UPDATES

യാത്ര

തുളുനാടിന്‍റെ ചരിത്ര പാതയിലൂടെ- മാങ്ങാട് രത്നാകരന്റെ യാത്ര

Avatar

മാങ്ങാട് രത്നാകരന്‍


കുമ്പള… ചരിത്രപരമായി തന്നെ പെരുമയുള്ള നാട്… ഒരു കാലത്ത് നേത്രാവതി മുതല്‍ പറശ്ശിനി വരെയുള്ള 30 തുളുഗ്രാമങ്ങള്‍ കുമ്പള സിംഹാസനത്തിന് കീഴിലായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നായിക്കന്‍മാരുടെ ആക്രമണത്തോടെയാണ് കുമ്പള രാജവംശം ചിതറിയത്. അതോടെ കുമ്പള രാജാവ് തലസ്ഥാനം മായിപ്പാടിക്ക് മാറ്റി. അന്ന് മുതല്‍ കുമ്പള രാജാവ് മായിപ്പാടി തമ്പുരാന്‍ എന്നറിയപ്പെട്ടുതുടങ്ങി. കുമ്പളയുടെ ഇന്നത്തെ പ്രശസ്തി ഒരു ക്രിക്കറ്റ് രാജാവിന്റെ പേരിലാണ്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നറും ഒരിന്നിംഗ്‌സില്‍ പത്തുവിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്റെ ചിറകരിഞ്ഞ ചരിത്രനേട്ടത്തിനുടമയുമായ അനില്‍ കുംബ്ലെയുടെ പേരില്‍. കുമ്പളയിലായിരുന്നു കുംബ്ലെയുടെ തറവാട്ടു വീട്. ഇന്നതിന്റെ പൊടിപോലുമില്ല. കുംബ്ലെ ഇടയ്‌ക്കെല്ലാം ദര്‍ശനത്തിനെത്താറുള്ള കുമ്പളയിലെ ക്ഷേത്രത്തില്‍ ഞങ്ങളെത്തി. ഗൗഡസാരസ്വത ബ്രാഹ്മണന്‍മാരായ നായ്ക്കന്‍മാരുടെ ഗൃഹങ്ങള്‍ നിറഞ്ഞ തെരുവിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് മുന്നില്‍ ഐശ്വര്യത്തിന്റെ ചിഹ്നമായി പൂത്തുലഞ്ഞ ഒരു ഇലഞ്ഞിമരം. പ്രായംചെന്ന ആളുകള്‍ക്ക് പോലും കുംബ്ലെയുടെ തറവാടിനെകുറിച്ച് ധാരണയില്ല. പക്ഷേ കുമ്പള മുഴുവനായും അനില്‍ കുംബ്ലെയെ അവകാശപ്പെടുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് കുമ്പള നഗരത്തിന് തൊട്ടുള്ള ഒരു റോഡിന് അനില്‍ കുംബ്ലെയുടെ പേരിട്ടു. കുംബ്ലെ തന്നെയാണ് ആ റോഡ് തുറന്നുകൊടുത്തതും. അന്ന് കുമ്പളയ്ക്ക് ഒരു ഉത്സവദിനമായിരുന്നു.

കുമ്പള ടൗണ്‍ ഇന്ന് സാമാന്യം തിരക്കുള്ള ഒരു ചെറു പട്ടണമാണ്. കാസര്‍ഗോഡിനും മംഗലാപുരത്തിനും ഇടയ്ക്കുള്ള മുഖ്യ ഇടത്താവളങ്ങളില്‍ ഒന്ന്. കുമ്പള എനിക്കും ഒരു ഇടത്താവളമാണ്. കുട്ടിക്കാലം തൊട്ടേ എന്റെ ചങ്ങാതിയായ കുഞ്ഞിരാമന്‍ ഇവിടെ ഒരു ജ്യോതിഷാലയം നടത്തുന്നു. കുഞ്ഞിരാമന്‍ ഗുരുകുല സമ്പ്രദായത്തിലും ഞാന്‍ ഇംഗ്ലീഷ് മട്ടിലും പഠിച്ചു.  കുഞ്ഞിരാമന്‍ സംസ്‌കൃതത്തില്‍ നല്ല അവഗാഹമുള്ള ജ്യോത്സ്യന്‍ ആയി. ഞാന്‍ ഇങ്ങനെയൊക്കെ ആയി. നല്ല തിരക്കുള്ള ജ്യോത്സ്യനാണിപ്പോള്‍ എന്റെ സുഹൃത്ത്. ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ച് നിന്നവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമനെ കണ്ട് കുശലം പറഞ്ഞു. നാട്ടിലെ വിശേഷങ്ങള്‍ തിരക്കി.കുമ്പളയ്ക്കടുത്താണ് ആരിക്കാടി കോട്ട. ആരിക്കാടിയില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ആജ്ഞനേയക്ഷേത്രത്തിന് അരികിലാണ് കോട്ടയിലേക്കുള്ള വഴി. 1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെ ക്ഷയപതനങ്ങള്‍ തുടങ്ങുകയും ഇക്കേരി നായ്ക്കന്‍മാര്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തതിനുശേഷമാണ് ഈ കോട്ടകളുടെ ഉദയം. ബന്തടുക്ക, കുണ്ടന്‍കുഴി, ഔവ്വല്‍, കുമ്പള, കാസര്‍ഗോഡ്,      ബേക്കല്‍, ഹോസ്ദുര്‍ഗ് കോട്ടകളാണ് ഇതില്‍ മുഖ്യം. ആരിക്കാടിയിലെ കോട്ട 20 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. കോട്ട കാടുപിടിച്ചുകിടക്കുന്നു. കോട്ടയുടെ ഉയര്‍ന്ന കല്‍ഗോപുരത്തിനു മേലേ നിന്നാല്‍ തുളുനാടിന്റെ ഭൂപ്രകൃതി കണ്‍കുളിര്‍ക്കെ കാണാം. പുഴകളും നീര്‍ത്തടങ്ങളും ഹരിതാഭമായ സസ്യജാലങ്ങളും നിറഞ്ഞ തുളുനാട്. ആര്യക്കാടിയില്‍ ഇങ്ങനെയൊരു കോട്ടയുണ്ടെന്ന് അറിയുന്നവര്‍ തുളുനാട്ടില്‍ വളരെ കുറവായിരിക്കും.


 

കുമ്പള നഗരത്തില്‍ നിന്നും ബദിയടുക്ക റോഡിലൂടെ പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബേളയിലെത്താം. കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ് ബേളയിലെ വ്യാകുലമാതാ ദേവാലയം. തുളുനാട്ടില്‍ ക്രൈസ്തവവിശ്വാസത്തിന്റെ വ്യാപനം കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ചരിത്രമാണ്. പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ അധിനിവേശത്തിന്റേതായ അതിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ പലായനം ചെയ്ത കൊങ്കിണി കത്തോലിക്കര്‍ കാസര്‍ഗോഡിന്റെ വിവിധ പ്രദേശങ്ങളില്‍ താവളമുറപ്പിച്ചു. അതേ ചരിത്രഘട്ടത്തിലായിരുന്നു ടിപ്പുസുല്‍ത്താന്റെ പടയോട്ടം. ക്രിസ്ത്യാനികളായ പട്ടാളക്കാര്‍ കമ്പനി പട്ടാളത്തിന് സേവപിടിച്ചത് ടിപ്പുവിനെ പ്രകോപിപ്പിച്ചു. രാജ്യദ്രോഹക്കുറ്റംചുമത്തി പതിനായിരക്കണക്കിന് തുളുനാടന്‍ ക്രിസ്ത്യാനികളെ ടിപ്പു ശ്രീരംഗപട്ടണത്തിലേക്ക് നാടുകടത്തി. ടിപ്പുവിന്റെ പതനത്തിനുശേഷം ശ്രീരംഗപട്ടണത്തിലേക്ക് അയച്ചവരില്‍ പലരും കുടകിലേക്കും മലബാറിലേക്കും ഒളിച്ചോടി. ഒളിച്ചുകടന്ന ചില ക്രിസ്ത്യാനികള്‍ നേത്രാവതി കടന്ന് കുമ്പള സ്വരൂപത്തിലെത്തി. ദരിദ്രരും നിഷ്‌കാസിതരുമായ ഈ കൊങ്കിണി കത്തോലിക്കര്‍ പലേടത്തായി കഴിയുകയായിരുന്നു. ഇവര്‍ കുമ്പളയിലെ കുതിരപ്പാടിയില്‍ പുല്ലുമേഞ്ഞ ഒരു പ്രാര്‍ത്ഥനാലയം സ്ഥാപിച്ചു. 1880 ല്‍ ബേളയില്‍ വ്യാകുലമാതാവിന്റെ ദേവാലയം ഉയര്‍ന്നു. അന്നത്തെ മുഖ്യപാതിരി ജോണ്‍ ഡിസൂസയുടെ നേതൃത്വത്തിലാണ് ഈ പള്ളി ഉയര്‍ന്നത്.

ബേള പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട  ആകര്‍ഷണം കാല്‍വരിയാത്രയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഗുഹായാത്രയാണ്. യേശുവിനെ കുരിശില്‍നിന്നും ഇറക്കിക്കിടത്തിയ ഒരു ദാരുശില്‍പ്പത്തിന്റെ സവിധത്തില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ഭൂമിതുരന്നുണ്ടാക്കിയ ഈ ഗുഹയിലൂടെ മുന്നൂറ് മീറ്ററോളം യാത്രചെയ്താല്‍ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ചിത്രീകരിച്ച ഒരു മണ്ഡപത്തിലെത്തും.  അവിടെ കല്ലറ ഒഴിഞ്ഞുകിടക്കുന്നു. യേശു ഉത്ഥാനം ചെയ്ത് ശാന്തിചൊരിഞ്ഞ് കല്ലറയ്ക്ക് മുകളില്‍ നില്‍ക്കുന്നു. വൃത്താകാരത്തിലുള്ള ഈ മണ്ഡപത്തിന്റെ ചുവരില്‍ ഇറ്റാലിയന്‍ നവോത്ഥാനശൈലിയില്‍ ശേയുവിന്റെ വിചാരണ തൊട്ട് കുരിശുമരണം വരെയുള്ള പതിനാല് സന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ച പെയിന്റുകള്‍ ചില്ലിട്ടുതൂക്കിയിരിക്കുന്നു. യേശുവിന്റെ പീഢാനുഭവങ്ങളില്‍ മനമുരുകുന്ന അനുഭവം.

നാല് നൂറ്റാണ്ട് നാടുവാണതിന്റെ പഴമയും രാജമുദ്രയുമായി നിലകൊള്ളുന്ന മായിപ്പാടി കൊട്ടാരത്തിന് കാസര്‍ഗോഡിന്റെ ചരിത്രവും സംസ്‌കാരവുമായി അഭേദ്യമായി ബന്ധമുണ്ട്.  കാസര്‍ഗോട്ട് നിന്ന് പെര്‍ല റൂട്ടില്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തുളുനാട്ടില്‍ കുമ്പളസീമയിലെ ഈ രാജവംശത്തിന്റെ സ്ഥാപകന്‍ വെങ്കിടേശ്വര എന്ന മയൂര വര്‍മ്മയാണ്. നാലുകെട്ട് മാതൃകയിലുള്ള വിശാലമായ കൊട്ടാരത്തില്‍ ദാരുശില്‍പ്പങ്ങളുടെ മനോഹരങ്ങളായ മാതൃകകളുണ്ട്. കൊട്ടാരത്തിലെ കുളവും രാജാംഗനമാര്‍ക്ക് കുളിക്കാനുണ്ടാക്കിയ ചെങ്കല്‍ത്തെട്ടും പഴമയുടെ മറ്റു ചിഹ്നങ്ങളാണ്. അളിയ സന്താനം അഥവാ അനന്തരവന്‍മാര്‍ അവകാശികളാകുന്ന മരുമക്കത്തായ സമ്പ്രദായമാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. രാജകുടുംബത്തിന്റെ ഇപ്പോഴത്തെ അവകാശികളിലൊരാളായ സൂര്യകുമാരിയും കുടുംബവും കുടുംബത്താവഴിയിലെ കുട്ടികളുമാണ് ഇവിടെ താമസം. സൂര്യകുമാരി അംഗനവാടി ടീച്ചറും ബി.ജെ.പി.യുടെ പഞ്ചായത്തംഗവും മറ്റുമായിരുന്നു.  രാജകുടുംബവുമായി ബന്ധപ്പെട്ട കഥകളും പുതിയ കാര്യങ്ങളും അവര്‍ പറഞ്ഞുതന്നു. 

വിവിധ മതങ്ങള്‍ പാരസ്പര്യത്തോടെയും ഇഴയടുപ്പത്തോടെയും നിലനിന്നിരുന്ന കാസര്‍ഗോട്ട് അസഹിഷ്ണുതയുടെ വിത്തുകള്‍ മുളപൊട്ടി തുടങ്ങിയ സന്ദര്‍ഭത്തിലായിരുന്നു ഈ യാത്ര.  അതിന്റെ വേദനകള്‍ പങ്കുവയ്ക്കുന്ന വേളയില്‍ മൊഗ്രാലിലെ പുതിയപുര തറവാട്ടിലെ തൗക്കര്‍ കുഞ്ഞായിപ്പക്കിയുടെ പിന്മുറക്കാരനായ ബഷീര്‍ അഹമ്മദ് സിദ്ദിഖ് പുതിയപുരയിലെ മുസ്ലീം തറവാടും മായിപ്പാടി രാജാക്കന്‍മാരും തമ്മിലുള്ള അസാധാരണമായ ഒരു വിവാഹബന്ധത്തെക്കുറിച്ചുള്ള കഥ പറഞ്ഞുതന്നു. അത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് ഈ കഥ കേട്ടത്. കണ്ണൂരിലെ അറയ്ക്കല്‍ ചിറയ്ക്കല്‍ രാജവംശങ്ങള്‍ തമ്മിലുള്ള വിവാഹബന്ധത്തെ അനുസ്മരിപ്പിക്കുന്ന കഥ. 

ബഷീര്‍ അഹമ്മദ് സിദ്ദിഖ്: ടിപ്പുസുല്‍ത്താന്റെ പട്ടാളത്തിന് റേഷന്‍ എത്തിക്കുന്നതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഈ സൗക്കാറിന്റെ കുടുംബത്തിനായിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് ഈ പൗവ്വലില് വന്നിട്ട് അവര്‍ കോട്ട സ്ഥാപിച്ചിരുന്നു. ടിപ്പുസുല്‍ത്താന്റെയും ഹൈദരാലിയുടെയും കൊട്ടാരത്തില്‍ സൗക്കാര്‍ കുഞ്ഞിപ്പക്കിക്ക ഉണ്ടായിരുന്നു. അതുകൂടാതെ മായിപ്പാടി രാജകുടുംബവുമായിട്ടുള്ള ഒരു വിവാഹബന്ധവും സൗക്കാര്‍ കുഞ്ഞിപ്പക്കിയുടെ കുടുംബത്തിനുണ്ടായിട്ടുണ്ട്. മായിപ്പാടി കുടുംബത്തിലെ രാജവംശത്തിലെ ഒരനന്തരവളെ സൗക്കാര്‍ കുഞ്ഞിപ്പക്കിയുടെ പൂര്‍വ്വികര്‍ കല്യാണം കഴിച്ചു. മരുമക്കത്തായമനുസരിച്ച് മായിപ്പാടി കുടുംബത്തിന് കിട്ടുന്ന എല്ലാ അവകാശങ്ങളും ആ അനന്തിരവള്‍ക്ക് കിട്ടുകയും ആ അനന്തിരവള്‍ മുഖേന ആ അവകാശങ്ങള്‍ സൗക്കാര്‍ കുഞ്ഞിപ്പക്കിയുടെ കുടുംബത്തിന് വരികയും ചെയ്തു. അതനുസരിച്ച് ഈ മായിപ്പാടി കോവിലകത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സൗക്കാര്‍ കുഞ്ഞിപ്പക്കിയുടെ കുടുംബത്തിനും സ്ഥാനം ലഭിച്ചു. മായിപ്പക്കി കുടുംബത്തിലെ എന്ത് ചടങ്ങുനടക്കുമ്പോഴും സൗക്കാര്‍ കുഞ്ഞിപ്പക്കിയുടെ കുടുംബത്തിലെ ആളുകള്‍ സംബന്ധിക്കണം. അതിപ്പോള്‍ ഞാനാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരുവര്‍ഷം മുമ്പ് അവിടെ പട്ടാഭിഷേകം നടക്കുമ്പോള്‍ അവര്‍ എന്നെ വന്ന് ക്ഷണിക്കുകയും എന്നെ കൊണ്ടുപോവുകയും ഉടുപ്പി സ്വാമികളോടൊപ്പം ഇരുത്തുകയും ചെയ്തു.     

മൂന്നോ നാലോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ കഥയുടെ ഇന്നും അവശേഷിക്കുന്ന തെളിവായി പുതിയപുര തറവാടിന് പിന്നില്‍ ഒരു പടിപ്പുര. പടിപ്പുരകളില്ലാത്ത മുസ്ലീം വീടുകള്‍ക്ക് ഒരപവാദമാണിത്. ഈ പടിപ്പുരയിലൂടെയാണത്രേ മായിപ്പാടി രാജകുടുംബത്തിലെ രാജകുമാരി കടന്നുവന്നത്. അതായത് രാജകുമാരിയെ സ്വീകരിക്കാനായി പണിത പടിപ്പുര. പടിപ്പുരയ്ക്കകത്ത് മക്കയ്ക്ക് അഭിമുഖമായി ഒരു കിടിലന്‍പ്പത്തായം. ഈ പത്തായത്തിന് മേലേയായിരുന്നു നമസ്‌കാര കര്‍മ്മങ്ങള്‍ നടത്താറുണ്ടായിരുന്നത്. പുതിയപുര വീടിന്റെ അങ്കണത്തില്‍ ഒരു പീരങ്കി ചരിത്രസ്മരണകളില്‍ മയങ്ങുന്നു. സാക്ഷാല്‍ ടിപ്പുസുല്‍ത്താന്‍ തന്നെ പുതിയപുര തറവാട്ടിലെ പൂര്‍വ്വികര്‍ക്ക് സമ്മാനമായി നല്‍കിയതാണത്രേ ഈ പീരങ്കി.

കഥകളും ചരിത്രവുമുറങ്ങുന്ന വഴികളിലൂടെയുള്ള യാത്ര… യാത്ര തുടരുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍