UPDATES

പെരിയാറിലെ മാലിന്യം: നടപടിയെടുത്ത ഒരുദ്യോഗസ്ഥനെ മാധ്യമങ്ങളടക്കം വേട്ടയാടുമ്പോള്‍

ഒരുദ്യോഗസ്ഥന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണ് ഇവിടുത്തെ സ്ഥിതി. കമ്പനികളുടെ ദാസന്മാരായിരിക്കണം എല്ലാ ഉദ്യോഗസ്ഥരുമെന്ന് ആരും ശഠിക്കരുത്. ജനങ്ങളോടും നാടിനോടുമാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പ്രഥമ പരിഗണന.

അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്ന പുഴയാണ് പെരിയാര്‍. ലാഭം മാത്രം കൊതിക്കുന്ന വ്യാവസായിക താത്പര്യങ്ങളാണ് പെരിയാറിനെ ഇല്ലാതാക്കുന്നത്. പെരിയാറിന്റെ തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തള്ളുന്ന മാലിന്യം ഒരു പുഴയെ മാത്രമല്ല, മനുഷ്യനെ കൂടിയാണ് ഇല്ലാതാക്കുന്നതെന്നു മനസിലാക്കിയിട്ടും ഇപ്പോഴും തുടരുന്ന മൗനത്തിനു നാളെ നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. വര്‍ഷങ്ങളായി മാലിന്യം തള്ളല്‍ തുടരുന്ന കമ്പനികള്‍ യാതൊരു തടസവും കൂടാതെ പ്രവര്‍ത്തിച്ചുപോരുകയാണ്. നടപടിയെടുക്കേണ്ടവര്‍ അനങ്ങുന്നില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എലൂര്‍, എന്‍വയണ്‍മെന്റല്‍ സര്‍വൈലന്‍സ് സെന്ററിലെ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എംപി തൃദീപ് കുമാര്‍ നേരിടുന്നത്.

തൃദീപിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 2016 ജനുവരി മുതല്‍ ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നതിന്റെ ഭാഗമായി പല വന്‍കിട കമ്പനികളും സ്ഥിരമായി നടത്തി വരുന്ന മലിനീകരണത്തിനെതിരേ ഉത്തരവാദിത്വത്തോടു കൂടി നടപടി സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ ഇതിന്റെ പ്രതികരണമായി കമ്പനികളുടെ ഭാഗത്തു നിന്നും അവരുടെ കൂലിയെഴുത്തുകാരായി അധഃപതിച്ച ചില മാധ്യമങ്ങളില്‍ നിന്നും പലവിധത്തിലുള്ള വേട്ടയാടലിനു വിധേയനായി കൊണ്ടിരിക്കുകയാണ്.

തനിക്കെതിരേ കമ്പനികളുടെ ഭാഗത്തു നിന്നുകൊണ്ട് വാര്‍ത്തയെഴുതുന്ന പത്രങ്ങളെ പേരെടുത്ത് പറഞ്ഞ് തൃദീപ് ഒരു കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. അതില്‍  കേരള കൗമുദി, മംഗളം എന്നീ പത്രങ്ങളടക്കം ചെയ്തുപോരുന്ന പ്രവര്‍ത്തികളെ ജനപക്ഷം ചൂണ്ടിക്കാണിക്കുകയാണ് തൃദീപ് ചെയ്യുന്നത്.

ഈ കത്തിനപ്പുറം വേറെയും കാര്യങ്ങള്‍ തൃദീപിന് ജനങ്ങളുടെ മുമ്പാകെ പറയാനുണ്ട്. പൊതുജനത്തെ യജമാനന്‍ ആയി കണ്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയുന്ന ഒരുദ്യോഗസ്ഥനെ മനസിലാക്കേണ്ടത് ജനങ്ങളുടെ കൂടി ആവശ്യവുമാണ്.

ഇന്ത്യയില്‍ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് സെന്ററാണ് ഏലൂരില്‍ ഉള്ളത്. അത്തരമൊരു കേന്ദ്രം പ്രവര്‍ത്തിച്ചിട്ടുപോലും വര്‍ഷങ്ങളായി പെരിയാര്‍ നേരിടുന്ന മലിനീകരണത്തിന്റെ പേരില്‍ ബോര്‍ഡ് നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുകയാണ്. നിരവധി ഫാക്ടറികള്‍ പെരിയാറിന്റെ തീരത്ത് പ്രവര്‍ത്തിച്ചുപോരുന്നതിനാല്‍ ഇവിടുന്നെല്ലാം ഉള്ള മാലിന്യമാണ് പെരിയാറിനെ നാശോന്മുഖമാക്കുന്നതെന്നാണ് പൊതുവെ പറയുന്നതെങ്കിലും ഈ കൂട്ടത്തില്‍ കൂടുതല്‍ മാലിന്യപ്രശ്‌നം സൃഷ്ടിക്കുന്നവരുണ്ട്. എന്നാല്‍ അവരെ തൊടാന്‍ ആരും തയ്യാറായിരുന്നില്ല. കാരണം അവരുടെ സ്വാധീനം. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും നദി നിറം മാറിയൊഴുകുന്നതിനുമെല്ലാം കാരണം ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണെന്നത് വ്യക്തമാണ്. ഇതിനെതിരേ നടപടിയെടുത്താല്‍ മാത്രമെ പെരിയാറിന്റെയും അതിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കാന്‍ സാധ്യമാകൂ. ആരാണ് ഈ വിഷം കലക്കലിനു പിന്നില്‍ എന്നത് ഉദ്യോഗസ്ഥ തലത്തില്‍ ഉള്‍പ്പെടെ അറിയാമെങ്കിലും അതിനു കാരണക്കാരായവരെ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകുന്നില്ല.

ഇതിനിടയിലാണു കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) പെരിയാറിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കുന്നതായി കണ്ടെത്തി തൃദീപ് നോട്ടീസ് നല്‍കിയത്. മഴവെള്ളം ഒഴുക്കിവിടുന്ന മാര്‍ഗത്തിലൂടെയായിരുന്നു ഫാക്ടറിയില്‍ നിന്നുള്ള ഫ്ലവന്റ് പുഴയില്‍ എത്തിയിരുന്നത്. ഇത്തരമൊരു കുറ്റകൃത്യം ചെയ്തുപോന്ന കമ്പനിയെ പിടികൂടിയതോടെ തൃദീപ് പലരുടെയും കണ്ണിലെ കരടായി. തങ്ങള്‍ മാലിന്യം പെരിയാറിലേക്ക് പുറന്തള്ളുന്നില്ല എന്ന നിലപാട് കമ്പനി സ്വീകരിക്കുകയും അത് ഏറ്റുപിടിക്കാന്‍ ഉദ്യോഗസ്ഥരും ചില മാധ്യമങ്ങളും ഒത്തുകൂടി. തൃദീപ് വൈരാഗ്യബുദ്ധിയോടെ കമ്പനിക്കെതിരേ നടപടിയെടുത്തു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

“ഞാന്‍ ആരോടെങ്കിലും വൈരാഗ്യം തീര്‍ക്കാന്‍ ആയിരുന്നില്ല നോട്ടീസ് നല്‍കിയെന്നതിനു പെരിയാറില്‍ കണ്ട മാറ്റങ്ങള്‍ തന്നെ തെളിവാണ്. അതുവരെ പുഴ ചുവന്നായിരുന്നു ഒഴുകി കൊണ്ടിരുന്നത്. ഇപ്പോള്‍ മൂന്നുമാസത്തോളമായി പുഴയില്‍ അസ്വാഭാവികമായ നിറം മാറ്റം കാണുന്നില്ല. എന്റെ ഉത്തരവാദിത്വമാണ് ചെയ്തത്. എനിക്ക് പ്രതിബദ്ധത നാടിനോടും ജനങ്ങളോടുമാണ്”; തൃദീപ് അഴിമുഖത്തോടു പറയുന്നു.

“ഞാന്‍ ചെയ്തത് കമ്പനിക്കൊരു കത്തു കൊടുക്കുകയാണ്. കമ്പനിയുടെ ഭാഗത്തു നിന്നും വിരുദ്ധമായ രീതിയില്‍ മാലിന്യമൊഴുക്കല്‍ നടക്കുന്നുണ്ടെന്നു മനസിലാക്കിയാല്‍ അവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള അധികാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഉണ്ട്. ഓരോ സംശയത്തില്‍ നിന്നാണ് പലതും നമ്മള്‍ കണ്ടുപിടിക്കുന്നത്. ഇങ്ങനെയൊരു സംശയം വരുമ്പോള്‍ സ്വാഭാവികമായും കാരണം തിരക്കി കത്തു നല്‍കും അതിനു കമ്പനികളുടെ ഭാഗത്തു നിന്നു മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ ഇത്തരമൊരു കത്ത് നല്‍കിയതുപോലും സഹിക്കാന്‍ കഴിയാത്തതുപോലെയായിരുന്നു സിഎംആര്‍എല്ലിന്റെ പ്രതികരണം. തങ്ങള്‍ കുറ്റമൊന്നും ചെയ്യുന്നില്ലെന്നും പത്തുവര്‍ഷമായി പിസിബിയുടെ അവാര്‍ഡ് വാങ്ങിക്കൊണ്ടിരിക്കുന്നവരുമാണെന്നായിരുന്നു വാദം. അവാര്‍ഡ് മാത്രം ബോര്‍ഡില്‍ നിന്നും വാങ്ങി ശീലിച്ചവര്‍ക്ക് ഇത്തരമൊരു നോട്ടീസ് കിട്ടിയത് ബുദ്ധിമുട്ടായി തോന്നി.

ഇതോടെ അവര്‍ പലവിധ കഥകള്‍ മെനയാന്‍ തുടങ്ങി. തൊഴിലാളികളെ പലതും പറഞ്ഞ് ഇളക്കി. മാധ്യമങ്ങളെ കൂട്ടിപിടിച്ചു, ഏതൊക്കെ രീതിയില്‍ എന്നെ താറടിച്ചു കാണിക്കാമോ അതെല്ലാം ഇപ്പോഴും ചെയ്തു പോരുന്നു.

മാധ്യമങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്നതാണ് ഏറെ വേദനാജനകം. സിഎംആര്‍എല്ലിനെതിരേ എന്തു നടപടി സ്വീകരിച്ചാലും അതിനെതിരെ കഥയെഴുതുകയാണ് ചില മാധ്യമങ്ങളുടെ സ്ഥിരം പരിപാടി. കലാകൗമുദിയും കേരള കൗമുദിയും ഇക്കാര്യത്തില്‍ മുന്നിലാണ്. മലിനീകരണത്തിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ തന്നെ ടാര്‍ഗറ്റ് ചെയ്ത് എഴുതാനും അവരിപ്പോള്‍ തയ്യാറായിരിക്കുകയാണ്. മാത്രമല്ല, ഈ വാര്‍ത്തകള്‍ വരുന്ന പത്രങ്ങളും ആനുകാലികങ്ങളും ജനങ്ങള്‍ക്കിടയില്‍ സൗജന്യമായി വിതരണം നടത്തുകയും ചെയ്യുന്നു.

ഒരു ഉദ്യോഗസ്ഥന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണ് ഇവിടുത്തെ സ്ഥിതി. കമ്പനികളുടെ ദാസന്മാരായിരിക്കണം എല്ലാ ഉദ്യോഗസ്ഥരുമെന്ന് ആരും ശഠിക്കരുത്. ജനങ്ങളോടും നാടിനോടുമാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പ്രഥമ പരിഗണന. വന്‍ കമ്പനികള്‍ക്ക് സ്വാധീനം ഉണ്ടെന്നു കരുതി നിയമം അവര്‍ക്കായി മാറ്റാന്‍ കഴിയുമോ? പാവപ്പെട്ട ജനം തങ്ങളുടെ പരാതി എവിടെ പറയും?”

ചിത്രത്തിനു കടപ്പാട്; ഡെക്കാണ്‍ ക്രോണിക്കള്‍

ഒരു എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ മാത്രമാണ് ഞാന്‍. എന്റെ മുകളില്‍ ചീഫ് എഞ്ചിനീയറുണ്ട്, സൂപ്രണ്ടിംഗ് എഞ്ചിനീയറുണ്ട്, മെംബര്‍ സെക്രട്ടറിയുണ്ട്, ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ട്. എന്റെ നടപടിയില്‍ തെറ്റുണ്ടെങ്കില്‍ അതു കണ്ടുപിടിക്കാന്‍ അധികാരമുള്ളവരുണ്ട്. അവര്‍ അന്വേഷിക്കട്ടെ. ആ അന്വേഷണം പക്ഷേ ഇവിടെ വന്നാകണം. കമ്പനിയുടെ പ്രവര്‍ത്തനവും പുഴയുടെ അവസ്ഥയും മനസിലാക്കി വേണം അന്വേഷണം നടത്താന്‍. എന്നിട്ടും എന്റെ ഭാഗത്താണു തെറ്റെങ്കില്‍ എനിക്കെതിരേ നടപടിയെടുക്കാം. അതിനു തയ്യാറാകാതെ വ്യാജവര്‍ത്തകളുടെ ഒപ്പം നില്‍ക്കരുത്. ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്കുള്ള പരിമിതികളും ജോലിക്കിടയിലെ സമ്മര്‍ദ്ദങ്ങളും എല്ലാം ഉപയോഗപ്പെടുത്തി എനിക്കെതിരേ മാധ്യമങ്ങളെ ഉപയോഗിച്ചു വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും എന്നെ താറടിക്കാന്‍ ശ്രമിക്കുകയുമാണ് കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

മലിനീകരണം മാത്രമല്ല ഇവിടെ പ്രശ്‌നം. ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു ചിലര്‍ കൂടി തീരുമാനിക്കുകയാണ്. ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം ആരോടായിരിക്കണം? സ്വാധീനിക്കപ്പെട്ടാല്‍ എന്തു ചെയ്യണം? തനിക്കു മുകളില്‍ ഉള്ളവരുടെ പിന്തുണ കിട്ടാതിരിക്കുമ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കണം? ഇതൊക്കെ ഗൗരവമായി കാണേണ്ട കാര്യങ്ങളാണ്.

ഞാന്‍ കമ്പനിക്കെതിരേ നില്‍ക്കുന്നൂവെങ്കില്‍ അതു കണ്ടുപിടിക്കാന്‍ വളരെ എളുപ്പമല്ലേ? എനിക്ക് 20 വര്‍ഷത്തെ സര്‍വീസേ ആയിട്ടുള്ളൂ. മുപ്പതും മുപ്പത്തിയഞ്ചും വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരാണ് എനിക്കു മുകളിലുള്ളത്. അവര്‍ക്ക് പരിശോധന നടത്തി കാര്യങ്ങള്‍ വ്യക്തമാക്കുകയേ വേണ്ടു. നേരത്തെ ശ്രീശക്തി കമ്പനിയില്‍ നിന്നുള്ള മാലിന്യപ്രശ്‌നം വന്നപ്പോള്‍ ഒരു കമ്മറ്റി രൂപീകരിക്കുകയും അവരുടെ യൂണിറ്റില്‍ പരിശോധന നടത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ഉണ്ടായിട്ടുണ്ട്. അതേപോലൊരു പരിശോധന സിഎംആര്‍എല്ലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് ചെയ്യുന്നില്ല?

സിഎംആര്‍എല്ലിന്റെ പ്രവര്‍ത്തനത്തിന് ആദ്യം മുതല്‍ നിശ്ചയിച്ചിരുന്ന പാരാമീറ്ററുകളില്‍ പലതും എടുത്തു കളഞ്ഞത് ഏത് അടിസ്ഥാനത്തിലാണ്? 12- ഓളം പരാമീറ്ററുകള്‍ നിശ്ചയിച്ചിരുന്ന ഒരു കമ്പനിക്ക് ഇപ്പോള്‍ അത് അഞ്ചോളം മാത്രമാണ്. സര്‍ക്കാര്‍ സ്ഥാപനമായ കെഎംഎംഎല്ലിന് ഇപ്പോഴും 12 എണ്ണം തന്നെ നിലനില്‍ക്കുന്നുണ്ടെന്നുകൂടി മനസിലാക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണ്ടേ?

കമ്പനി പ്രവര്‍ത്തിക്കാന്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് നല്‍കുന്ന കണ്‍സന്റിനകത്ത് പറയുന്ന നിര്‍ദേശങ്ങളില്‍ പലതും സിഎംആര്‍എല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതൊന്നും സയന്റിഫിക്കായിട്ടോ ടെക്‌നോളജി ഉപയോഗിച്ചോ കണ്ടുപിടിക്കേണ്ടതില്ല, കണ്‍മുന്നില്‍ കാണാവുന്ന കാര്യങ്ങളാണ്. എന്നിട്ടും ആ കമ്പനി പ്രവര്‍ത്തിച്ചുപോരുകയാണ്. ഇതുവരെ നടപ്പാക്കാത്ത നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പില്‍ വരുത്തണമെന്നും ഞാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുതവണയായി ബോര്‍ഡില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നൂവെന്നു പറയുന്ന ഒരു കമ്പനിയാണ് ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതെന്നും ഓര്‍ക്കണം.

എത്രയൊക്കെ വെല്ലുവിളികള്‍ ഇനിയും നേരിടേണ്ടി വന്നാലും എന്റെ മനഃസാക്ഷി പറയുന്നത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്നാണ്. സര്‍ക്കാരില്‍ നിന്നും ശമ്പളം പറ്റുന്നുവെന്നു പറയുമ്പോഴും ഒരോ ഉദ്യോഗസ്ഥനും ആ പണം ജനങ്ങളുടേതാണെന്ന ബോധ്യം ഉണ്ടാകണം. അതുകൊണ്ട് ഒരോ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെയും കടമ മുപ്പത്തെണ്ണായിരം ചതുരശ്ര കിലോമീറ്റര്‍ ഉള്ള ഈ കേരളത്തിലെ മൂന്നുകോടിക്കുമേല്‍ വരുന്ന ജനങ്ങള്‍ക്കായി മലിനീകരണം നിയന്ത്രിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയുമാണ്. ഏതെങ്കിലും കമ്പനിയെ തകര്‍ക്കുക എന്നതല്ല. കമ്പനികള്‍ക്ക് ഈ നാട്ടില്‍ ഒത്തിരി നിയമപരിരക്ഷകളുണ്ട്. ഒരു ഉദ്യോഗസ്ഥനും ചാടിക്കേറി ഒരു കമ്പനിക്കുമെതിരേ നടപടിയെടുക്കാന്‍ സാധ്യമല്ല. അഥവ എടുത്താല്‍ തന്നെ വളരെ എളുപ്പം കമ്പനികള്‍ അതിനെല്ലാം കോടതി വഴിയും മറ്റും സ്‌റ്റേ വാങ്ങാറുമുണ്ട്. അതുകൊണ്ട് ന്യായമല്ലാത്ത രീതിയിലാണ് എന്റെ പ്രവര്‍ത്തനമെങ്കില്‍ സിഎംആര്‍എല്‍ ഭയപ്പെടേണ്ട ഒരു കാര്യവമില്ല.

തൃദീപിനെ പോലുള്ള ഉദ്യോഗസ്ഥരെ ജനങ്ങള്‍ സംരക്ഷിക്കണം
ഇത്രയും മോശമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നാട്ടില്‍ വേറെയില്ല എന്ന അഭിപ്രായമായിരിക്കും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനെ കുറിച്ച് ഭൂരിഭാഗത്തിനും പറയാന്‍ ഉണ്ടാവുക എന്നാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായി ഹരീഷ് വാസുദേവന്‍ പറയുന്നത്. “നിയമലംഘനങ്ങള്‍ക്കു നേരെ നിരന്തരം കണ്ണടയ്ക്കുക എന്നാണ് ബോര്‍ഡിന്റെ സ്ഥിരം സമീപനം. നാട്ടില്‍ ഒരുതരത്തിലുമുള്ള മലിനീകരണവും നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട സംവിധാനമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. എന്നിരിക്കെ തന്നെയാണ് പലവിധ മലിനീകരണം മൂലം ഇവിടെ ജനങ്ങള്‍ മരിക്കുന്നത്. അതിനര്‍ത്ഥം ഇവിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല എന്നതു തന്നെയാണ്. കേരളത്തില്‍ മനുഷ്യനു ശ്വസിക്കാന്‍ ശുദ്ധവായുപോലും കിട്ടാത്ത അവസ്ഥയാണ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തുന്ന ഏത് അഭിഭാഷകനും നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ കഥമാത്രമെ പറയാന്‍ ഉണ്ടാകൂ. ഈ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നും സത്യസന്ധരും ധൈര്യമുള്ളവരും നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥര്‍ അപൂര്‍വമാണ്. അങ്ങനെയുള്ളവരെ ഡിപ്പാര്‍ട്ട്‌മെന്റിനകത്തിട്ട് തേജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ ചെയര്‍മാന്റെ ഭാഗത്തു നിന്നും. ചെയര്‍മാന്‍ ആ സ്ഥാനത്ത് തുടരുന്നത് തന്നെ നിയമവിരുദ്ധമായിട്ടാണ്. പെരിയാറിനെ മലിനീകരിക്കുന്ന ക്രിമിനലുകള്‍ക്കെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ തന്നെ സത്യസന്ധമായി തന്റെ ജോലി ചെയ്ത തൃദീപിനെ വേട്ടയാടുന്നതാണു കാണുന്നത്. ഈ കാര്യങ്ങളൊക്കെ നേരിട്ട് നിയമസഭ കമ്മിറ്റിക്കു മുമ്പില്‍ അദ്ദേഹം പറഞ്ഞതുമാണ്. പക്ഷേ ആ കമ്മിറ്റിയില്‍ നിന്നുപോലും ആ ഉദ്യോഗസ്ഥനു പിന്തുണ കിട്ടുന്നില്ല. ഇതെല്ലാം വാസ്തവത്തില്‍ തിരിച്ചറിയേണ്ടത് പൊതുജനമാണ്. നിര്‍ഭാഗ്യവശാല്‍ പൊതുജനത്തിന്റെ പിന്തുണപോലും തൃദീപിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് കിട്ടാതെ വരികയും അവര്‍ ഒറ്റപ്പെടുകയുമാണ് ചെയ്യുന്നത്. സാധാരണഗതിയില്‍ ഇങ്ങനെ ഒറ്റപ്പെട്ടുപോകുന്ന ഉദ്യോഗസ്ഥര്‍ സ്വയം ഒതുങ്ങി മാറുകയാണ് പതിവെങ്കില്‍ തൃദീപ് അതില്‍ നിന്നും വ്യത്യസ്തനായി തന്റെ പോരാട്ടം തുടരുകയാണ്.

ഇവിടെ ഗൗരവമായി കാണേണ്ട മറ്റൊരുകാര്യം മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടാണ്. മംഗളം, കേരള കൗമുദി എന്നീ പത്രങ്ങള്‍ പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കു വിടുപണി ചെയ്യുന്ന നിലവാരത്തിലാണ് ഈ ഉദ്യോഗസ്ഥനെ അറ്റാക്ക് ചെയ്യുന്നത്. പെരിയാര്‍ മലിനീകരണത്തിന് കൂട്ടുനില്‍ക്കുകയാണ് മംഗളവും കൗമുദിയും ചെയ്യുന്നതെന്നു തന്നെ പറയേണ്ടി വരുമെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.

തൃദീപിനെതിരേ പരാതിയൊന്നുമില്ല: പിബിസി ചെയര്‍മാന്‍
പെരിയാര്‍ മലിനീകരണത്തിന്റെ പേരില്‍ സിഎംആര്‍എല്ലിനെതിരെ നടപടിയെടുത്ത എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി എം തൃദീപിനെതിരേ ആരുടെ ഭാഗത്തു നിന്നും പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ അഴിമുഖത്തോട് പറഞ്ഞു. ബോര്‍ഡ് അദ്ദേഹത്തിനെതിരായി നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

പരാതി കിട്ടിയോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്‌നം. ഈ ഉദ്യോഗസ്ഥന്‍ തന്നെ താന്‍ മാധ്യമങ്ങളുടേതടക്കം വേട്ടയാടലിനു വിധേയനാകുന്നൂ എന്നു പറയുകയാണ്. അവിടെ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ബോര്‍ഡ് എങ്കിലും തയ്യാറാവേണ്ടതുണ്ട്. കാരണം, ഈ സര്‍ക്കാര്‍ സംവിധാനം ജനങ്ങളുടെയും പരിസ്ഥിതിയുടേയും സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ടതാണ്. ബോര്‍ഡിന് അദ്ദേഹത്തിന്റെ നടപടയില്‍ സംശയം ഉണ്ടെങ്കില്‍ അന്വേഷിച്ചു കണ്ടെത്താവുന്നതേയുള്ളൂ. അങ്ങനെയൊരു അന്വേഷണം നടത്തുക വഴി കമ്പനിയുടെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അതും കണ്ടെത്താം. ബോര്‍ഡ് ഈകാര്യത്തില്‍ ന്യായമായ നിലപാട് സ്വീകരിച്ചേ മതിയാകൂ. അതല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇടപെടല്‍ ഉണ്ടാകണം. സത്യസന്ധമായി ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്താതിരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ബോര്‍ഡും സര്‍ക്കാരുമൊന്നും ഇക്കാര്യത്തില്‍ തൃദീപിന്റെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ അതിലും വലിയ ശക്തായായ ജനം ഈ കാര്യത്തില്‍ തീരുമാനം എടക്കണം. ആരുടെ ഭാഗത്താണ് ന്യയം എന്നത് വ്യക്തമാകാന്‍ പെരിയാറിനോളം വലിയ തെളിവ് വേറെയില്ല.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍