UPDATES

പ്രവാസം

വ്യാജ വിസകള്‍ പെരുകുന്നു; യു കെയില്‍ നിന്ന് 2500 പ്രവാസികളെങ്കിലും നാടുകളിലേക്ക് മടങ്ങേണ്ടി വരും

Avatar

അഴിമുഖം പ്രതിനിധി

വ്യാജവിസകള്‍ വ്യാപകമായി പ്രചാരിക്കുന്നതിനെ തുടര്‍ന്ന് ടയര്‍-2 വിസകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ പ്രചാരത്തിലുള്ള വ്യാജ ടയര്‍-2 വിസക്കാരെ അവരുടെ നാടുകളിലേക്ക് കയറ്റിയയ്ക്കാനും ഹോം ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 2500 പ്രവാസികള്‍ക്കെങ്കിലും നാടുകളിലേക്ക് മടങ്ങേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. 

നിലവിലില്ലാത്ത തൊഴിലുകള്‍ക്കും ചിലപ്പോള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ തൊഴിലുകള്‍ക്കും വരെ ടയര്‍-2 വിസകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. യുകെയില്‍ വൈദഗ്ധ്യം ആവശ്യപ്പെടുന്ന തൊഴിലുകള്‍ക്കാണ് ടയര്‍-2 വിസകള്‍ അനുവദിക്കുന്നത്. പെട്രോള്‍ പമ്പുകള്‍, മാസാജ് പാര്‍ലറുകള്‍, കബാബ് കടകള്‍ എന്നിവിടങ്ങളിലെ തൊഴിലുകള്‍ പോലും വളരെ വൈദഗ്ധ്യം ആവശ്യമുള്ളതാണെന്ന് തൊഴിലുടമകള്‍ പരസ്യം ചെയ്യാറുണ്ട്. ടയര്‍-2 വിസകള്‍ അനുവദിച്ചു കിട്ടുന്നതിന് വേണ്ടിയാണ് ഇത്തരം നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കുന്നത്. ഒരു തട്ടുകടയിലെ ജോലിക്കായി പ്രതിവര്‍ഷം 30,000 യൂറോ ശമ്പളം നല്‍കാമെന്ന പരസ്യവും ഒരു തായി മസാജ് പാലറിലെ ജോലിക്ക് വൈദഗ്ധ്യം ഉള്ള തൊഴിലാളികള്‍ക്കായി പരസ്യം ചെയ്തതും ഈ പ്രവണതയുടെ ഭാഗമാണെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

ടെക്‌സെന്‍സ് എന്ന കമ്പനി വഴി ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയ റഷീദ് ഗോറി, അലി ജുനെജോ എന്നിവരെ കഴിഞ്ഞ വര്‍ഷം ഇമിഗ്രേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിക്കുന്നതില്‍ യുകെ ബോര്‍ഡര്‍ പോലീസ് കടുത്ത വീഴ്ചയാണ് വരുത്തിയതെന്ന് കേസില്‍ വാദം കേട്ട ജഡ്ജി ചൂണ്ടിക്കാണിച്ചു. ഐടി മേഖലയിലെ മാനേജ്‌മെന്റുതല തസ്ഥികകളിലേക്ക് എന്ന വ്യാജേന 120 പാകിസ്ഥാനികളെയാണ് ഇവര്‍ യുകെയില്‍ എത്തിച്ചത്. എന്നാല്‍ ഇവര്‍ വഴി രാജ്യത്തെത്തിയവരാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ടതില്‍ നിന്നും വളരെ താഴ്ന്ന തലത്തിലുള്ള ജോലികളാണ് ചെയ്യുന്നത്. ഐടി മേഖലയില്‍ ജോലിക്ക് പോയവരില്‍ പലരും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫാസ്റ്റ് ഫുഡ് ശാലകളിലുമാണ് പണിയെടുക്കുന്നതെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് യുകെ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

എന്നാല്‍ ഇത്തരം തട്ടിപ്പ് സംഭവങ്ങള്‍ മറ്റ് പ്രവാസികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് ടയര്‍-2 വിസകള്‍ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് യുകെ സര്‍ക്കാരിന്റെ പുതിയ തീരുമാനം. 2008 ല്‍ ടയര്‍-2 വിസ അപേക്ഷകളില്‍ വെറും 1.7 ശതമാനം മാത്രമായിരുന്നു നിരാകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 37 ശതമാനം അപേക്ഷകളും നിരാകരിക്കപ്പെട്ടു. ഐടി, ആരോഗ്യമേഖലകളില്‍ ടയര്‍-2 വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇത് കനത്ത തിരിച്ചടിയാവും. യുകെ വിസ നിയമങ്ങള്‍ പ്രകാരം ടയര്‍-2 വിസ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് ഉള്ള കമ്പനികളിലെ വിദഗ്ധ തൊഴിലാളികള്‍ക്കാണ് ടയര്‍-2 വിസകള്‍ അനുവദിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍