UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂര്‍പൂരം ഫാന്‍സിനോട്; പരവൂരിലെ ചിതകള്‍ അണഞ്ഞിട്ടില്ല

ക്ഷേത്രഭാരവാഹികളുടെയും രാഷ്ട്രീയക്കാരുടേയും സര്‍ക്കാരിന്റേയും കരാറുകാരുടെയും criminal negligence കാരണം കൊല്ലത്ത് മരണപ്പെട്ട നൂറിലേറെപ്പേരുടെ ചിതകള്‍ കത്തിയമരുന്നതിനു മുമ്പു തന്നെ തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ ഇതേ ഏജന്‍സികള്‍ കേരള ജനതയോടും നിയമവാഴ്ചയോടും തങ്ങള്‍ക്കുള്ള പരമപുച്ഛം പ്രകടിപ്പിച്ചുകൊണ്ട് വീണ്ടും രംഗത്തു വന്നിരിയ്ക്കുന്നു. ഇത്തവണ ഇവരോടൊപ്പം സാംസ്‌കാരിക നായകന്‍മാരും കൂടെയുണ്ടെന്നതാണ് വ്യത്യാസം. മത്സരക്കമ്പം നിരോധിച്ചുകൊണ്ടുള്ള കൊല്ലം ജില്ല കലക്ടറുടെ ഉത്തരവിനെ മറികടന്നുകൊണ്ടാണ് പൊലീസ് കമ്മീഷണര്‍ മത്സരക്കമ്പത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊടുത്തത്. അതിന് കമ്മിഷണറെ സ്വാധീനിച്ചവരില്‍ കൊല്ലം മുന്‍ എം.പി. പീതാംബരക്കുറുപ്പും നിലവിലുള്ള എം.പി. പ്രേമചന്ദ്രനുമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കളക്ടറുടെ നിയമപരമായുള്ള ഉത്തരവിനെ അട്ടിമറിക്കാന്‍ ക്ഷേത്രഭാരവാഹികള്‍ക്കൊപ്പം ഈ രാഷ്ട്രീയ നേതാക്കളും ഒത്തുകൂടിയതെന്തിനാണെന്നും അവരുടെ നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പൊലീസ് കമ്മിഷണര്‍ക്ക് എന്തു ബാധ്യതയാണ് ഉണ്ടായിരുന്നതെന്നും ഉള്ള ചോദ്യങ്ങള്‍ നിലനില്‍ക്കെയാണ് എങ്ങനെയാണ് തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ നിയമത്തെ രാഷ്ട്രീയക്കാരും ക്ഷേത്രഭാരവാഹികളും സാംസ്‌കാരിക നായകന്‍മാരും കൂടെ ചേര്‍ന്ന് അട്ടിമറിക്കുന്നത്. കൊല്ലത്തെ ദുരന്തത്തെക്കുറിച്ച് എന്തിനാണ് ഇനി കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ക്രൈംബ്രാഞ്ച് അന്വേഷണം? സാധാരണക്കാരന് കണ്ണും കാതും കൊണ്ട് മനസ്സിലാകുന്നത് വ്യക്തമാക്കാന്‍ ഒരു ക്രൈംബ്രാഞ്ച് അന്വേഷണമെന്തിനാണ്? തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ എന്തൊക്കെ നടക്കുന്നുവോ അതൊക്കെയാണ് കൊല്ലത്തെ ക്ഷേത്രത്തിന്റെ കാര്യത്തില്‍ നടന്നത്. 

കൊല്ലത്തെ മത്സരക്കമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചതിനെ തുടര്‍ന്ന്, ഹൈക്കോടതിയിലെ ഒരു ജഡ്ജി കോടതിക്കയച്ച കത്ത് കോടതി പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചുകൊണ്ട് സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയ്ക്ക് വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. നിരോധനം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ നിശ്ചയിച്ച അന്നു തന്നെയായിരുന്നു കോടതിയുടെ ഉത്തരവ്.

എന്നാല്‍, അന്തിമതീരുമാനത്തിനു മുമ്പ് സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്നും അതിന് സാവകാശം വേണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. അതിന്റെ പിന്നില്‍ ഒരു ഗൂഢോദ്ദേശമുണ്ടായിരുന്നു. കാരണം, കോടതിയുടെ നിരോധനം ഏറ്റവും ആദ്യം ബാധിക്കുന്നത് ഏപ്രില്‍ 17 ന്റെ തൃശ്ശൂര്‍ പൂരത്തെയായിരുന്നു. അതൊഴിവാക്കാനാണ് സാവകാശം ചോദിച്ചത്. കോടതി അത് അനുവദിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ്, വിഷു നാളില്‍, വൈകുന്നേരം കേസു കേള്‍ക്കാന്‍ മാറ്റിവച്ചു. 

ഇതിനിടയ്ക്ക് സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി. സര്‍ക്കാരിന് കത്തുനല്‍കി. വിഷുനാളില്‍ സര്‍ക്കാര്‍ സമര്‍പ്പി്ക്കുന്ന സത്യവാങ്മൂലത്തില്‍ പൊലീസിന്റെ നിര്‍ദ്ദേശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെടിക്കെട്ടുകള്‍ ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല എന്ന് ശബരിമല തന്ത്രിയും മേല്‍ശാന്തിയും പറഞ്ഞു. അവര്‍ പഠിച്ച വേദങ്ങളിലൊന്നും വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണഗതിയില്‍, ക്ഷേത്രസംബന്ധമായ കാര്യത്തില്‍, കടുംപിടുത്തം നടത്തുന്ന ആര്‍എസ്എസ് വെടിക്കെട്ട് അത്ര അത്യാവശ്യമുള്ള കാര്യമല്ല എന്ന നിലപാടെടുത്തു. അതോടെ, നിരോധനം നടപ്പാകുമെന്ന് ഉറപ്പായി. 

എന്നാല്‍, വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ എടുക്കുമെന്ന് തൃശ്ശൂര്‍ പൂരത്തിലെ പ്രധാന ഭാരവാഹികളായ പാറമ്മേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ പ്രഖ്യാപിച്ചു. പെട്ടെന്ന് കമ്പക്കെട്ടു വേണ്ട എന്നു വച്ചാല്‍ കടുത്ത സാമ്പത്തികനഷ്ടമുണ്ടാകുമെന്നാണ് അവര്‍ കാരണമായി ആദ്യം മുന്നോട്ടുവച്ചത്. 

കടുത്ത തീരുമാനം ഉടന്‍ ഉണ്ടായി. മത്സര കമ്പക്കെട്ട് അനുവദിച്ചില്ലെങ്കില്‍, മറ്റ് ആഘോഷങ്ങളൊക്കെ മാറ്റിവച്ച് ഒരാനയെ മാത്രം പ്രതീകാത്മകമായി എഴുന്നള്ളിപ്പിക്കും അത്രെ!

അതോടെ, സാംസ്‌കാരിക കേരളം കത്തി. സാംസ്‌കാരിക നായകന്‍മാര്‍ പൂരം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. നിരാഹാരം നടത്തി. കോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും ബി.ജെ.പി.ക്കാരനും പള്ളീലച്ചനും സമരത്തില്‍ പങ്കെടുത്തു. ഏതു കോടതി നിരോധിച്ചാലും ഞങ്ങളിതു നടത്തുമെന്ന് ഒരു ചെണ്ടവിദ്വാന്‍ ഉറക്കെ പ്രഖ്യാപിച്ചു. ജനപക്ഷത്തു നിന്നുവേണം ഏതു തീരുമാനവും എടുക്കേണ്ടത് എന്ന് വി.എം.സുധീരന്‍ വാദിച്ചു. ജനം പൂരം ആഗ്രഹിക്കുന്നു എന്നും സുധീരന്‍ പറഞ്ഞു. കൊല്ലത്ത് ദുരന്തമുണ്ടായതുകൊണ്ട് വെടിക്കെട്ടു നിര്‍ത്തണമെന്ന് പറയുന്നവര്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതുകാരണം റോഡില്‍ കൂടി ടാങ്കര്‍ ഓടിക്കൂട എന്ന് പറയുമോ എന്ന് വി.ഡി.സതീശന്‍ പറഞ്ഞു. 

ഇതിനിടയില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒരു ഉത്തരവിറക്കി. നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ. അതായത് രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്കും രാത്രി എട്ടുമണിയ്ക്കുശേഷവും ആനകളെ എഴുന്നള്ളിച്ചുകൂടാ. അത് നിയമലംഘനമാണ്. പൂരത്തിന്റെ വെടിക്കെട്ട് നിയമാനുസൃതം മാത്രമേ നടത്താവൂ എന്നും വെടിക്കെട്ട് പുരയുടെ താക്കോല്‍ തഹസീല്‍ദാറിനെ ഏല്‍പ്പി്ക്കണമെന്നും കാണിച്ച് തൃശൂര്‍ കളക്ടര്‍ തിരുവമ്പാടി – പാറമ്മേക്കാവ് ദേവസ്വങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 

ചീഫ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവിനെതിരെ ദേവസ്വക്കാര്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കി. നാട്ടിലെ നിയമം നടപ്പിലാക്കണമെന്ന് കാണിച്ച് കണ്‍സര്‍വേറ്റര്‍ എഴുതിയ കത്ത് മന്ത്രി റദ്ദു ചെയ്തു(തിരുവഞ്ചൂര്‍ ദയയുള്ളവനാണ്. കരളലിവുള്ളവനാണ്. അതുകൊണ്ടാണ് ടി.പി. വധത്തിലെ ഗൂഢാലോചന നടത്തിയവരെ രക്ഷിച്ചത്).

കാര്യങ്ങള്‍ എല്ലാവരുടെയും കൈവിട്ടുപോകുന്നു എന്ന പ്രതീതി നിലനില്‍ക്കെയാണ് വിഷുദിനത്തില്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍വ്വകക്ഷിയോഗം വിളിച്ചത്. തെരഞ്ഞെടുപ്പായതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചങ്കൂറ്റത്തോടെ അഭിപ്രായം പറയില്ല എന്നും അതുകൊണ്ടുതന്നെ തന്റെ തീരുമാനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവില്ല എന്നും ഉമ്മന്‍ ചാണ്ടിക്ക് നല്ലവണ്ണം അറിയാമായിരുന്നു. ആകെ എതിര്‍ശബ്ദമുണ്ടായത് ചെന്നിത്തലയുടെ ഭാഗത്തുനിന്നായിരുന്നു. തൃശ്ശൂര്‍ പൂരം നിയമാനുസൃതമായി മാത്രമേ നടത്താന്‍ കഴിയൂ എന്നായിരുന്നു ചെന്നിത്തലയുടെ വാദം. നിയമാനുസൃതം നടന്നാല്‍ ആനകളെ രാത്രിയില്‍ എഴുന്നള്ളിക്കാന്‍ കഴിയില്ല. വൈകുന്നേരത്തെ കുടമാറ്റം നടത്താനാകില്ല. കമ്പക്കെട്ട് ഉണ്ടാകില്ല. പക്ഷെ, ചെന്നിത്തലയുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് തൃശ്ശൂര്‍ പൂരം പഴയ പോലെ നടത്തണമെന്നും അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഉള്ള സര്‍വ്വകക്ഷി പ്രമേയം തയ്യാറാകുകയും ഡി.ജി.പി.യുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സത്യവാങ്മൂലം തയ്യാറാക്കാതെ സര്‍വ്വകക്ഷിയോഗത്തിന്റെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനമായി. 

തീരുമാനം പത്രക്കാരെ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ നിയമാനുസൃതമായ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നിലെ യുക്തി എന്താണെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍, ‘ഇന്ന് ഇതാണ് ഇതിന്റെ യുക്തി’ എന്ന് ഉമ്മന്‍ ചാണ്ടി മറുപടിയും പറഞ്ഞു. 

പിന്നെ എല്ലാ കണ്ണുകളും കോടതിയിലേക്കായിരുന്നു. ശബ്ദനിയന്ത്രണത്തിന്റെ ഉത്തരവില്‍ നിന്നും തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കിക്കൊണ്ടുള്ള 2007 ലെ സുപ്രീംകോടതി ഉത്തരവ് കോടതിയില്‍ ഹാജരാക്കി. ഇത് കാണാതെയാണത്രെ രണ്ട് ദിവസം മുമ്പ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് കമ്പക്കെട്ട് നടത്താന്‍ കോടതി അനുമതി നല്‍കി. ആനകളെ എഴുന്നള്ളിപ്പിക്കുന്ന കാര്യത്തില്‍ കോടതി ഇടപെടാനും തയ്യാറായില്ല. അതോടെ പൂരാഘോഷത്തിന്റെ കമ്പത്തിന് തിരികൊളുത്തി. സാംസ്‌കാരിക കേരളം മലര്‍ക്കെ ചിരിച്ചു. 

ഇവിടെ ഉയരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. 

പൂരം എങ്ങനെയാണ് ക്ഷേത്രാചാരത്തിന്റെ ഭാഗമായത്? എന്നു മുതല്‍? ഏതു വേദഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍? പാറമ്മേക്കാവിലേയും തിരുവമ്പാടിയിലേയും പ്രതിഷ്ഠകളുടെ മൂലമന്ത്രത്തിന്റെ വെടിക്കെട്ടും കുടമാറ്റവും ആനയെഴുന്നള്ളിപ്പും പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടില്ല എന്നാണ് തന്ത്രവിധിയിലും വേദങ്ങളിലും അറിവുള്ള ശബരിമല തന്ത്രിയും മേല്‍ശാന്തിയും പറയുന്നത്. ഇനി പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ, നാട്ടിലെ നിയമങ്ങളെ ലംഘിക്കുന്നതാണെങ്കില്‍ ആചാരത്തിനാണോ നിയമത്തിനാണോ നിയമവാഴ്ച നടപ്പിലാക്കേണ്ട ഒരു സംസ്ഥാനം പ്രാധാന്യം കൊടുക്കേണ്ടത്? ശബരിമലയില്‍ പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ കയറ്റരുത് എന്ന ആചാരമോ ദുരാചാരമോ സുപ്രീംകോടതി തലനാരിഴകീറി പരിശോധിക്കുന്നതിനിടയ്ക്ക്, ഒരു നാട്ടിലെ നിയമങ്ങള്‍ക്കാണ് മതപരമായ ആചാരങ്ങളേക്കാള്‍ പ്രാധാന്യം എന്നു പറഞ്ഞ കാര്യം എന്തുകൊണ്ട് തൃശൂര്‍ പൂരം ഫാന്‍സുകള്‍ ഓര്‍ത്തില്ല? 

വെടിക്കെട്ടു നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പ്രതീകാത്മകമായി ആചാരങ്ങള്‍ നടത്തുമെന്നു പറഞ്ഞ് സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ച പാറമ്മേക്കാവ് – തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ക്ക് ക്ഷേത്രം തന്നെ ഒരു പ്രതീകമാണെന്ന കാര്യം മറന്നുപോയോ? ക്ഷേത്രവുമായി ബന്ധപ്പെട്ടതെല്ലാം പ്രതീകാത്മകമാണ്. ചുറ്റമ്പലവും, കൊടിമരവും ഗര്‍ഭഗൃഹവും പ്രതിഷ്ഠയും പൂജയും മന്ത്രോച്ഛാരണവും പൂജാകര്‍മ്മങ്ങളും എല്ലാം പ്രതീകാത്മകമല്ലേ? 

കൊല്ലത്തെ വെടിക്കെട്ടപകടത്തില്‍ മരിച്ച നൂറിലേറെപ്പേരുടെ ചിത അണയും മുമ്പേ തൃശൂര്‍ പൂരത്തിന്റെ കമ്പക്കെട്ട് കാണാനാണ് ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്നതെന്ന് സുധീരനോട് ആരു പറഞ്ഞു? തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ആഘോഷത്തിനിടയ്ക്ക് ഒരു കുട്ടി മരിച്ചു നാള്‍ കഴിയുംമുമ്പേ തന്നെ മറ്റ് എഞ്ചിനീയറിംഗ് കോളേജുകള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തിയപ്പോള്‍ അതിനെ എതിര്‍ത്ത കേരളത്തിലെ ജനങ്ങളെ സുധീരന്‍ എന്തുകൊണ്ട് കാണുന്നില്ല? ഇനി ജനപക്ഷത്താണ് എന്നും തന്റെ സ്ഥാനം എന്നാണ് സുധീരന്റെ വാദമെങ്കില്‍, കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് മദ്യത്തിന് അനുകൂലമായ മുദ്രാവാക്യമായിരുന്നില്ലേ സുധീരന്‍ മുഴക്കേണ്ടിയിരുന്നത്? എന്നാണ് ഈ ആദര്‍ശപുരുഷന്‍ തന്റെ രാഷ്ട്രീയ ഷണ്ഡത്വം നിര്‍ത്താന്‍ പോകുന്നത്?

എന്തുകൊണ്ടാണ് കേസ് ആദ്യം കേട്ട മാര്‍ച്ച് 12 ന് തന്നെ 2007 ലെ സുപ്രീംകോടതി ഉത്തരവ് കോടതിയില്‍ ഹാജരാക്കിയില്ല? എന്തുകൊണ്ട് 2008 ലെ കേരള സര്‍ക്കാര്‍ ശബ്ദമലിനീകരണ നിയമത്തിലെ ചട്ടത്തില്‍ ചിലയിടങ്ങള്‍ silent zone ആയി പ്രഖ്യാപിച്ച വസ്തുതയും silent zone ന്റെ defenition അനുസരിച്ച് തേക്കുംകാട് മൈതാനം silent zone ആകുമെന്ന കാര്യവും 2016 ഏപ്രില്‍ 14 നെങ്കിലും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല? 

എന്തുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ Noise Pollution (Restriction & Cotnroll) (Amendment) Rules 2010 പ്രകാരം 11-1-2010 ന് ഇറക്കിയ നോട്ടിഫിക്കേഷനില്‍ 5.എ വകുപ്പു പ്രകാരം ‘sound emiting fire crackers shall not be burst in Silent Zone during night time’ എന്ന കാര്യം ആരും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല? അല്ലെങ്കില്‍, സ്വന്തം നിലയില്‍, കോടതി എന്തുകൊണ്ട് ഇതൊക്കെ കാണാതെ പോയി? സുപ്രീംകോടതിയിലെ 2007ലെ വിധിക്കു ശേഷമല്ലേ കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ശബ്ദത്തിന്റെ അനുവദനീയ കണക്കനുസരിച്ച് വ്യത്യസ്ത സോണുകളായി തരംതിരിച്ചതും കേന്ദ്രസര്‍ക്കാര്‍ 2001ലെ ഭേദഗതി വരുത്തിയതും? ഇതൊന്നും അറിയുന്നതിന് മുമ്പ് കോടതി എന്തിനാണ് വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ആദ്യത്തെ ഉത്തരവ് ഇറക്കിയത്? താനെഴുതിയ കത്ത് കോടതി പൊതുതാല്‍പ്പര്യ ഹര്‍ജിയായി സ്വീകരിച്ചപ്പോള്‍, തന്റെ വാദത്തെ ന്യായീകരിക്കാനുള്ള നിയമപരമായ രേഖകള്‍ എന്തുകൊണ്ട് കത്തെഴുതിയ ന്യായാധിപന്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചില്ല. എന്തുകൊണ്ട് കോടതി തന്ത്രിമുഖ്യരുടെ അഭിപ്രായം തേടിയില്ല? എല്ലാരും കൂടി പൂരത്തിനു മുമ്പേ നടത്തിയ പുണ്യപുരാണ ബാലെയായിരുന്നോ ഇതൊക്കെ? അടുത്ത ആഴ്ചയില്‍ ഇന്നയാളെക്കുറിച്ച് സ്‌ഫോടനാത്മകമായ വാര്‍ത്ത വരുന്നു എന്ന് പരസ്യം കൊടുത്ത് പിന്നീട് ആ വാര്‍ത്ത വരുത്താത്ത ചില മഞ്ഞപത്രങ്ങളുടെ രീതി പോലെ ആദ്യം കുറേ വെടിക്കെട്ടു നടത്തിയിട്ട് പ്രധാന ഉത്തരവില്‍ വെടിയോ പുകയോ ഒന്നും ഇല്ലാത്ത വിധിന്യായങ്ങള്‍ ഉണ്ടാകുന്നതിനു പിന്നാലെ ചികഞ്ഞെടുക്കേണ്ട വസ്തുതകള്‍ എന്താണ്? 

അടിക്കുറിപ്പ് 
അടുത്ത വര്‍ഷവും വെടിക്കെട്ട് അപകടങ്ങള്‍ വരാം. അന്നും കോടതി, ചിലപ്പോള്‍, തൃശൂര്‍ പൂരത്തിന് വെടിക്കെട്ടു വേണ്ട എന്ന് ഉത്തരവിട്ടേക്കാം. എല്ലാം തയ്യാറാക്കിവച്ചിട്ട് അവസാനനിമിഷം ഇതൊക്കെ വേണ്ട എന്നു വയ്ക്കാന്‍ സാംസ്‌കാരിക കേരളത്തിനാകില്ല. മുത്തുക്കുടകളും ആനയുടെ നെറ്റിപ്പട്ടവും വെഞ്ചാമരവുമൊക്കെ പാകപ്പെടുത്തി എടുക്കന്‍ എത്ര സമയമാണ് ആളുകള്‍ ചെലവാക്കുന്നത്? ഇനി ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കരുത് എന്ന് അവസാന നിമിഷം ഉത്തരവു വന്നാലോ? ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ട് ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. 

ഒന്ന്. കുടമാറ്റത്തിനു പകരം ബര്‍മുഡ മാറ്റമാകാം. പല നിറത്തിലുള്ള, സാറ്റിനില്‍ തയ്പിച്ച, ബര്‍മുഡകള്‍. അവയൊക്കെ താഴത്തുവച്ച് തുന്നിച്ചേര്‍ക്കാം. അപ്പോള്‍ അവയൊക്കെ മുത്തുബര്‍മുഡകളാകും. ഒരാള്‍ക്കു തന്നെ എട്ടോ പത്തോ ഒന്നിനുമുകളില്‍ ഒന്നായി ധരിയ്ക്കാം. പാറമ്മേക്കാവിലെ ഫാന്‍സും തിരുവമ്പാടിയിലെ ഫാന്‍സും മുഖത്തോടു മുഖം നിന്ന് ഓരോ മുത്തു ബര്‍മുഡകളായി മാറി വര്‍ണ്ണവിസ്മയം തീര്‍ക്കട്ടെ. 

രണ്ട്. സ്ത്രീശാക്തീകരണത്തിന്റെ നാളില്‍, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന വാദം നടക്കവെ, മുത്തുബര്‍മുഡകളുടെ വര്‍ണ്ണരാജിയില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് gender sensitive ആയ ഒരു സമൂഹത്തിന് ചേര്‍ന്നതല്ല(പ്രത്യേകിച്ചും നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തീരെ gender sensitive ആകാത്ത സ്ഥിതിക്ക്) 33 ശതമാനമല്ല, 50 ശതമാനവും സ്ത്രീകള്‍ തന്നെ ഇരു വിഭാഗത്തും പങ്കെടുക്കണം. കാണികളിലും ഈ അനുപാതം പാലിക്കണം. 

മൂന്ന്. ആനകള്‍ക്കു പകരം ശ്വാനന്‍മാരെ നിരത്തി നിര്‍ത്താം. ചെറിയ നെറ്റിപ്പട്ടം മതിയാകും. ആനയേക്കാള്‍ ശ്രേഷ്ഠനാണ് ശ്വാനന്‍. ധര്‍മ്മപുത്രര്‍ക്കൊപ്പം മഹാപ്രസ്ഥത്തിലൂടെ നടന്ന് ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിയത് ഒരു ശ്വാനനാണെന്ന കാര്യം ആര്‍ഷസംസ്‌കാര വാദികള്‍ മറന്നുകൂടാ. മാത്രമല്ല, റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ശ്വാനന്‍മാരോട് മനുഷ്യാവകാശ ലംഘനം നടത്തിയെന്നു പറഞ്ഞ് ഒരു മനുഷ്യാവകാശ കമ്മിഷനും ഇനി കേസെടുക്കാന്‍ കഴിയുകയില്ല. ശ്വാനയോട്ടവും ആകാം. മുഖ്യാതിഥികളായി മനേകാ ഗാന്ധിയേയും രഞ്ജിനി ഹരിദാസിനേയും വിളിക്കാം. പദ്ധതി സ്‌പോണ്‍സര്‍ ചെയ്യാന്‍ ബോബി ചെമ്മണ്ണൂരിനെ വിളിച്ചാല്‍ മറഡോണ ഫ്രീ. 

ഇന്നിയുള്ളത് വെടിക്കെട്ടിന്റെ കാര്യമാണ്. പരസ്പരം മുഖം നോക്കി നിന്ന് കൈകൊട്ടി മത്സരിക്കാം. ആര്‍പ്പുവിളിച്ച് മത്സരിക്കാം. Titanic സ്റ്റൈലില്‍ തുപ്പി മത്സരിക്കാം. അല്ലെങ്കില്‍ farting മത്സരം നടത്താം. 

എല്ലാം വെടിക്കെട്ടുകളല്ലേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍