നതിന് അടിയന്തിരാവശ്യമായ സാമ്പത്തിക കച്ചിത്തുരുമ്പുകള്‍ക്കുള്ള സാധ്യതകള്‍, ഇപ്പോഴത്തെ ഹിതപരിശോധന ഫലത്തോടെ ഇല്ലാതാവുകയാണ്. ഇത് അവരെ യൂറോയില്‍ നിന്നും പുറത്താക്കുന്നതിലേക്കും നയിച്ചേക്കും. യൂറോപ്യന്‍ രാജ്യങ്ങളുടെ കണ്ണിലെ കരടായ ഗ്രീസ് ധനകാര്യമന്ത്രി യാനിസ് വേറോഫാക്കീസിന്റെ അപ്രതീക്ഷിതരാജി പോലും ഇരുഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള പാലമായി വര്‍ത്തിച്ചില്ല. ഒന്നുമല്ലെങ്കിലും അദ്ദേഹം മാസങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. പക്ഷെ അതൊന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം. ആരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നതിനേക്കാള്‍ ഇരുഭാഗവും പരസ്പരം വിശ്വസിക്കുന്നില്ല എന്നതാണ് പ്രധാനം. ഏതാനും ദിവസങ്ങള്‍ കൊണ്ട് ഈ സ്ഥിതിയില്‍ മാറ്റം വരാനുള്ള സാധ്യതകളും വിരളമാണ്. 

ഈ സ്ഥിതി ഗ്രീസിനെ എവിടെ എത്തിക്കും? ഒരു പക്ഷെ യൂറോ സോണിന്റെ പുറത്തേക്കുള്ള പാതയാകാം ഇത്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ഗ്രീസിന്റെ സാമ്പത്തിക ഭാവിയും യൂറോപ്പിന്റെ രാഷ്ട്രീയ വഴികളും നിര്‍ണിയിക്കുന്ന മൂന്ന് സുപ്രധാന ചോദ്യങ്ങള്‍ ഇതാ:

1. ഗ്രീസിലെ ബാങ്കുകള്‍ തകരാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അനുവദിക്കുമോ? 

അതെ എന്നാണ് ഏറ്റവും ഹൃസ്വമായ ഉത്തരം. ഗ്രീസിലെ ബാങ്കുകള്‍ കടുത്ത പണഞെരുക്കത്തിലാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ അത് സംഭവിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും സമീപഭാവിയില്‍ അത് സംഭവിക്കുമെന്നത് ഉറപ്പാണ്. കഴിഞ്ഞായാഴ്ച അവസാനം അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ബാങ്കുകളുടെ ജീവന്‍ നീട്ടിക്കൊടുക്കാന്‍ മാത്രമേ അച്ചടക്ക നടപടികളായ ചില ബാങ്കുകളുടെ അടച്ചുപൂട്ടല്‍, ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 60 യൂറോ (ഏകദേശം 66 ഡോളര്‍) ആയി നിജപ്പെടുത്തല്‍, ജനങ്ങള്‍ വിദേശത്തേക്ക് പണം കൊണ്ടുപോകുന്നത് തടയല്‍ തുടങ്ങിയവയ്ക്ക് സാധിച്ചിട്ടുള്ളു. വളരെ യഥാര്‍ത്ഥമായ കാരണങ്ങളാല്‍ തന്നെ നിക്ഷേപകരും പരിഭ്രാന്തിയിലാണ്. കടക്കെണിയിലായ ബാങ്കുകളെ രക്ഷിക്കുന്നതിനായി അവരുടെ പണം ഉപയോഗിക്കപ്പെടുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ബാങ്കുകളെ ധനസഹായത്തിനായി സമീപിക്കുന്ന സമയം മുതല്‍ തന്നെ അവരുടെ പണം മൂല്യം നഷ്ടപ്പെട്ട കടലാസുകളായി മാറുകയോ ചെയ്യാം. 

പക്ഷെ ബാങ്കുകളെ അടച്ചുപൂട്ടല്‍ തീരുമാനത്തിലേക്ക് നയിക്കാനുള്ള പ്രധാനകാരണം എന്താണ് എന്ന്‍ പരിശോധിക്കുകയാണ് ആദ്യം ചെയ്യണ്ടത്. ഗ്രീക്ക് ബാങ്കുകള്‍ക്ക് ഒരു അടിയന്തിര അധിക വായ്പകളും അനുവദിക്കേതില്ലെന്ന യൂറോപ്യന്‍ യൂണിയന്റെ തീരുമാനമാണ് അവയുടെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്. സര്‍ക്കാര്‍ ഗ്യാരന്റിയുള്ള ബോണ്ടുകളും നികുതികളിലെ കാലതാമസം മൂലമുണ്ടായ ആസ്തികളും പോലെയുള്ള അധിക ആസ്തികള്‍ ഉണ്ടായിരുന്ന ബാങ്കുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചു. അവര്‍ക്ക് ഉടനടി ഈ ആസ്തികള്‍ പണമായി മാറ്റാന്‍ സാധിച്ചില്ല. ലെന്റര്‍ ഓഫ് ലാസ്റ്റ് റിസോര്‍ട്ട് എന്ന അതിന്റെ കടമ നിര്‍വഹിക്കുന്നതിനായി ECB അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത്, ഈ ആസ്തികള്‍ ഈടായി സ്വീകരിച്ചുകൊണ്ട് ഗ്രീസ് ബാങ്കുകള്‍ക്ക് അധിക യൂറോ നല്‍കുക എന്നതായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച വരെ അത് സംഭവിച്ചിട്ടില്ല. പകരം തങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കുന്ന 89 ബില്യണ്‍ യൂറോയില്‍ അധികം ഒരു അടിയന്തിര വായ്പയും നല്‍കില്ല എന്ന നിലപാടില്‍ ECB ഉറച്ചു നിന്നു. ഫലത്തില്‍ ഗ്രീസ് സാമ്പത്തിക സംവിധാനത്തിന്റെ അടിയില്‍ ഒരു ടൈം ബോംബ് വയ്ക്കുകയായിരുന്നു അവര്‍ ചെയ്തത്. 

ഇപ്പോള്‍ അവര്‍ അതിന്റെ ഫ്യൂസിന്റെ നീളം കുറച്ചിരിക്കുന്നു. എങ്ങനെ? ഗ്രീസ് ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തിര ധനസഹായത്തിന്റെ അളവ് കുറയ്ക്കുന്നതിന് പകരം ഓരോ വ്യക്തിഗത ബോണ്ടിനും പകരമായി അവര്‍ക്ക് ലഭിക്കാവുന്ന തുകയുടെ അളവ് കുറയ്ക്കാനാണ് ECB ശ്രമിക്കുന്നത്. ഐഎംഎഫ് വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഗ്രീസ് വീഴ്ച വരുത്തിയിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ഗ്യാരന്റിക്ക് അത്ര മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ അത് സ്ഥാവര ഉറപ്പായി പഴയത് പോലെ സ്വീകര്യമല്ല എന്നുമാണ് ഇതിന് ഉപോല്‍ബലകമായി ഉന്നയിക്കുന്ന ന്യായവാദം. അതായത്, ഒരു നൂറ് യൂറോ മൂല്യമുള്ള ബോണ്ടിന് നിങ്ങള്‍ക്ക് നേരത്തെ 50 യൂറോ വായ്പയായി ലഭിക്കുമായിരുന്നെങ്കില്‍ ഇനിയത് നാല്‍പതോ മറ്റോ ആയി ചുരുങ്ങുമെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആസ്തിയുള്ള വന്‍കിട ബാങ്കുകളെ ഇതത്ര ബാധിക്കില്ല. എന്നാല്‍ ചെറുകിട ബാങ്കുകളെ ഇത് നാളേക്ക് പകരം ഇന്ന് തന്നെ പാപ്പരാക്കും. എന്നാല്‍, ECB ഇക്കാര്യത്തില്‍ കടുംപിടുത്തം നടത്തിയാല്‍ ഗ്രീസിലെ ഒരു വലിയ ബാങ്ക് തന്നെ തകരുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അടുത്തു തന്നെ തിരിച്ചറിയാന്‍ സാധിക്കും. 

ഇത് കാരണം കൂടാതെ സംഭവിക്കുന്ന ഒന്നല്ല. എന്തായാലും കൊക്കയിലേക്ക് വീഴാന്‍ പോകുന്ന ഗ്രീസ് ബാങ്കുകള്‍ക്ക് ഒരുന്തുകൂടി കൊടുക്കുകയാണ് ECB ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇതില്‍ കൂടുതല്‍ ECB ചെയ്തിരുന്നെങ്കിലും ഗ്രീസ് ബാങ്കുകള്‍ തകര്‍ന്നു പോകുമായിരുന്നു. പക്ഷെ അവര്‍ സമയത്തിന് ഇടപെട്ടില്ല. അതുകൊണ്ട് തന്നെ യൂറോയെ രക്ഷിക്കുന്നതിനായി അവര്‍ നല്‍കുന്ന ഏത് തരത്തിലുള്ള വാഗ്ദാനവും അവര്‍ ഗ്രീസിനെ ഒഴിവാക്കി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളായിരിക്കും. അത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. അതിന് തടയാന്‍ കഴിയുമായിരുന്ന ബാങ്ക് പാപ്പരാവല്‍ ECB കണ്ടുകൊണ്ട് നിന്നു എന്ന് മാത്രല്ല, അവര്‍ കാര്യങ്ങള്‍ വഷളാക്കുകയും ചെയ്തു. അതായത് ഗ്രീസിലെ പ്രതിസന്ധിയിലായിരുന്ന ബാങ്കുകളെ അവര്‍ വിസ്മൃതിയോട് ഒരു ചുവട് കൂടി അടുപ്പിച്ചു. ഗ്രീസ് സര്‍ക്കാരിന് ഒരു അവസാനനിമിഷ കരാറിനുള്ള അവസരം നല്‍കാന്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നില്ല.

2. ഗ്രീസ് സ്വന്തമായി പണം അച്ചടിക്കാന്‍ തുടങ്ങുമോ?

പണവും ബാങ്കുമില്ലാതെ നിങ്ങള്‍ക്ക് ഒരു സമ്പദ്ഘടന ഉണ്ടാവുക സാധ്യമല്ല. ഗ്രീസിനിപ്പോള്‍ ഇത് രണ്ടുമില്ല. അവിടുത്തെ ബാങ്കുകള്‍ പൂട്ടപ്പെടുന്നു, കമ്പനികള്‍ക്ക് വായ്പകള്‍ ലഭിക്കുന്നില്ല, സര്‍ക്കാര്‍ ഖജനാവും ശൂന്യമായി കഴിഞ്ഞു. ഈ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. പണമുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്ക് അത് നഷ്ടപ്പെടുന്നത് മൂലം രാജ്യത്തിന് പുറത്തുനിന്നും ഇറക്കുമതികള്‍ നടത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ലഭിച്ച ബാങ്ക് വായ്പകള്‍ ഗുണത്തേക്കാളേറെ ബാധ്യതകളായി മാറുന്നു. ഇതുമൂലം ഇപ്പോള്‍ തന്നെ 25.6 ശതമാനം തൊഴിലില്ലായ്മ നിലനില്‍ക്കുന്ന രാജ്യത്ത് കൂടുതല്‍ കമ്പനികള്‍ അടച്ചുപൂട്ടപ്പെടും. 

ഗ്രീക്ക് ബാങ്കുകള്‍ക്ക് ആവശ്യമായ യൂറോ നല്‍കാന്‍ ECB തയ്യാറാകാതിരിക്കുന്നിടത്തോളം, പുതിയ നാണയം പുറത്തിറക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഗ്രീസ് സര്‍ക്കാരിന്റെ മുന്നില്‍ അവശേഷിക്കുന്നില്ല. യാതൊരു മൂല്യവുമില്ലാത്ത ഒരു ഓട്ടക്കാലണ ആയിരിക്കരുത് എന്നപോലെ അത് യൂറോയും ആവാന്‍ തരമില്ല. വെറും ഒരു ഉടമ്പടിപ്പത്രം മാത്രമായിരിക്കണമത്. 1930-കളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഖജനാവ് കാലിയായപ്പോള്‍ കാലിഫോര്‍ണിയ ചെയ്തത് അതാണ്. തങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നതായി, ഇപ്പോള്‍ ഗ്രീസിന്റെ മുന്‍ധനമന്ത്രിയായി മാറിയ യാനിസ് വേറോഫാക്കീസ് പറയുന്നതും. ഈ രസീത് വച്ച് സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയും അത് ഉപയോഗിച്ച് തന്നെ തങ്ങളുടെ നികുതികള്‍ അടയ്ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുക. യൂറോയില്‍ കുറഞ്ഞ മൂല്യത്തോടെയാണെങ്കില്‍ ഈ രശീത് സ്വീകരിക്കാന്‍ ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും ഇതുവഴി സന്നദ്ധരാവും. സാധാരണത്വത്തിന്റെ ഒരു പ്രതിരൂപമായെങ്കിലും അങ്ങനെ സാമ്പത്തിക രംഗത്തിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കും. കമ്പനികള്‍ സ്വന്തമായി ഇത്തരം ഉടമ്പടിപ്പത്രങ്ങള്‍ തുടങ്ങിയെന്നും വരാം.

പണത്തിനും കടത്തിനുമിടയിലുള്ള ഒരു നരച്ച നിയമ ഇടത്തിലാണ് ഇത്തരം ഉടമ്പടിപ്പത്രങ്ങള്‍ നിലനില്‍ക്കുന്നത് എന്നതാണ് അതിന്റെ ഭംഗി. ഇത്തരം ഉടമ്പടിപ്പത്രങ്ങള്‍ പുതിയ കടപ്പത്രങ്ങള്‍ മാത്രമായി കണക്കാക്കാം എന്നതിനാല്‍ ഗ്രീസിന് എങ്ങനെയെങ്കിലും യൂറോയില്‍ തുടരാന്‍ സാധിച്ചാല്‍ തങ്ങള്‍ പുതിയ നാണയം പുറത്തിറക്കിയിട്ടില്ല എന്ന് വാദിക്കുകയുമാവാം. എന്നാല്‍ പൊതുനാണയം എന്ന ആശയം നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നതെങ്കില്‍, ഈ ഉടമ്പടിപ്പത്രങ്ങള്‍ യൂറോയ്ക്കും ഓട്ടക്കാലണയ്ക്കും ഇടയിലുള്ള ഒരു പാലമായി അത് പ്രവര്‍ത്തിക്കുകയും, അച്ചടിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ഏതന്‍സ് വിചാരിച്ചതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യും. പക്ഷെ അതിന്റെ ബാങ്കുകള്‍ പൂര്‍ണമായും പരാജയപ്പെടുന്നപക്ഷം ഗ്രീസിന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവില്ല. അങ്ങനെ വരികയാണെങ്കില്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളില്‍ ഉണ്ടാവുന്ന വിള്ളലുകള്‍ പരിഹരിക്കുന്നതിനായി അവര്‍ക്ക് ജനങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും ധനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയോ- 8000 യൂറോയില്‍ അധികമുള്ള ഗ്രീസ് നിക്ഷേപങ്ങളില്‍ നിന്നും 30 ശതമാനമെങ്കിലും നികുതിയായി ഈടാക്കാനുള്ള അതിന്റെ പരിപാടി യൂറോപ്പ് പുറത്തുവിട്ടിരുന്നു- അല്ലെങ്കില്‍ പണം അച്ചടിക്കുകയോ ചെയ്യേണ്ടി വരും. രണ്ടാമത്തെ മാര്‍ഗ്ഗമാണ് അത് സ്വീകരിക്കുന്നതെങ്കില്‍, അതൊരു പുതിയ നാണയമല്ല എന്ന നാട്യം ഉണ്ടാവില്ല. ഓട്ടക്കാലണ അവിടെ തുടരും. 

3. ഗ്രീസുമായി ഒരിക്കല്‍ കൂടി ചര്‍ച്ചകള്‍ നടത്താന്‍ യൂറോപ്പ് തയ്യാറാവുമോ? 

യൂറോപ്യന്‍ നേതാക്കന്മാര്‍ക്ക് ഗ്രീസിനെ ഇഷ്ടമല്ല എന്നത് ഒരു രഹസ്യമല്ല. അതിന്റെ കടങ്ങളും അസ്ഥിരമാണെന്ന് ഇറ്റലിയെയോ അല്ലെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ നഷ്ടപരിഹാരത്തുക തങ്ങള്‍ക്കിനിയും പൂര്‍ണമായും ലഭിച്ചിട്ടില്ല എന്ന് ജര്‍മ്മനിയെയോ അറിയാക്കാന്‍ തക്കവണ്ണം സ്വാധീനശേഷിയുള്ള ആളുകളെയോ സുഹൃത്തുക്കളെയോ സൃഷ്ടിക്കാന്‍ ഗ്രീസിന് സാധിച്ചിട്ടില്ല. വേറോഫാക്കിസിന്റെ രാജി അത്ര കണ്ട് വേദനാജനകമല്ലായിരിക്കാം, പക്ഷെ അത് വലിയ പ്രയോജനം ഉണ്ടാക്കുകയുമില്ല. ഗ്രീക്ക് പ്രധാനമന്ത്രി അലെക്‌സി സിപ്രാസ് ‘അനുരഞ്ജനത്തിന്റെ അവസാന സാധ്യതയും ഇല്ലാതാക്കി,’ എന്ന ജര്‍മ്മന്‍ വൈസ് ചാന്‍സിലര്‍ സിഗ്മാര്‍ ഗബ്രിയേലിന്റെ പ്രസ്താവന യൂറോപ്പ് മുഴുവന്‍ പങ്കുവയ്ക്കുന്ന എന്ന വസ്തുത പൂര്‍ണമായും വിശ്വസനീയമാണ്. അങ്ങനെ ഒരു സ്ഥിതിവിശേഷം നിലനില്‍ക്കെ ആ അച്ചടി യന്ത്രങ്ങള്‍ എത്രയും വേഗം സ്ഥാപിക്കുക എന്നത് തന്നെയാവും ഏതന്‍സിന് കരണീയം. 

പെന്‍ഷന്‍ വെട്ടിക്കുറയ്ക്കലുകള്‍ 2019ന് പകരം 2020 ലെ നടപ്പിലാക്കൂ, വലിയ ഹോട്ടലുകളില്‍ വില്‍പ്പന നികുതി തുടങ്ങിയ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ 60 വര്‍ഷത്തെ ഉദ്ഗ്രഥനം ഇല്ലാതാക്കാന്‍ യൂറോപ്പ് ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? ഇല്ലായിരിക്കാം. മറ്റൊരു ഉച്ചകോടി എന്ന ആവശ്യം ഫ്രാന്‍സും ജര്‍മ്മനിയും ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞു. അങ്ങനെ വരികയാണെങ്കില്‍ തങ്ങളെ ന്യായങ്ങള്‍ ഒരു വട്ടം കൂടി നിരത്താന്‍ ഇരുഭാഗത്തിനും ഒരവസരം കൂടി ലഭിക്കും. പക്ഷെ, ഗ്രീക്ക് ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ ECBക്ക് യൂറോപ്യന്‍ നേതാക്കള്‍ അനുമതി നല്‍കാനാണ് കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്. അത് അവരുടെ പൂര്‍ണാന്ത്യവുമായിരിക്കും. 

എന്തുകൊണ്ട്? ഇത് കടമാണ്. സാമ്പത്തിക കര്‍ക്കശത പാലിക്കുന്നതിന് എതിരായ ഒരു പാര്‍ട്ടി മാത്രമായാണ് പലരും സിരിസയെ കാണുന്നത് എന്നതാണ് അവര്‍ വരുത്തുന്ന തെറ്റ്. അതാണ്. എന്നാല്‍ അതിനുപരിയായി അതൊരു സ്വയംഭരണാനുകൂല പാര്‍ട്ടി കൂടിയാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, ഗ്രീക്ക് എന്ത് ചെയ്യണം എന്ന് മേലില്‍ യൂറോപ്പ് പറയണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഗ്രീസിന്റെ സര്‍ക്കാര്‍ ചിലവിലുള്ള കടുത്ത നിയന്ത്രണത്തില്‍ അയവ് വരുത്തുന്നതിനെക്കാള്‍ ഗ്രീസിന്റെ കടബാധ്യത തീര്‍ക്കുക എന്ന അമ്പരപ്പുളവാക്കുന്ന തീരുമാനത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ ഊന്നുന്നത്. 

പറയുന്നത് വിചിത്രമായി തോന്നാമെങ്കിലും, ഗ്രീസിന്റെ കടബാധ്യത എന്ന് പറയുന്നത് ഇത്തരുണത്തില്‍ നിരര്‍ത്ഥകമായ ഒന്നാണ്. മറ്റെന്തിനെക്കാളും അതൊരു അക്കൗണ്ടിംഗ് കെട്ടുകഥ മാത്രമാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 175 വരുന്നതാണ് അതിന്റെ കടബാധ്യതയെങ്കിലും, അവരുടെ പലിശ നിരക്ക് വളരെ താഴ്ന്നതാണ് എന്ന് മാത്രമല്ല തിരിച്ചടവ് കാലാവധി ദീര്‍ഘവുമാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വെറും 2.6 ശതമാനം മാത്രം വരുന്ന വാര്‍ഷിക കടം തിരിച്ചടവ് അവര്‍ക്ക് നിസാരമായി കൈകാര്യം ചെയ്യാവുന്നതുമാണ്. സ്‌പെയിനോ ഇറ്റലിയോ പോര്‍ച്ചുഗലോ തിരിച്ചടയ്ക്കുന്നതിനേക്കാള്‍ അത് കുറവാണ് താനും. ന്യൂയോര്‍ക്ക് ടൈംസിലെ പോള്‍ ക്രൂഗ്മാന്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ, ബജറ്റ് ചിലവില്‍ അവര്‍ വരുത്താനുദ്ദേശിക്കുന്ന വെട്ടിക്കുറവാണ് ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുകയോ അതിന്റെ നാണയത്തിന്റെ മൂല്യം കുറച്ചത് കൊണ്ടോ, നികുതികള്‍ ഉയര്‍ത്തുകയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനം രണ്ട് മുതല്‍ രണ്ടര ശതമാനം വരെയാക്കി വെട്ടിക്കുറയ്ക്കപ്പെടുന്ന തരത്തില്‍ സര്‍ക്കാര്‍ ചിലവുകള്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ ഒരു ശതമാനമാക്കി നിജപ്പെടുത്തിയത് കൊണ്ടോ നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രീസിന് സാധിക്കില്ല. അത് സ്വയം തോല്‍പ്പിക്കുന്നതിന് തുല്യമാണ്: നിങ്ങളുടെ കടബാധ്യത കുറവാണെങ്കിലും നിങ്ങളുടെ വരുമാനത്തില്‍ വന്‍വീഴ്ച വരുമെന്നതിനാല്‍ ആ ചെറിയ കടം പോലും മടക്കാന്‍ നിങ്ങള്‍ സാധിച്ചു എന്ന് വരില്ല. 

എന്നാല്‍ ചില കണക്കുകളിലെ കളികള്‍ക്ക് ശക്തിയുണ്ട്. അതിലൊന്നാണ് ഗ്രീസിന്റെ കടബാധ്യത. ഇത്രയും നാള്‍ ഇത്ര കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഗ്രീസിനെ എങ്ങനെയാണ് യൂറോപ്പ് നിര്‍ബന്ധിതരാക്കിയത് എന്ന് നോക്കുക. ഹേയ്, നിങ്ങള്‍ക്ക് തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത കടബാധ്യതയുണ്ടെന്ന് അറിയില്ല? നിങ്ങളുടെ ബജറ്റ് കുറച്ചു കൂടി വെട്ടിച്ചുരുക്കി കൊണ്ട് ആ ബാധ്യത തീര്‍ക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തുകൊണ്ട് ആലോചിച്ചുകൂടാ? തുടങ്ങിയ ചോദ്യങ്ങള്‍ ഗ്രീസിനോട് യൂറോപ്പ് ചോദിക്കുന്നു. യൂറോയില്‍ തുടരണമെങ്കില്‍ അത് ചെയ്യാതെ ഗ്രീസിന് മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്ന് വരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ധരിക്കുന്നത് എന്തൊക്കെയായാലും, കടബാധ്യതയിലെ ഇളവ് കരാറിന്റെ ഭാഗമാകുന്നിടത്തോളം കാലം യൂറോപ്പ് പറയുന്ന അതേ കടുത്ത രീതിയില്‍ സാമ്പത്തിക നടപടികള്‍ സ്വീകരിക്കാമെന്ന് സിരിസിയ പറയുന്നത്. ചുരുക്കത്തില്‍, അതിലെ ചില അവകാശങ്ങളെങ്കിലും നാളെ തിരിച്ചെടുക്കാന്‍ സാധിക്കുമെങ്കില്‍, ബജറ്റിലുള്ള തങ്ങളുടെ ഇന്നത്തെ പരമാധികാരം യൂറോപ്പിന് അടിയറവയ്ക്കാന്‍ ഏതന്‍സ് തയ്യാറാണ്. പക്ഷെ അത്തരം ഒരു കരാറല്ല യൂറോപ്പ് ആഗ്രഹിക്കുന്നത്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടബാധ്യത എഴുതി തള്ളുന്നതിനായി ലോറ നമ്പറോഫിന്റെ എലിക്ക് മിഠായി കൊടുക്കല്‍ നയത്തില്‍ യൂറോപ്പ് വിശ്വസിക്കുന്നില്ല. തിരിച്ചടവിന്റെ നിരന്തര ഭീഷണയില്ലെങ്കില്‍ അതിന്റെ ധനകാര്യ വാഗ്ദാനങ്ങളില്‍ നിന്നും ഗ്രീസ് പിന്മാരും എന്നത് മാത്രമല്ല യൂറോപ്പിന്റെ ആശങ്ക. ബജറ്റ് വെട്ടിക്കുറവ് തല്‍സ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി ഗ്രീസിന് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യം നല്‍കുന്ന പക്ഷം, സ്‌പെയിനും ഇറ്റലിയും പോര്‍ച്ചുഗലും ഇതേ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയും അത് വലിയ സാമ്പത്തിക ബാധ്യയ്ക്ക് കാരണമാവുകയും ചെയ്യും. ഗ്രീസ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ, ഉയര്‍ന്ന പലിശ നിരക്കുള്ള ബോണ്ടുകള്‍ക്ക് പകരമായി ചെറിയ പലിയ നിരക്കുള്ള ബോണ്ടുകള്‍ വാങ്ങിക്കൊണ്ട് അയര്‍ലന്റെ ഏകപക്ഷീയമായി ഇതേ തരത്തിലുള്ള കടബാധ്യത കരാര്‍ സ്വന്തമാക്കിയെന്നത് വേറെ കാര്യം. 2012ല്‍ കുറച്ച് ബാധ്യത എഴുതി തള്ളിയതിന് ശേഷം കുറച്ചു കൂടി എഴുതി തള്ളാം എന്ന് യൂറോപ്പ് നല്‍കിയ വാഗ്ദാനത്തിനും ഇവിടെ പ്രസക്തിയില്ല. ഗ്രീക്ക് സാമ്പത്തികരംഗം സുസ്ഥിരമാകുന്നതിന് അതിന്റെ 30 ശതമാനം കടബാധ്യത എഴുതി തള്ളേണ്ടി വരുമെന്ന് അന്താരാഷ്ട്ര നാണയ നിധി അടുത്തിടെ പറഞ്ഞതും ഇവിടെ പ്രസക്തമല്ല (ഇവിടെ സിറിസ അതിന്റെതായ സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി സമ്പദ്‌വ്യസ്ഥയെ വീണ്ടും തകിടംമറിച്ചില്ലെങ്കില്‍ കടബാധ്യത വലിയ പ്രശ്‌നമായി മാറില്ലെന്ന് ഇപ്പോള്‍ ഐഎംഎഫ് കരുതുന്നു). ഗ്രീസിലുള്ള തങ്ങളുടെ അധികാരം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഗ്രീസിനെ വിശ്വസിക്കാന്‍ യൂറോപ്പ് തയ്യാറല്ല എന്നതാണ് ഇതിന്റെ അടിക്കുറിപ്പ്. അതുകൊണ്ട് തന്നെ ഒരു കടബാധ്യത കരാര്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. 

മാത്രമല്ല, ഗ്രീസുമായി ഇനിയൊരു ഒത്തുതീര്‍പ്പിന് തങ്ങള്‍ തയ്യാറാവേണ്ടതുണ്ട് എന്ന് യൂറോപ്പ് കരുതുന്നില്ല. ഗ്രീസിനെ താല്‍ക്കാലിക പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചുകൊണ്ട് അവര്‍ക്ക് വായ്പ നല്‍കിയ ഫ്രഞ്ച്, ജര്‍മ്മന്‍ ബാങ്കുകളിലേക്ക് ഗ്രീക്ക് സര്‍ക്കാരിന്റെ പണം വഴിമാറ്റി വിടുന്നതിന് മാത്രം ഉതകുന്ന തരത്തിലുള്ള ഒന്നായിരുന്നു ആദ്യത്തെ ‘ഋണാശ്വാസം’. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആശങ്കകള്‍ പരക്കുന്നത് തടയുന്നതിന്റെ ഭാഗമായി, ECB മറ്റ് രാജ്യങ്ങളുടെ ബോണ്ടുകള്‍ വാങ്ങാന്‍ ആരംഭിക്കുകയും അവയുടെ വാങ്ങല്‍ ചിലവ് കുറച്ചു കൊണ്ടു കൂടതല്‍ വാങ്ങുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. ഗ്രീസ് യൂറോപ്പില്‍ നിന്നും പുറത്താകുമെന്ന് ഏകദേശം ഉറപ്പായിട്ടും സ്‌പെയിനിലെയോ പോര്‍ച്ചുഗലിലെയോ പലിശ നിരക്കുകളില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. അതായത് ഗ്രീസിന്റെ പ്രശ്‌നം ഗ്രീസില്‍ തന്നെ ഒതുക്കുന്നതില്‍ ECB വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. അവരുടെ വിലപേശല്‍ ശക്തിയുടെ കാര്യം വരുമ്പോല്‍ ഗ്രീസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇത് തന്നെയാണ്. 

യൂറോപ്പിനെ കണ്ടുപിടിച്ചത് ഗ്രീസായിരിക്കാം. എന്നാല്‍ ഇനി ഗ്രീസിനെ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് യൂറോപ്പ് കരുതുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍