UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ക്ക് വേണ്ടത് അടിമകളെയാണ്; അവകാശങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഇറക്കിവിടും

ഞങ്ങള്‍ തോല്‍ക്കുന്നത് ചിലപ്പോള്‍ മരണത്തിന് മുന്‍പില്‍ മാത്രമാകും.

തൃശൂര്‍ കല്യാണ്‍ സാരീസില്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍  കൈപ്പറ്റാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആറു ജീവനക്കാര്‍ അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇരിപ്പുസമരം രണ്ടാം ഘട്ടം എന്ന പ്രഖ്യാപനത്തോടെ ഡിസംബര്‍ 30 മുതല്‍ സമരം നടത്തി വരികയാണ്. സമരത്തില്‍ പങ്കെടുക്കുന്ന, പുറത്താക്കപ്പെട്ട ജീവനക്കാരിയും എ എം ടിയു അംഗവുമായ പദ്മിനി തങ്ങളുടെ അനുഭവങ്ങള്‍ അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

അസംഘടിതമായൊരു തൊഴില്‍ മേഖലയില്‍, സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാതെയും മാനേജ്‌മെന്റിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയും ജീവിത പരാധീനതകള്‍ കൊണ്ട് ചെയ്യുന്ന തൊഴില്‍ എന്ത് ത്യാഗം സഹിച്ചും മുന്നോട്ടുകൊണ്ടുപോകാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ സെയ്ല്‍സ് ഗേള്‍സ്. ഒരുപക്ഷേ മറ്റൊരു തൊഴില്‍ ഇടത്തിലും ഞങ്ങളെപ്പോലെ ദുര്യോഗം അനുഭവിക്കേണ്ടിവരുന്ന ആരും തന്നെ കാണില്ല. പതിനൊന്നു മണിക്കൂറോളം, ആവശ്യത്തിന് വിശ്രമമില്ലാതെ, ആഹാരം പോലും കഴിക്കാനാകാതെ, ശാരീകാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അനുവാദംപോലും കിട്ടാതെ ജോലി ചെയ്യാനാണ് അവരുടെ വിധി. ഇതിനെതിരെ ശബ്ദമുയര്‍ത്താനോ (ഉയര്‍ത്തുന്നവര്‍ പിന്നീട് അതേ ജോലിയില്‍ കാണാറുമില്ല) ഞങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനോ ആരും തന്നെ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു സംഘടനയില്‍ ചേര്‍ന്നതിന്, തൊഴില്‍ അവകാശങ്ങളെക്കുറിച്ച് ബോധവതികളായിതിന് ഉള്ള ജോലി നഷ്ടപ്പെട്ട പരിതാപകരമായ അവസ്ഥയില്‍ എത്തപ്പെട്ടവരാണ് ഇന്ന് തൃശൂര്‍ കല്യാണ്‍ സാരീസിനു മുന്നില്‍ സമരം ചെയ്യേണ്ടി വരുന്ന ഞങ്ങള്‍ ആറു തൊഴിലാളികള്‍. എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഒരു സംഘടനയില്‍ ചേര്‍ന്നതോ?

എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഇത്തരമൊരു സംഘടനയുടെ ആവശ്യമുണ്ടായി എന്ന് നിങ്ങള്‍ അറിയണം. അതിന് ഇത്രനാളും ഞങ്ങളെപ്പോലുള്ളവര്‍ അനുഭവിച്ചുവന്ന കഷ്ടപ്പാടുകള്‍ അറിയണം.

രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെ നീളുന്നതാണ് സെയ്ല്‍സ് ഗേള്‍സിന്റെ ഒരു ദിവസത്തെ ജോലി. തിരക്കുള്ള ദിവസങ്ങളാണെങ്കില്‍ (മിക്ക ദിവസും തിരക്കുതന്നെ) അത് രാത്രി എട്ടരമണിവരെ നീണ്ടുപോകും. ഏഴു മണി കഴിഞ്ഞാല്‍ ബസ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. പിന്നെ എത്രയൊക്കെ പുരോഗമനവും സുരക്ഷയുമൊക്കെ പറഞ്ഞാലും നേരമിരുട്ടിക്കഴിഞ്ഞാല്‍ ഒറ്റയ്ക്കു യാത്ര ചേയ്യേണ്ടി വരുന്ന സ്ത്രീകളുടെ മാനസികാവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ! ആ നിലയ്ക്ക് എട്ടര മണി കഴിഞ്ഞൊക്കെ വീടെത്താന്‍ പാടുപെടുന്ന സ്ത്രീകളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. നിശ്ചിത സമയത്തിനു മുകളില്‍ ജോലി ചെയ്താല്‍ ഓട്ടി തരുമെന്നാണ് വാഗ്ദാനം. അതുപക്ഷേ ഇപ്പോഴും വാഗ്ദാനം മാത്രമാണ്. അങ്ങനെയൊരു ഓട്ടി ആര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല.

മാസത്തില്‍ രണ്ട് കാഷ്വല്‍ ലീവ് ആണ് ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്. അതെന്നൊക്കെ എടുക്കണമെന്ന് സ്ഥാപനം പറയും. അല്ലാതെ നമുക്ക് ആവശ്യമായ ദിവസങ്ങളില്‍ എടുക്കാനൊന്നും പറ്റില്ല. തിരക്കൊന്നുമില്ലാത്ത ദിവസങ്ങളില്‍ വേണമത്രേ അവധി എടുക്കാന്‍. നമുക്ക് എന്ത് അത്യാവശ്യമുണ്ടെങ്കിലും അതൊന്നും സ്ഥാപനത്തിന് പ്രശ്‌നമല്ല. അവര്‍ക്ക് കച്ചവടം മാത്രമാണ് പ്രധാനം. ജോലിക്കു കയറുമ്പോള്‍ തരുന്ന മറ്റൊരു വാഗ്ദാനമാണ് ഞായറാഴ്ച്ച അവധി. അഥവ അന്ന് ജോലി ചെയ്യുകയാണെങ്കില്‍ ഡബിള്‍ പേയ്‌മെന്റ്! വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മറ്റൊരു വാഗ്ദാനം. ഞായറാഴ്ച്ചകള്‍ ഞങ്ങളെ സംബന്ധിച്ച് ഇന്നൊരു അവധി ദിവസമല്ല, ഇതുവരെ ഞങ്ങള്‍ക്ക് ഡബിള്‍ പേയ്‌മെന്റ് കിട്ടിയിട്ടുമില്ല.

നിങ്ങളെല്ലാവരും തന്നെ ഒരു തവണയെങ്കിലും ഏതെങ്കിലും തുണിക്കടയില്‍ കയറിയിട്ടുള്ളവരാവണം. അത്യാവശ്യം തിരക്കുള്ള ഒരു സ്ഥാപനത്തില്‍ നില്‍ക്കുന്ന സെയ്ല്‍സ് ജോലിക്കാരുടെ അവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ആയാസരഹിതമായൊരു ജോലിയല്ല ഞങ്ങള്‍ ചെയ്യുന്നത്. എത്ര ക്ഷീണമുണ്ടായാലും മുന്നില്‍ നില്‍ക്കുന്ന കസ്റ്റമറോട് ചിരിച്ച മുഖത്തോടെ അവരുടെ ഓരോരോ ആവശ്യങ്ങളും കേട്ടറിഞ്ഞ് അവരെ ബഹുമാനിച്ച് തന്നെയാണ് ഞങ്ങള്‍ ഡ്യൂട്ടി ചെയ്യുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് അറിയാതെപോകുന്നൊരു കാര്യമുണ്ട്, നിങ്ങളോട് ചിരിച്ചു സംസാരിക്കുന്ന ആ സെയ്ല്‍സ് ഗേള്‍ വിശന്നു പൊരിഞ്ഞായിരിക്കും നില്‍ക്കുന്നത്. അല്ലെങ്കില്‍ ഒരല്‍പ്പം വെള്ളം കുടിക്കാന്‍ കൊതിച്ചായിരിക്കും. ബാത്ത്‌റൂമില്‍ പോകാന്‍ പറ്റാത്തതിന്റെ വൈഷമ്യത്തിലായിരിക്കും. ഇതൊന്നും ആരും അറിയാറുമില്ല, തിരക്കാറുമില്ല. സെയ്ല്‍സ് ഗേള്‍സിന്റെ മുഖം കസ്റ്റര്‍മര്‍ക്കു മുന്നില്‍ ഒന്നു ചുളിഞ്ഞാല്‍ അത് കച്ചവടത്തെ ബാധിക്കുമെന്ന അലിഖിത നിയമത്തെ ഭയന്നാണ് ഓരോ ജോലിക്കാരും നിങ്ങളുടെ മുന്നില്‍ അവരുടെ ദൈന്യതകള്‍ മറച്ചുപിടിച്ചുകൊണ്ട് പ്രസന്നതയോടെ നില്‍ക്കുന്നത്. കല്യാണ്‍ സാരീസില്‍ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് അനുവദിച്ചിരിക്കുന്നത് (അര മണിക്കൂറെന്ന് വാക്കാല്‍ പറഞ്ഞിട്ടുണ്ടെങ്കിലും) 20 മിനിട്ടാണ്. അതും ഓരോ ഗ്രൂപ്പായിട്ട് വേണം ഭക്ഷണം കഴിക്കാന്‍. ഏറ്റവും മുകളിലത്തെ നിലയില്‍ (അഞ്ചാമത്തെ നിലയില്‍) ആണ് ഭക്ഷണം കഴിക്കാന്‍ സ്ഥലം ഒരുക്കിയിരിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ, നൂറിനുമുകളില്‍ സ്റ്റാഫുകളുള്ള ആ സ്ഥാപനത്തില്‍ എല്ലാവര്‍ക്കും പോയി ഭക്ഷണം കഴിച്ചുവരാന്‍ 20 മിനിട്ട് മതിയാകുമോ? ഭക്ഷണം കഴിക്കുന്ന സ്ഥലത്തിന്റെ കാര്യം അതിലും സങ്കടകരമാണ്( ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്). അവിടെയിരുന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെ ഞങ്ങള്‍ നേരിടുന്ന കഠിനമായ ശിക്ഷയാണ്. പലരും കഴിക്കാതെ തിരിച്ചുപോരുകയാണ് ചെയ്യാറ്. മഴ പെയ്താല്‍ അതു നനഞ്ഞുവേണം അങ്ങോട്ട് പോകാന്‍, ചൂടാണെങ്കില്‍ അതു മുഴുവന്‍ അനുഭവിക്കണം. പലരും അവിടെ തെന്നിവീഴാറുണ്ട്. ഒരു കുട്ടി ഇതിനെതിരെ പരാതി പറഞ്ഞിരുന്നു. ഉടന്‍ വന്നു പരിഹാരം, അവള്‍ അവിടെ ജോലി ചെയ്യണ്ട! ഇതാണ് അവസ്ഥ. എന്തും സഹിച്ചോളണം, എതിര്‍ക്കരുത്. അതിനു ശ്രമിച്ചാല്‍ നിങ്ങളുടെ സ്ഥാനം പിന്നെ സ്ഥാപനത്തിന് പുറത്ത്.

രണ്ടു വര്‍ഷം മുന്നാണ് ഈ ഷോപ്പ് ആരംഭിക്കുന്നത്. അവര്‍ക്ക് എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ഒരു സ്റ്റാഫിനെ ആവശ്യമുണ്ടായിട്ട് പലരോടും പറഞ്ഞുവിട്ടിട്ടാണ് ഞാന്‍ അവിടെ ഇന്റര്‍വ്യൂവിന് പോകുന്നത്. അന്നവര്‍ മാന്യമായ ശമ്പളം ഉള്‍പ്പെടെ പല വാഗ്ദാനങ്ങളും മുന്നോട്ടുവച്ചിരുന്നു. ഇതേ സമയത്ത് തന്നെ മറ്റൊരു പ്രമുഖ വസ്ത്രശാലയില്‍ നിന്ന് എനിക്ക് അപ്പോയ്‌മെന്റ് ഓഡര്‍ കിട്ടിയതാണ്. കല്യാണില്‍ ചേരാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കാര്യങ്ങള്‍ തുടക്കം മുതലേ പാളി. അപ്പോയ്‌മെന്റ് ലെറ്റര്‍ ചോദിച്ചപ്പോള്‍ തിരക്കു കാരണം തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ശമ്പളത്തിന്റെ കാര്യത്തിലും ഉണ്ടായി അവര്‍ക്ക് ന്യായം. പത്തുവര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് പോലും 6000-6500 രൂപ കൊടുക്കുമ്പോള്‍ എനിക്ക് മാത്രം അതില്‍ കൂടുതല്‍ തരുന്നതെങ്ങനെയാണെന്നാണ് ചോദിച്ചത്. താമസിയാതെ കൂട്ടിത്തരാമെന്ന പതിവ് വാഗ്ദാനവും നല്‍കി. പരാധീനതകളുള്ളതതുകൊണ്ട്, കിട്ടിയ ജോലി കളയാന്‍ മനസുവന്നില്ല. അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. എന്നെപ്പോലെ സാധാരണക്കാരികളെല്ലാം ഇവരുടെ അടിമകളായി തീരുന്നത് ജീവിത കഷ്ടപ്പാടുകള്‍ കൊണ്ടുതന്നെയാണ്.

അവിടെയുള്ള പല സ്റ്റാഫുകള്‍ക്കും ആദ്യ കാലങ്ങളില്‍ കിട്ടിയിരുന്നത് 4000-4500 രൂപയാണ്. ഒന്നാലോചിച്ചു നോക്കിക്കേ, പത്തു പതിനൊന്നു മണിക്കൂര്‍ ജോലി ചെയ്തിട്ട് കിട്ടുന്നത് 4000 രൂപ! ശമ്പളം കൂട്ടി നല്‍കണമെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ് അനങ്ങിയില്ല. മറ്റു സ്ഥാപനങ്ങളില്‍ ശമ്പളം കൂട്ടി നല്‍കാന്‍ തുടങ്ങിയന്നറിഞ്ഞതോടെ ഞങ്ങള്‍ പത്തുമുപ്പതുപേര്‍ ഒരുദിവസം മാനേജ്‌മെന്റ് പ്രതിനിധിയുടെ ഓഫീസിലേക്ക് ഒരുമിച്ച് ച്ചെന്ന് ആവശ്യമറിയിച്ചു. അതിന്‍ പ്രകാരം പിറ്റേ മാസം മുതല്‍ 4500 എന്നത് 5000 മാക്കി. രണ്ടു മാസങ്ങള്‍ക്കു മുമ്പ് അത് 7000 ആക്കുകയും ചെയ്തു. ഇന്ന് സമരം നടത്തുന്ന ഞങ്ങള്‍ ആറുപേരില്‍ ഞാനൊഴികെ അഞ്ചുപേരും ആ ശമ്പളത്തില്‍ ജോലി ചെയ്തവരാണ്. പക്ഷെ വെറും രണ്ടുമാസം മാത്രമെ അവര്‍ക്കതിന് കഴിഞ്ഞുള്ളൂ. ഇന്നവര്‍ തെരുവിലാണ്.

എന്താണ് ഞങ്ങള്‍ ചെയ്‌തെന്ന് അവര്‍ വിശ്വസിക്കുന്ന അപരാധം, അല്ലെങ്കില്‍ വിശ്വാസ വഞ്ചന? ഒരു സംഘടനയില്‍ ചേര്‍ന്നതാണെങ്കില്‍, അതൊരു തെറ്റല്ല, ഞങ്ങള്‍ ചെയ്ത വലിയൊരു ശരിയാണ്. ഫ്‌ളോര്‍ സൂപ്പര്‍വൈസറായ എനിക്ക് പറയത്തക്ക തൊഴില്‍ പീഢനങ്ങളൊന്നും നേരിടേണ്ടി വരില്ല. എന്നാല്‍ അവിടെ നില്‍ക്കുന്ന പാവപ്പെട്ട സെയ്ല്‍സ് ഗേള്‍സിന്റെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞിട്ടാണ് അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതില്‍ ഭാഗമാകാനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനും തയ്യാറായത്. ഒരു സംഘടന രൂപീകരിച്ചെന്നു കരുതി ഞങ്ങള്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സമരം ചെയ്യാനൊന്നും തീരുമിനിച്ചിരുന്നില്ല. തൊഴിലാളിക്ക് ഒരാവശ്യം വന്നാല്‍ സംഘടിതമായി അതിനൊപ്പം നില്‍ക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. എതാണ്ട് മുപ്പതോളം പേര്‍ തൃശ്ശൂരില്‍ നിന്ന് സംഘടനയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അതില്‍ ഞങ്ങള്‍ ആറുപേരുടെകാര്യമാണ് മാനേജ്‌മെന്റ് അറിഞ്ഞത്.

ഒരു ദിവസം വൈകുന്നേരം ആറുമണിയായിപ്പോഴാണ് മാനേജര്‍ വിളിച്ചിട്ട് എനിക്ക് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ എന്നു പറയുന്നത്. അതൊരു അത്ഭുത വാര്‍ത്തയായിരുന്നു എന്നെ സംബന്ധിച്ച്. ട്രാന്‍സ്ഫര്‍ എന്നതൊക്കെ ഈ ജോലിയില്‍ ഉണ്ടാവുമെന്ന് എങ്ങനെ കരുതാനാണ്! ജോലിക്ക് കയറുമ്പോള്‍ വേറെ സ്ഥലങ്ങളിലും പോയി ജോലി ചെയ്യേണ്ടി വരുമെന്ന് ഒരുവാക്കുപോലും നമ്മളോട് പറഞ്ഞിട്ടില്ല. പിന്നെയിപ്പോള്‍ ഇങ്ങനെയൊരു പരിപാടി? എന്റെ സംശയങ്ങള്‍ക്കെല്ലാം കൂടി അദ്ദേഹം പറഞ്ഞത്, ‘ തിരുവനന്തപുരത്ത് ആളു കുറവാണ്, പദ്മിനിയെ അങ്ങോട്ടുവിടാന്‍ പറഞ്ഞു, എല്ലാം സ്വാമിയുടെ തീരുമാനമാണ്’. അതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് എന്നെ പറഞ്ഞുവിടണം, അതിനുവേണ്ടിയാണ് ഈ ട്രാന്‍സ്ഫര്‍ ഉത്തരവെന്നു മനസ്സിലായി. എന്തായാലും ഇന്ന് ഞാനിത് ഒപ്പിട്ട് വാങ്ങില്ല, നാളെ ജിഎമ്മുമായി സംസാരിച്ചിട്ട് ഒന്നുകില്‍ ഞാനിത് കൈപ്പറ്റാം അല്ലെങ്കില്‍ രാജിക്കത്ത് നല്‍കാം, ഞാന്‍ പറഞ്ഞു. തുടര്‍ന്ന് എന്റെ ജോലികളില്‍ ശ്രദ്ധിച്ച എന്നോട് ഇനിയിവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും ഉടന്‍ പുറത്തുപോകണമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെ പല കുട്ടികളും പ്രശ്‌നമെന്താണെന്ന് ചോദിച്ച് വരാന്‍ തുടങ്ങി. അവരോടെല്ലാം ഒന്നുമില്ലെന്നു പറഞ്ഞ് വേഗം തന്നെ ഞാന്‍ പുറത്തിറങ്ങി. കച്ചവടം നടക്കുന്ന സമയമാണ്, ഞാനായിട്ട് സ്ഥാപനത്തിന് ചീത്തപ്പേര് നല്‍കരുതല്ലോ. പുറത്തിറങ്ങി വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തു നില്‍ക്കുകയാണ്. അധികം സമയം കഴിഞ്ഞില്ല അടുത്തയാള്‍ അതേ സ്ഥലത്ത് വന്നു. അവള്‍ക്കും ട്രാന്‍സ്ഫര്‍,തിരുവനന്തപുരത്തേക്ക്. വൈകിയില്ല ബാക്കി നാലുപേരുംകൂടി എത്തി. അങ്ങനെ ഞങ്ങള്‍ ആറുപേര്‍ തൃശൂര്‍ കല്യാണ്‍ സാരീസില്‍ നിന്ന് പുറത്ത്.

പിറ്റേദിവസം ഞങ്ങള്‍ ജിഎമ്മിനെ കാണാനായെത്തിയെങ്കിലും ഗേറ്റ് കടക്കാന്‍ കഴിഞ്ഞില്ല. ജോലിക്ക് കയറുമ്പോള്‍ പറയുന്ന നിബന്ധനകളില്‍ സൂചിപ്പിച്ചിട്ടില്ലാത്ത ട്രാന്‍സ്ഫര്‍ പെട്ടെന്നൊരു ദിവസം മുന്നിലേക്കിട്ടു തന്നാല്‍ അതെങ്ങനെ അംഗീകരിക്കാനാകും? ഇവര്‍ പറയുന്നതുപോലെ ആളില്ലാത്തതുകൊണ്ടാണെങ്കില്‍ ആറോളം പേര്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരായുണ്ട്. അവര്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരാണ്. അവരെ അയച്ചാല്‍പ്പോരെ, ഞങ്ങളെ തന്നെ പറഞ്ഞുവിടണമെന്ന നിര്‍ബന്ധം എന്തിനാണ്? ഞങ്ങളില്‍ അഞ്ചുപേര്‍ക്കു തിരുവനന്തപുരത്തേക്കും ഒരാള്‍ക്ക് കണ്ണൂരിലേക്കുമാണ് ട്രാന്‍സ്ഫര്‍ തന്നത്. അങ്ങോട്ട് പോകാന്‍ ഞങ്ങള്‍ക്കൊക്കെ ബുദ്ധിമുട്ടാകുമെന്നും അതുകാരണം സ്വയം പിരിഞ്ഞുപോകാന്‍ തയ്യാറാകുമെന്നുള്ള മാനേജ്‌മെന്റിന്റെ കണക്കുകൂട്ടലുകളാണ് അവിടെ നടന്നത്. ദിവസാദിവസം നറുക്കെടുപ്പും സമ്മാനക്കൂപ്പണ്‍ വിതരണവുമൊക്കെ നടത്തുന്ന കല്യാണ്‍ സ്വാമിക്ക് ഇതിനൊക്കെയുള്ള ആസ്തി ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി പെടാപ്പാടു പെടുന്ന ഞങ്ങളോടൊന്നും ഒരലിവുമില്ലേ? അങ്ങയുടെ സമ്മാനപ്പെരുമഴ കണ്ട് കണ്ണുമഞ്ഞളിച്ചല്ല ഒരു കസ്റ്റമറും കടയ്ക്കുള്ളിലേക്ക് കയറുന്നത്. അങ്ങ് നല്‍കുന്ന പരസ്യങ്ങളെക്കാള്‍ ഒരു കസ്റ്റമര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ഉപകരിക്കുന്നത് ഞങ്ങള്‍ സെയ്ല്‍സ് ഗേള്‍സാണ്. ഒരു സ്ഥാനപനത്തിന് അതിന്റെ ഉയര്‍ച്ചയ്ക്ക് തൊഴിലാളികള്‍ എത്രമാത്രം വേണ്ടപ്പെട്ടവരാണെന്ന സത്യം അങ്ങ് മറന്നുപോകുന്നതോ, അതോ അവഗണിക്കുന്നതോ.

ഞങ്ങള്‍ക്കറിയാം, സമരം ചെയ്യുന്നതും എതിര്‍ക്കുന്നതും സമ്പത്തും ബന്ധങ്ങളുമെല്ലാം കൊണ്ട് അതിശക്തരായവരോടാണെന്ന്. അവരെ സംരക്ഷിക്കാന്‍ മറ്റുസമൂഹശക്തികളുമൊപ്പമുണ്ടെന്ന്. തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വാര്‍ത്തകള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ എത്രഭംഗിയായി മുക്കിയെന്ന് ഞങ്ങള്‍ കണ്ടു. പക്ഷേ, അതൊന്നും ഒരു സമരത്തെ തോല്‍പ്പിക്കാന്‍ മതിയാകുന്ന കാരണങ്ങളല്ല. ഡിസംബര്‍ 30 നാണ് ഞങ്ങളുടെ സമരം തുടങ്ങുന്നത്. ഇത് ഇരിപ്പുസമരത്തിന്റെ രണ്ടാംഘട്ടമാണ്. ജയിക്കാനാണ് ഞങ്ങളുടെ സമരം, ഒരു സ്വാമിക്കും ഇതിനെ തോല്‍പ്പിക്കാനാകില്ല. ഞങ്ങള്‍ തോല്‍ക്കുന്നത് ചിലപ്പോള്‍ മരണത്തിന് മുന്‍പില്‍ മാത്രമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍