അഴിമുഖം പ്രതിനിധി
ഫെബ്രുവരി ഒമ്പതിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം ഉയര്‍ന്ന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ച മൂന്ന് ന്യൂസ് ചാനലുകള്‍ക്ക് എതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ പട്യാല ഹൗസ് കോടതി വാദം കേള്‍ക്കും. ടൈംസ് നൗ, ന്യൂസ് എക്‌സ്, സീ ന്യൂസ് എന്നീ ചാനലുകള്‍ക്ക് എതിരെയാണ് കേസ്.
ജെഎന്‍യു പരിപാടിയില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങിയിട്ടില്ലെന്നും അവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും മജിസ്‌ട്രേറ്റ് തല അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഫെബ്രുവരി 13-നാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഒരു വീഡിയോ പുറത്തുവന്നുവെങ്കിലും അതില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ മുഖം മറച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും മറ്റ് അഞ്ച് വിദ്യാര്‍ത്ഥികളും അറസ്റ്റിലായിരുന്നു. ദേശദ്രോഹ കുറ്റം ചുമത്തപ്പെട്ട ഇവര്‍ ജാമ്യത്തിലാണ്.