UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചെന്ന് സെന്‍സസ് (മരണ നിരക്കും)

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇന്ത്യന്‍ കാടുകളിലെ കടുവകളുടെ എണ്ണം 2,226ല്‍ എത്തിയിരിക്കുന്നു. ഇത് 2010ല്‍ 1706 മാത്രമായിരുന്നു. കടുവകളുടെ ദേശീയ ജനസംഖ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 30 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് കടുവകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളുമായി കടുവകളെ പങ്കുവെക്കാനൊരുങ്ങുകയാണ് ഇന്ത്യ.

“ലോകത്തിലെ കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ്” നാല് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള കടുവ സെന്‍സസ് വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞതാണ് ഇക്കാര്യം. “ഇതൊരു വന്‍ വിജയത്തിന്റെ കഥയാണ്. നമ്മുടെ പാരമ്പര്യത്തെപ്പറ്റിയും പരിശ്രമങ്ങളെപ്പറ്റിയും അഭിമാനിക്കുന്നവരായിരിക്കണം നമ്മള്‍.”

എന്നാല്‍ കടുവകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 2006ല്‍ ഇന്ത്യ പ്രതിസന്ധി നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 1,00,000 കടുവകളുണ്ടായതില്‍ നിന്ന് ആ വര്‍ഷം അത് 1,411ല്‍ എത്തി. കടുവകളുടെ എണ്ണത്തില്‍ ഇങ്ങനെ കുത്തനെ ഇടിവുണ്ടാകാന്‍ വര്‍ഷങ്ങളായി തുടര്‍ന്നുവന്ന അനധികൃതമായ വേട്ടയാടലും, കാടുകളുടെ നശീകരണവുമാണ് കാരണമായത്. അതിനൊപ്പം തന്നെ ചൈന പോലുള്ള രാജ്യങ്ങളിലെ വലിയ തോതിലുള്ള ആവശ്യത്തെ മുതലെടുക്കാനായി കടുവയുടെ ശരീര ഭാഗങ്ങള്‍ കളളക്കടത്ത് നടത്തുന്ന രാജ്യാന്തര വിപണി സജീവമായതും കടുവകളുടെ എണ്ണം കുറയാന്‍ കാരണമായി. കടുവയുടെ എല്ല് കൊണ്ടുണ്ടാക്കിയ വൈന്‍ സന്ധിവാതത്തിനും ഷണ്ഡത്വത്തിനും പരിഹാരമാണെന്നാണ് കരുതപ്പെടുന്നത്. ഇതിന് ആവശ്യമേറിയത് ചൈനയില്‍ കടുവ വളര്‍ത്തല്‍ ഒരു വ്യവസായമായി മാറാന്‍ തന്നെ കാരണമായി.

ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ കാടുകളിലാണ് കടുവകള്‍ കാണപ്പെടുന്നത്. ലോകത്തിലെ തന്നെ മികച്ച രീതിയില്‍  പരിപാലിക്കുന്ന കടുവാ സങ്കേതങ്ങളാണ് ഇന്ത്യക്കുള്ളതെന്ന് കടുവ സംരക്ഷണത്തിനായി കൈക്കൊണ്ട നടപടികളെ പുകഴ്ത്തിക്കൊണ്ട് ജാവ്‌ദേക്കര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ പുതിയ വെല്ലുവിളിയും ബാക്കി ലോകത്തിന് അവസരവും സൃഷ്ടിക്കാന്‍ ഈ വളര്‍ച്ചക്ക് കഴിയും. അവരവരുടെ സങ്കേതങ്ങളില്‍ കടുവകളെ സംരക്ഷിച്ച് അവയുടെ എണ്ണം കൂട്ടാന്‍ താത്പര്യപ്പെടുന്ന രാജ്യങ്ങള്‍ക്ക് കടുവകളെ നല്‍കാന്‍ പോലും ഇന്ത്യക്കാകുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു.

എന്നാല്‍ കടുവകളുടെ മരണ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അവയുടെ എണ്ണം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത് എന്നതാണ് വൈരുദ്ധ്യം. നവംബറില്‍ ജാവ്‌ദേക്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 274 കടുവകളാണ് ചത്തത്. രണ്ട് സെന്‍സസുകള്‍ക്കിടെ ഉണ്ടായ ഏറ്റവും കൂടിയ നിരക്കാണ് ഇത്. ഇതില്‍ വെറും 62 മാത്രമാണ് സ്വാഭാവിക മരണം.  

നാല് വര്‍ഷം മുമ്പെ കഴിഞ്ഞ സെന്‍സസിലും കടുവകളുടെ എണ്ണത്തില്‍ മുമ്പത്തേതിനേക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു, 1411ല്‍ നിന്ന് 1706ലേക്ക്. എന്നാല്‍ അന്നത്തെ വിവരശേഖരണ രീതിയെ ചില കടുവ സംരക്ഷകര്‍ ചോദ്യം ചെയ്തിരുന്നു. 

ഇപ്പോഴത്തെ കണക്ക് വെച്ച് 9735 ക്യാമറകളാണ് ഉപയോഗിച്ചത്. കടുവ സെന്‍സസിനായി ലോകത്ത് മറ്റൊരിടത്തും ഇത്രയും ക്യാമറകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ജാവ്‌ദേക്കര്‍ പറയുന്നു. കടുവകളുടെ എണ്ണമെടുക്കാനായി വെച്ച ക്യാമറക്കെണിയില്‍ ഒറ്റക്കൊറ്റക്ക് കുടുങ്ങിയവയാണ് എഴുപത് ശതമാനവുമെന്നതിനാല്‍ ലഭിച്ച കണക്കില്‍ തെറ്റുണ്ടാകാന്‍ നേരിയ സാധ്യത മാത്രമേ ഉള്ളൂവെന്നാണ് ഒദ്യോഗിക പക്ഷം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍