UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശ്ശൂര്‍പൂരം അന്നും ഇന്നും പരമേട്ടനിലൂടെ

Avatar

ശാലിനി പടിയത്ത്

പൊരി വെയിലിലേക്ക് പെയ്തിറങ്ങുന്ന വേനല്‍ മഴപോലെയാണ് തൃശൂര്‍ക്കാര്‍ക്ക് പൂരം. മേടവെയിലിന്റെ മുറ്റത്ത് മഴവില്ല് വിരിയിക്കുന്ന പൊന്‍ കാഴ്ച, ഓര്‍മ്മകളുടെയും ഐതിഹ്യങ്ങളുടെയും മനഹോരമായ സംയോജനം. കഥകളേക്കാള്‍, ഐതിഹ്യങ്ങളേക്കാള്‍, ചരിത്രത്തിന്റെയും ജനസമ്മതിയുടെയും പശ്ചാത്തലത്തിലുള്ള ആഘോഷം. വലുപ്പചെറുപ്പമില്ലാതെ, ജാതിമത ഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ, മനുഷ്യമനസ്സുകളില്‍ നെറ്റിപ്പട്ടത്തിന്റെ ഗാംഭീര്യവും ആലവട്ടത്തിന്റെ ചാഞ്ചാട്ടവും വെഞ്ചാമരത്തിന്റെ കുളിരും, വെടിക്കെട്ടിന്റെ മാസ്മരികതയും ഉണര്‍ത്തുന്ന വര്‍ണ്ണോത്സവം.

സാമ്പിള്‍ വെടിക്കെട്ടിന്റെ വര്‍ണ്ണപ്രഭയില്‍ കുളിച്ച് നഗരം പൂരത്തിന്റെ തിരക്കില്‍ അമര്‍ന്ന് തുടങ്ങിയിരിക്കുകയാണ്. കാഴ്ച്ചപന്തലുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ തിളങ്ങിത്തുടങ്ങിയ ആ വൈകുന്നേരം തൃശ്ശൂര്‍ നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നൊഴിഞ്ഞ് പൂങ്കുന്നത്ത് കുട്ടന്‍കുളങ്ങര ക്ഷേത്രത്തിന്റെ ഇടറോഡ് ചെന്നുകയറുന്ന വീട്ടിലെ ചാരുകസേരയില്‍ കിടന്ന് അസുഖങ്ങള്‍ അലട്ടുന്ന വാര്‍ദ്ധക്യത്തിലും പൂരക്കാഴ്ചയുടെ ഓര്‍മ്മകളിലാണ് പരമേട്ടന്‍ എന്നു നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പ്രമുഖ സി പി ഐ നേതാവ് എ എം പരമന്‍. വയസ്സ് 80 കഴിഞ്ഞിരിക്കുന്നു. പത്താംവയസ്സില്‍ തൃശൂരിലെത്തി 13-ാം വയസില്‍ സീതാറാം മില്ലിലെ തൊഴിലാളി നേതാവായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായി. സി പിഐ സംസ്ഥാന കണ്‍സില്‍ അംഗം, എ ഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, എട്ടാം നിയമസഭയില്‍ ഒല്ലൂരിന്റെ പ്രതിനിധി തുടങ്ങി നിരവധി സ്ഥാനങ്ങളിലെത്തി. അന്നുതൊട്ട് ഇന്നുവരെ നാടിന്റെ ഹൃദയമിടിപ്പറിഞ്ഞ് ജനങ്ങളുടെ മനസറിഞ്ഞ്, പൂരങ്ങളും പെരുന്നാളുകളും തന്റേതാക്കി നാട്ടുകാരുടെ സങ്കടങ്ങളിലും സന്തോഷത്തിലും ഒപ്പം നടന്നു ഈ മനുഷ്യന്‍.

പരമേട്ടന്റെ പൂരക്കാല ഓര്‍മ്മകളിലൂടെ…

ആദ്യകാലത്ത് തൃശൂര്‍പൂരത്തിന് ഇത്രയധികം ആഘോഷങ്ങളില്ല. നഗരത്തിന് ചുറ്റുവട്ടങ്ങളിലുള്ള 8 ചെറുഘടകപൂരങ്ങളും തിരുവമ്പാടിയും, പാറമേക്കാവും ചേരുന്നതാണ് തൃശൂര്‍ പൂരം. ഈ കൂട്ടായ്മയാണ് പൂരത്തെ വര്‍ണ്ണ-നാദ-വിസ്മയങ്ങളുടെ കൂടാരമാക്കുന്നത്.

കണിമംഗലം ശാസ്താവാണ് ആദ്യമെത്തുക. മഞ്ഞും വെയിലും കൊള്ളാന്‍ പാടില്ലെന്ന ശാസ്ത്രമുള്ളതിനാല്‍ ശാസ്താവ് രാവിലെ ഏഴുമണിക്ക് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയെത്തുമ്പോള്‍ പൂരത്തിന് തുടക്കമാകും. തുടര്‍ന്ന് ചുരക്കാട് നെയ്തലക്കാവ്, അയ്യന്തോള്‍, ചെമ്പൂകാവ്, പനമുക്കുമ്പിള്ളി കാരമുക്ക്, ലാലൂര്‍ തുടങ്ങിയ തട്ടകങ്ങളില്‍ നിന്നും ഈ സഹസ്രങ്ങളുടെ അകമ്പടിയോടെ, നെറ്റിപ്പട്ടത്തിന്റെ തിളക്കവും ആലവട്ടത്തിന്റെയും വെഞ്ചാമരങ്ങളുടെയും അലകളും നാദഘോഷങ്ങളുടെ പ്രൗഢിയോടെ ചെറുപൂരങ്ങളുടെ എഴുന്നെളളിപ്പ് വന്നെത്തിയാല്‍ പഞ്ചവാദ്യം കൊട്ടിക്കയറി തിരുവമ്പാടി മഠത്തില്‍ വരവ്. മേളത്തിന്റെ പെരുക്കത്തില്‍ കേള്‍വിക്കാരനെ ചാഞ്ചാട്ടുന്ന വാദ്യഘോഷം. വടക്കുംനാഥനുമുമ്പില്‍ ശ്രീമൂലസ്ഥാനത്തെ ഇലഞ്ഞിമരച്ചോട്ടില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിനായി ഒരുക്കം കൂട്ടുകയായിരിക്കും അപ്പോള്‍. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആ മഹത്തായ നാദമേളം പെയ്തിറങ്ങുകയായി. ആരോഹണാവരോഹണങ്ങളിലൂടെ താളം മുറുകുമ്പോള്‍ ചുറ്റിയടിക്കുന്ന ചെറുകാറ്റുപോലും ആലിലകളില്‍ താളം പിടിച്ചുകൊണ്ട് സ്വയം മറന്നു നില്‍ക്കും.

ഇലഞ്ഞിത്തറ മേളത്തിനുള്ളിലെത്തിയാല്‍ പുറത്തുകടക്കണമെന്നു തോന്നും. ശ്വാസംപോലും കഴിക്കാതെ താളത്തിന്റെ വീര്‍പ്പുമുട്ടല്‍. തിരിച്ചിറങ്ങിയാലോ ശരിക്ക് കേള്‍ക്കാനും കഴിയില്ല. എന്നും ഒരിക്കല്‍കൂടി എന്ന അനുഭവം ബാക്കി വച്ചുകൊണ്ടായിരിക്കും ഇലഞ്ഞിമരച്ചോട്ടില്‍നിന്നും പോരുക. കൂട്ടിന് കെ.കെ.വാര്യരുമുണ്ടാകും. പരമേട്ടന്റെ ചുളിവുവീണ കണ്ണുകളില്‍ ഓര്‍മകളുടെ തിളക്കം.

ആഘോഷത്തിനും, വര്‍ണ്ണക്കാഴ്ചകള്‍ക്കും ഇന്നിന്റെ പെരുമ പണ്ടില്ല. വെടിക്കെട്ടിന്റെ അരങ്ങേറ്റത്തോടെയാണ് പൂരത്തിന്റെ കാഴ്ചയും പെരുമയും കൂടിയതെന്ന് പരമേട്ടന്‍. കുടമാറ്റം ഇതേ ക്രമമായതും 15 കൊല്ലത്തിനുശേഷവുമാണ്. നാലോ അഞ്ചോ സെറ്റ് കൂടുതല്‍ ഉണ്ടായിന്ന സ്ഥാനത്ത് ഇന്നത് നാപ്പതോ അമ്പതോ സെറ്റ് കുടകളും പത്തോളം സെറ്റ് ഫാന്‍സി കുടകളും കൊണ്ട് സമൃദ്ധമായി.

ഇലഞ്ഞിത്തറയില്‍ പാണികൊട്ടി പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിനുശേഷം തിരുവമ്പാടി തെക്കോട്ടിറങ്ങി തിരിഞ്ഞുനിന്നാല്‍ അങ്ങ് ആകാശത്തും ഇങ്ങ് പൂരപ്രേമികളും മനസ്സിലും മഴവില്ല് വിരിയിച്ചുകൊണ്ട് അഞ്ചുമണിക്ക് കുടമാറ്റം.

പാറമേക്കാവും തിരുവമ്പാടിയും മാത്സര്യത്തോടെ, കലാകാരന്മാരുടെ കരവിരുതില്‍ വിരിഞ്ഞ മനോഹരങ്ങളായ കുടകള്‍ ഉയര്‍ത്തുന്ന കാഴ്ചയില്‍ ജനസഹസ്രങ്ങള്‍ ആര്‍ത്തിരമ്പി പ്രോത്സാഹനം അറിയിക്കും. ഈ കാഴ്ച പുറത്തുനിന്നാസ്വാദിക്കാനാണിഷ്ടമെന്ന് പരമേട്ടന്‍. കുടകളേക്കാള്‍ ഭംഗി ഒരു ജനതയുടെ ആഹ്ലാദം നിറഞ്ഞ മനസ്സിനെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം.

പൂരത്തിന്റെ പഴമയില്‍ പാരമ്പര്യത്തിന്റെ മിനുപ്പാണ് കൂടുതല്‍. പുതിയ പൂരത്തിനു നിറങ്ങളുടെ എടുപ്പും. പരമേട്ടന്‍ പല്ലില്ലാത്ത മോണകാട്ടി ചെറുചിരിയോടെ തുടര്‍ന്നു. കെ.കെ.വാര്യരുടെ കീരക്കുളങ്ങര വാദ്യം പ്രധാനമന്ത്രി ഇക്കണ്ടവാര്യരുടെ എടക്കുന്നിവാദ്യം പഴയ വിദ്യാഭ്യാസ ഡയറക്ടര്‍ ഐ എ.മേനോന്റെ കരിമ്പറ്റ വാദ്യം, കുറുപ്പത്ത്, കോരപ്പത്ത്, എളമനകോവാട്ടില്‍, അങ്ങനെ നായര്‍ തറവാടുകളില്‍ എല്ലാവരും മദ്ധ്യവയസ്സായി കഴിഞ്ഞാല്‍ തലേക്കെട്ടും കെട്ടി അങ്ങനെ നില്‍ക്കും…. 

ഇന്നത് കാണാനില്ല. ജനസമൂഹങ്ങള്‍ ഒഴുകിയിറങ്ങുകയില്ലേ? കുട്ട്യോളില്ല, വല്ല്യോരില്ല, കാരണവരില്ല, എല്ലാവരും പൂരം തങ്ങളില്‍ ആവാഹിക്കുകയാണ്….. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത പൂരക്കാഴ്ച. 

പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ പരമേട്ടന്‍ ഉറക്കെ ചോദിച്ചു. ഇത്തവണത്തെ എക്‌സിബിഷന്‍ സ്റ്റാള് കണ്ടിരുന്നോ? അലങ്കാരങ്ങള്‍ നന്നായിരുന്നോ? അതിനൊരു പാരമ്പര്യമുണ്ട്. പൂരത്തിന് നിര്‍ബന്ധിത പിരിവ് നടത്തിയിരുന്നതും, അതിനെതിരെ സമരം ചെയ്തതും പിന്നീട് 1962-ല്‍ എക്‌സിബിഷന്‍ ആരംഭിച്ചതും ഓര്‍ത്തെടുത്തു. വി.വി.രാഘവന്‍, കെ. ബാലകൃഷ്ണമേനോന്‍, സി.വി.ജോര്‍ജ്, എ.എം. പരമന്‍ ഇവരായിരുന്നു, എക്‌സിബിഷന്‍ ദേവസ്വത്തിനോട് ഏറ്റെടുത്തു നടത്താന്‍ ആവശ്യപ്പെട്ടത്. 

പൂരത്തിന്റെ വര്‍ണ്ണാഭയ്ക്കും, ആഘോഷപെരുമയ്ക്കും എക്‌സിബിഷന്റെ പങ്ക് വളരെ വലുതാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍ തുടങ്ങി ആസ്വാദനത്തിന്റേയും വ്യാപാരത്തിന്റേയും വിരുന്നൊരുക്കുകയാണ് പൂരം എക്‌സിബിഷന്‍.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പൂരക്കാഴ്ചകള്‍ക്കും മാറ്റം സംഭവിച്ചു. എട്ടുവീട്ടില്‍ ഗോപാലന്‍ നായരെന്ന പ്രസിദ്ധനായ വെടിക്കെട്ടുകാരന്റെ കരവിരുതില്‍ വിരിഞ്ഞ 21 നിലയുള്ള അമിട്ടുകളില്‍നിന്ന് വെടിക്കെട്ടിന്റെ നിറമുള്ള ജ്വാലകള്‍ – ചൈനീസ് ഫാന്‍സി നിറവുകളിലെത്തി നില്‍ക്കുന്നു. പട്ടുകുടകളുടെ കടും വര്‍ണ്ണങ്ങളില്‍നിന്ന് കുടമാറ്റം അടുത്തതേതെന്ന് പ്രതീക്ഷയും വിസ്മയവും ഒളിപ്പിച്ചുവയ്ക്കുന്നു. മറുപക്ഷത്തെ കുറച്ചൊരസൂയയോടെ അഭിനന്ദിക്കുന്ന കുടമാറ്റക്കാഴ്ചയായി.

ആന ചമയങ്ങളിലെ അപൂര്‍വ്വത, നെറ്റിപ്പട്ടത്തിന്റെ കുമിളകളില്‍ വെയില്‍ ഒളിച്ചുകളിക്കുമ്പോഴുള്ള പൊന്‍തിളക്കം എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍കാലത്ത് പ്രമാണികളുടെ പൂരം ഇന്ന് ജനങ്ങളുടെ പൂരമായില്ലേ…. അതില്‍ ഒരു സന്തോഷം, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സന്തോഷം പരമേട്ടന്‍ പറഞ്ഞു നിര്‍ത്തി. 

ഇടയ്ക്കുണ്ടായ ചില വിവാദങ്ങള്‍ ഓര്‍ക്കാതെയില്ല പൂരപറമ്പ് നടത്താന്‍ വിട്ടുകൊടുക്കില്ലെന്ന വാദം കോടതി വരെയെത്തി – പക്ഷെ ശക്തന്‍ തമ്പുരാന്റെ രേഖകള്‍ ജനങ്ങള്‍ വേണ്ടി നിന്നു. അത് വിഭാഗീയതയല്ലാത്ത പൂരത്തിന്റെ നേര്‍ക്കാഴ്ച്ചയ്ക്കായി നിലകൊണ്ടു. പൂരം തൃശൂര്‍ക്കാരുടേതാണ് പൂരപറമ്പ് തൃശൂര്‍ക്കാരന്റേയും.

തൃശൂര്‍പ്പുരം ഒരു കാഴ്ചയാണ് വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന ആകാശക്കാഴ്ച, പൊന്‍നെറ്റിപ്പട്ടം കെട്ടി കുടമണികളും വട്ടകയറുംകെട്ടി, പട്ടുകുടകള്‍ക്കു കീഴെ ആഢ്യത്വത്തോടെ നിവര്‍ന്നു നില്‍ക്കുന്ന ഗജവീരന്മാരുടെ നിറഞ്ഞ കാഴ്ച്ച, നിറക്കൂട്ടുകളും അത്ഭുതങ്ങളും ചേര്‍ത്ത് തുന്നിക്കൂട്ടിയ പട്ടുകുടകളും വിസ്മയ കാഴ്ച അന്തരീക്ഷമാകെ താളംപിടിച്ച് തലയാട്ടി നില്‍ക്കുന്ന മേളക്കാഴ്ച. ഒരുകൂട്ടം കലാകാരന്മാരുടെ അര്‍പ്പണബോധത്തിന്റെ ആകെ തുക.

വിഭാഗീയതയും വിദ്വേഷവുമില്ലാത്ത മനസുകളുടെ കൂടിച്ചേരല്‍ ഒരുക്കുന്ന ആ സാംസ്‌ക്കാരിക കാഴ്ചയാണ് തൃശൂര്‍പൂരം. ലോകം മുഴുവന്‍ കാണുന്ന ഈ ശ്രവ്യദൃശ്യം വിസ്മയം പൊന്‍വെയില്‍ ഉദിക്കുന്നതിനുമുമ്പ് ആരംഭിക്കുകയാണ്. ജനത ഒറ്റമനസ്സോടെ തൃശൂര്‍പൂരത്തിന്റെ തിരുമുറ്റത്തേക്ക് ഒഴുക്കുകയാണ്, പൂരം പെയ്യുകയാണ് നന്മയുടെ നീര്‍ത്തുള്ളികളായി, പരമേട്ടന്റെ മനസ്സിലും തൃശൂരിന്റെ മെയ്യിലും.

(തൃശൂര്‍ സ്വദേശിയാണ് ലേഖിക. ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സര്‍ ആണ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍