UPDATES

കാസര്‍ഗോട്ടെ ചരിത്രമുറങ്ങുന്ന തുരങ്കങ്ങള്‍ ഈ വരള്‍ച്ചാക്കാലത്ത് വീണ്ടെടുക്കാനാകുമോ?

ഇന്ത്യന്‍ പാരമ്പര്യത്തില്‍ അത്രകണ്ട് പ്രാധാന്യം നേടിയിട്ടില്ലാത്ത തുരങ്കങ്ങള്‍ തുളുനാട്ടിലെത്തിയത് കടലുകടന്നെത്തിയ അറബികളില്‍ നിന്നുമാണ്.

വരാനിരിക്കുന്ന കഠിനമായ വേനലിനെക്കുറിച്ച് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നിരന്തരമായി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. പ്രാഥമിക ജലസ്രോതസുകളെല്ലാം വറ്റിവരണ്ടു തുടങ്ങി.

ജലസത്രോസുകളായി രണ്ടായിരത്തോളം തുരങ്കങ്ങളുള്ള കാസറഗോട്ടെ തുളുമണ്ണില്‍ വേനല്‍ തീണ്ടില്ലെന്നു പറയാന്‍ നാട്ടുകാര്‍ക്കാര്‍ക്കും ധൈര്യം പോരാതായിരിക്കുന്നു. അനുദിനം തുരങ്കങ്ങളിലൂടെയുള്ള വെള്ളത്തിന്റെ വരവ് നേര്‍ത്ത് നേര്‍ത്ത് തലനാരിഴ പോലായി തുടങ്ങിയിരിക്കുന്നു. കാര്‍ഷിക സംസ്‌കൃതിയുമായി കുഴഞ്ഞുകിടക്കുന്ന തുളുനാട്ടുകാര്‍ക്ക് കിണറുകളേക്കാള്‍ പ്രിയം തുരങ്ക (സുരങ്കം)ങ്ങളോടായിരുന്നു. മണ്ണിലൂടെ വെള്ളത്തിന്റെ ഉറവിടംവരെ നീരുറവ തേടിപ്പോകുന്ന ഭാഗീരഥ പ്രയത്‌നമാണ് തുരങ്ക നിര്‍മ്മാണം. മണ്ണില്‍ പുതച്ചു കിടക്കുന്ന തെളിനീരിനെ കവുങ്ങ് തടികള്‍ പിളര്‍ന്നും, പൈപ്പുകള്‍ വഴിയും കൃഷിയിടങ്ങളിലേക്കും വീട്ടാവശ്യത്തിനും ശേഖരിച്ചുവന്ന രീതിയായിരുന്നു അത്. വരള്‍ച്ച ബാധിച്ച കണറുകളില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് വെള്ളത്തെ തിരിച്ചുകൊണ്ടുവരുന്ന തുരങ്കനിര്‍മ്മാണ വിദദ്ധരും വരാനിരിക്കുന്ന വേനലിനെ തുരങ്കങ്ങള്‍ അതിജീവിക്കുമോ എന്ന ആശങ്കയില്‍ തന്നെയാണ്.

തുരങ്ക നിര്‍മ്മാണ സമയത്ത് നല്‍കേണ്ടി വരുന്ന അധിക ചിലവിനെ മറികടക്കാന്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്ന സമ്പ്രദായം പുതിയതായി വന്നുകൊണ്ടിരിക്കുന്നുവെന്ന്‍ തുരങ്ക നിര്‍മ്മാണത്തില്‍ ജില്ലയിലെ തലതൊട്ടപ്പനായ ബന്തടുക്കയിലെ കുഞ്ഞമ്പുവേട്ടന്‍ പറയുന്നു. ‘ഓരോ ഭൂമിയിലും തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യത്യസ്ത സമയങ്ങളാണ് ആവശ്യമായി വരുന്നത്. ഒരാഴ്ചമുതല്‍ ഒരു മാസം വരെ നടത്തേണ്ടി വരുന്ന വെള്ള മന്വേഷിച്ചുള്ള യാത്രയില്‍ രണ്ട് മുതല്‍ മൂന്ന് വരെ പണിക്കാര്‍ ആവശ്യമായി വരുന്നതിനാല്‍ ചിലവേറിയ ഇനം തന്നെയാണ് തുരങ്ക നിര്‍മ്മാണം. ഒറ്റ ദിവസത്തെ പരിപാടിയില്‍ മെഷീനുകള്‍ ഉപയോഗിച്ച് വെള്ളം കണ്ടെത്തുന്ന കുഴല്‍ കിണറുകള്‍ പ്രചാരത്തിലെത്തിയപ്പോള്‍ തുരങ്ങളും പതുക്കെ അരങ്ങൊഴിഞ്ഞുതുടങ്ങുകയാണ്’- പ്രതാപകാലത്ത് 25 മുതല്‍ 30 വരെ തുരങ്കങ്ങള്‍ കുഴിച്ചിരുന്ന കുഞ്ഞമ്പുവേട്ടന്‍ കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊണ്ട വേദനയില്‍ പറയുന്നു. അന്നൊക്കെ ഒരാണ്ടില്‍ മുപ്പതുവരെ കുഴിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം തുരന്നത് നാല് സുരങ്കങ്ങള്‍ മാത്രമാണെന്നു പറയുമ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ വറ്റിപ്പോയൊരു സമൃദ്ധിയുടെ കരയിലെന്നപോലയായിരുന്നു.

രണ്ടായിരത്തോളം സുരങ്കങ്ങളുള്ള നാട് അതാണ് പൈവളികെയിലെ ബായാര്‍ ഗ്രാമം. പൊസടി ഗുംപെ മലനിരകള്‍ക്ക് ചുറ്റുമാണ് കൃഷിക്കും കുടിനീരിനും ആശ്രയിക്കുന്ന ഇത്തരം തുരങ്കങ്ങളുള്ളത്. വേനലിന്റെ തുടക്കത്തില്‍ തന്നെ ഇവിടങ്ങളില്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 1.8 മുതല്‍ 2 മീറ്റര്‍ വരെ ഉയരവും 0.45 മുതല്‍ 0.70 മീറ്റര്‍ വീതിയും 300 മീറ്ററിലധികം നീളവുമുണ്ട് മിക്ക തുരങ്കങ്ങള്‍ക്കും. ഒരെണ്ണത്തില്‍ത്തന്നെ ഭൂമിക്കകത്ത് കൈവഴികളായി മൂന്നും നാലും എണ്ണം ബന്ധിപ്പിച്ച തരത്തിലുള്ള തുരങ്കവുമുണ്ട്. വെള്ളം കണ്ടെത്തിയാല്‍ മണ്ണുകൊണ്ട് ചിറകെട്ടി സംഭരിച്ച് പൈപ്പുകളിലൂടെയോ മണ്ണിലൂടെത്തന്നെയോ തികച്ചും ഭൂഗുരുത്വബലത്തിന്റെ സഹായത്തില്‍ പുറത്തേക്കൊഴുക്കും. വെളിമ്പ്രദേശത്ത് മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കിയ മദക്കങ്ങള്‍ എന്നറിയപ്പെടുന്ന ജലസംഭരണികളിലേക്ക് വെള്ളം വീഴ്ത്തും. ഇപ്പോള്‍ കോണ്‍ക്രീറ്റ് ടാങ്കുകളും വ്യാപകമാണ്. ചീങ്കപ്പാറയും മറ്റും തുരന്നുകഴിഞ്ഞാല്‍ പതമുള്ള മണ്ണ് കണ്ടുതുടങ്ങും. അങ്ങനെ മണ്ണ് കാണുമ്പോള്‍ വെള്ളത്തിന്റെ ഗതിയറിയാം കുഞ്ഞമ്പുവേട്ടനെപോലുള്ളവര്‍ക്ക്. ഇതുവരേയ്ക്കും സാങ്കേതിക വിദ്യയുടെ ഒരു ചുവടുവെയ്പ്പിനും ചെന്നെത്താന്‍ സാധിച്ചിട്ടില്ലാത്ത ആഴത്തിലേക്ക് ഭൂമി തുരന്ന് മനക്കരുത്തിനെ കൈമുതലാക്കി നടന്നവരാണ് കുഞ്ഞമ്പുവേട്ടനെ പോലുള്ളവര്‍.

ഇന്ത്യന്‍ പാരമ്പര്യത്തില്‍ അത്രകണ്ട് പ്രാധാന്യം നേടിയിട്ടില്ലാത്ത തുരങ്കങ്ങള്‍ തുളുനാട്ടിലെത്തിയത് കടലുകടന്നെത്തിയ അറബികളില്‍ നിന്നുമാണ്. ഇറാന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ക്വാനട്ടി (Quanat) ന്റെ തനിപ്പകര്‍പ്പാണ് തുരങ്കങ്ങള്‍. ക്വാനട്ടുകള്‍ക്ക് സമാനമായ മൂന്ന് തുരങ്കജല സ്രോതസ്സുകളാണ് ബിദറിലുള്ളത്. എഡി 1400-500 കളില്‍ ബഹ്മാനി രാജവംശത്തിന്റെ കാലത്താണ് ഇവ നിര്‍മിച്ചത്. സംരക്ഷിക്കപ്പെടേണ്ട ലോകപൈതൃകങ്ങളുടെ നിരീക്ഷണപട്ടികയിലുള്ള ഈ ജലസ്രോതസ്സുകള്‍ ബിദറിന്റെ പൂര്‍വ്വകാല പ്രതാപത്തെ വെളിപ്പെടുത്തുന്നു. ഇവയില്‍ നഗരപരിധിക്ക് തൊട്ടുപുറത്തുള്ള Naubad Karez (ക്വാനട്ട്) ട്യെലോ എന്ന ജലസ്രോതസ്സ് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ഇതില്‍ 21 കിണര്‍ സമാനമായ ദ്വാരങ്ങളും കാണാം. ഇവയില്‍ ചിലത് കാലക്രമേണ അടഞ്ഞുപോയിട്ടുണ്ട്. തുറന്ന നിലയിലുള്ളവയില്‍നിന്ന് ലഭിക്കുന്ന വെള്ളം കുടിക്കാനടക്കം വീട്ടാവശ്യത്തിനും കൃഷിക്കും ഇപ്പോഴും ഉപയോഗിക്കുന്നു.

ബിസി 700-കളിലാണ് ഇറാനും ഇറാഖും ഉള്‍പ്പെടുന്ന മധ്യേഷ്യയില്‍ ഭൂമി തുരന്ന് ക്വാനട്ടുകള്‍ നിര്‍മിച്ചത്. മുഖാനിസ് എന്നായിരുന്നു നിര്‍മാതാക്കളായ തൊഴിലാളികളെ വിളിച്ചിരുന്നത്. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍മേനിയക്കാരും അതിനും മുമ്പ് മെസപ്പൊട്ടേമിയന്‍ കാലഘട്ടത്തിലും മനുഷ്യന്‍ ഇത്തരത്തില്‍ വെള്ളം കണ്ടെത്തിയിരുന്നുവെന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്ന് കച്ചവടത്തിനെത്തിയ അറബികളാണ് തുരങ്കനിര്‍മാണം അത്യുത്തരകേരളത്തിനും ദക്ഷിണ കന്നഡയ്ക്കും പരിചയപ്പെടുത്തിയത്. ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ ഘടനാപരമായ സവിശേഷതകളുമാണ് തുരങ്കം വ്യാപകമാകാന്‍ കാരണം.

വീട്ടുമുറ്റത്തോട് ചേര്‍ന്നും, പറമ്പുകളിലുമൊക്കെ ചെറിയ മറകൊണ്ട് മൂടിയ തുരങ്കങ്ങള്‍ കാണാം. കാസറഗോഡന്‍ ഗ്രാമങ്ങളില്‍ തുരങ്കങ്ങള്‍ക്കകത്ത് കയറിയും, അകത്തുനിന്നും പുറത്തേക്ക് നിര്‍മ്മിച്ച ചാലുകളും, പൈപ്പുകളും വഴിയും വെള്ളമെത്തും. ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്ന കൊടും വേനലില്‍ കാസറഗോഡിന്റെ നഗരഭാഗം വീര്‍പ്പുമുട്ടുമ്പോഴും ഗ്രാമീണ ജീവിതത്തെ തണുപ്പിക്കാന്‍ ഈ ജലസ്രോതസ്സുകളുണ്ടായിരുന്നു. ഉപ്പുവെള്ളഭീതിയില്‍ നഗരസഭാ പരിധിയിലെ ആളുകള്‍ ജീവിതം തള്ളി നീക്കുമ്പോഴും സദാ നിര്‍ത്താതെ ഒഴുകുന്ന തുരങ്ക നീരുരവകള്‍ ഗ്രാമീണ ജീവിതത്തെ ആശ്വസിപ്പിച്ചിരുന്നു. കാലാന്തരത്തില്‍ തുരങ്കളില്‍ നല്ലൊരുഭാഗവും, ചപ്പുചവറുകളടിഞ്ഞുകൂടിയും, ഉപയോഗിക്കാതെയും നാശത്തിന്റെ വക്കിലാണ്. കുഴല്‍ക്കിണറുകളെ ശരണം പ്രാപിച്ചു തുടങ്ങിയ പുത്തന്‍ തലമുറ തുരങ്കങ്ങളെ പാടെ മറന്നിരിക്കുന്നു. കാടെടുത്തും, മണ്ണ് മൂടിയും നിരവധി തുരങ്കങ്ങള്‍ വിസ്മൃതിയിലേക്കാണ്ട് തുടങ്ങിയിരിക്കുന്നു. തുളുനാടന്‍ മണ്ണിന്റെ തനത് പാരമ്പര്യമെന്നോണം തുരങ്കങ്ങളില്‍ ഇന്നും അഭയം പ്രാപിക്കുന്നവരും കുറവല്ല. എന്നിരുന്നാലും വാരാനിരിക്കുന്ന കൊടും വേനലിനെ എത്ര തുരങ്കങ്ങള്‍ അതിജീവിക്കുമെന്നത് കണ്ടുതന്നെയറിയണം.

(മാധ്യമപ്രവര്‍ത്തകയാണു ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍